{"vars":{"id": "89527:4990"}}

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 7 വയസ്; വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും
 

 

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 7 വയസ്. 40 സൈനികർക്കാണ് പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. പുൽവാമ ജില്ലയിലെ അവന്തിപോരക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം പുൽവാമ ആക്രമണത്തിന് ഇന്ത്യ ബാലകോട്ടിലൂടെ കടുത്ത തിരിച്ചടി പാക്കിസ്ഥാന് നൽകിയിരുന്നു. 

അവധി കഴിഞ്ഞ് മടങ്ങുന്നവരടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്. 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്‌ഫോടനത്തിൽ കാറും ബസും തിരിച്ചറിയനാകാത്ത വിധം തകർന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറി. 

പിന്നാലെ വന്ന സൈനിക ബസുകൾക്കും കേടുപാടുകൾ സംഭവിച്ചു. പുൽവാമ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേറായി കാറോടിച്ചിരുന്നത്. ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുദസിൽ അഹമ്മദ് ഖാനെ പിന്നീട് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ആക്രമണത്തിന്റെ 12ാം ദിനം ഇന്ത്യ ബാലകോട്ടിലൂടെ മറുപടി നൽകി. പാക് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം ഭീകരരെ വധിച്ചെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്‌