ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കാതെ ജന്തർ മന്തർ വിടില്ലെന്ന് സിജെപി; സമരം മൂന്നാം ദിവസത്തിലേക്ക്
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സിജെപി (CJP) നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസവും തുടരുന്നു. മന്ത്രി രാജി വെയ്ക്കാതെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.
ഇന്നലെ രാത്രി വൈകിയും പോലീസ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ സമരം തുടരുകയായിരുന്നു. സമരം അവസാനിപ്പിച്ച് ഇവിടെനിന്ന് മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിജെപി നേതൃത്വം അത് നിരസിക്കുകയാണുണ്ടായത്. ഒന്നാം ദിവസം മാത്രമാണ് ഇവിടെ സമരം നടത്തുന്നതിനായി അനുമതി നൽകിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
സമരത്തിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി സിജെപി നേതാക്കൾ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് യോഗം വിളിച്ചിട്ടുണ്ട്. തുടർ സമര പരിപാടികൾ എന്തൊക്കെയാണെന്ന് ഇന്നുതന്നെ പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സാധാരണക്കാരെയും കർഷകരെയും സമരത്തിലേക്ക് പങ്കാളികളാക്കി പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
അതേസമയം, ദിവസങ്ങൾ പിന്നിടുമ്പോൾ സമരത്തിൽ ആളുകളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നു എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. സിജെപിയുടെ സോഷ്യൽ മീഡിയ സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിഷേധ സ്ഥലത്ത് ആളുകളുടെ എണ്ണം കുറവാണെന്നും, ഇടതുപക്ഷ സംഘടനകൾ സമരം ഹൈജാക്ക് ചെയ്തുവെന്നും ആരോപണമുണ്ട്. എന്നാൽ ഇത്തരം ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും പങ്കെടുക്കുന്നവരെല്ലാം വിദ്യാർത്ഥികളും ഇന്ത്യക്കാരുമാണെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കർഷകരും ഈ സമരത്തിന് പിന്തുണയുമായി എത്തുമെന്നാണ് വിവരം. നിലവിൽ സമരത്തോട് മുഖം തിരിക്കുന്ന നിലപാടാണ് സർക്കാരും പോലീസും സ്വീകരിക്കുന്നത്.