{"vars":{"id": "89527:4990"}}

ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി; ദുരഭിമാനക്കൊലയിൽ പ്രതിക്ക് വധശിക്ഷ

 
ഹൈദരാബാദ്: രാജ്യത്തെ നടുക്കിയ തെലങ്കാന ദുരഭിമാനക്കൊലയിൽ രണ്ടാം പ്രതിക്കു വധശിക്ഷ. മറ്റു പ്രതികൾക്ക് ജീവപര്യന്തം തടവ്. നൽഗൊണ്ടയിലെ എസ്‌‌സി, എസ്‌ടി കോടതിയുടേതാണു വിധി. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയവിവാഹത്തിന്‍റെ പേരിൽ അമൃത എന്ന യുവതിയുടെ വീട്ടുകാർ ഭർത്താവ് പ്രണയിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗർഭിണിയായ അമൃതയെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ ക്വട്ടേഷൻ സംഘം പട്ടാപ്പകൽ റോഡിൽ വച്ചായിരുന്നു ആക്രമിച്ചത്. കേസിലെ ഒന്നാം പ്രതിയും അമൃതയുടെ അച്ഛനുമായ മാരുതി റാവുവിനെ 2020ല്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ക്വട്ടേഷൻ സംഘത്തിലെ പ്രധാനി സുഭാഷ് കുമാർ ശർമയ്ക്കാണു വധശിക്ഷ. മറ്റ് പ്രതികളായ അസ്‌ഗര്‍ അലി, ബാരി, കരീം, ശ്രാവൺ കുമാർ, ശിവ, നിസാം എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു.