{"vars":{"id": "89527:4990"}}

കേരള ബന്ധമുള്ള അധോലോക കുറ്റവാളി; കുമാർ പിള്ളയെ നാടുകടത്താൻ കോടതി നിർദേശം
 

 

കേരള ബന്ധമുള്ള അധോലോക കുറ്റവാളി കുമാർ പിള്ളയെ ഹോങ്കോങിലേക്ക് തിരിച്ചയക്കാൻ പ്രത്യേക കോടതി നിർദേശം. ഹോങ്കോങ് പൗരനായ കുമാറിനെ ഇന്ത്യയിലേക്ക് നാടുകടത്താൻ കാരണമായ എല്ലാ കേസുകളിലും കുറ്റവിമുക്തനായതോടെയാണിത്. കൈമാറുന്ന രാജ്യത്തിന്റെ അനുമതിയില്ലെങ്കിൽ മറ്റ് കേസുകളിൽ ഇന്ത്യയിൽ വിചാരണ നടത്താൻ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്

ഒരു മാസത്തിനുള്ളിൽ നാടുകടത്തണമെന്നാണ് മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയുടെ വിധി. 2016ലാണ് കുമാർ പിള്ളയെ ഇന്ത്യക്ക് കൈമാറിയത്. കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ അടക്കം മൂന്ന് കേസുകളിൽ മാത്രം വിചാരണ നടത്തുകയെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം

അതിൽ മൂന്നിലും കുമാർ പിള്ള കുറ്റവിമുക്തനായി. ആറ് കേസുകളായിരുന്നു കുമാർ പിള്ളക്കെതിരെ ഇന്ത്യയിലുണ്ടായിരുന്നത്. കന്യാകുമാരിയിൽ നിന്നുള്ള മലയാളിയാണ് കുമാർ പിള്ളയുടെ അച്ഛൻ കൃഷ്ണപിള്ള. മുംബൈയിലെ വിക്രോളിയിലാണ് ഇയാളുടെ ജനനം. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ലാൽ സിംഗ് ചവാൻ പിതാവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരത്തിനായാണ് കുമാർ പിള്ള ആയുധമെടുത്തത്. 

എംഎൽഎ ആയ ലാൽ സിംഗ് ചവാനെ ബോറിവ്‌ലി റെയിൽവേ സ്‌റ്റേഷന് പുറത്ത് വെച്ച് വധിച്ചതോടെയാണ് കുമാർ പിള്ള അധോലോകത്ത് ശ്രദ്ധേയനായത്. തന്റെ മേധാവിയായിരുന്ന അമർ നായ്ക് കൊല്ലപ്പെട്ടതോടെയാണ് മുംബൈ വിട്ടത്. ചെന്നൈയിലെത്തിയ ശേഷം പിന്നീട് ഹോങ്കോങിലേക്ക് കടക്കുകയായിരുന്നു.