ദേവനന്ദൻ: ഭാഗം 9

 

രചന: മഹാദേവൻ

" ഗുഡ്മോർണിംഗ് നന്ദൻ... നല്ല കാര്യങ്ങൾ വൈകിപ്പിക്കേണ്ടെന്നു കരുതി. അതുകൊണ്ട് ഇന്ന് തന്നെ നേരിൽ കാണാമെന്നു വെച്ചു. നന്ദൻ വീട്ടിൽ ഉണ്ടാകുമല്ലോ അല്ലെ.... !!? " "Sure..ഞാൻ വീട്ടിൽ ഉണ്ടാകും.. താൻ വാ " ദേവൻ കാൾ കട്ടാക്കി സന്തോഷത്തോടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു നന്ദന്റ വീട് ലക്ഷ്യമാക്കിക്കൊണ്ട്... !! ഏറെ നേരത്തെ ഓട്ടത്തിനൊടുവിൽ തിരഞ്ഞുപിടിച്ച് നന്ദന്റെ വീടിനു മുന്നിൽ എത്തുമ്പോൾ സംശയം തീർക്കാനെന്നോണം നന്ദന്റ നമ്പറിലേക്ക് വിളിച്ചു. " ഹായ്... നന്ദൻ.. ഞാൻ ഇവിടെ എത്തിയിട്ടുണ്ട്... ഒരു ബ്രൗൺ കളർ ഗേറ്റ്.... ...... ആ.... ആണോ..... ഒക്കെ... " വീട് അത് തന്നെ ആണെന്ന് ഉറപ്പാക്കി സന്തോഷത്തോടെ ഫോൺ പോക്കറ്റിലിട്ട് ഗേറ്റ് തുറക്കാൻ വേണ്ടി കാത്തുനിന്നു ദേവൻ. കുറച്ചു നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ ഗേറ്റ് തുറന്ന് നന്ദൻ പുഞ്ചിരിയോടെ നിൽകുമ്പോൾ അതെ പുഞ്ചിരിയോടെ ദേവൻ ഹസ്താനത്തിനായി കൈ നീട്ടി. ആ കയ്യിൽ പിടിച്ചു കൊണ്ട് " താൻ വാടോ " എന്ന് പറഞ്ഞുകൊണ്ട് നന്ദൻ സന്തോഷത്തോടെ അവനെ അകത്തേക്ക് ക്ഷണിക്കുമ്പോൾ ആയിരുന്നു പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്. സഖാവ് ! അവൻ നന്ദനെ നോക്കിക്കൊണ്ട് വേഗം കാൾ അറ്റന്റ് ചെയ്തു.

" ന്താ സഖാവേ രാവിലെ.... " " ദേവാ... നീ എവിടെ? " മോഹനന്റെ ആ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്ന പരിഭ്രമം ദേവനെ തെല്ലൊന്ന് അലട്ടി. " ന്ത് പറ്റി സഖാവേ.... ശബ്ദമൊക്കെ ഒരുമാതിരി... ന്തേലും പ്രശ്നം...? " " അത്... ദേവാ. നീ എവിടെ ആണെങ്കിലും വേഗം ഒന്ന് വീട്ടിലോട്ട് വാ. ഒരു അത്യാവശ്യകാര്യമുണ്ട്. " മോഹനന്റെ വിറയലും വെപ്രാളവും കണ്ടപ്പോൾ കാര്യമായിട്ടെന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി ദേവന്. അല്ലെങ്കിൽ സഖാവ് ഈ സമയത്ത് വിളിക്കില്ല. " സഖാവേ... ഞാൻ ഒരു അത്യാവശ്യകാര്യത്തിന് വന്നതാണ്.. നിങ്ങള് കാര്യം പറ... " " ദേവാ.. നീ വാ... വന്നിട്ട് പറയാം എല്ലാം." കൂടുതലൊന്നും പറയാതെ അപ്പുറത്ത് ഫോൺ കട്ട് ആക്കുമ്പോൾ ആകെ ഒരു പരവേശം. ഒന്നും പറയാതെ വേഗം വരാൻ പറയുമ്പോൾ അതിന് മാത്രം എന്തോ വലിയ പ്രശ്നമാണ്. ഇനി പാർട്ടിപകയിൽ ആരെങ്കിലും..... ചിന്തകൾ പലവഴിക്ക് പരക്കുമ്പോൾ അവന്റെ മുഖത്തെ പരവേശവും പതാർച്ചയും ശ്രദ്ധിച്ച നന്ദനോട്‌ കാര്യം പറഞ്ഞ് ദേവൻ വേഗം ബുള്ളറ്റിലേക്ക് കയറി.

" സോറി നന്ദാ.. സംഭവം എന്താണെന്ന് അറിയില്ല... പക്ഷേ, എന്തോ സംഭവിച്ചിട്ടുണ്ട്.. അതാണ്‌ മോഹനേട്ടൻ.... സോറി.... ഞാൻ കേറുന്നില്ല ഇപ്പോൾ.... " " ഏയ്യ്... അത് സാരമില്ലെടോ.. ഇത്രടം വരെ വന്നിട്ട് വീട്ടിലൊന്ന് കേറാൻ പറ്റിയില്ലലോ എന്നൊരു വിഷമം ഉണ്ട്, പക്ഷേ, അതൊക്കെ വേറൊരു ദിവസം ആകാം. ഇപ്പോൾ താൻ ചെയ്യ്. പേടിക്കണ്ട... ഞാൻ പറഞ്ഞ ജോലി തനിക്കുള്ളത് തന്നാ.. ഇയാടെ ഒഴിവുപോലെ ഇറങ്ങിയാൽ മതി. " ദേവന്റെ തോളിൽ തട്ടികൊണ്ട് നന്ദൻ പുഞ്ചിരിക്കുമ്പോൾ നന്ദിസൂചകമായി അവനൊന്നുനോക്കി. പിന്നെ തലയാട്ടികൊണ്ട് ബുള്ളറ്റ് മുന്നോട്ടെടുത്തു. അതിവേഗം ബുള്ളറ്റ് മുന്നോട്ട് കുതിക്കുമ്പോൾ മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു. പ്രശ്നം എന്താണെന്ന് അറിയാതെയുള്ള പരിഭ്രമം. അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന വേവലാതി.. ടൗണിലെത്തുമ്പോൾ വണ്ടി ഇടയ്ക്കൊന്ന് നിർത്തി മോഹനേട്ടനെ വിളിച്ചുനോക്കിയെങ്കിലും പരിധിക്ക് പുറത്താണെന്ന് കൂടി കേട്ടപ്പോൾ ദേവൻ വേഗം വീട്ടിലേക്ക് തിരിച്ചു.

വീടിന്റ വഴി എത്തുമ്പോൾ തന്നെ കണ്ടു വീട്ടിലേക്ക് കേറുന്ന ആളുകളെ. ചങ്കിടിപ്പോടെ ബുള്ളറ്റ് മുന്നോട്ടെടുക്കുമ്പോൾ അവനെ കണ്ടവരെല്ലാം വേഗം അവന് വീട്ടിലേക്ക് കേറാനുള്ള വഴിയൊരുക്കി. മുറ്റത്തും അങ്ങിങ്ങായി ആളുകൾ. ആരോക്കെയോ തൊടിയിലുണ്ട്.. ചിലർ കിണറിനരികിൽ നിന്ന് എന്തൊക്കെയോ പറയുന്നു. അവനെ കണ്ട മാത്രയിൽ അങ്ങിങ്ങായി മാറി നിന്നവർ പതിയെ മുറ്റത്തേക്ക് ഇറങ്ങി. " ദേവാ " മെമ്പർ സദാശിവൻ തോളിലൊന്ന് തൊട്ടപ്പോഴാണ് കാഴ്ച മരവിപ്പിച്ച മനസ്സൊന്ന് പിടഞ്ഞത്. അവന്റെ നോട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന ചോദ്യം മനസ്സിലായപ്പോലെ തോളിൽ ഒന്നുകൂടി മുറുക്കെ പിടിച്ചു അയാൾ. " നീ വാ.. " അയാൾ പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് കേട്ട് ദേവൻ പതിയെ വീടിനകത്തേക്ക് നടന്നു. ആളുകൾ കൂടി നിൽക്കുന്ന ഹാളിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഇരുപുറങ്ങളിലേക്ക് വകഞ്ഞുമാറിയ ആളുകൾക്കിടയിലൂടെ അവൻ കണ്ടു വെള്ള പുതച്ചു കിടത്തിയ ആ രൂപത്തെ.. " അമ്മേ " എന്നുറക്കെ വിളിച്ചെങ്കിലും പുറത്തേക് വരാത്തെ തൊണ്ടക്കുഴിയിൽ കെട്ടിനിന്നു.

ചന്ദനക്കുറി തൊട്ട് യാത്രയാക്കിയ അമ്മ മറ്റൊരു യാത്രയ്ക്കുള്ള തയാറെടുപ്പിലായിരുന്നെന്ന് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുന്ന ദേവന്റെ അടുത്തേക്ക് വന്ന മോഹനൻ ആ കയ്യിൽ മുറുക്കെ പിടിച്ചു. " മോഹനേട്ടാ.... ന്റെ അമ്മ.... " ദേവൻ അയാളെ നോക്കി കൈ മലർത്തുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ, ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു മോഹനൻ. " കിണറ്റിൻകരയിലെ അലക്കുക്കല്ലിൽ തലയിടിച്ചു വീണതാണത്രേ. ആ സമയത്ത് ആരും കാണാത്തത് കൊണ്ട്..... ചോര കുറെ പോയിട്ടുണ്ട് . തലയടിച്ചുവീണപ്പഴേ ബോധം പോയിട്ടുണ്ടാകും... രാവിലെ ആയത് കൊണ്ട് ആരും ശ്രദ്ധിച്ചിട്ടും ഉണ്ടാകില്ല. " കൂട്ടം കൂടിയവർക്കിടയിൽ നിന്നും കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്മയെ ഒന്ന് തൊട്ടുനോക്കി അവൻ. പിന്നെ പതിയെ എഴുനേറ്റ് കിണറ്റിൻക്കരയിലേക്ക് നടന്നു. അവിടെ തളം കെട്ടിക്കിടക്കുന്ന ചോരയിലേക്ക് നോക്കി കുറെ നേരം നിന്നു. പിന്നെ അളക്കുകളിലേക്ക് നിർവികാരതയോടെ ഇരിക്കുമ്പോൾ അമ്മയുടെ പുഞ്ചിരിയായിരുന്നു ഉള്ള് നിറയെ. ".

മോനെ ടാ... നിന്നെ ഈ വേഷത്തിലൊന്ന് കാണാൻ കഴിഞ്ഞല്ലോടാ... ഇനി അമ്മയ്ക്ക് മരിച്ചാലും വേണ്ടില്ല.. നിന്റ മുഖം ങ്ങനെ തെളിച്ചതോടെ കണ്ടിട്ട് എത്ര കാലായടാ..ന്റെ കുട്ടി അമ്മയെ നോക്കി മനസ്സറിഞ്ഞു ചിരിക്കുന്നത് കാണുമ്പോൾ അമ്മയ്ക്ക് ഒത്തിരി സന്തോഷായി. ഈ നിമിഷം അങ്ങ് മരിച്ചാൽ കൂടി അമ്മേടെ മുഖത്തു സന്തോഷേ ണ്ടാവൂ. ഇനി ന്റെ കുട്ടി ജീവിച്ചുകാണിക്കണം. " നെറ്റിയിൽ ചന്ദനക്കുറി തൊട്ടു തരുമ്പോൾ അമ്മ രാവിലെ പറഞ്ഞ വാക്കുകൾ നെഞ്ചിൽ കൊളുത്തിവലിച്ചു. " ന്റെ തള്ളേ..... സോറി... അമ്മേ... നിങ്ങള് അങ്ങനെ ഒന്നും മരിക്കൂല... ന്റെ അമ്മക്കുട്ടി ആഗ്രഹിച്ചതൊക്കെ നിക്ക് സാധിച്ചുതരണം.. ഇത്രേം കാലം ഞാൻ കാരണം നരകമായ വീട് സ്വർഗ്ഗമാക്കണം മ്മക്ക്.. അവിടെ ന്റെ അമ്മ മഹാറാണിയെ പോലെ ഇരുത്തണം. ! " " ഒക്കെ നടക്കും മോനെ...നിനക്ക് നിന്നിൽ ഒരു വിശ്വാസം വന്ന് തുടങ്ങിയത് തന്നെ അല്ലെ വലിയ മാറ്റം. അപ്പൊ ഇനി എല്ലാം നടക്കും. അമ്മേടെ നേർചെം വഴിപാടുമൊന്നും വെറുതെ ആകില്ല..." അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് സന്തോഷത്താൽ ആണെന്ന് അറിയാവുന്നത് കൊണ്ട് തുടച്ചുകൊടുത്തില്ല.. താനൊരു വേദനയായി മാറിയ കാലം മുതൽ സങ്കടം കൊണ്ട് നിറഞ്ഞ ആ കണ്ണുകൾ ഇന്നൊരു ദിവസം സന്തോഷം കൊണ്ട് നിറഞ്ഞൊഴുകട്ടെ എന്ന് കരുതി. ഇത്‌ അമ്മയുടെ അവസാനത്തെ കണ്ണീരാണ്.

ഇനി ഈ കണ്ണുകൾ നിറയില്ലെന്ന് മനസ്സിൽ തീരുമാനമെടുത്തിരുന്നു. പക്ഷേ, ഇനി...... ഇനി ഒരിക്കലും ആ കണ്ണുകൾ നിറയില്ലലോ... പോയില്ലേ... ഒരുപാട് സങ്കടം വാങ്ങി ഒരിറ്റ് സന്തോഷം മാത്രം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പോയില്ലേ.... ദേവൻ പൊട്ടിക്കരഞ്ഞു. " ദേവാ... " ഒന്നും പറയാൻ കഴിയാതെ മാറി നിന്ന മോഹനൻ അവന്റെ തോളിൽ കൈ വെച്ചപ്പോൾ അവൾ അയാളെ കെട്ടിപിടിച്ചുകൊണ്ട് പൊട്ടിപൊട്ടിക്കരഞ്ഞു. " എല്ലാം പോയില്ലേ മോഹനേട്ടാ.... ഇനി എനിക്ക് ആരുണ്ട്.... കുരുത്തംകെട്ടവനെ ന്ന് വിളിക്കുമ്പോൾ ആ വിളിയിൽ ഞാൻ കണ്ട സ്നേഹം നിക്കിനി കിട്ടില്ലലോ... ന്നെ ഓർത്ത് ഒരുപാട് കരഞ്ഞു തീർത്ത കണ്ണീരിന് ഒരു നിമിഷം സന്തോഷം കിട്ടിയപ്പോൾ ന്റെ അമ്മേടെ മുഖം ഒന്ന് കാണണായിരുന്നു സഖാവേ. ഇതുവരെ അത്രേം തെളിച്ചം ന്റെ അമ്മേടെ മുഖത്ത്‌ ഞാൻ കണ്ടിട്ടില്ല... പക്ഷേ, അത് അവസാനത്തെ ആകുമെന്ന് കരുതിയില്ല ഞാൻ...." ദേവന്റെ കണ്ണുനീർ അയാളെ നനച്ചിറങ്ങുമ്പോൾ മോഹനൻ അവന്റെ തോളിൽ പതിയെ തട്ടി.

" ദേവാ.. എണീക്ക്.... " അവനെ പതിയെ പിടിച്ചുയർത്തി ചേർത്തുപിടിച്ച് ഹാളിലേക്ക് കയറുമ്പോൾ അവന്റെ കരച്ചിൽ പലരുടെയും കണ്ണുകൾ ഈറനണിയിച്ചിരുന്നു. അമ്മയ്ക്കരികിലേക്ക് ഇരുന്ന ദേവൻ ആ മുഖത്തേക്ക് നിർവികാരതയോടെ നോക്കി. ഉണ്ട്... അമ്മ പറഞ്ഞപോലെ ആ മുഖത്തിപ്പോഴും പുഞ്ചിരി മായാതെ കിടപ്പുണ്ട്. അവൾ ആ കവിളിലൂടെ ഒന്ന് തലോടി. പിന്നെ വിറയാർന്ന ചുണ്ടുകള് കവിളിലേക്ക് ചേർത്തു. അന്ത്യചുംബനത്തിന്റെ ചൂടിനൊപ്പം അവന്റെ കണ്ണുകൾ കൂടി ആ കവിളുകളെ ചുട്ടുപൊള്ളിച്ചു. "ദേവാ... ഇനി ആരെങ്കിലും വരാറുണ്ടോ ? " അവൻ ഇല്ലെന്ന് പതിയെ തലയാട്ടി. " നിക്ക് ന്റെ അമ്മയും ന്റെ അമ്മയ്ക്ക് ഞാനും മാത്രേള്ളൂ.. " " അപ്പൊ പിന്നെ ങ്ങനാ.. മറ്റുകാര്യങ്ങൾ..... ദഹിപ്പിക്കാനാണെങ്കിൽ മാവ്.... അല്ലെങ്കിൽ പിന്നെ .... " " വേണ്ട മെമ്പറെ... ന്റെ അമ്മയെ ദഹിപ്പിക്കണ്ട.... അങ്ങനെ കത്തിച്ചു കളഞ്ഞാൽ പിന്നെ നിക്ക് ന്റെ അമ്മയെ കാണാൻ പറ്റോ... ഇവിടെ.. ഇവിടെ ന്റെ അച്ഛന്റെ അടുത്ത് മതി.. അമ്മേടെ ആഗ്രഹോം അതായിരുന്നു.

അതാകുമ്പോൾ ഒന്ന് തളർന്നുപോയാൽ ന്റെ കൂടെ രണ്ട് പേരും ണ്ടാവുംല്ലോ.... ണ്ടാവും.... ന്റെ അച്ഛനെ പോലെ ഇനി അമ്മയും വരും ന്നെ ആശ്വസിപ്പിക്കാൻ.... ഞാൻ തളർന്നെന്ന് തോന്നിയാൽ ന്റെ അപ്പുറവും ഇപ്പുറവും അവരുണ്ടാകും... ഇവിടെ മതി മെമ്പറെ... കരയാൻ മാത്രം വിധിക്കപ്പെട്ട ന്റെ അമ്മയ്‌ക്ക് അവസാനത്തെ ആറടി മണ്ണ് കൂടി കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ ന്ത് മകനാണ്.. അവൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ അമ്മ ആഗ്രഹിച്ചതും അതായിരുന്നല്ലോ ! അച്ഛനുറങ്ങുന്ന കുഴിമാടത്തോനോട് ചേർന്ന് ഒരു കുഴികൂടി എടുത്തു. അവാസാനത്തെ പൂവും വെള്ളവും നൽകി ഒരു പിടി മണ്ണിനൊപ്പം അമ്മയേ മറ്റൊരു ലോകത്തേക്ക് യാത്രയാക്കുമ്പോൾ അവൻ കരഞ്ഞില്ല... മനസ്സും ശരീരവും മറ്റേതോ ലോകത്തെന്ന പോലെ നിന്നു ദേവൻ.. അവസാനിപിടി മണ്ണിനൊപ്പം ചേർന്ന കുഴിമാടത്തിനു മുകളിൽ അവൻ തന്നെ ആയിരുന്നു പനനീർചെടി നട്ടത്. ചെമ്പനീർപൂവായി വിടർന്നമ്മ ഇനിയും സന്തോഷം പകരുന്ന ദിനങ്ങളെണ്ണിക്കൊണ്ട് !! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...