അത്ഭുത മരുന്ന് കഴിച്ച് മിനിട്ടുകൾക്കകം കോവിഡ് ഭേദമായി എന്നവകാശപ്പെട്ടയാൾ മരിച്ചു

നെല്ലൂർ: അത്ഭുത മരുന്ന് കഴിച്ച് മിനിറ്റുകൾക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാൾ മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ എൻ.കോട്ടയ്യയാണ് മരിച്ചത്. റിട്ട. പ്രധാന അധ്യാപകനായിരുന്നു കോട്ടയ്യ. അത്ഭുത ആയുർവേദ
 

നെല്ലൂർ: അത്ഭുത മരുന്ന് കഴിച്ച് മിനിറ്റുകൾക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാൾ മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ എൻ.കോട്ടയ്യയാണ് മരിച്ചത്. റിട്ട. പ്രധാന അധ്യാപകനായിരുന്നു കോട്ടയ്യ. അത്ഭുത ആയുർവേദ മരുന്ന് കഴിച്ച് തനിക്ക് കോവിഡ് ബാധ മിനിട്ടുകൾക്കുള്ളിൽ ഭേദമായെന്ന് പറഞ്ഞു കൊണ്ട് കോട്ടയ്യ ചെയ്ത് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിർമിച്ച ഒരു ഔഷധ മരുന്ന് കണ്ണിൽ ഇറ്റിച്ചെന്നും ഇതോടെ കോവിഡിൽ നിന്ന് മോചിതനായെന്നുമായിരുന്നു ഇയാളുടെ അവകാശവാദം.

വെള്ളിയാഴ്ച രാത്രിയോടെയാണ് ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടർന്ന് കോട്ടയ്യയെ നെല്ലൂർ സർക്കാർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആരോഗ്യ നില വഷളായതോടെ തിങ്കളാഴ്ച്ച പുലർച്ചെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

കോട്ടയ്യയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഈ മരുന്നായി കൃഷ്ണപ്പട്ടണത്ത് എത്തിയത്. കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി വൻ ജനക്കൂട്ടമാണ് മരുന്ന് വാങ്ങാനായി തടിച്ചു കൂടിയത്. പിന്നാലെ വ്യാപക വിമർശനങ്ങൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു. കോവിഡ് വൈറസ് ബാധ ഭേദമാക്കുമെന്ന പേരിൽ വിതരണം ചെയ്യുന്ന ആയുർവേദ മരുന്നിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും സാമൂഹിക അകലം പാലിക്കാതെയുള്ള ഇത്തരം ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപനം വർധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിന് പിന്നാലെ ആനന്ദയ്യയുടെ സഹായികളായ മൂന്ന് പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.