{"vars":{"id": "89527:4990"}}

ആന്ധ്രയിൽ യുവതിയെ ട്രെയിനിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പണവും മൊബൈലും കവർന്നു
 

 

ട്രെയിൻ യാത്രക്കിടെ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ  പെദകുറപദു റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ വച്ചാണ് സംഭവം. ലേഡീസ് കംപാർട്ട്‌മെന്റിൽ അതിക്രമിച്ച് കയറിയ അക്രമി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പണവും മൊബൈൽ ഫോണും കവർന്നെന്നും 35 വയസുകാരിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ സെക്കന്തരാബാദ് റെയിൽവെ പോലീസ് കേസെടുത്തു. 

രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാർലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യൽ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ട്രെയിൻ ഗുണ്ടൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ, ഏകദേശം 40 വയസുള്ള വ്യക്തി കംപാർട്ട്‌മെന്റിൽ കയറാൻ ശ്രമിച്ചു. ലേഡീസ് കംപാർട്ട്‌മെന്റ് ആണെന്ന് പറഞ്ഞ് വാതിൽ പൂട്ടാൻ ശ്രമിച്ചെങ്കിലും ഇയാൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറി.ഗുണ്ടൂരിൽ നിന്നും ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 

പിന്നീട് കൈവശമുണ്ടായിരുന്ന 5600 രൂപയും മൊബൈൽ ഫോണും ഇയാൾ കൈക്കലാക്കി. ട്രെയിൻ പെദകുറപദു റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ഇയാൾ ട്രെയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു എന്നും യുവതി അറിയിച്ചു. സംഭവത്തിന് ശേഷം യാത്ര തുടർന്ന യുവതി ചാർലപ്പള്ളിയിലെത്തിയ ശേഷം സെക്കന്തരാബാദ് റെയിൽവേ പോലീസിനോട് വിവരങ്ങൾ അറിയിക്കുകയായിരുന്നു.