പാർലമെൻ്റ് മാർച്ചിൽ സംഘർഷം; ജന്തർ മന്തറിലെ സിജെപിയുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി (CJP) നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചിൽ വൻ സംഘർഷം. ജന്തർ മന്തറിൽ വർഷങ്ങളായി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയാകാറുള്ള ഭാഗത്തുനിന്നും സിജെപിയുടെ സമരപ്പന്തൽ ഡൽഹി പൊലീസ് പൂർണ്ണമായും പൊളിച്ചുനീക്കി.
പ്രതിഷേധം ശക്തമാകുന്നതിനിടെ സമരക്കാരെ തടയാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനുപിന്നാലെയാണ് സുരക്ഷാ കാരണങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സമരപ്പന്തൽ നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുത്തത്. സ്ഥലത്ത് ഇപ്പോഴും വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ പന്തൽ പൊളിച്ചുനീക്കിയതുകൊണ്ട് പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സിജെപി നേതൃത്വം വ്യക്തമാക്കുന്നത്.