ജനങ്ങളെ ഭിന്നിപ്പിക്കാൻ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാർഥ ദേശവിരുദ്ധർ: സോണിയ ഗാന്ധി
 

 

ജനങ്ങളെ ഭിന്നിപ്പിക്കാൻ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാർഥ ദേശവിരുദ്ധരെന്ന് സോണിയ ഗാന്ധി. മതം, ഭാഷ, ജാതി, ലിംഗഭേദം എന്നിവയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുകയാണ്. ഇത്തരം ശ്രമങ്ങൾക്കിടയിലും ജനങ്ങളിൽ സാഹോദര്യബോധം ശക്തമാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ദ ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഇക്കാര്യങ്ങൾ പറഞ്ഞത്

അംബേദ്കറെ കുറിച്ച് പറഞ്ഞാണ് സോണിയ ഗാന്ധി ലേഖനം ആരംഭിക്കുന്നത്. വിയോജിപ്പുകൾക്കിടയിലും ആത്യന്തികമായി രാജ്യത്തിന്റെ താത്പര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ആദ്യപാഠം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങി നിരവധി പേർക്കിടയിലുള്ള കടുത്ത വിയോജിപ്പുകൾ നിറഞ്ഞതാണ്. എന്നാൽ ആത്യന്തികമായി എല്ലാവരും നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിച്ചുവെന്നത് നാം മറക്കരുതെന്നും സോണിയ ഗാന്ധി പറഞ്ഞു