{"vars":{"id": "89527:4990"}}

ദുരന്തമായി യാത്ര; കർണാടകയിൽ ലോറിയിലിടിച്ച് ക്രൂസർ ജീപ്പ് തകർന്നു: അഞ്ച് പേർക്ക് ദാരുണാന്ത്യം

 

കൽബുർഗി (കർണാടക): കർണാടകയിലെ കൽബുർഗി ജില്ലയിലുണ്ടായ റോഡപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ തൽക്ഷണം മരിച്ചു. ശനിയാഴ്ച പുലർച്ചെ ചിത്താപ്പൂർ താലൂക്കിലെ ലാഡ്‌ലാപുർ ക്രോസിന് സമീപം ദേശീയപാത 150-ലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ക്രൂസർ ജീപ്പ് ലോറിയുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.

​അപകടത്തിന്റെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നുപോയി. ചിത്താപ്പൂർ താലൂക്കിലെ ഇംഗളഗി ഗ്രാമവാസികളായ തോലുസാബ് ക്യാശ്വാർ (27), ഹുസൈൻ ഷാ (48), മൈബൂബ് അലി (45), റസൂൽ ബീ (42), ഫാത്തിമ അലി (38) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

​അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വാഡി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കൽബുർഗി ജില്ലാ പൊലീസ് സൂപ്രണ്ട് എ. ശ്രീനിവാസലുവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.