ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ല; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. രാഹുൽ ഗാന്ധി പരാമർശിച്ച കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. 2023ൽ, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ നീക്കാൻ ചില ശ്രമങ്ങൾ നടന്നിരുന്നു എന്നും കമ്മിഷൻ പറഞ്ഞു. പൊതുജനങ്ങളിൽ ആർക്കും ഓൺലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷൻ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. കർണാടകയിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്തി. എന്നാൽ വോട്ടർമാർക്ക് ഇതെങ്ങനെ സംഭവിച്ചെന്ന് യാതൊരു വിവരവുമില്ല.
കർണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായി എന്ന വോട്ടർ തന്റെ വോട്ട് ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നതും രാഹുൽ കാണിച്ചു. കർണാടകയ്ക്ക് പുറത്തുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.