പശ്ചിമേഷ്യൻ യുദ്ധം ഊർജപ്രതിസന്ധിക്ക് ഇടയാക്കുന്നു; ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ പ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നും ഇന്ത്യയിലും ഇത് ആശങ്കയുണ്ടാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ നിന്ന് സമാധാനത്തിന്റെയും സംവാദത്തിന്റെയും സന്ദേശം ഒറ്റക്കെട്ടായി പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി
പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെ കുറിച്ച് ആശങ്ക ഉയരുകയാണ്. ഗൾഫ് രാജ്യങ്ങളുമായും ഇസ്രായേലുമായും ഇറാനുമായും അമേരിക്കയുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ എതിർക്കുന്നു. ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല
ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർഥികളടക്കം 1000 പേരെ തിരികെ എത്തിച്ചു. ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ നീക്കത്തിന് ഹോർമൂസ് കടലിടുക്ക് പ്രധാനമാണ്. നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ ബദൽ മാർഗങ്ങൾ തേടുകയാണ്. ലോക സാഹചര്യം ഇങ്ങനെ തുടർന്നാൽ ഗൗരവമേറിയ പ്രത്യാഘാതമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു