പരീക്ഷയ്ക്ക് വണ്ടിയില്ല; ബിഹാറിൽ റെയിൽവേ സ്റ്റേഷൻ തല്ലിത്തകർത്ത് പൊലീസ് ഉദ്യോഗാർത്ഥികൾ: റേഞ്ച് ഐജിക്ക് പരിക്ക്
പട്‌ന: ബിഹാറിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ അക്രമത്തിലും സംഘർഷത്തിലും കലാശിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാൻ ആവശ്യത്തിന് ട്രെയിൻ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഞായറാഴ്ച നടക്കാനിരിക്കുന്ന ബിഹാർ പൊലീസ് മദ്യനിരോധന വിഭാഗം ഉൾപ്പെടെയുള്ള പരീക്ഷകൾക്കായി ശനിയാഴ്ച രാത്രിയോടെ തന്നെ വലിയ തോതിൽ ഉദ്യോഗാർത്ഥികൾ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ ആവശ്യമായ ട്രെയിനുകൾ ഇല്ലെന്ന ആശങ്കയെത്തുടർന്ന് ഉദ്യോഗാർത്ഥികൾ റെയിൽവേ ട്രാക്കിലിറങ്ങി ട്രെയിനുകൾ തടയുകയായിരുന്നു. എമർജൻസി ചെയിൻ നിരന്തരം വലിച്ചും സർവീസുകൾ സ്തംഭിപ്പിച്ചും തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ച പൊലീസിന് നേരെ ഉദ്യോഗാർത്ഥികൾ കടുത്ത കല്ലേറ് നടത്തി. കല്ലേറിൽ പട്‌ന റേഞ്ച് ഐജി ജിതേന്ദ്ര റാണ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്റ്റേഷനിലെ കടകളും ട്രെയിനുകളുടെ ജനൽച്ചില്ലുകളും പ്രതിഷേധക്കാർ തല്ലിത്തകർത്തു.
തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. എന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നിലവിൽ റെയിൽവേ അധികൃതർ ഉദ്യോഗാർത്ഥികൾക്കായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും ബദൽ യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ സ്വത്തുക്കൾ നശിപ്പിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.