{"vars":{"id": "89527:4990"}}

ഇത് എന്റെ ഉത്തരക്കടലാസല്ല; വിദ്യാർത്ഥിയുടെ പോസ്റ്റിന് പിന്നാലെ വൻ വീഴ്ച സമ്മതിച്ച് സിബിഎസ്ഇ: ശരിയായ കോപ്പി അയച്ചുനൽകി

 

ന്യൂഡൽഹി: സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺ-സ്‌ക്രീൻ മാർക്കിംഗ് (OSM) മൂല്യനിർണ്ണയ രീതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, വിദ്യാർത്ഥികൾക്ക് തെറ്റായ ഉത്തരക്കടലാസുകൾ മാറി നൽകിയതായി സമ്മതിച്ച് സിബിഎസ്ഇ ബോർഡ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വേദാന്ത് ശ്രീവാസ്തവ സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിന് പിന്നാലെയാണ് ബോർഡ് പരസ്യമായി തെറ്റ് സമ്മതിച്ചത്.

​തന്റെ റോൾ നമ്പറിന് കീഴിൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന ഫിസിക്‌സ് (Physics) പരീക്ഷയുടെ ഉത്തരക്കടലാസ് തന്റേതല്ലെന്നും, അതിലെ കൈയക്ഷരവും ഉത്തരങ്ങളും മറ്റാരുടേതോ ആണെന്നും വേദാന്ത് എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ വൈറലായതോടെ സിബിഎസ്ഇ ഔദ്യോഗികമായി മറുപടിയുമായി രംഗത്തെത്തി.

​വിഷയം പരിശോധിച്ചതായും വിദ്യാർത്ഥിയുടെ ശരിയായ ഉത്തരക്കടലാസ് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് അയച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. ഇതനുസരിച്ച് ഫലം പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. തുടർന്ന് ബോർഡ് അയച്ചുനൽകിയ യഥാർത്ഥ ഉത്തരക്കടലാസിന്റെ ചിത്രങ്ങളും വിദ്യാർത്ഥി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ കോപ്പി ഡിജിറ്റൽ മാർക്കിംഗിന് പകരം മാനുവലായി (കൈകൊണ്ട്) മൂല്യനിർണ്ണയം നടത്തിയതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

​സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം വന്നതിനു പിന്നാലെ നിരവധി വിദ്യാർത്ഥികൾ ഒഎസ്എം (OSM) സിസ്റ്റത്തിനെതിരെ പരാതികളുമായി രംഗത്തെത്തിയിരുന്നു. വ്യക്തതയില്ലാത്ത സ്‌കാനിംഗ്, പേജുകൾ നഷ്ടപ്പെടുക, മറ്റു വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കൂട്ടിക്കലർത്തുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഡിജിറ്റൽ മൂല്യനിർണ്ണയത്തിൽ ഉണ്ടായിരിക്കുന്നത്. സമാനമായ പരാതി ഉന്നയിച്ച മറ്റൊരു വിദ്യാർത്ഥിക്ക് കെമിസ്ട്രി പേപ്പർ തിരുത്തി നൽകിയപ്പോൾ മാർക്കിൽ 35 മാർക്കിന്റെ (7 ശതമാനം) വർദ്ധനവാണ് ഉണ്ടായത്.

​ഈ വർഷമാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ പൂർണ്ണമായും ഡിജിറ്റലായി സ്‌കാൻ ചെയ്ത് മൂല്യനിർണ്ണയം നടത്തുന്ന ഒഎസ്എം (OSM) രീതി നടപ്പിലാക്കിയത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം വീഴ്ചകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തുടർന്ന് റീ-വാല്യൂവേഷൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം തേടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും മുഴുവൻ പേപ്പറുകളും മാനുവലായി പുനർമൂല്യനിർണ്ണയം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.