തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ജൂലൈ ഒന്ന് മുതൽ മൊബൈൽ ഫോണുകൾക്ക് പൂർണ്ണ നിരോധനം
ചെന്നൈ: പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി (മുരുകൻ) ക്ഷേത്രത്തിനുള്ളിൽ വരും ദിവസങ്ങളിൽ സുരക്ഷയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കുന്നു. വരും ജൂലൈ 1 മുതൽ ക്ഷേത്രവളപ്പിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു. മുൻപ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമാണ് ഈ കടുത്ത തീരുമാനം. പൊതു ദർശന വരി, പ്രത്യേക ദർശന വരികൾ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക വരികൾ ഉൾപ്പെടെ ക്ഷേത്രത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും കനത്ത പരിശോധന ഉണ്ടായിരിക്കും. പരിശോധനയിൽ ഫോണുകൾ കണ്ടെത്തിയാൽ അവ താൽക്കാലികമായി പിടിച്ചെടുത്ത് സുരക്ഷിത ലോക്കറുകളിലേക്ക് മാറ്റുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭക്തർ തങ്ങളുടെ മൊബൈൽ ഫോണുകൾ താമസസ്ഥലങ്ങളിലോ വാഹനങ്ങളിലോ സുരക്ഷിതമായി സൂക്ഷിച്ച ശേഷം ക്ഷേത്രത്തിലേക്ക് വരണമെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പ് അഭ്യർത്ഥിച്ചു. ഫോണുകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ പ്രത്യേക മൊബൈൽ ഡിപ്പോസിറ്റ് കൗണ്ടറുകളും (Mobile Phone Deposit Counters) സജ്ജീകരിച്ചിട്ടുണ്ട്.