{"vars":{"id": "89527:4990"}}

ലണ്ടനിലുള്ള മകളെ കാണാന്‍ യാത്ര; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബിജെപിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ

 
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും കൊല്ലപ്പെട്ടു. സീറ്റ് ചാര്‍ട്ടിലെ വിവരപ്രകാരം എയര്‍ ഇന്ത്യ വിമാനത്തിലെ 2ഡി ആയിരുന്നു രൂപാണിയുടെ സീറ്റ്. തന്റെ മകളെയും ഭാര്യയെയും കാണാന്‍ ലണ്ടനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.   ഗുജറാത്തിലെ തലയെടുപ്പുള്ള ബിജെപി നേതാക്കളില്‍ പ്രധാനിയായിരുന്നു വിജയ് രൂപാണി. 1956 സപ്തംബര്‍ 2 മ്യാന്‍മറില്‍ ജനിച്ച വിജയ് രൂപാണിക്ക് നാല് വയസുള്ളപ്പോളാണ് കുടുംബം ഗുജറാത്തിലെ രാജ്‌കോട്ടിലേക്ക് താമസം മാറ്റുന്നത്. പതിനഞ്ചാം വയസ്സില്‍ ആര്‍എസ്എസിലൂടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ സംഘടനാ ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം. 1978മുതല്‍ 81 വരെ ആര്‍എസ് എസ് പ്രചാരക്. രാജ്‌കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മേയര്‍ സ്ഥാനത്തെത്തി. 2006 മുതല്‍ 2012 വരെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. 2014-ല്‍ നടന്ന ഉപ-തിരഞ്ഞെടുപ്പില്‍ രാജ്‌കോട്ട് വെസ്റ്റില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായി. ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. പട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏല്‍പ്പിച്ചത് രൂപാണിയെയാണ്. 2017-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്കോട്ട് വെസ്റ്റില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തിയ രൂപാണി 2021 വരെ മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നു. 2021 സെപ്റ്റംബര്‍ 12ന് മുഖ്യമന്ത്രി പദം രാജിവച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയായിരുന്നു രാജി. പാര്‍ട്ടിയുടെ കരുത്തനായ നേതാവായിരുന്ന രൂപാണി. ബിജെപി സംസ്ഥാന പ്രസിഡന്റ് , സംസ്ഥാനജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.