{"vars":{"id": "89527:4990"}}

പശ്ചിമേഷ്യൻ സംഘർഷം: ചർച്ച വേണമെന്ന് പ്രതിപക്ഷം, പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം
 

 

പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷക്കുമാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. മന്ത്രി പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. വിഷയത്തിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു. ഫെബ്രുവരി 28ന് തന്നെ പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നതായി ജയശങ്കർ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാട് എടുത്തത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാട് എടുത്തുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു

പ്രധാനമന്ത്രി പല രാഷ്ട്ര നേതാക്കളുമായി സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി. ഇറാൻ കപ്പലിന് അഭയം നൽകിയതിന് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചെന്നും ജയശങ്കർ പറഞ്ഞു. ഇറാന്റെ ഉന്നത തല നേതൃത്വവുമായി ചർച്ച നടത്താൻ ശ്രമം തുടരുമെന്നും ജയശങ്കർ വ്യക്തമാക്കി.