വിവിപാറ്റ് സ്ലിപ്പുകൾ പെരുവഴിയിൽ ഉപേക്ഷിച്ച നിലയിൽ; ബിഹാർ തെരഞ്ഞെടുപ്പ് വിവാദത്തിൽ
പറ്റ്ന: ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് ആദ്യ ഘട്ട വോട്ടെടുപ്പിലെ എന്നു സംശയിക്കുന്ന വിവിപാറ്റ് സ്ലിപ്പുകൾ വഴിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സമസ്തിപുർ ജില്ലയിലെ വഴിയരികിൽ ന്നാണ് വിവിപാറ്റുകൾ കണ്ടെത്തിയത്. സ്ലിപ്പുകൾ വഴിയിൽ കിടക്കുന്നതിന്‍റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പു കമ്മിഷൻ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസറെ സസ്പെൻഡ് ചെയ്തു. ജില്ലാ സ്ഥലത്തെത്തി അന്വേഷണം നടത്തുമെന്നും കേസ് രജിസ്റ്റർ ചെയ്തതായും ഇലക്റ്ററൽ ഓഫിസർ വ്യക്തമാക്കി.
ഹരിയാന തെരഞ്ഞെടുപ്പിൽ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിലും തട്ടിപ്പിന് സാധ്യതയുണ്ടെന്നും ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങൾക്കു ശക്തി പകർന്നിരിക്കുകയാണ് പുതിയ വിവാദം.
ബിഹാറിൽ നവംബർ ആറിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായത്. 121 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പൂർത്തിയായത്. ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോഡ് പോളിങ് ആണ് രേഖപ്പെടുത്തിയിരുന്നത്. 67 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ബാക്കി 122 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 11ന് നടക്കാനിരിക്കേയാണ് പുതിയ വിവാദം. ബിഹാറിൽ നവംബർ 14ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.