രണ്ടാമതും പെൺകുട്ടി; 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ജലസംഭരണിയിലെറിഞ്ഞ് കൊന്ന് പിതാവ്
ചിക്ബല്ലാപ്പൂർ (കർണാടക): രണ്ടാമതും ജനിച്ചത് പെൺകുട്ടിയായതിലുള്ള അമർഷത്തിൽ 13 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ പിതാവ് വാട്ടർ ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തി. കർണാടകയിലെ ചിക്ബല്ലാപ്പൂരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവും എയർപോർട്ട് ജീവനക്കാരനുമായ ഇമ്രാനെ (28) പോലീസ് അറസ്റ്റ് ചെയ്തു.
നക്കലകുണ്ടയിലെ ഭാര്യവീട്ടിൽ വെച്ചാണ് പ്രതി ഈ ക്രൂരത കാട്ടിയത്. രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ അമ്മയുടെ അടുത്തുനിന്ന് കുഞ്ഞിനെയെടുത്ത് വീടിന് പുറത്തുള്ള ഭൂഗർഭ ജലസംഭരണിയിലേക്ക് (വാട്ടർ സംപ്) എറിയുകയായിരുന്നു. തുടർന്ന് ഒന്നുമറിയാത്തതുപോലെ പ്രതി തിരികെ വന്ന് ഉറങ്ങി.
രാത്രി ഉണർന്നപ്പോൾ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് ഭാര്യ മുസ്കാൻ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവിൽ വാട്ടർ ടാങ്കിൽ കുഞ്ഞിന്റെ തൊപ്പിയും സോക്സും ഒഴുകിനടക്കുന്നത് കണ്ടതിനെ തുടർന്ന് വെള്ളം വറ്റിച്ച് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.