താനെയിൽ രാസവസ്തു ടാങ്കർ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ട് മരണം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഘോഡ്ബന്ദർ റോഡിൽ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും ഒരു യാത്രക്കാരനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ ഘോഡ്ബന്ദർ റോഡിലെ ആനന്ദ് നഗർ പ്രദേശത്താണ് സംഭവം. ഒരേ ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന രണ്ട് വാഹനങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു. ഒരു സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടാങ്കർ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും തൊട്ടടുത്തുകൂടി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നുപോയി. പ്രദേശവാസികളും പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ടാങ്കർ മാറ്റിയത്. തുടർന്ന് ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിൽ നിന്ന് രാസവസ്തുക്കൾ ചോർന്നിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തെ തുടർന്ന് ഘോഡ്ബന്ദർ റോഡിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് ടാങ്കർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വ്യക്തിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.