{"vars":{"id": "89527:4990"}}

വിധി ഭരണഘടനയുടെ കൈകളിൽ ഏൽപ്പിക്കുന്നു; ജന്തർ മന്തർ പ്രതിഷേധത്തിനായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക്

 

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയോടെ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് തിരിച്ചു. നാളെ (ജൂൺ 6) ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വൻ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനാണ് യുഎസിലെ ബോസ്റ്റണിൽ നിന്നും അഭിജീത് ഇന്ത്യയിലേക്ക് വരുന്നത്.

​"എന്റെ വിധി ഞാൻ രാജ്യത്തിന്റെ ഭരണഘടനയുടെ കൈകളിൽ ഏൽപ്പിക്കുന്നു" എന്ന് യാത്ര പുറപ്പെടുന്നതിന് മുൻപായി അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നീറ്റ് (NEET), സിബിഎസ്ഇ (CBSE), സിയുഇടി (CUET) പരീക്ഷകളിലെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

'വിമാനത്താവളത്തിലേക്ക് ആരും വരരുത്'

തനിക്ക് ലഭിച്ച ജനപിന്തുണ പ്രതീക്ഷകൾക്കും അപ്പുറമാണെന്നും, എന്നാൽ ഡൽഹി എയർപോർട്ടിൽ കൂട്ടം കൂടുന്നത് യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അഭിജീത് വ്യക്തമാക്കി. അതിനാൽ അനുയായികൾ ആരും തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് വരരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡൽഹിയിൽ ഇറങ്ങിയ ശേഷം താൻ നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പോയി ജന്തർ മന്തറിലെ സമരത്തിനായി അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ജോലി ഓഫറുകൾ നിരസിച്ചു

പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രമുഖ മൾട്ടി നാഷണൽ കമ്പനികളിൽ നിന്ന് ലഭിച്ച വമ്പൻ ജോലി ഓഫറുകൾ രാജ്യത്തിന് വേണ്ടി താൻ നിരസിച്ചതായി അഭിജീത് വ്യക്തമാക്കി. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കുന്ന സിസ്റ്റത്തിനെതിരെ ശബ്ദമുയർത്തേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. താൻ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ തന്നെ പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്ന് ആശങ്കയുണ്ടെന്നും എന്നാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും അഭിജീത് വ്യക്തമാക്കി.