{"vars":{"id": "89527:4990"}}

നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം; പിന്നാലെ ഒഡീഷയിൽ രണ്ട് ഗ്രാമങ്ങൾ തമ്മിൽ സംഘർഷം
 

 

ഒഡീഷയിലെ മാൽക്കാൻഗിരി ജില്ലയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം. രണ്ട് സമുദായങ്ങൾക്കിടയിലാണ് സംഘർഷമുണ്ടായത്. ഇതുവരെ 163 വീടുകൾ തകർക്കപ്പെട്ടു. വ്യാഴാഴ്ചയാണ് 51കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. 

പൊറ്റേരു നദിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആരംഭിച്ച കലാപം ഇരു സമുദായങ്ങളും തമ്മിലുള്ള ചർച്ചകളെ തുടർന്ന് സമാധാനത്തിലേക്ക് നീങ്ങുന്നതായി കലക്ടർ പറഞ്ഞിരുന്നു. സമാധാന സമിതി യോഗം ഇന്നും ചേരും. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ അയൽഗ്രാമത്തിലെ ഒരാൾക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരു ഭാഗം പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ പാട്ടക്കരാർ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

പിന്നാലെ സ്ത്രീയുടെ ഗ്രാമത്തിലുള്ളവർ അയൽ ഗ്രാമത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അയ്യായിരത്തോളം പേരാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. നിരവധി വീടുകൾ അഗ്നിക്കിരയാക്കി