{"vars":{"id": "89527:4990"}}

'കോക്രോച്ച് ജനതാ പാർട്ടിക്ക്' പിന്നിൽ അർബൻ നക്സലുകൾ; യുവാക്കൾ കെണിയിൽ വീഴില്ലെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ

 

ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് (CJP) പിന്നിൽ അർബൻ നക്സലുകളും ആം ആദ്മി പാർട്ടി (AAP) പോലുള്ള സംഘടനകളുമാണെന്ന് തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷൻ എൻ. രാമചന്ദർ റാവു. തെലങ്കാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ഹൈദരാബാദ് പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​അന്താരാഷ്ട്ര നിക്ഷേപകനായ ജോർജ്ജ് സോറോസിനെപ്പോലെയുള്ളവർ പിന്തുണയ്ക്കുന്ന ഇത്തരം ഗ്രൂപ്പുകളുടെ കെണിയിൽ രാജ്യത്തെ പുതിയ തലമുറ (Gen Z) വീഴില്ലെന്നും അവർ ഇന്ത്യൻ സംസ്‌കാരത്തോടൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

​"പ്രശ്നങ്ങൾക്കെതിരെ പോരാടാൻ യുവാക്കൾക്ക് അവകാശമുണ്ട്. നിരവധി വിദ്യാർത്ഥി സംഘടനകൾ ഇവിടെയുണ്ട്. എല്ലാ വിദ്യാർത്ഥികളും ബിജെപിയെയും എബിവിപിയെയും പിന്തുണയ്ക്കണമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്നത് ഒരു പുതിയ പ്രതിഭാസമല്ല. ആം ആദ്മി പാർട്ടി പോലുള്ള കക്ഷികളുമായി ബന്ധമുള്ളവരാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ചില പ്രത്യേക അജണ്ടകൾ പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇവരുടെ സ്വാധീനം സോഷ്യൽ മീഡിയയിൽ മാത്രമാണ്, താഴെത്തട്ടിൽ ഇവർക്ക് യാതൊരു സ്വാധീനവുമില്ല," രാമചന്ദർ റാവു പറഞ്ഞു.

​വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് കടന്നുവരുന്നവരെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോം രൂപംകൊണ്ടത്. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മീമുകളിലൂടെയും രാഷ്ട്രീയ വിമർശനങ്ങളിലൂടെയും ഈ പ്ലാറ്റ്‌ഫോം പിന്നീട് വലിയ ചർച്ചയായി മാറിയിരുന്നു.

​വരാനിരിക്കുന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും, സഖ്യ കാര്യങ്ങളിൽ പാർട്ടി ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ രാമചന്ദർ റാവു വ്യക്തമാക്കി.