അടിയന്തരാവസ്ഥയെ ചെറുത്തവരെ എപ്പോഴും ഓർക്കണം; പ്രധാനമന്ത്രി മോദി
Jun 29, 2025, 14:15 IST
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമായ അടിയന്തരാവസ്ഥയെ ചെറുത്ത് തോൽപ്പിച്ചവരെ എന്നും ഓർമ്മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്റെ ഏറ്റവും പുതിയ ലക്കത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ജനാധിപത്യത്തെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയെയും തങ്ങളുടെ കൈപ്പിടിയിലാക്കാൻ ശ്രമിച്ച കാലഘട്ടമായിരുന്നു എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനാധിപത്യം ശ്വാസം മുട്ടിച്ചതും ഭരണഘടന അട്ടിമറിക്കപ്പെട്ടതുമായ ആ ഇരുണ്ട കാലഘട്ടത്തിൽ, വിയോജിപ്പുകളെ അടിച്ചമർത്തുകയും മിസ പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് ആളുകളെ ജയിലിലടക്കുകയും ജോർജ് ഫെർണാണ്ടസിനെ പോലുള്ള നേതാക്കളെ ചങ്ങലക്കിടുകയും ചെയ്തു. എന്നിട്ടും സ്വേച്ഛാധിപത്യത്തിനെതിരെ ധീരമായി പോരാടി ജനാധിപത്യ ഭരണം പുനഃസ്ഥാപിച്ച ഇന്ത്യൻ ജനതയുടെ ധൈര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ "ഏറ്റവും ഇരുണ്ട അധ്യായം" ആയിരുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിലും പ്രധാനമന്ത്രി കുറിച്ചു. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.