{"vars":{"id": "89527:4990"}}

ബെംഗളൂരു മെട്രോയുടെ 'അവസാന മൈൽ' ബന്ധിപ്പിക്കാൻ ട്രാമുകൾ; തേജസ്വി സൂര്യയുടെ നിർദ്ദേശം

 

ബെംഗളൂരുവിലെ നമോ മെട്ര നഗരത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ആധുനിക ട്രാം (Tram) സംവിധാനം അവതരിപ്പിക്കാൻ നിർദ്ദേശം. ബെംഗളൂരു സൗത്ത് എം.പി. എൽ.എസ്. തേജസ്വി സൂര്യയാണ് കേന്ദ്ര റെയിൽവേ, നഗരകാര്യ മന്ത്രിമാർക്ക് മുന്നിൽ ഈ നിർദ്ദേശം സമർപ്പിച്ചത്.

​മെട്രോ യാത്രക്കാർക്ക് വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും സ്റ്റേഷനുകളിലേക്ക് എത്തുന്നതിൽ നേരിടുന്ന 'ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ' (First and Last Mile) പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ട്രാം ഉപയോഗപ്പെടുത്താമെന്നാണ് എംപി മുന്നോട്ട് വെക്കുന്ന ആശയം. ഇതിന്റെ സാധ്യത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാന മേഖലകളിൽ പൈലറ്റ് പ്രോജക്റ്റ്:

​നഗരത്തിലെ തിരക്കേറിയ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലും (City Centre), നിരവധി ടെക് സ്ഥാപനങ്ങളുള്ള 17 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡ് (Outer Ring Road) ഭാഗത്തും പൈലറ്റ് അടിസ്ഥാനത്തിൽ ട്രാം സംവിധാനം ആരംഭിക്കാനാണ് നിർദ്ദേശം. മെട്രോയ്ക്ക് മുൻപുള്ള കണക്റ്റിവിറ്റി സംവിധാനം എന്ന നിലയിൽ ട്രാമിന് ഫലപ്രദമായി പ്രവർത്തിക്കാനാകുമെന്നും ഇത് പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. റോഡ് ഗതാഗതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

​കേന്ദ്ര നഗരകാര്യ മന്ത്രാലയം പദ്ധതി ഏറ്റെടുക്കുന്നതാണ് റെയിൽവേയെ അപേക്ഷിച്ച് എളുപ്പമെന്നും ഉദ്യോഗസ്ഥരെ കണ്ടപ്പോൾ താൻ ഈ വിഷയം ഉന്നയിച്ചതായും എംപി അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ നിർദ്ദേശത്തെ വിദഗ്ദ്ധർ കാണുന്നത്.