{"vars":{"id": "89527:4990"}}

ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി മയക്കി യുവാവിന്റെ കഴുത്തറുത്തു; ഭാര്യയും ഭാര്യ മാതാവും പിടിയിൽ

 
കർണാടകയിലെ റിയൽ എസ്റ്റേറ്റ് ബിസനസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യ മാതാവും അറസ്റ്റിൽ. 37കാരനായ ലോക്‌നാഥ് സിംഗാണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്‌നാഥ് സിംഗിനെ കൊലപ്പെടുത്തിയത്. ഭാര്യ യശസ്വിനി(17), ഭാര്യാമാതാവ് ഹേമാ ഭായി(37) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാറിലാണ് ലോക്‌നാഥ് സിംഗിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും ഭാര്യ മാതാവും പിടിയിലായത്. ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്ത് ലോക്‌നാഥിനെ മയക്കുകയും പിന്നീട് കാറിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു ലോക്‌നാഥിനുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങൾ പ്രതികൾ കണ്ടെത്തിയിരുന്നു. ഇതിനിടെ വിവാഹമോചനം നേടാൻ ലോക്‌നാഥ് സിംഗ് ആലോചിച്ചു. ഇതേ ചൊല്ലി ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ഭാര്യ വീട്ടുകാരെ ലോക്‌നാഥ് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.