ലണ്ടനിലേക്ക് കടക്കാൻ ശ്രമം: അമൃത്പാൽ സിംഗിന്റെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

 

ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. ലണ്ടനിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആണ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിലെടുത്തത്. അമൃത്സർ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. 

കിരൺദീപിനെ ഇപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. മാർച്ചിൽ, അമൃത്പാൽ സിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് വിദേശ ധനസഹായം ലഭിച്ചുവെന്നാരോപിച്ച് ജല്ലുപൂർ ഖേദ ഗ്രാമത്തിൽ വെച്ച് കിരണിനെ ചോദ്യം ചെയ്തിരുന്നു.

കിരൺദീപ് യുകെ പൗരനാണെന്നും യുകെ പാസ്പോർട്ട് ഉടമയാണെന്നും പഞ്ചാബ് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലോ രാജ്യത്തിന്റെ ഒരു ഭാഗത്തോ അവൾക്കെതിരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. മുൻകരുതൽ നടപടിയെന്ന നിലയിൽ കിരൺദീപ് കൗറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് യുകെയിൽ നിന്നുള്ള എൻആർഐ കിരൺദീപ് കൗറിനെ അമൃതപാൽ സിംഗ് വിവാഹം കഴിക്കുന്നത്. അമൃത്പാലുമായുള്ള വിവാഹത്തിന് ശേഷം, കിരൺദീപ് കൗർ പഞ്ചാബിലേക്ക് താമസം മാറി, ഇപ്പോൾ അമൃത്പാലിന്റെ പൂർവ്വിക ഗ്രാമമായ ജല്ലുപൂർ ഖേഡയിലാണ് താമസിക്കുന്നത്

ഒളിവിൽപ്പോയ വാരിസ് പഞ്ചാബ് ഡി തലവൻ അമൃതപാൽ സിങ്ങിനെ പിടികൂടാനുള്ള തിരച്ചിൽ ഏതാണ്ട് ഒരു മാസത്തിനു ശേഷവും തുടരുകയാണ്. പഞ്ചാബ് പോലീസ് ഇതുവരെ പുറത്തുവിട്ട നിരവധി സിസിടിവി ദൃശ്യങ്ങളിൽ അദ്ദേഹം വ്യത്യസ്ത വസ്ത്രങ്ങളിൽ കാണപ്പെടുന്നു.