{"vars":{"id": "89527:4990"}}

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; മെയിൽ, എക്‌സ്പ്രസ്, എസി യാത്രകൾക്ക് ചെലവേറും: പുതിയ നിരക്ക് ഡിസംബർ 26 മുതൽ

നിരക്ക് വർധന കിലോമീറ്ററിന് രണ്ട് പൈസ വരെ
 

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിലെ നോൺ എസി, എസി കോച്ചുകളിലെ യാത്രാ നിരക്കിലാണ് വർധന വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ 2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

​പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • മെയിൽ/എക്‌സ്പ്രസ് ട്രെയിനുകൾ: നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വർധന.
  • ഓർഡിനറി ക്ലാസ്: 215 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വർധിക്കും.
  • മാറ്റമില്ലാത്തവ: സബർബൻ സർവീസുകൾ, സീസൺ ടിക്കറ്റുകൾ, 215 കിലോമീറ്ററിൽ താഴെയുള്ള ഓർഡിനറി ക്ലാസ് യാത്രകൾ എന്നിവയുടെ നിരക്കിൽ മാറ്റമില്ല.

​വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയ ഇനങ്ങളിലെ ബാധ്യതയും നികത്തുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധനയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പുതിയ കണക്ക് പ്രകാരം, നോൺ എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾക്ക് ടിക്കറ്റ് നിരക്കിൽ ഏകദേശം 10 രൂപയുടെ വർധനവുണ്ടാകും. 1000 കിലോമീറ്റർ എസി യാത്രയ്ക്ക് 20 രൂപയോളമാകും അധികമായി നൽകേണ്ടി വരിക.

​ഈ വർഷം രണ്ടാം തവണയാണ് റെയിൽവേ നിരക്ക് വർധിപ്പിക്കുന്നത്. ഇതിനുമുമ്പ് ജൂലൈ മാസത്തിലും സമാനമായ രീതിയിൽ നിരക്ക് കൂട്ടിയിരുന്നു.