❣️ദക്ഷ ❣️: ഭാഗം 13

 

രചന: പൊന്നു

കൈകൾ കോർത്തിണക്കി വരാന്തയിലൂടെ നടക്കുന്ന ശിവയെയും അവന്റെ മാത്രം കാർത്തിയെയും കാണുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. താൻ കൊതിച്ച നിമിഷമാണ്. ഇന്നാ സ്ഥാനം അവൾ തന്നെ മറ്റൊരുവൾക്ക് നൽകി. ദിവസവും അവൾ സ്വയം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണവൾ.... എന്തിനായിരുന്നു ആ നോട്ടം...? ഇഷ്ട്ടമുണ്ടായിരുന്നോ ഒരിക്കലെങ്കിലും....? ഇരുവരുടെയും പ്രണയത്തിന് സാക്ഷിയാകേണ്ടി വന്ന പെണ്ണിന്റെ മനസ്സാരും കണ്ടില്ല.... നിറയുന്ന കണ്ണുകളോ, വിതുമ്പുന്ന ചുണ്ടുകളോ, നോവുന്ന ഹൃദയമോ.... ഒന്നും കാണാൻ ആരും ശ്രമിച്ചില്ല. ആയിഷപോലും മറന്നിരുന്നു ദക്ഷയുടെ പ്രണയത്തെ.... ഒരുപക്ഷെ കരുതിയിട്ടുണ്ടാകും ദിവസങ്ങൾ കഴിഞ്ഞു പോയതിനാൽ അവളിലെ പ്രണയവും അസ്‌തമിച്ചെന്ന്.... പക്ഷെ അവൾക്കറിയില്ലല്ലോ.... അത്ര പെട്ടെന്നൊന്നും അസ്‌തമിച്ചുപോകുന്ന ചെറുവെളിച്ചമായിരുന്നില്ല അവളുടെ പ്രണയമെന്ന്.... പിന്നെയും പിന്നെയും കാടിന്യമേറുന്ന സർവവും ചുട്ടെരിക്കാൻ ത്രാണിയുള്ള അഗ്നിയാണതെന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല.... പ്രണയത്തിന്റെ മാസമെന്നറിയപ്പെടുന്ന ഫെബ്രുവരി മാസം...... കൈയ്യിലെന്തോ ഒളിപ്പിച്ചുകൊണ്ട് ശിവ ദക്ഷക്കരികിലെത്തി.

കുഞ്ഞു ദേഷ്യം അവൾക്ക് തോന്നാതിരുന്നില്ല. അവൻ തന്റെ അടുത്തേക്ക് വരുന്നത് തന്നെ സഹായം ചോദിക്കാനവും. ഈ വരവും അതിനായിരിക്കുമെന്ന് ഊഹിക്കാൻ അവൾക്കത്തികം സമയം വേണ്ടി വന്നില്ല... "ദക്ഷ.... നിനക്കൊന്ന് കാർത്തിയെ താഴത്തെ കെട്ടിടത്തിൽ എത്തിക്കാൻ പറ്റോ... " പറ്റില്ലെന്ന് മുഖത്തടിച്ചു പറയാനാണവൾക്കു തോന്നിയത്. എങ്കിലും ക്ഷമയോടെ നിന്നു. "എന്തിനാ... " പതിവുചിരി അവളുടെ മുഖത്തുണ്ടായിരുന്നില്ല. ഒരൽപ്പം ഗൗരവം സ്വരത്തിൽ നിറച്ചവൾ ചോദിച്ചു. "ഡീ ഇന്ന് റോസ് ഡേ അല്ലെ.... അപ്പൊ അവൾക്കൊന്ന് സർപ്രൈസ് കൊടുക്കാൻ.... ഞാൻ വിളിച്ചെന്ന് പറഞ്ഞാൽ മതി. ഇല്ലെങ്കിൽ അവള് വേറെ ആരേലുമൊക്കെ കൂടെ കൊണ്ട് വരും.... പ്ലീസ്... നീയൊന്ന് അവളെ അവിടെ എത്തിക്ക്..." "ഓഹ്.... അതിനായിരുന്നോ.... ഇതിലിപ്പോ എവിടെയാ സർപ്രൈസ്... നീ വിളിക്കുന്നു എന്ന് പറയുമ്പോ തന്നെ അവൾക്ക് കാര്യം പിടികിട്ടും.... പിന്നെ ഞാനെന്തിനാ... നിനക്ക് തന്നെ അവളെ വിളിച്ചൂടെ.... " "ഏയ്.... ഞാൻ വിളിക്കണില്ല.... നീയൊന്ന് വരാൻ പറയ്.... പ്ലീസ്.... " "ഓക്കേ.... പറയാം.... " തീരെ താല്പര്യമില്ലെങ്കിൽ കൂടി കാർത്തികയെ വിളിച്ചുകൊണ്ട് ഏറ്റവും താഴെയുള്ള ആളൊഴിഞ്ഞ ക്ലാസിലേക്ക് പറഞ്ഞു വിട്ടു.

"ഡീ... നീയും വാ... എനിക്കെന്തോ പേടിയാവുന്നു.... എന്നെ അവിടം വരെ കൊണ്ടാക്കിയിട്ട് നീ പൊയ്ക്കോ... " "എനിക്കെങ്ങും വയ്യ.... നിങ്ങള്ടെ ഇടയിലേക്ക് ഞാനെന്തിനാ.... " "അതിനെന്താ.... നീ വന്നേ.... " നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയത് വേദനിക്കുന്ന ഹൃദയത്തിൽ കൂടുതൽ മുറിവ് നൽകാനാണെന്നവൾ അറിഞ്ഞില്ല. "ഐ ലവ് യു കാർത്തി....." കൈയ്യിലിരുന്ന കടും ചുവപ്പുനിറമുള്ള റോസാപ്പൂവ് കാർത്തികയ്ക്ക് നേരെ നീട്ടികൊണ്ടവൻ പറഞ്ഞു. ബാക്കികൂടി കണ്ടുനിൽക്കാനുള്ള ത്രാണി ദക്ഷയ്ക്കുണ്ടായിരുന്നില്ല.മുഖം വെട്ടിത്തിരിച്ചവൾ തിരികെ നടന്നു. സ്കൂൾ വരാന്തയിലൂടെ മുന്നിലേക്ക് നടക്കുമ്പോൾ കണ്ണുനീർ കാഴ്ചയെ മറച്ചിരുന്നു.ചുടുകണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയതൊന്നും അവളറിഞ്ഞില്ല.മനസ്സിൽ മുഴുവൻ ശിവയും കാർത്തിയുമായിരുന്നു. അന്നവൾ ഒഴുക്കി കളഞ്ഞ കണ്ണുനീരിന് കണക്കില്ല. അത്രത്തോളം ആ ഹൃദയത്തിൽ നിന്നും ചോര കിനിയുന്നുണ്ടാവാം.... "ദച്ചൂ..... ഡീ.... ഒരു ഹാപ്പി ന്യൂസ്.... അയ്യോ.... അയ്യയ്യോ.... എനിക്ക് ചിരിക്കാൻ വയ്യായെ.... എന്തൊക്കെയായിരുന്നു.... പൂ കൊടുക്കുന്നു, വാലന്റൈൻസ് ഡേയ്ക്ക് ഗിഫ്റ്റ് കൊടുക്കുന്നു..... ഹോ.... ഒരു പടക്കം കിട്ടിയിരുന്നേൽ പൊട്ടിക്കാരുന്നു...."

ഡെസ്കിൽ തലചായ്ച്ചുകിടന്ന ദക്ഷയ്ക്കടുത്തായി വന്നിരുന്നുകൊണ്ട് ആയിഷ പറഞ്ഞു. പെണ്ണിന്റെ സന്തോഷമൊന്ന് കാണേണ്ടതു തന്നെയായിരുന്നു. അവളെന്തിനെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ദക്ഷയുടെ ചുണ്ടുകളിലും എന്തിനോ വേണ്ടി പുഞ്ചിരി മൊട്ടിട്ടു. "എന്താടി.... നീയിതെന്തൊക്കെയാ പറയുന്നേ... വട്ടായോ.... ഇരുന്ന് ചിരിക്കാതെ കാര്യം പറയെടി പുല്ലേ.... " "ഡീ മറ്റേ ലവൻ ഇല്ലേ.... ശിവ.... അവനെ അവള് തേച്ചെടി.... അയ്യോ.... അതൊന്ന് കാണേണ്ട കാഴ്ചയാരുന്നു.... അവൻ കൊടുത്ത ഗിഫ്റ്റ് ഒക്കെ തിരിച്ചു കൊടുത്തു അവള്... അവനും ഇനി തേക്കാൻ ഇരുന്നതാണോ എന്തോ.... അവള് കൊടുത്തപ്പോ തന്നെ വാങ്ങിച്ചു അവനും കൊടുത്തു അവള് തന്ന ഗിഫ്റ്റ് ഒക്കെ.... രണ്ടും കണക്കാണ്.... അവന് അങ്ങനെ തന്നെ വേണം. നിന്നെ കളഞ്ഞിട്ട് ആ മേക്കപ്പ് കാരിയുടെ കൂടെ പോയതല്ലേ.... എന്തായാലും സംഭവം കൊള്ളാം... " "ഏഹ്.... അവരെന്തിനാ പിരിഞ്ഞേ.... ഒരു വർഷംപോലും ആയില്ലല്ലോ തുടങ്ങീട്ട്.... " "ആ.... അതെനിക്കറിഞ്ഞൂടാ... ഞാനന്നേ പറഞ്ഞില്ലേ നിന്നോട്... അവള് തേപ്പാണെന്ന്... പിന്നെ അവന്റെ കാര്യവും പറഞ്ഞു.... നിന്നെ നോക്കീട്ട് പെട്ടെന്ന് വന്ന് വേറെ ഒരുത്തിയോട് പറഞ്ഞപ്പോഴേ എനിക്ക് തോന്നിയതാ അവനും തേക്കൊന്ന്....

ഇപ്പൊ എന്തായാലും രണ്ടുപേരും ഒന്നിച്ചു തേച്ചു.... ഇപ്പോഴാ എനിക്ക് സമാധാനമായേ.... പോകുന്ന വഴിക്ക് പള്ളിയിലെ കാണിക്കവഞ്ചിയിൽ പൈസ ഇടണം.... " ദക്ഷയെക്കാൾ സന്തോഷമായിരുന്നു ആയിഷയ്ക്ക്. ഒരുപക്ഷെ ദക്ഷയുടെ വേദന ഏറ്റവും കൂടുതൽ മനസ്സിലാക്കിയ വ്യക്തി എന്ന നിലയിലാവും ഇത്രയ്ക്കും സന്തോഷം... ദക്ഷയുടെ മുഖത്തെ ഭാവമെന്താണെന്ന് ആയിഷയ്ക്ക് ഊഹിക്കാനായില്ല.എന്തോ ഓർമയിൽ നിന്നും ചികഞ്ഞെടുക്കുകയാവാം.... "സ്വർഗത്തിലുണ്ടല്ലോ നമ്മള് ഭൂമിയിൽ സ്നേഹിച്ച ആളെ തന്നെ കിട്ടുമെന്ന പറയാറ്... അവര് ഇണപ്രവുകളായി പറന്നു നടക്കുമത്രേ.... നീ കേട്ടിട്ടുണ്ടോ...." ഒരിക്കലൊരു ഇന്റർവെൽ സമയം തന്നോടവൻ ചോദിച്ച ചോദ്യമാണ്. "മ്മ്.... കേട്ടിട്ടുണ്ട്.... ഞാനൊന്നും അങ്ങനെ പ്രാവായി പറക്കില്ലായിരിക്കും.... " ചിരിയോടെ ദക്ഷ മറുപടി നൽകിയതും അവൻ പൊട്ടിച്ചിരിച്ചു.... "ഉവ്വ ഉവ്വ.... ശരിയാ നീ അങ്ങനെ ആവില്ലായിരിക്കും.... നിന്നെയെങ്ങാനുമായിരുന്നെങ്കിൽ കറുത്ത പ്രാവായിട്ട് പറക്കേണ്ടി വന്നേനെ...." പിന്നെയുമവൻ പൊട്ടിച്ചിരിച്ചു.... അവളുടെ ഉള്ളൊന്നു പിടഞ്ഞുവോ.... മുഖത്തെ ചിരി എങ്ങോ മാഞ്ഞുപോയി. സ്വയം കണ്ണുകൊണ്ട് തന്റെ തൊലിയിലേക്ക് നോക്കി. വേദനയോടെ ചിരിച്ചു. ഓർക്കവേ അവൾക്ക് പുച്ഛം തോന്നി.....

സന്തോഷവും..... "അവൻ നിന്നെ സ്നേഹിക്കാത്തത് നന്നായെ ഉള്ളു.സ്നേഹിച്ചിരുന്നേൽ ഇപ്പൊ അവൻ തേച്ചിട്ട് പോയെന്ന് പറഞ്ഞു കരയേണ്ടി വന്നേനെ.... " ആയിഷ പറഞ്ഞതിനു മറുപടിയായി അവളെനോക്കി ചിരിക്കുക മാത്രം ചെയ്തു. മനസ്സുതുറന്നുള്ള ചിരി. പിന്നീടൊരിക്കൽ പോലും ശിവയും ദക്ഷയും തമ്മിൽ സംസാരിക്കേണ്ടി വന്നിട്ടില്ല. അവളുടെ കണ്ണീരിന്റെയും പ്രാർത്ഥനയുടെയും ഫലമായിട്ടാകും പത്താം ക്ലാസ് തുടക്കത്തിൽ തന്നെ അവൻ മറ്റൊരു സ്കൂളിലേക്ക് മാറി. സങ്കടത്തിന്റെ ഒരു കണികപോലും അവളിലുണ്ടായില്ല.... അത്രയ്ക്കും വെറുത്തുപോയിരുന്നു. പത്താം ക്ലാസ് പഠനം കഴിഞ്ഞ് അനേകമായിരം ഓർമകൾ സമ്മാനിച്ച സ്കൂളിൽ നിന്നിറങ്ങുമ്പോൾ അവളിൽ ചെറുതോതിൽ സന്തോഷം അലതല്ലിയിരുന്നു. ഒപ്പം സങ്കടവും. അവനെയോർത്തു കരഞ്ഞദിനങ്ങൾ.... അവനെന്ന ഓർമ...., എല്ലാമവൾ സ്കൂൾ ഗേറ്റിനുള്ളിൽ ഉപേക്ഷിച്ചുകൊണ്ട് അവിടെ നിന്നും പടികളിറങ്ങി.... ഒരിക്കലും അവനെയിനി കാണരുതേ എന്ന പ്രാർത്ഥനയോടെ പുതിയ സ്വപ്നങ്ങൾക്ക് മനസ്സിൽ വിത്തുപാകി പതിനൊന്നാം ക്ലാസ്സിലേക്ക് കടന്നു... പുതിയ ചുറ്റുപാടിലേക്ക്.... വീടിൽ നിന്നും കുറച്ചകലെയാണ് അവൾക്ക് അഡ്മിഷൻ കിട്ടിയ സ്കൂൾ.....

ദൈവം പിന്നെയും ക്രീഡയ്ക്കായി പരീക്ഷിക്കുന്നതാണോ അതോ മുൻപേ കരുതി വെച്ചിരിക്കുന്ന വിധിയോയെന്നറിയില്ല ആരെയാണോ വെറുക്കുന്നത്, ആരെയാണോ ഇനി ഒരിക്കലും കാണരുതെന്ന് പ്രാർത്ഥിച്ചത് അവനിതാ മുന്നിൽ.... സ്റ്റാഫ്റൂമിനു മുന്നിൽ കൂട്ടുകാരിയെ കാത്തുനിൽക്കവേയാണ് തന്നെ കടന്നുപോയവനിൽ കണ്ണുകൾ പതിഞ്ഞത്.... "ശിവ.... ഇവനെന്താ ഇവിടെ... ഇതെന്തൊരു കഷ്ട്ടാ... ഞാൻ പഠിക്കുന്നിടത്തുതന്നെ ഇവനും കാണും.... എന്റെ ക്ലാസ്സിലാവാണ്ടിരുന്നാൽ മതിയാരുന്നു..." അവൻ പോയ വഴിയേ നോക്കിയവൾ ആത്മഗദം പറഞ്ഞു. പിന്നീട് പലപ്പോഴായി അവനെ കണ്ടെങ്കിലും ആലുവ മണപ്പുറത്തു വെച്ചു കണ്ട പരിചയം പോലും അവനിൽ നിന്നുണ്ടായില്ല... "ഓഹ്... ജാഡകാരൻ.... എത്ര പ്രാവിശ്യം ഞാൻ സഹായിച്ചു.... ഇപ്പൊ മൈൻഡ് പോലൂല്ലാ.... " മനപൂർവം കാണാതെ നടക്കുന്നതാണോ അതോ മറന്നുപോയികാണുമോ...? മറന്നെന്നു കരുതിയവൾ സമാധാനിച്ചു..... ഇടയ്ക്കുമാത്രം കാണുന്ന അവനെ പിന്നെ പിന്നെ തീരെ കാണാതെയായി.... തിരക്കിയപ്പോളറിഞ്ഞു അടിപിടി കേസിന് സസ്പെന്റ് ചെയ്തിരിക്കുവെന്ന്.... ആയിഷയെ പോലെ തന്നെ പുതിയ സ്കൂളിലും അവൾക്കൊരു വാലിനെ കിട്ടി. ഒന്നല്ല രണ്ടെണ്ണം... ജിൻസിയും ലച്ചുവും... എന്തിനും ഏതിനും ഒരുമിച്ചാണ് മൂന്നും.... "എടീ അപ്പൊ അവൻ നിന്നെ എന്തിനാ നോക്കിയത്... നിനക്ക് ചോയിക്കാൻ മേലാഞ്ഞോ... "

തന്റെ അനുഭവകഥ പറഞ്ഞുകഴിഞ്ഞതും ജിൻസി ചോദിച്ചു. "അവനെന്നെ ഓർമ പോലുമില്ല... പിന്നെന്തിനാ ചോദിക്കുന്നെ.... ഒരു കാര്യവുമില്ല.... എന്നെങ്കിലും പറ്റുമെങ്കിൽ ചോദിക്കണമെന്നുണ്ട്.... പിന്നെ ഒരു വാശിയിണ്ട്, അവന്റെ മുന്നിൽ കൂടി എന്റെ കെട്ട്യോന്റെ കൈയ്യും പിടിച്ചു നടക്കണമെന്ന്... അവന് എന്നെ ഓർമ ഇല്ലെങ്കിൽ കൂടി, എന്റെ ഒരു മനഃസമാധാനത്തിന്..." അവൾക്കതൊരു വാശിയായിരുന്നു.തന്നെ കരയിച്ചവനോടുള്ള കുഞ്ഞു പ്രതികാരം... എങ്കിലും ആരെയും പ്രണയിക്കാൻ നിന്നില്ല. അതിനായില്ല എന്ന് പറയുന്നതാവും സത്യം... ഒരുപക്ഷെ എത്ര വാശിയുണ്ടെന്ന് പറഞ്ഞാലും ആദ്യപ്രണയം മനസ്സിൽ നോവ് സൃഷ്ടിക്കുന്നുണ്ടാവാം... ജിൻസിക്കും വാശിയായിരുന്നു.... ദക്ഷയുടെ അതേ വാശി.... "ഡീ.... നിനക്ക് ഞാനൊരാളെ സെറ്റ് ആക്കി തരട്ടെ.... നല്ല ആളാടി.... നിനക്ക് ചേരും.... അവനെന്തായാലും മറ്റവനെ പോലെ തേച്ചിട്ട് പോവില്ല.... സെറ്റാക്കട്ടെ..... " "നീയിത് ആരുടെ കാര്യമാ പറയുന്നേ... " "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ... എന്റെ ഒരു പാവം ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ കുറിച്ച്.... മറ്റേ ലവനെ...." "ഏവൻ.... ഈ അവന് പേരില്ലേ..." """"......ദർശ്.....""""....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...