ദേശീയ പൗരത്വ ഭേദഗതി: രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ശിവസേന എംപിമാർക്ക് നിർദേശം

ദേശീയ പൗരത്വ ഭേദഗതി ബില്ലിൻ മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ശിവസേന തങ്ങളുടെ രാജ്യസഭാ എംപിമാർക്ക് നിർദേശം നൽകിയതായി സൂചന. ലോക്സഭയിൽ ബില്ലിന് അനുകൂലമായി ശിവസേന വോട്ട്
 

ദേശീയ പൗരത്വ ഭേദഗതി ബില്ലിൻ മേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ശിവസേന തങ്ങളുടെ രാജ്യസഭാ എംപിമാർക്ക് നിർദേശം നൽകിയതായി സൂചന. ലോക്‌സഭയിൽ ബില്ലിന് അനുകൂലമായി ശിവസേന വോട്ട് ചെയ്തിരുന്നു. എന്നാൽ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ സമ്മർദത്തെ തുടർന്നാണ് ശിവസേന നിലപാട് മാറ്റിയതെന്ന് കരുതുന്നു

ബില്ലിൽ അമിത് ഷാ നടത്തിയ പ്രസ്താവനകളിൽ തൃപ്തരല്ലെന്ന നിലപാടിൽ ശിവസേന ഉറച്ചുനിൽക്കുകയാണ്. ബില്ലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മറുപടി ലഭിക്കാതെ രാജ്യസഭയിൽ ബില്ലിനെ അനുകൂലിക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ബില്ലിനെ അനുകൂലിക്കുന്നവർ രാജ്യസ്‌നേഹികളും എതിർക്കുന്നവർ രാജ്യദ്രോഹികളും ആകുന്ന കാഴ്ചപ്പാടിൽ മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും ഉദ്ദവ് പറഞ്ഞിരുന്നു

ശിവസേനയുടെ പിന്തുണയോടെയാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയെടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെ സഖ്യത്തിൽ അസ്വസ്ഥതകളുടലെടുക്കുകയും ചെയ്തു. രാഹുൽ ഗാന്ധി ശിവസേന നിലപാടിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതോടെയാണ് ശിവസേന നിലപാട് മാറ്റിയത്.

ഇന്ന് രാത്രി എട്ട് മണി വരെയാണ് ബില്ലിൻമേലുള്ള ചർച്ച രാജ്യസഭയിൽ നടക്കുക. 120 പേരുടെ പിന്തുണ ലഭിച്ചാലേ ബിൽ പാസാകു. എൻ ഡി എക്ക് സഭയിൽ 105 അംഗങ്ങളാണുള്ളത്.