❣️ദക്ഷ ❣️: ഭാഗം 7

 

രചന: പൊന്നു

പിന്നിൽ നിന്നും അവന്റെ വിളി കേട്ടതും അവളും തിരിഞ്ഞുനോക്കി, അവനടുത്തേക്ക് നടന്നു. "എന്താ സർ... " "തനിക്ക് ഓർമ്മയുണ്ടോന്നറിയില്ല. അന്നൊരിക്കൽ ഞാൻ തനിക്കൊരു പേപ്പർ തന്നില്ലേ. അത് വായിച്ചാരുന്നോ?" "പേപ്പറോ.... എപ്പോ... എനിക്ക് ഓർമ കിട്ടുന്നില്ല സർ." ഓർമകളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനാവത്തിനാൽ അവൾ പറഞ്ഞു. "നമ്മൾ തമ്മിൽ അവസാനം കണ്ടത് ഓർമയുണ്ടോ.. പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്നേ...അന്ന് ഞാൻ തനിക്കൊരു പേപ്പർ തന്നിരുന്നു. " അതിനു മറുപടി അവളൊന്നും പറഞ്ഞില്ല.ഓർത്തു നോക്കി ഒരൽപ്പനേരം. ഇരുവർക്കുമിടയിൽ കുറച്ചുസമയത്തേക്ക് മൗനം തളംകെട്ടി നിന്നു.ജീവിതം തന്നെ കഥയായി എഴുതിയത് കൊണ്ടാകാം ഒരൽപ്പം മാത്രമേ അവൾക്ക് ചിന്തിക്കേണ്ടി വന്നുള്ളു. "ആഹ് സർ.... ഓർക്കുന്നുണ്ട്.പക്ഷെ എനിക്കത് അന്ന് വായിക്കാൻ പറ്റീല. എക്സാമിന്റെ ആ ഒരു തിരക്കിൽ അതങ്ങു വിട്ടുപോയി. സാറെന്താ അതിൽ എഴുതിയിരുന്നേ... " ചിതലെടുത്തു തുടങ്ങിയിരുന്ന ഓർമയിൽ നിന്നും അവൾ അന്നേ ദിവസം ഓർത്തെടുത്തു, അവനും. അവന്റെ മുഖത്ത് എന്തുകൊണ്ടോ ആശ്വാസം നിറഞ്ഞു. "ഏയ്... അതിൽ അത്രക്ക് പ്രധാനപ്പെട്ട ഒന്നൂല്ലടോ... എന്താ എഴുതിയിരുന്നതെന്ന് എനിക്ക് കൂടി ശരിക്ക് ഓർമയില്ല.ഞാൻ വെറുതെ ഇപ്പൊ ഓർമ വന്നതുകൊണ്ട് ചോയിച്ചൂന്നെ ഉള്ളു. എങ്കിൽ താൻ പൊക്കോ.. പിന്നൊരിക്കൽ കാണാം... "

അതിലെന്താണ് എഴുതിയതെന്ന് ഓർമയുണ്ടെങ്കിൽ കൂടി അവളിൽ നിന്നും മറച്ചുവെച്ചു. അവളിൽ നിന്നും മുന്നിലേക്ക് നടന്നകലുമ്പോൾ അന്നെഴുതിയ ഓരോ വാക്കുകളും മനസ്സാകുന്ന കടലാസുതാളുകളിൽ തെളിഞ്ഞു വന്നു. ''''ഇങ്ങനൊരു കത്തിന്റെ ആവിശ്യമുണ്ടോ എന്നറിയില്ല. പറയാൻ എന്തോ മടിപോലെ, അതുകൊണ്ടാണ് എഴുതുന്നത്.മറ്റുള്ളവരോട് കാണിക്കുന്നതിനേക്കാൾ കൂടുതൽ അടുപ്പം ഞാൻ തന്നോട് കാണിച്ചിട്ടുണ്ട്. അതെനിക്കറിയാം. അതിനെ ചൊല്ലി ക്ലാസ്സിലെ പല കുട്ടികളും എനിക്ക് തന്നോട് എന്തോ ഇഷ്ട്ടം ഉണ്ടെന്ന് പറഞ്ഞു നടക്കുന്നുമുണ്ട്.ശരിക്കും പറഞ്ഞാൽ എനിക്കിപ്പോഴും അറിയില്ല, ഞാനെന്തിനാണ് ഇത്രയ്ക്ക് അടുപ്പം കാണിക്കുന്നതെന്ന്.പക്ഷെ ഒന്നെനിക്കുറപ്പുണ്ട് ഒരിക്കലും അതൊരു പ്രണയമല്ല, ഇനിയൊട്ടും ആകുകയുമില്ല. മറ്റുള്ളവരെ പോലെ തനിക്കും എന്റെ അടുപ്പം ഒരു പ്രണയമായി തോന്നിയെങ്കിൽ അത് തിരുത്തണം.'''' ചിരിയോടെ അവൻ മനസ്സിൽ ഓർത്തു. "വായിക്കാത്തത് നന്നായി. അന്നെങ്ങാനും ദക്ഷ അത് വായിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ എങ്ങനെ മുഖത്ത് നോക്കിയേനെ... " അവനെന്തോ ചമ്മൽ തോന്നി. പെട്ടെന്നുണ്ടായ തോന്നലിൽ വെറുതെ എഴുതിയതാണ്. കൊടുത്തു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ലെന്ന് തോന്നിയത്.

"എന്നാലും ആ പേപ്പറിൽ എന്തായിരുന്നു. സർ പറഞ്ഞില്ലല്ലോ... " തിരികെ ദർശിനരികിലേക്ക് പോകുമ്പോൾ മനസ്സിൽ ഈ ചിന്ത കടന്നുവന്നു. അതിൽ എന്തായിരുന്നുവെന്നറിയാൻ അവൾക്കും അന്നാദ്യമായി ആഗ്രഹം തോന്നി. ദർശിനരികെ അമ്മയും അച്ഛനും ആകാശും ഉണ്ടായിരുന്നു. "നീയിത് എത്ര നേരായി പോയിട്ട്.അച്ഛൻ പോവാന്ന് പറഞ്ഞതല്ലേ, അതും കേൾക്കില്ല. ഹാ.. പോട്ടെ,മോന് ചായ കൊടുക്ക് നീ... " അവർക്കടുത്തേക്ക് എത്തിയതും അമ്മ പറഞ്ഞു. "അതെന്നെ പണ്ട് സ്കൂളിൽ പഠിപ്പിച്ച ഒരു സാറിനെ കണ്ടു. സംസാരിച്ചുനിന്ന് സമയം പോയതറിഞ്ഞില്ല. " ചായ ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അവൾ പറഞ്ഞു. രണ്ട് ഗ്ലാസ് എടുത്തു, അതിൽ ഒന്ന് അച്ഛനും ഒന്ന് ദർശിനുമായി. "റാം സർ ആണോ ദച്ചു... " കൈ വയ്യാതിരിക്കുന്നത് കൊണ്ട് ദക്ഷ അവന്റെ ചുണ്ടോടു ഗ്ലാസ് ചേർത്തു വെച്ചു. ഒരു തവണ ചായ മുത്തികുടിച്ചുകൊണ്ട് ചിരിയോടെ അവൻ ചോദിക്കുമ്പോൾ ദക്ഷ അവനെ കൂർപ്പിച്ചു നോക്കി. "നീ കുറേ നേരമായല്ലോ ഫോൺ വിളിക്കാൻ തുടങ്ങിയിട്ട്. ഇതാരോടാ ഇങ്ങനെ സംസാരിക്കുന്നേ... "

കുറച്ചു മാറിനിന്ന് ആരോടോ സംസാരിച്ചുകൊണ്ടിരുന്ന ആകാശ് അമ്മയുടെ ചോദ്യം കേട്ടതും വേഗം ഫോൺ കട്ട് ചെയ്തു. "അതെന്റെ ഒരു പഴയ ഫ്രണ്ട്.. കുറേആയി വിളിച്ചിട്ട്. അപ്പൊ കുറച്ചു വിശേഷങ്ങളൊക്കെ പറഞ്ഞു നിന്നതാ.." അവന്റെ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയതും ദർശ് അവനെ ആകെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. എന്തോ എല്ലാവരിൽ നിന്നും മറക്കുന്നത് പോലെ. ദർശിനും ഒരു അനിയൻ ഉണ്ട്. ധനുഷ്, ദക്ഷയുടെ അതേ പ്രായം. അവനെ പോലെ തന്നെയാണ് ദർശിന് ആകാശും. ആശുപത്രി വാസം കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ മാത്രമാണ് ദർശിന് ഒരൽപ്പം ആശ്വാസം തോന്നിയത് ശരീരത്തിലിപ്പോഴും വേദനയുണ്ടെങ്കിലും ആരോടും പറയാറില്ല. സഹായത്തിന് നിൽക്കണമെന്നുണ്ടെങ്കിലും ശരീരത്തെ ബാധിച്ചിരിക്കുന്ന അസുഖങ്ങൾ മൂലം അമ്മയ്ക്ക് അതിനും വയ്യാതെയായി. "ദച്ചൂ..... ഒന്നിങ്ങു വരോ... " വീട്ടിലെ ജോലിയൊക്കെ ഒതുക്കി, കുളിച്ചിറങ്ങിയതും ദർശിന്റെ വിളി അവളെ തേടി എത്തി. തലയിൽ കെട്ടിവെച്ചിരുന്ന വെള്ള നിറത്തിലുള്ള ടവ്വൽ അഴിച്ചു മുറിയിലുണ്ടായിരുന്ന കസേരയിൽ വിരിച്ചിട്ടുകൊണ്ട് സാരിയുടെ തലപ്പ് ഇളിയിൽ കുത്തി കട്ടിലിൽ അവനടുത്തായി ഇരുന്നു. "എന്തേയ്.... എന്തെങ്കിലും വേണോ... വയ്യായ്ക വല്ലതും... "

അവളോരോന്നും ചോദിച്ചിട്ടും അവനിൽ നിന്നും മറുപടി ഉണ്ടായില്ല. കട്ടിലിൽ ചാരിയിരുന്ന് ഇമചിമ്മാതെ അവളെ തന്നെ നോക്കിയിരുന്നു. "ആഹാ... ആള് കൊള്ളാല്ലോ...വരാൻ പറഞ്ഞു വിളിച്ചിട്ട് ഇപ്പൊ ഒന്നും പറയാനില്ലേ... " അവനെ അപ്പോഴും മൗനം വിഴുങ്ങിയിരുന്നു. "ഏട്ടാ.... എന്തേ ഇങ്ങനെ നോക്കണേ...ദേ... എനിക്ക് ദേഷ്യം വരുന്നുണ്ടേ... വയ്യാണ്ടിരിക്കുവാണെന്നൊന്നും നോക്കൂല, പറഞ്ഞേക്കാം..." "ഞാനൊന്ന് എന്റെ പെണ്ണിനെ നോക്കിക്കോട്ടെ.... ഹോസ്പിറ്റലിൽ കിടന്ന് ഇങ്ങനെ നോക്കാൻ പറ്റീല. ഇവിടെ നമ്മുടെ വീട്, നമ്മുടെ മുറി.. ഞാനും നീയും മാത്രം... ഇപ്പോഴും നോക്കരുത് എന്ന് പറഞ്ഞാൽ അതെവിടുത്തെ ന്യായമാണ്." പറയുമ്പോഴും കണ്ണുകൾ അവൻ പിൻവലിച്ചിരുന്നില്ല. "നോക്കുമ്പോ ഒരുമയത്തിൽ ഒക്കെ നോക്കിക്കോ...ഈ നോട്ടം കണ്ടിട്ട് എന്റെ രക്തം ഊറ്റി കുടിക്കുവാണെന്ന് തോന്നോല്ലോ..." "ഓ... ശരി മാഡം.. നോക്കുന്നില്ല. ഇനി ഞാൻ നോക്കീട്ട് മാഡത്തിന്റെ രക്തം തീർന്നുപോവണ്ട... " പിണക്കം നടിച്ചവൻ മുഖം തിരിച്ചു. "എന്റെ ദൈവമേ.... ഇതെന്ത് കഷ്ട്ടാ... ഞാനൊന്നും പറഞ്ഞില്ല... കിച്ചുപിള്ളേരെക്കാൾ കഷ്ട്ടാണല്ലോ നിങ്ങടെ കാര്യം.." അവളും വിട്ടു കൊടുത്തില്ല. മുഖം തിരിച്ചിരുന്നു. അവൻ ഇടയ്ക്ക് മുഖം ചരിച്ചവളെ നോക്കി പിന്നെയും നേരെ ഇരുന്നു.

മുറിയിലാകെ മൗനം...പിന്നെയും അവളെ തിരിഞ്ഞുനോക്കാനായി മുഖം തിരിച്ചതും അവനെ തന്നെ നോക്കിയിരുന്നവൾ ചമ്മലോടെ അവനിൽ നിന്നും മുഖം മാറ്റി. ചെറുതായി മുറിവു പറ്റിയ കൈ പതിയെ ഉയർത്തി അവളുടെ കൈയ്യുടെ മേൽ വെച്ചു.എന്നിട്ടും അവൾ തിരിഞ്ഞുനോക്കിയില്ല. "ദച്ചൂ.... " "മ്മ്... എന്തേയ്... " അവളുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു. കൃത്രിമമായി നിർമിച്ച ഗൗരവം... "ദച്ചൂ..... " ഒരൽപ്പം കടുപ്പത്തിൽ, ഗൗരവത്തിൽ നീട്ടി അവൻ വിളിച്ചു. "എന്താ മനുഷ്യാ... പറയ്... " ഒരൽപ്പം ദേഷ്യം കലർത്തി അവൾ പറഞ്ഞു. തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. "ഒന്നൂല്ലാ.... സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ മിണ്ടണ്ടാ... ഞാനും ഇനി വരണില്ല. " ശരീരത്തിനെ ആകമാനം ബാധിച്ചിരിക്കുന്ന വേദനയുടെ ഫലമായും അവളുടെ ഈ ഒഴിഞ്ഞുമാറ്റവും കാരണം അവനും ദേഷ്യം വന്നു തുടങ്ങിയിരുന്നു. അവളിൽ നിന്നും മുഖം തിരിച്ചിരുന്നു. അവളിടയ്ക്കിടയ്ക്ക് നോക്കിയെങ്കിലും അവൻ ഒരിക്കൽ പോലും നോക്കിയില്ല. "മിണ്ടിയാലോ അങ്ങോട്ട് ചെന്ന്. ഞാനല്ലേ വഴക്കുണ്ടാക്കിയേ... പാവം ഒന്നാമതെ വയ്യാണ്ടിരിക്കുന്നു... വയ്യാണ്ടിരുന്നാലും ദേഷ്യത്തിന് കുറവില്ല." ആദ്യം വാശികാണിച്ചെങ്കലും അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. "അതേയ്.... ഏട്ടാ.... മിണ്ടോ.... "

കൊച്ചുകുട്ടികളെ പോലെ നിഷ്കളങ്കമായിരുന്നു അവളുടെ സംസാരം. അതോടെ അവന്റെ ദേഷ്യവും നാടുവിട്ടങ്ങു ദൂരേക്ക് പോയി...എങ്കിലും ഗൗരവം നടിച്ചിരുന്നു. "ഏട്ടാ.... ഇങ്ങോട്ട് നോക്ക്.... മിണ്ടുവോ... പ്ലീസ്.... ഏട്ടാ... അതേ.... " ഇതിൽ കൂടുതൽ ഗൗരവം നടിക്കാൻ അവനായില്ല... കടിച്ചമർത്തി വെച്ചിരുന്ന ചെറുചിരി ഒടുവിൽ പൊട്ടിച്ചിരിക്ക് വഴിതെളിച്ചു. "എന്തിനാ ഇങ്ങനെകിടന്നു ചിരിക്കുന്നെ.." അവന്റെ ചിരി കണ്ടതും ദക്ഷ ദേഷ്യത്തോടെ ചോദിച്ചു. "ഏയ്.... നിന്റെ സംസാരം കേട്ട് ചിരിച്ചതാ..." "ഓ.... ആയിക്കോട്ടെ... അല്ലാ... എന്തിനാ എന്നെ വിളിച്ചുവരുത്തിയെ..." "അതോ.... ചെറുതായിട്ട് നിന്നെയൊന്ന് സ്നേഹിക്കാൻ.. " അത്രമേൽ ആർദ്രമായി പറഞ്ഞുകൊണ്ടവൻ അവൾക്കടുത്തേക്ക് മുഖം അടുപ്പിച്ചു. ആ കണ്ണുകളിൽ പ്രണയം അലതല്ലി.അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു.അധരങ്ങൾ തമ്മിലുള്ള അകലം പോകെ പോകെ കുറഞ്ഞു വന്നു...ഒരൽപ്പം മാത്രം അകലെ നിന്നുകൊണ്ട് ചുണ്ടുകൾ പരസ്പരം കഥകൾ പറഞ്ഞുവോ...? "നിന്നെ ഞാനൊന്ന് പതിയെ തൊട്ടോട്ടെ... "

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോടായി അനുവാദമെന്നോണം മൗനമായി ചോദിച്ചു. "മ്മ്.... " ചുണ്ടുകൾ നാണത്തിൽ കലർന്നൊരു അനുവാദം നൽകിയതും ഇരുവർക്കുമിടയിലുണ്ടായിരുന്ന അകലം ഞൊടിയിടയിൽ ഇല്ലാതെയായി. അത്രമേൽ പ്രണയത്തോടെ വേദന നൽകാതെ മൃദുവായി അവന്റെ അധരം അവളുടെ അധരത്തെ നുകർന്നു. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ചുംബനത്തിനൊടുവിൽ ഇരുവരും ഒരൽപ്പം അകന്നുനിന്നു. അവന്റെ ചുണ്ടുകൾക്ക് മതിയാകാത്തതുപോലെ.. അവ പിന്നെയും അവൾക്കടുത്തേക്ക് അടുത്തു. "അയ്യടാ... വയ്യാണ്ടിരുന്നാലും ഇതിനൊന്നും ഒരു കുറവൂല്ലാ..." കൈകൾ കൊണ്ട് അവനെ ദക്ഷ തടഞ്ഞു. "കുറച്ചൂടെ സ്നേഹിച്ചോട്ടെടി.... " "മതി മതി... ഇനി പിന്നെ സ്നേഹിക്കാം... കിടന്നുറങ്ങാൻ നോക്കിയേ... പത്തുമണി ആവുമ്പോ ഗുളിക കഴിക്കാനുള്ളതാ... ഇനി രണ്ട് മണിക്കൂർ ഉണ്ട്. ഉറങ്ങാൻ നോക്ക്... " അവനെ കട്ടിലിലേക്ക് പതിയെ കിടത്തി. "ഞാൻ ഉറങ്ങിക്കോളാം... നീ ഇവിടെ ഇരിക്കോ.. എന്റെ അടുത്ത്.. " പറയുമ്പോൾ ഇടയ്ക്കൊക്കെ വേദന അനുഭവപ്പെട്ടിരിക്കാം അവന്.അതവന്റെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. മറുപടി ചെറുചിരിയിൽ ഒതുക്കി അവൾ അവനടുത്തായി ഇരുന്നു. അവന്റെ കണ്ണുകൾ അപ്പോഴും അതിന്റെ ഇണയിൽ തങ്ങി നിന്നു. "എന്തേയ്.... ഇങ്ങനെ നോക്കുന്നേ... "  .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...