ട്വിഷ ശർമ്മ കേസ്: സി.ബി.ഐ അന്വേഷണം ഉറപ്പാക്കാൻ മധ്യപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡൽഹി: നോയിഡ സ്വദേശിയും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. കേസ് സി.ബി.ഐക്ക് കൈമാറിയ പശ്ചാത്തലത്തിൽ, കൃത്യമായ അന്വേഷണം ഉറപ്പാക്കാൻ മധ്യപ്രദേശ് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കൂടാതെ, കേസിനെ ബാധിക്കുന്ന തരത്തിൽ പ്രതികളുടെയോ സാക്ഷികളുടെയോ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് കോടതി കർശനമായി ആവശ്യപ്പെട്ടു.
കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണത്തെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ (Suo Motu) എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിർദ്ദേശം.
അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് മാധ്യമ വിചാരണ നടത്തരുതെന്നും പ്രതികളുടെയോ സാക്ഷികളുടെയോ മൊഴികളും പ്രസ്താവനകളും പരസ്യപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരം വാർത്തകൾ സ്വതന്ത്രമായ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ ഡിസംബറിൽ ഭോപ്പാൽ സ്വദേശിയായ അഭിഭാഷകൻ സമർത്ഥ് സിംഗുമായി വിവാഹിതയായ ട്വിഷ ശർമ്മയെ മെയ് 12-നാണ് ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
കേസിലെ പ്രതിയായ ഭർത്താവ് സമർത്ഥ് സിംഗിന്റെ അമ്മ വിരമിച്ച ജില്ലാ ജഡ്ജിയാണ്. അതിനാൽ പ്രാദേശിക പൊലീസിന്റെ അന്വേഷണത്തിൽ അട്ടിമറിയും സ്വാധീനവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്വിഷയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. തുടർന്നാണ് കേസ് സി.ബി.ഐക്ക് വിടാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.
കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും, എന്നാൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭോപ്പാൽ എയിംസിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്.