വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടം; കേസെടുത്ത് പൊലീസ്
ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടത്തില്‍ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. കരൂര്‍ അപകടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്‌റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് തിരിച്ചു.
വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്‌യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്‌യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു.
കരൂരില്‍ ദുരന്തം ഉണ്ടായ കഴിഞ്ഞ ശനിയാഴ്ച നാമക്കലില്‍ നിന്നും കരൂരിലേക്ക് എത്തുമ്പോള്‍ ആയിരുന്നു ഈ അപകടം. അപകടമുണ്ടായിട്ടും വിജയ്‌യുടെ വാഹനം നിര്‍ത്താതെ പോയതില്‍ പൊലീസ് കേസെടുക്കാത്തത് മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം നീതി പുലരും എന്നാണ് പ്രതീക്ഷയെന്ന് ആദവ് അര്‍ജുന ഡെറാഡൂണില്‍ പറഞ്ഞു.
അപകടം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ആണുള്ളത്. മറ്റ് അംഗങ്ങളെ സംഘത്തലവനായ അസ്ര ഗാര്‍ഗ് ഐപിഎസിന് തീരുമാനിക്കാം.