മണിപ്പൂരിലെ കാംഗ്പോക്പിയിൽ സായുധ സംഘങ്ങളുടെ വെടിവെപ്പ്: എട്ടു വയസ്സുകാരിയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിൽ സായുധ സംഘങ്ങൾ നടത്തിയ വെടിവെപ്പിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ജില്ലയിലെ തിങ്ഖോങ്ജാങ് (Thingkhongjang) ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ലംനെയ്ൻഗാ കിപ്‌ഗെൻ (8), നെങ്‌നെചോങ് കിപ്‌ഗെൻ (56) എന്നിവർക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ അസം റൈഫിൾസ് ക്യാമ്പിൽ പ്രാഥമിക ചികിത്സ നൽകിയ ഇവരെ, തുടർചികിത്സയ്ക്കായി ഞായറാഴ്ച രാത്രി വൈകി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (RIMS) മാറ്റി. അക്രമത്തെ തുടർന്ന് ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തെ ശക്തമായി അപലപിച്ച കുക്കി ഇൻപി മണിപ്പൂർ (KIM) സംഘടന, നിരായുധരായ സാധാരണക്കാർക്ക് നേരെയുണ്ടായ ഈ ആക്രമണം ഭീകരപ്രവർത്തനത്തിന് തുല്യമാണെന്ന് ആരോപിച്ചു. പ്രദേശത്ത് രണ്ട് വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേനയും പോലീസും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.