{"vars":{"id": "89527:4990"}}

വിസിൽ മുഴക്കി വിജയ്; തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

 

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം ക്ലൈമാക്സിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ അധ്യക്ഷൻ വിജയ്‌യെ ലോക്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. നാളെ തന്നെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.

ടിവികെയ്ക്ക് മുസ്ലിം ലീഗും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയായിരുന്നു. രണ്ട് എംഎൽഎമാരുള്ള വിസികെ വിലപേശലിനൊടുവിലാണ് പിന്തുണ പ്രഖ്യാപിച്ചത്.

ലീ​ഗും വിസികെയും കത്ത് നൽകിയതോടെ ടിവികെയ്ക്ക് 120 എംഎൽഎമാരു‌ടെ പിന്തുണയായി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. നിരുപാധിക പിന്തുണയെന്നാണ് കത്തിൽ പറയുന്നത്.

നാല് ദിവസത്തിനിടെ നാലാം തവണയാണ് വിജയ് ഗവർണറെ കാണാനെത്തുന്നത്. കേവല ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്നു തവണയും ഗവർണർ വിജയ്‌യെ മടക്കി അയച്ചിരുന്നു.

120 എംഎൽഎമാരുടെ പിന്തുണ തെളിയിച്ചതോടെയാണ് ഗവർണർ വിജയ്‌യെ ക്ഷണിച്ചത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. ലീഗും വിസികെയുടേയും പിന്തുണ കൂടാതെ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകും.