{"vars":{"id": "89527:4990"}}

യുദ്ധമുഖങ്ങളിൽ വിമത സായുധ ഗ്രൂപ്പുകൾക്ക് പരിശീലനം; എൻഐഎ പിടികൂടിയ മാത്യു വാൻഡൈക്കിന് യുഎസ് സൈന്യവുമായി ബന്ധം
 

 

മ്യാൻമറിലെ വിമതർക്ക് ഡ്രോൺ യുദ്ധമുറയിൽ പരിശീലനം നൽകിയതിനെ തുടർന്ന് എൻഐഎ പിടികൂടിയ മാത്യു വാൻഡൈക്ക് അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യക്തിയാണെന്ന് റിപ്പോർട്ട്. സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ എന്ന സൈനിക കരാർ സ്ഥാപനത്തിന്റെ സ്ഥാപകനാണ് മാത്യു വാൻഡൈക്ക്. 

ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും തന്ത്രപരമായ ഉപദേശങ്ങളും നൽകുന്നയാളാണ് മാത്യു വാൻഡൈക്ക്. മുമ്പ് ലിബിയയിലും ഇറാഖിലെയും യുദ്ധമുഖങ്ങളിൽ സജീവമായിരുന്ന ഇയാൾക്ക് യുഎസ് സൈന്യവുമായും ബന്ധമുണ്ട്

സ്‌പെഷ്യൽ ഫോഴ്‌സ് മാതൃകയിലുള്ള കടുത്ത പരിശീലനമാണ് ഇവർ സായുധ സംഘങ്ങൾക്ക് നൽകി വന്നിരുന്നത്. ഇതിൽ ഗറില്ലാ യുദ്ധമുറകൾ, തന്ത്രപരമായ ഓപറേഷനുകൾ എന്നിവക്കൊപ്പം അത്യാധുനിക ആയുധങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻ തോതിൽ ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഇവർ നിയമവിരുദ്ധമായി കടത്തിയതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. 

വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ അതീവ രഹസ്യമായാണ് മിസോറാമിലേക്ക് നീങ്ങിയത്. മിസോറാമിലെ പ്രാദേശിക കണ്ണികളുടെ സഹായത്തോടെ അതിർത്തി കടന്ന് മ്യാൻമറിലെത്തുകയും അവിടെ മാസങ്ങളോളം താമസിച്ച് പരിശലീനം നൽകുകയുമായിരുന്നു. നിലവിൽ മാത്യു അടക്കമുള്ളവർ എൻഐഎയുടെ കസ്റ്റഡിയിലാണ്.