{"vars":{"id": "89527:4990"}}

അംഗീകരിക്കാനാകാത്ത നടപടി; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു: ഉത്തരവ് ഉടൻ റദ്ദാക്കണമെന്ന് ആവശ്യം

 

ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അഭിഷേക് മനു സിങ്‌വി, ജയറാം രമേശ്, ദിഗ്‌വിജയ് സിങ് എന്നിവരടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു. പത്രിക തള്ളിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

​റിട്ടേണിങ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റായ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി മാധ്യമങ്ങളോട് പറഞ്ഞു. റിട്ടേണിങ് ഓഫീസറുടെ ഉത്തരവ് "രണ്ടും രണ്ടും കൂട്ടിയാൽ ഏഴ് കിട്ടും" എന്ന് പറയുന്നതുപോലെ വിചിത്രവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പരിഹസിച്ചു.

​തെലങ്കാനയിലെ ഒരു കോടതിയിൽ നിന്നുള്ള കാരണം കാണിക്കൽ നോട്ടീസ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസർ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. എന്നാൽ നടരാജനെതിരെ യാതൊരുവിധ ക്രിമിനൽ കേസുകളും നിലവിലില്ലെന്നും, വെറുമൊരു കോടതി നോട്ടീസ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന വ്യക്തമായ നിയമം നിലനിൽക്കെയാണ് പത്രിക തള്ളിയതെന്നും കോൺഗ്രസ് വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനും കോൺഗ്രസിന്റെ സീറ്റ് തട്ടിയെടുക്കാനുമുള്ള ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. ഈ വിഷയത്തിൽ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.