ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല; ഗ്രേറ്റർ നോയിഡയിൽ 15 അടി താഴ്ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം
ഗ്രേറ്റർ നോയിഡ: സുരക്ഷാവേലികളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതെ തുറന്നിട്ടിരുന്ന കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിലാണ് ദാരുണമായ സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മഴവെള്ളം നിറഞ്ഞ 15 അടി താഴ്ചയുള്ള കുഴിയിൽ വീണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച ഈ അപകട മേഖലയിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപും ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതർ ജാഗ്രത പുലർത്തിയില്ലെന്നും ആരോപിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. സംഭവത്തിൽ കരാറുകാരന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിഎം (SDM) ആശുതോഷ് ഗുപ്ത അറിയിച്ചു.