❣️ദക്ഷ ❣️: ഭാഗം 30 | അവസാനിച്ചു

 

രചന: പൊന്നു

"വേഗം പോയി റെഡി ആയി നിൽക്ക്.... നിന്നെക്കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. ഇത്‌ മുടക്കാൻ വല്ല പ്ലാനും തള്ളക്കും മോൾക്കും ഉണ്ടെങ്കിൽ......" വിരൽചൂണ്ടി താക്കീതോടെ പറഞ്ഞയാൾ ദക്ഷയുടെ മുറിയിൽ നിന്നുമിറങ്ങി. അച്ഛന് ഫോൺ വന്നതും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ആ തക്കം നോക്കി അമ്മ തന്നെ ദർശിനെ വിളിച്ചു കാര്യം പറഞ്ഞു. പെണ്ണുകാണാൻ വന്നവർക്കുമുന്നിൽ തെളിച്ചമില്ലാത്ത മുഖവുമായി നിന്നതും അച്ഛന്റെ കണ്ണുരുട്ടലിൽ വെറുതെയൊരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു. ദർശിനെ കാണാൻ ഉള്ളം തുടിക്കുന്നതുപോലെ,ആ മാറോടു ചേർന്ന് പൊട്ടികരയുവാൻ മിഴികൾ ദാഹിക്കുന്നത് പോലെ... വിചാരിക്കുമ്പോൾ എത്തിച്ചേരുവാൻ പറ്റിയ ദൂരമല്ല തങ്ങൾക്കിടയിലുള്ളതെന്നറിഞ്ഞിട്ടും വെറുതെ വാതിലിലേക്ക് കണ്ണുകൾ ചലിച്ചു. "ചെക്കനും പെണ്ണിനും ഇഷ്ട്ടായേച്ചാൽ ഇതങ്ങു ഉറപ്പിച്ചാലോ... എന്റെ മോള്ക്ക് എന്റെ ഇഷ്ട്ടം തന്നെയാ വലുത്... എനിക്ക് പയ്യനെ ഇഷ്ട്ടായി... മോന് ഇഷ്ട്ടായോ ന്റെ മോളെ.... " അച്ഛൻ തിരക്കു കൂട്ടി. ഭൂമി പിളർന്നു പോയിരുന്നെങ്കിലെന്ന് ഒരുവേളയവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി. പയ്യൻ സമ്മതിക്കാതിരുന്നെങ്കിൽ... പ്രാർത്ഥന ദൈവം എന്തേയ് തള്ളിക്കളഞ്ഞു. അയാളുടെ ഇഷ്ട്ടായി എന്ന മറുപടിയിൽ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ കൂടി ഒലിച്ചു പോയി. "ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടാവില്ലേ..."

ചെക്കന്റെ അച്ഛന്റെ വകയാണ് ചോദ്യം പിന്നെയും ഉള്ളിൽ പ്രതീക്ഷ. അച്ഛനൊന്നും പറയാനാവാത്തതുപോലെ... അവളെ നോക്കി ഭീഷണിയെന്ന പോലെ കണ്ണുരുട്ടി. മുറിയിൽ അയാളെ കാത്തെന്നപോലെ അവൾ നിന്നു. മനസ്സിൽ ഒരേ ഒരു ലക്ഷ്യം മാത്രം ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പറയണം. ചിരിയോടെ മുറിയിലേക്ക് വന്നു ഡോർ ചാരി അയാൾ ദച്ചൂ എന്ന് നീട്ടി വിളിച്ചതും നുരഞ്ഞു പൊന്തിയ ദേഷ്യമവൾ അടക്കി പിടിച്ചു. "ഇഷ്ട്ടായോ...." ശബ്ദം താഴ്ത്തിയുള്ള ചോദ്യത്തിന് ഇല്ലെന്നവൾ തലയാട്ടി. "എന്റെ സമ്മതം ചോദിക്കാതെയാ അച്ഛനിപ്പോ നിങ്ങളെ ഇങ്ങോട്ട് വിളിച്ചിരിക്കുന്നത്. എനിക്ക്.... എനിക്ക് വേറൊരാളെ ഇഷ്ട്ടമാ... ദേ ഈ തലയിലെ മുറിവ് കണ്ടോ... നിങ്ങളോടൊക്കെ തെന്നി വീണു മുറിഞ്ഞതെന്നല്ലേ പറഞ്ഞെ... ഇതെന്റെ അച്ഛൻ അവനെ മറക്കാൻ പറഞ്ഞതിനു എതിർത്തപ്പോൾ തന്ന സമ്മാനമാ... എന്നെ കൊന്നാലും വേറെ ഒരാളെ അവന്റെ സ്ഥാനത്തു കാണാൻ എനിക്ക് പറ്റില്ല. ഇയാള് തന്നെ ഒഴിഞ്ഞു പോകണം പ്ലീസ്.... ഞാനീ പറഞ്ഞതൊന്നും അച്ഛനോട് പറയല്ലേ... ഇയാൾക്ക് ഇഷ്ട്ടായില്ലന്ന് പറഞ്ഞാൽ മതി. " മനസ്സിലുള്ളത് ഭയമേതും കൂടാതെ പറയുമ്പോൾ തെല്ലൊരു ആശ്വാസം തോന്നി. എങ്കിലും ഉള്ളിൽ ഭയമാണ്. "ഞാൻ പറയാം..."

തെളിച്ചമില്ലാത്ത മറുപടി നൽകി അയാൾ പുറത്തേക്ക് ഇറങ്ങി. അച്ഛനോട് എന്തോ പറയുന്നുണ്ട്. ചുട്ടെരിക്കാൻ ത്രാണിയുള്ള അച്ഛന്റെ നോട്ടത്തിൽ തന്നെ അയാളെല്ലാം പറഞ്ഞുവെന്നവൾക്ക് മനസ്സിലായി. എല്ലാവരും പോയശേഷം അതിനും കിട്ടി കുറേ അടി. തളർന്നു ഭിത്തിയോട് ചേർന്നിരുന്നപ്പോഴും അവനെ മതി എന്ന വാക്കിൽ ഉറച്ചുനിന്നു. അമ്മ തടയാൻ പോയില്ല. പോയിട്ടും കാര്യമില്ല. അതും കൂടി ചേർത്ത് അവൾക്കിനിയും കിട്ടുമെന്നും അമ്മയ്ക്ക് അറിയാമായിരുന്നു. ഒരല്പം കഴിഞ്ഞതും അച്ഛന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. സംസാരം തുടങ്ങിയതും പിന്നീട് അച്ഛന്റെ മുഖത്ത് നേരീയ ഭയം നിറഞ്ഞു.കുറച്ചു കഴിഞ്ഞതും കാൾ ലൗഡ് സ്പീക്കറിൽ ഇട്ടു. "ദക്ഷ കേൾക്കുന്നുണ്ടോ... " പരിചയമില്ലാത്ത ആൺശബ്ദം കേട്ടതും ആദ്യമൊന്നു പകച്ചു നിന്നെങ്കിലും പിന്നീട് അതേയെന്ന് മറുപടി പറഞ്ഞു . "ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നാണ്. കുട്ടി ഇനി പേടിക്കണ്ട അച്ഛനൊന്നും ചെയ്യില്ല. നിങ്ങൾ രണ്ടുപേരും പ്രായപൂർത്തിയായവരാണ്. തീരുമാനം എടുക്കാൻ പ്രാപ്തരും ആയി. ഈ കാലത്ത് ഇത്രയ്ക്കൊന്നും സഹിക്കാൻ മിക്കവരും തയ്യാറാവാറില്ല. ആദ്യമേ ഒളിച്ചോട്ടമാണ്... നിങ്ങളെന്തായാലും അതിനുമുതിരാതെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിനു അഭിനന്ദനങ്ങൾ. തന്റെ അച്ഛനെതിരെ കേസ് തല്കാലം എടുക്കുന്നില്ല. ഇനി എന്തെങ്കിലും ഉപദ്രവമോ മറ്റോ ഉണ്ടെങ്കിൽ നിയമം വഴി പോകേണ്ടി വരും. " പിന്നെയും എന്തെല്ലാമൊക്കെയോ അയാൾ പറഞ്ഞു.

ദർശിന്റെ പണിയാണെന്നവൾ ഊഹിച്ചു. അച്ഛനോട് എന്തൊക്കെയോ സംസാരിച്ചാണ് കാൾ വെച്ചത്. ഒരടിയോ വഴക്കോ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ദേഷ്യം കലരാത്ത എന്നാൽ പുഞ്ചിരി ലെവലേശമില്ലാത്ത നോട്ടം നൽകി അയാൾ അകത്തേക്ക് പോയി... ******* എത്ര തിരക്കാണെങ്കിൽ കൂടി എല്ലാ ആഴ്ചയും അവൾക്കിഷ്ടമുള്ളവ വാങ്ങി തന്റെ മകളെയും അവളുടെ ഉദരത്തിലെ പേരകുട്ടിയെയും കാണാൻ വരുന്നത് അച്ഛന്റെ പതിവാണ്. അമ്മ രണ്ടു ദിവസം കൂടുമ്പോൾ വരാറുണ്ട്. ദർശ് തന്നെയാണ് ഇപ്പൊ മുഴുവൻ ജോലികളും ചെയ്യുന്നത്. അവളെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കാറില്ല. കുഞ്ഞിന് കെയർ കൊടുക്കുന്നതിനോടൊപ്പം പ്രണയവും കെയറും അവൾക്കും നൽകാറുണ്ടവൻ. ഓഫീസിൽ പോകുമ്പോൾ ഓരോ മണിക്കൂറുകളിലും അവളെ വിളിച്ചു കാര്യം തിരക്കും.... എത്ര ജോലി തിരക്കാണെങ്കിൽ കൂടി അവളുറങ്ങും വരെ കൂട്ടിന് അവനുണ്ടാകും.. പറയാതെ തന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്യും. "എന്താടി... ഒറ്റയ്ക്കിരുന്നു ചിരിക്കണേ... വട്ടായോ... " കണ്ണാടിക്ക് മുന്നിലിരുത്തി അവളുടെ മുടി കെട്ടികൊടുക്കുന്ന തിരക്കിലാണ് ദർശ്. കണ്ണാടിയിൽ നോക്കി ചിരിക്കുന്ന പെണ്ണിനെ കാണേ അവനും ചിരി പൊട്ടി. വയറ്റിലെ കുഞ്ഞാവയ്ക്കും ചിരി വന്നുവെന്ന് തോന്നുന്നു ചെറിയൊരു ചവിട്ട് തന്റെ അമ്മയ്ക്ക് കൊടുത്തു ആള്... "എന്തേയ് പെണ്ണെ... " താടിതുമ്പ് അവളുടെ തലയിൽ മുട്ടിച്ചുകൊണ്ടവൻ പ്രണയത്തോടെ ചോദിച്ചു.

"ഏട്ടന് ഓർമയുണ്ടോ കല്യാണം കഴിഞ്ഞ ശേഷം നമ്മള് മാളിൽ പോയത്... " കുസൃതിയോടെ പറഞ്ഞതും അവനും എന്തോ ഓർത്തെന്നപോൽ ചിരിച്ചു പോയി. "പിന്നെ ഓർക്കാതെ... കിളിത്തരം പിടിച്ച നിന്നെയും കൊണ്ട് പോയി ഞാനാകെ പെട്ട് പോയില്ലേ... ഇങ്ങോട്ട് വലിക്കുമ്പോ അങ്ങോട്ട് പോകും... പിന്നെ മാളിൽ പോയി അക്കുത്തിക്കു കളിച്ച ആദ്യത്തെ കപ്പിൾസ് ചിലപ്പോ നമ്മളായിരിക്കും അല്ലേ... " പൊട്ടിച്ചിരിച്ചുകൊണ്ടവൾ പതിയെ തലയാട്ടി. "പിന്നേ.... നിങ്ങൾക്കായിരുന്നു എന്നേക്കാൾ വട്ട്... എന്നെയും ചേർത്തുപിടിച്ചു ഫുൾ നടത്തമായിരുന്നില്ലേ.... ഹാ.... ഓർക്കുമ്പോ കൊതി ആവാ..." "യ്യോ.... ഇനി നിന്നെയും കൊണ്ട് പോകാൻ ഞാനില്ലേ... കൊണ്ട് പോയാലും നിനക്ക് ഐസ് ക്രീം വാങ്ങി തരൂല... അന്ന് ഒരു ഐസ് ക്രീം വാങ്ങി തന്നതോ നിനക്ക്.. രണ്ട് വയസുള്ള കുട്ടി പിന്നേം നല്ലപോലെ കഴിച്ചേനെ... നീയന്ന് കൈയ്യിലും ദേഹത്തും ഡ്രെസ്സിലും മുഴുവൻ ആക്കീലേ... അവസാനം കൈകഴുകി തരാൻ ഞാൻ വേണ്ടി വന്നു. " അവൻ പറഞ്ഞു കഴിഞ്ഞതും പെണ്ണ് കൂർപ്പിച്ചു നോക്കി. മുൻസ്മരണകളുടെ പാതയിലൂടെ ഒഴുകി നടക്കവെ ഇരുവരിലും പുഞ്ചിരി തത്തികളിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കിപ്പുറം വേദനയെ തുടർന്ന് ഹോസ്പിറ്റലിലേക്ക് അവളെ കൊണ്ടുപോകുന്ന വഴിയിൽ അവനോടായവൾ പറഞ്ഞത് ഒന്ന് മാത്രമാണ്. തങ്ങളുടെ പൊന്നോമന ഭൂമിയിലേക്ക് പിറവികൊള്ളുമ്പോൾ തന്റെ പാതിയായവൻ കൂടെയുണ്ടാകണമെന്ന്.

പലവുരി പറഞ്ഞ ആഗ്രഹം ഒന്നുകൂടി ഓർമിപ്പിച്ചതാണവൾ. ആ സമയത്തെന്തേയ് അടുത്തുണ്ടാവണമെന്നിത്ര വാശിയെന്നവൻ ചോദിക്കുമ്പോൾ ചിരിയോടെ അവന്റെ കരങ്ങൾ തന്റെ ഉദരത്തിനു മുകളിൽ വെക്കുമവൾ. "നമ്മുടെ കുഞ്ഞിനു വേണ്ടി ഞാനനുഭവിക്കുന്ന വേദന നേരിട്ട് നിങ്ങൾ കാണുമ്പോൾ, നാളെയൊരു സമയം മക്കൾക്കു വേണ്ടി ഭാര്യയെ തള്ളിപ്പറയാൻ തോന്നുമ്പോ ഞാൻ അനുഭവിച്ച വേദന ഏട്ടന്റെ മനസ്സിൽ വരണം. പല ബന്ധങ്ങളും കുട്ടികളൊക്കെ ആയിക്കഴിഞ്ഞാലാണ് പിരിയുന്നത്. നമുക്കിടയിൽ അതുണ്ടാവരുത്... പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ നേരിട്ട് കാണുമ്പോൾ വേറെ ഏതൊരു സ്ത്രീയെയും ബഹുമാനിക്കാനുള്ള മനസ്സ് ഉണ്ടാകും... " അവളുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ടവൻ തലയാട്ടും. എങ്കിലും വാക്കുപാലിക്കാനാകുമോ എന്നതിൽ അവന് പേടിയായിരുന്നു. ഡോകടേർസിനോട് എങ്ങനെ പറയും ഞാനും കൂടി കയറിക്കോട്ടെയെന്ന്.. ആ ഒരു ചിന്ത അവളെ ലേബർ റൂമിലേക്ക് കയറ്റുമ്പോഴും നിലനിന്നിരുന്നു. ഒരൽപ്പം കഴിഞ്ഞതും അകത്തുനിന്നും ഒരു സിസ്റ്റർ പുറത്തേക്ക് വന്നു. "ദക്ഷയുടെ ഹസ്ബൻഡ് ആരാ... ആ കുട്ടി ആകെ ബഹളം ആണ്... ഹസ്ബന്റിനെ കാണണമെന്ന് പറഞ്ഞ്... ഇയാളെ അകത്തേക്ക് വിളിക്കുന്നു. " അത്രമാത്രം പറഞ്ഞവർ അകത്തേക്ക് കയറി. അടുത്തുണ്ടായിരുന്ന ഇരു വീട്ടുകാരെയും ഒന്ന് നോക്കി വിറയ്ക്കുന്ന ഉടലുമായി അവനും അകത്തേക്ക് കയറി.

അവൾക്കടുത്തേക്ക് നടന്നടുത്തതും വരേണ്ടിയിരുന്നില്ലെന്നവന് തോന്നിപോയി. അവളുടെ കണ്ണു നിറയുന്നതുപോലും അവന് താങ്ങാവുന്നതിലുമധികമാണ്. വേദനയാൽ വയർ പൊത്തിപിടിച്ചുകൊണ്ട് അലറി കരയുന്നവൾക്കടുത്തേക്ക് ചെന്നതും മിഴിയിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. "ആാാാ.... ഏ...ഏട്ടാ... എനിക്ക് പ..പറ്റണില്ല... പേടി...യാവാ.... ആാാാ...അമ്മേ.... എനിക്കെ...ന്തെങ്കിലും പ.. പറ്റിയാ... വാവ...യെ വെറുക്കരുത്... ന..ല്ല പോലെ നോക്ക...ണം.... " ശരീരം നുറുങ്ങുന്ന വേദനയിലും വിക്കലോടെയവൾ പറഞ്ഞു. "ഒന്നൂല്ല നിനക്ക്.... പേടിക്കല്ലേ കുഞ്ഞി.... നമ്മുടെ കുഞ്ഞാവ വരാൻ പോവാ... വെറുതെ ഓരോന്ന് ചിന്തിക്കല്ലേ മോളെ...... " നെറുകയിലായി വാത്സല്യത്തോടെ അവന്റെ അധരങ്ങൾ ചുംബനം ചാർത്തി. ".....ആാാാ............" അവളുടെ അലർച്ച മുഴങ്ങിയതും ഒരു ചോര കുഞ്ഞിന്റെ ആദ്യ തേങ്ങൽ അവിടമാകെ ഉയർന്നു. കുഞ്ഞിലേക്ക് മിഴികൾ പായിക്കാതെ തന്റെ പെണ്ണിന്റെ മുഖത്തേക്ക് മാത്രം നിറകണ്ണുമായി നോക്കിനിന്നവന്റെ ശരീരം നിശ്ചലമായതുപോലെ. കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടും അവനാഭാഗത്തേക്ക് നോക്കിയില്ല. അവന്റെ മിഴികൾ അടഞ്ഞുപോകുന്ന അവളുടെ കണ്ണുകളിൽ ഉടക്കി നിന്നിരുന്നു. "ദ..ദച്ചൂ .... മോളേ... കണ്ണുതുറക്ക്... ഡോ...ഡോക്ടർ... ഇവള്..." അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അനക്കമില്ല. പിന്നെയും തട്ടിവിളിക്കുന്നവനെ സിസ്റ്റർമാർ നിർബന്ധിച്ച് പുറത്താക്കി...

പേടിച്ചരണ്ട അവന്റെ മുഖം കണ്ടതും വീട്ടുകാർ പലതും ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാനവനായില്ല. ആകെ ഭ്രാന്തു പിടിച്ചവനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏറെ സമയത്തിനു ശേഷം ഒരു സിസ്റ്റർ പുറത്തേക്ക് വന്നു. കൈയ്യിൽ ടവ്വലിൽ പൊതിഞ്ഞ പഞ്ഞിക്കെട്ടുപോലൊരു കുഞ്ഞും... അവന്റെ കണ്ണുകൾ കുഞ്ഞിലേക്ക് ചലിച്ചില്ല. മനസ്സിൽ അവന്റെ 'കുഞ്ഞി' മാത്രം.... "സിസ്റ്റർ ദച്ചു.... അവള്...." വെപ്രാളപ്പെട്ടവൻ ചോദിച്ചതും ചിരിയോടെ സുഗമായിട്ടിരിക്കുന്നുവെന്ന് നഴ്‌സ് മറുപടി പറഞ്ഞു. "പെൺകുഞ്ഞാണ്.... ദക്ഷയെ അരമണിക്കൂറിനുള്ളിൽ റൂമിലേക്ക് മാറ്റും. ആ കുട്ടിക്ക് നല്ല ക്ഷീണമുണ്ട്. റൂമിലേക്ക് മാറ്റുമ്പോൾ എല്ലാരും കൂടി കേറി ബഹളം വെക്കരുത്... " കുഞ്ഞിനെ ദർശിന്റെ കൈകളിലേൽപ്പിച്ചുകൊണ്ടവർ ഉള്ളിലേക്ക് കടന്നു. ദർശിന് സന്തോഷം അടക്കാനാകുന്നുണ്ടായിരുന്നില്ല. കുഞ്ഞിന്റെ നെറ്റിയിൽ പതിയെ ഒന്ന് മുത്തി. അവന്റെ താടിരോമങ്ങൾ കൊണ്ടിട്ടാകണം കുഞ്ഞിപ്പെണ്ണ് ഒന്ന് മൂളി. "അ..ച്ഛേടെ വാവേ..." ദർശ് നീട്ടി വിളിച്ചതും ഉറക്കത്തിനിടയിലും അവളുടെ കുഞ്ഞി ചുണ്ടിൽ കുഞ്ഞി പുഞ്ചിരി വിരിഞ്ഞു. ദക്ഷയുടെ ചുണ്ടിനു മുകളിലെ ചെറിയ കറുത്ത മറുക് അതേപടി കുഞ്ഞിപെണ്ണിനും കിട്ടിയിട്ടുണ്ട്. അതവളുടെ അഴക് കൂട്ടി... റൂമിലേക്ക് മാറ്റിയ ദച്ചുവിനെകാണാൻ ആദ്യം കയറിയത് ദർശ് ആണ്. ബാക്കിയുള്ളവർ അവരുടെ സ്വകാര്യതയ്ക്കു വേണ്ടി മുറിക്കു പുറത്തു നിന്നു.

തളർന്നു കിടക്കുന്നവളെ കാൺകെ ഉള്ളിലെന്തോ വിങ്ങൽ വന്നവനെ പൊതിഞ്ഞു. തന്റെ പൊന്നുമോളെയും കുഞ്ഞിയെയും മാറിമാറി നോക്കികൊണ്ടവൻ ഇരുവർക്കും നെറുകയിലായി മുത്തം നൽകി. ദച്ചുവിന്റെ ഒഴിഞ്ഞ വയറിലൂടെ വെറുതെ കൈകളോടിച്ചു. "ഒത്തിരി വേദനിച്ചല്ലേ... " നിറഞ്ഞ കണ്ണുകളോടെ കാതോരമായി ചോദിച്ചതും ദക്ഷ അവനുനേരെ കണ്ണുചിമ്മി കാട്ടി. ******* പിന്നീടൊരിക്കൽ കൂടി ദച്ചുവിന് പെണ്ണുകാണലിന് ഒരുങ്ങി നിൽക്കേണ്ടി വന്നു. ദർശിന്റെ മുന്നിൽ.... ഇനിയും എതിർത്താൽ ജയിലിൽ കിടക്കേണ്ടി വരുമെന്ന പേടിയാലോ, മകളുടെ ഇഷ്ടത്തിന് വഴങ്ങിയോ അച്ഛൻ ദർശിനോട് വീട്ടുകാരെയും കൂട്ടി വന്ന് പെണ്ണുകാണാൻ പറഞ്ഞു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. എൻഗേജ്മെന്റും വിവാഹകുറി അടിക്കലും ക്ഷണിക്കലും എല്ലാം ഒരൊറ്റ മാസത്തിനുള്ളിൽ തന്നെ കഴിഞ്ഞു. ആഗ്രഹം പോലെ തന്നെ വളർത്തി വലുതാക്കിയവരുടെ ശാപം ഏറ്റുവാങ്ങാതെ അവർ തന്നെ മനസറിഞ്ഞു കൈപിടിച്ചു തന്നുകൊണ്ട് ദർശ് അവന്റെ പേരു കൊത്തിയ താലി ചാർത്തി ദക്ഷയെ അവന്റെ മാത്രം കുഞ്ഞിയാക്കി മാറ്റി. എങ്കിലും അച്ഛന്റെ മുഖത്തൊരു തെളിച്ചക്കുറവുണ്ടായിരുന്നു. ഒരു പുതപ്പിനുള്ളിൽ ഇണച്ചേർന്നു കിടക്കുമ്പോൾ 'കുഞ്ഞി' എന്നുള്ള അവന്റെ വിളിയിൽ അവളെറിയാതെ ലയിച്ചുപോയിരുന്നു. അവന്റെ കാപ്പികണ്ണുകളിലേക്ക് നോക്കി അവനുവിധേയമായി കിടക്കുമ്പോഴും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പ്രണയത്തിന് വേലി തീർക്കാനവൾക്കായില്ല.

നദിയാകുന്ന അവളിൽ ചുംബനങ്ങൾ തീർത്തുകൊണ്ടവൻ നീന്തിതുടിച്ചു. ആ നദി അവന്റെ മാത്രമായിരുന്നു. അവന്റെ മാത്രം...❤ ******** "...ആലി...." ദക്ഷയുടെ ദേഷ്യത്തിലുള്ള അലർച്ച കേട്ടതും രണ്ട് വയസുള്ള കുഞ്ഞിപ്പെണ്ണ് ഞെട്ടി തിരിഞ്ഞു നോക്കി. ചെളി നിറഞ്ഞ രണ്ട് കുഞ്ഞികൈകളും പിറകിലേക്ക് ഒളിപ്പിച്ചുകൊണ്ട് കുഞ്ഞിപ്പല്ലുകാട്ടി ചിരിച്ചു. "ചിരിക്കല്ലേ നീ... എത്ര തവണ പറഞ്ഞതാ നിന്നോട് ചെളിയിൽ കളിക്കരുതെന്ന്.... ഏഹ്.... നിന്നെ ഞാൻ അകത്തിരുത്തിയിട്ടല്ലേ പോയേ... പറയാൻ...." ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും ആലി മോൾ കണ്ണ് നിറച്ച് അമ്മയെ നോക്കി. കുഞ്ഞിച്ചുണ്ടുകൾ വിതുമ്പുന്നുണ്ട്. "നാനൊന്നും തെയ്തില്ലമ്മാ..." കുഞ്ഞിച്ചുണ്ടുപിളർത്തി പറഞ്ഞതും ദക്ഷ മോൾക്ക്‌ ചുറ്റുമുള്ള ചെളിപാടുകളിലേക്ക് നോക്കി. വീടിനുള്ളിൽ മുഴുവൻ കുഞ്ഞിപ്പെണ്ണിന്റെ ചെളിപുരണ്ട കാൽപാടുകളാണ്.. "പിന്നെ ഇതൊക്കെ ആരാ ചെയ്തെ... നിന്റെ ഡ്രെസ്സിൽ എങ്ങനാ മുഴുവൻ ചെളി ആയെ... " അതിനു മറുപടി നൽകാതെ ആലി മുഖം കുനിച്ചുനിന്നു. "ഇപ്പൊ നിനക്ക് മിണ്ടാട്ടം ഇല്ലേ... " ദേഷ്യത്തോടെ ചോദിച്ചതും സൈറൻ മുഴങ്ങും പോലെ കരച്ചിലും തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മുകളിൽ നിന്നിറങ്ങി വന്ന ദർശിനെ കണ്ടതും പെണ്ണ് കുറച്ചുകൂടി ഉച്ചത്തിൽ കരഞ്ഞു. "...അത്തെ.... അമ്മ ന്നെ...." ഏങ്ങിക്കൊണ്ട് പറഞ്ഞു മുഴുവനാക്കും മുൻപേ തന്നെ ദർശ് അവളെ കൈകളിൽ കോരി എടുത്തിരുന്നു...

"അച്ചോടാ... ന്തിനാ ന്റെ മോള് കരയണേ.... അയ്യേ.... ഈ കൈയ്യിലൊക്കെ എന്താ മോളെ... ഏഹ്..." കൊഞ്ചലോടെ ചോദിച്ചതും ആലി അമ്മയെ ചൂണ്ടികാട്ടി വിതുമ്പി... "ന്റെ പൊന്നൂസിനെ അമ്മ അടിച്ചോഡാ..." ചുണ്ടുപിളർത്തി മൂളിക്കൊണ്ടവൾ പറഞ്ഞതും ദച്ചുവിന് ദേഷ്യം വന്നു. "ഞാനെപ്പൊഴാടി നിന്നെ അടിച്ചേ... കള്ളം പറയുന്നോ..." മോളെ അടിക്കാൻ കൈ ഓങ്ങിയതും ദർശ് ദക്ഷയെ വലിച്ച് അവനോട് ചേർത്തു നിർത്തി. "പോട്ടെടി... നമ്മുടെ മോളല്ലേ..." അവളുടെ നെറുകയിൽ ചുണ്ടമർത്തികൊണ്ടവൻ പറഞ്ഞതും ആലി പിന്നെയും കരയാൻ തുടങ്ങി... "മ്മ... പോ... ന്റെ അത്തയാ... " അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് കരഞ്ഞു. "അയ്യടി.... കുശുമ്പി..." പെണ്ണിന്റെ കുഞ്ഞിവയറിൽ ഇക്കിളിയാക്കിയതും കുടുകുടെ ചിരിച്ചുകൊണ്ടവൾ കൈയ്യിലെ ചെളി മുഴുവൻ ദർശിന്റെ മുഖത്തു തേച്ചു. "കൂ... കൂ... " ചുണ്ടിനു മുകളിൽ വിരൽ വച്ച് കുഞ്ഞി കാപ്പി കണ്ണുകൾ ചെറുതാക്കി ദർശിനെ നോക്കിയവൾ കളിയാക്കി... "ഡീ മോളെ... അലേകി... നീ കൊള്ളാലോ.... അമ്മയ്‌ക്കൊരുമ്മ കൊടുത്തേ..."

"..മ്മാ...." ദർശ് പറഞ്ഞതും അമ്മയിലേക്ക് ചാഞ്ഞവൾ കവിളിലായി ചുണ്ടും നാവും ഒന്നിച്ചമർത്തി...  അലേകി ദർഷ് എന്ന ആലിമോളെ ചേർത്തുപിടിച്ചുകൊണ്ട് ദക്ഷ എഴുതിയ പുസ്തകത്തിന്റെ അവസാന താളും വായിച്ചുതീരുമ്പോൾ ദർശിൽ എന്തെന്നില്ലാത്ത ആനന്തമായിരുന്നു. ഒരിക്കൽ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി കൈവിട്ടു പോകുമോ എന്ന് ഭയപ്പെട്ട ജീവിതം പ്രാണനായവളുടെ തൂലികയിൽ നിന്നും വായിച്ചെടുത്തപ്പോൾ സ്മരണകളുടെ കുത്തൊഴുക്കിൽ പെട്ട് പോയതുപോലെ തോന്നിയവന്... നെഞ്ചിനു മുകളിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന കുഞ്ഞിപ്പെണ്ണിനേയും തന്നെയും ചേർത്തു പിടിച്ച് നെഞ്ചോരമായി കണ്ണുകൾ പൂട്ടിയുറങ്ങുന്ന അവന്റെ 'കുഞ്ഞി'യെയും വാത്സല്യത്തോടെ നോക്കികൊണ്ടവൻ കൈയ്യിലിരുന്ന ഇരുപത്തെട്ട് അധ്യായമുള്ള പുസ്തകത്തിന്റെ കവർ പേജിലൂടെ വിരലോടിച്ചു... ** .....ദക്ഷ..... രചന : ദക്ഷ ദർഷ് ** അവസാനിച്ചു........❤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...