ഒരു സ്ഥാനാർത്ഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

 

ന്യുഡൽഹി: സ്ഥാനാർത്ഥികൾ ഒരേ സമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. വിഷയം നിയമ നിർമ്മാണത്തിന്‍റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു താൽപര്യ ഹർജി കോടതി തള്ളിയത്. 

ഒരു സ്ഥാനാർത്ഥി ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുക എന്നത് നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത്തരമൊരു കാര്യം അനുവദിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ല പാർലമെന്‍റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ഒരു സ്ഥാനാർത്ഥി  ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച് വിജയിച്ചാൽ ഒരു സീറ്റ് ഒഴിയേണ്ടതായി വരും. അത്തരമൊരു സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടിവരും. അത് പൊതു ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കും. അതുകൊണ്ടു തന്നെ ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.