ആ നിമിഷം: ഭാഗം 18

 

എഴുത്തുകാരി: ഗീതു അല്ലു

അവൾ നിറഞ്ഞ പുഞ്ചിരിയോടെ ബദ്രിയെ തിരിഞ്ഞു നോക്കിയെങ്കിലും അവൻ പോയി കഴിഞ്ഞിരുന്നു..... അവൾ കുറെ അന്വേഷിച്ചു... കണ്ടില്ല....അവൾക്ക് അവനോട് പറയണമായിരുന്നു... എനിക്ക് നിന്നെ എപ്പോഴും ഇഷ്ട്ടമാണ്... ഏത് അവസ്ഥയിലും ഇഷ്ട്ടമാണ്... എന്ത് വന്നാലും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന്.... പക്ഷെ സാധിച്ചില്ല.... ബദ്രി ജാൻവിയിൽ നിന്നും ഓടി ഒളിച്ചിരിക്കുന്നു... പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ ആവർത്തിക്കപ്പെട്ടു... അവൾക്ക് അവനെ കാണാൻ പോലും കിട്ടുന്നില്ല... ഒരുവേള അവൾ ഭയന്നു.. ഇനി തിരിച്ചു നാട്ടിലേക്ക് പോയി കാണുമോ എന്ന്.. അവൾക്ക് നിരാശ തോന്നി..... ആദ്യമായി പ്രണയം തോന്നിയവനാണ്... സ്വന്തമാക്കാൻ മോഹിച്ചവനാണ്... നഷ്ടപ്പെടുത്താൻ തോന്നീല..... അവളിൽ അവനില്ലായ്മ മാറ്റങ്ങൾ വരുത്തി.... ഇതെല്ലാം അവളിൽ നിന്നും മറഞ്ഞിരുന്നു അവനും കാണുന്നു... ദിവസങ്ങൾ പോയി മറഞ്ഞു... ഒരു ദിവസം ക്യാമ്പസ്സിലെ ഗാർഡനിലെ ബെഞ്ചിൽ ഇരുന്നു വായിക്കുകയായിരുന്നു ബദ്രി... പെട്ടെന്നാണ് ഊക്കോടെ നിലത്തേക്ക് വീണത്...അവൻ ഞെട്ടി പിടഞ്ഞെണീറ്റ് തിരിഞ്ഞു നോക്കിയപ്പോൾ ജാൻവി നിൽക്കുന്നു ... ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്നിട്ടുണ്ട്... ഇടുപ്പിന് കൈ കുത്തി അവനെ തന്നെ ദേഷിച്ചു നോക്കി നിൽക്കുന്നു...

ബദ്രി ചുറ്റിനും ഒന്ന് നോക്കി... കുട്ടികൾ ഒക്കെ കണ്ടിട്ടുണ്ട്.... എല്ലാവരും കളിയാക്കി ചിരിച്ചു കൊണ്ട് പോകുന്നു... അവനും ദേഷ്യം വന്നു... കൈകൾ ചലിപ്പിച്ചു അവളോടെന്തോ പറഞ്ഞു... പിന്നീട് അവൻ പറഞ്ഞത് അവൾക്ക് മനസ്സിലാകില്ലല്ലോ എന്ന് ഓർത്തു സ്വന്തം തലയ്ക്കു തന്നെ കൈ വച്ച് തട്ടി... " ഇനി ആ തല തല്ലി പൊളിക്കണ്ട.. പറഞ്ഞത് എനിക്ക് മനസ്സിലായി... എനിക്ക് പ്രാന്താണോ എന്നല്ലേ ചോദിച്ചത്..." നിൽക്കുന്ന അതെ രീതിയിൽ തന്നെ നിന്ന് അവളത് പറയുമ്പോൾ ബദ്രി അത്ഭുതപ്പെടുകയായിരുന്നു.. ഇവൾക്കെങ്ങനെ... " ആ ഉണ്ടാക്കണ്ണ് ഉരുട്ടി താഴെ ഇടേണ്ട...എനിക്കെങ്ങനെ മനസ്സിലായി എന്നല്ലേ ആലോചിക്കുന്നേ... " അവൻ അതെ എന്നർത്ഥത്തിൽ ഒന്ന് തല കുലുക്കി.. "ഡോ.. ഡോ... താൻ എന്തുവാടോ വിചാരിച്ചേ... താൻ മിണ്ടാൻ ഒക്കില്ല എന്നും പറഞ്ഞു സെന്റി അടിച്ച് അങ്ങ് പോകുമ്പോ ഞാൻ പൊടിയും തട്ടി അങ്ങ് പോകും എന്നോ... ഡോ.. ഇത് ജാൻവിയാ.. അത് മറക്കണ്ട " ബദ്രി അവൾ പറയുന്നത് ഒക്കെ കേട്ട് വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുകയാണ് .. " ഇത്രേം ദിവസം തന്റെ മുന്നിൽ വരാതെ ഇരുന്നപ്പോ താൻ വിചാരിച്ചോ..

ഞാൻ അങ്ങ് ഒഴിഞ്ഞു പോയി എന്ന്... ഞാൻ തന്റെ ഭാഷ ഒന്ന് പഠിക്കാൻ പോയെ അല്ലെ.... നമുക്ക് തമ്മിൽ എന്തോരം സംസാരിക്കാൻ കെടക്കുന്നു... അപ്പോൾ ഞാനും കൂടി തന്റെ ഭാഷ പഠിക്കണ്ടേ " പഴയ കാല നടിമാരെ കൂട്ട് കണ്ണുകൾ വേഗത്തിൽ ചിമ്മി.. കൈ വിരലുകൾ കൂട്ടി തിരുമ്മി.... നാണം കുണുങ്ങി നിൽക്കുന്നത് പോലെ പറയുന്ന ജാൻവിയെ കാണെ ദേഷ്യമൊക്കെ മാറി ബദ്രിയ്ക്ക് ചിരിയാണ് വന്നത്... അത് പോലെ തന്നെ സന്തോഷവും... അവൾ തന്നെ വിട്ട് പോയിട്ടില്ല.. പോണം എന്ന് വിചാരിക്കുമ്പോഴും പോകല്ലേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്... ജാൻവി ബദ്രിയ്ക്കരുകിലേക്ക് നീങ്ങി നിന്നു... അവന്റെ കൈകൾ അവളുടെ കൈക്കുള്ളിൽ ആക്കി.. " ബദ്രി... എന്നെ വേണ്ടെന്ന് മാത്രം പറയല്ലേ... ശെരിക്കും തന്നെ ഒരുപാട് ഇഷ്ട്ടമാടോ എനിക്ക്..... എന്റെ മനസ്സിൽ നിനക്ക് ഒരു കുറവുകളും ഇല്ല ബദ്രി... എന്നെ അതിന്റെ പേരിൽ ഒഴിവാക്കല്ലേ.. പ്ലീസ് " അവൾ യാജനയോടെയാണ് പറയുന്നത് എന്ന് തോന്നി അവന്... തിരിച്ചും ഇഷ്ട്ടമാണെന്ന് പറയണമെന്നുണ്ട്... എങ്കിലും ഇപ്പോഴത്തെ ഈ ചിന്തയൊക്കെ പിന്നെ എപ്പോഴെങ്കിലും മാറുമോ എന്നൊരു ഭയം...

അവൻ ഒരിക്കൽ കൂടി അവളെ ഓർമിപ്പിച്ചു... അവനു ശബ്ദം ഇല്ല എന്ന്... " എന്റെ പൊന്ന് ബദ്രി.. നമ്മുടെ റിലേഷനിൽ ഏറ്റവും ബെസ്റ്റ് പാർട്ട്‌ അതാണ്‌... നിനക്കറിയില്ലേ എന്റെ നാവിന്റെ കാര്യം... വഴീ കൂടി പോകുന്ന അടി വരെ അത് എനിക്ക് വാങ്ങിച്ചു തരും...... അതായത് ആവശ്യത്തിനും അനാവശ്യത്തിനും സംസാരിക്കുന്ന ആളാ ഞാൻ... അങ്ങനെ ഉള്ളപ്പോ നീ മിണ്ടാതെ ഇരിക്കുന്നതും നല്ലതല്ലേ " കുറുമ്പോടെയുള്ള അവളുടെ ചോദ്യം കേട്ട് അവൻ അറിയാതെ ചിരിച്ചു പോയി... " ഹൂ... സമാദാനമായി... നിനക്കും അപ്പോൾ എന്നെ ഇഷ്ടമല്ലേ " പ്രതീക്ഷ നിറഞ്ഞ അവളുടെ ചോദ്യം... അവഗണിക്കാൻ തോന്നിയില്ല... അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഒന്ന് പുഞ്ചിരിക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി അവളാണെന്ന് തോന്നി... പരിസരം മറന്ന് കെട്ടിപിടിച്ചു കവിളത്തു ചുണ്ടുകൾ അമർത്തിയവളെ ശാസനയോടെ അടർത്തി മാറ്റി... പക്ഷെ പരിഭവം കാണിച്ചില്ല അവൾ... സന്തോഷം കാരണം ചെയ്തതാണെന്ന് പറഞ്ഞു ഒരു സോറി പറഞ്ഞു... അവനും സന്തോഷിച്ചു... അവനു കൂട്ട് കിട്ടിയിരിക്കുന്നു... അവനും പ്രണയിക്കുന്നു.. പ്രണയിക്കപ്പെടുന്നു... പിന്നീട് അവരുടെ പ്രണയം നിറഞ്ഞു നിന്ന ദിന രാത്രങ്ങൾ...ബദ്രിയ്ക്കും കൂടി വേണ്ടി സംസാരിക്കുന്ന ജാൻവി.....

വിശേഷങ്ങൾ പറയാനും വഴക്ക് കൂടാനും അവൾക്ക് ഉത്സാഹമായിരുന്നു.. അവൻ അവൾക്ക് നല്ലൊരു കേൾവിക്കാരനായി... അവളുടെ വാക്കുകളിലൂടെ അവളുടെ ഇഷ്ട്ടങ്ങൾ എല്ലാം അവനറിഞ്ഞു.. അവൾ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന അവളുടെ ചേച്ചിയോടും ഏട്ടനോടും അവനു ചെറിയ അസൂയ തോന്നി... അവളുടെ വാക്കുകളിലൂടെ അവരെ അവൻ മനസ്സിൽ പ്രതിഷ്ഠിച്ചു.. ഒരു ദിവസം അവനൊപ്പം കോളേജിലെ ഒരു മരച്ചുവട്ടിൽ ഇരിക്കുമ്പോഴായിരുന്നു അവന്റെയാ ചോദ്യം... (കൈ കൊണ്ടുള്ള സംസാരം ആണേ ) " എന്നെ നിന്റെ വീട്ടുകാർ അംഗീകരിക്കുമോ " " ഇല്ല " കയ്യിലിരിക്കുന്ന മിട്ടായി വായിലേക്ക് ഇട്ടുകൊണ്ട് ഒട്ടും അമാന്തിക്കാതെയാണ് ജാൻവി മറുപടി പറഞ്ഞത്.. അത് കേട്ടതും അവന്റെ മുഖം കുനിഞ്ഞു... ജാൻവി അവന്റെ മുഖത്തെ കൈകളാൽ കോരിയെടുത്ത് ആ കണ്ണുകളിലേക്ക് നോക്കി... പ്രണയപൂർവ്വമുള്ള നോട്ടം... " എന്റെ അച്ഛനും അമ്മയും ഒന്നും നിന്നെ ഒരിക്കലും അംഗീകരിക്കില്ല ബദ്രി... അവർ എപ്പോഴും എനിക്ക് വേണ്ടി ഏറ്റവും ബെസ്റ്റ് തിരയുന്നവരാണ് " ജാൻവിയുടെ വാക്കുകൾ അവന്റെ മനസ്സിനെ കുത്തി നോവിച്ചു...

താൻ അവൾക്ക് ചേർന്നവനല്ല എന്ന ചിന്ത പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു... " പക്ഷെ ആര് അംഗീകരിച്ചില്ലെങ്കിലും നിന്നെ എന്റെ ഏട്ടനും ചേച്ചിയും അംഗീകരിക്കും... എന്റെ ഇഷ്ട്ടങ്ങളെ അവർ ചേർത്തു പിടിക്കും... " അവൻ ഒന്ന് ചിരിച്ചു..... എങ്കിലും വലിയ ആത്മ വിശ്വാസം അതിൽ ഉണ്ടായിരുന്നില്ല... " നിനക്കറിയുമോ ബദ്രി..എന്റെ ഏട്ടൻ എന്റെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കില്ല... ഏട്ടൻ സമ്മതിച്ചാൽ പിന്നെ അച്ഛനും അമ്മയ്ക്കും വേറെ ഓപ്ഷൻ ഒന്നുല്ല... അവരും സമ്മതിച്ചോളും " ബദ്രിയുടെ മങ്ങിയ ചിരി തെളിഞ്ഞു... എല്ലാം നല്ല രീതിയിൽ അവസാനിക്കും എന്ന് ഉറപ്പായി... " പിന്നെ നീ എന്താ നമ്മുടെ കാര്യം ഏട്ടനോടും ചേച്ചിയോടും പറയാത്തെ " " നേരിട്ട് പറയാം...നേരിട്ടേ പറയുന്നുള്ളു... " അവൾ ഒന്ന് കൂടി അവനിലേക്ക് ചേർന്നിരുന്നു... അവനും അവളെ ചേർത്തു പിടിച്ചു... ഒരിക്കലും പിരിയാൻ ആഗ്രഹിക്കാതെ... ബദ്രിയുടെ അവിടുത്തെ ജീവിതം അവസാനിക്കാറായി... ലക്ഷ്യത്തോട് അടുത്തെത്തിയിരിക്കുന്നു... ജാൻവിയും ഡിഗ്രി കഴിയാറായി... ബദ്രി ഉടനെ നാട്ടിലേക്ക് തിരിച്ചു പോകും...

കുറച്ചു നാളത്തെ വിരഹം ഇരുവർക്കുമിടയിൽ ഉണ്ടാകും... അതിനു ശേഷം ജാൻവിയും നാട്ടിലേക്ക് എത്തും... ആഗ്രഹങ്ങളും പ്രതീക്ഷകളും ബാക്കി വച്ചു ബദ്രി നാട്ടിലേക്ക് പോയി... നിറകണ്ണുകളോടെയാണ് ജാൻവി യാത്രയാക്കിയത്... പിന്നെയൊരു മൂന്ന് മാസം... തമ്മിൽ കാണാതെ കഴിച്ചു കൂട്ടി... എന്നും വീഡിയോ കാൾ ചെയ്യും... മെസ്സേജ് അയക്കും... അവന്റെ അമ്മയെ അവൾ പരിചയപ്പെട്ടു... അവരും അവളെ അംഗീകരിച്ചിരിക്കുന്നു.... അവൾ നാട്ടിലേക്ക് വന്നത് ബദ്രിയ്ക്ക് ഒരു സർപ്രൈസ് ആയിട്ടാണ്... അവനോട്‌ പറഞ്ഞിരുന്നില്ല... ഏട്ടനെയും കൂട്ടി അവന്റെ മുന്നിൽ പോയി നിന്ന് ഞെട്ടിക്കാനായിരുന്നു പ്ലാൻ... പക്ഷെ വിധി ചതിച്ചു... ബദ്രി അവളെ പിന്നീട് കണ്ടത് ഒരു പത്ര താളിലായിരുന്നു... തകർന്നു പോയി.... ദൈവം അവളിലേക്ക് അവനെ എത്തിക്കാൻ പിന്നെയും താമസിച്ചു... അവളെ തിരക്കി വന്ന ദിവസം കണ്ടു... തന്റെ ജാൻവി... അല്ല തന്റെ മാത്രം ജാനി.. മറ്റൊരാളുടേതാകുന്നത്... നിറ കണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത്... അവളെ സ്വന്തമാക്കിയവനെ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു... അവളുടെ ഏട്ടൻ... തകർന്നു പോയി... പിന്നെ സംശയങ്ങൾ ആയിരുന്നു... അവളെ കാണാതെ അവിടെ നിന്നും പോയെങ്കിലും അന്വേഷിച്ചു... അറിഞ്ഞു... അവളുടെ അവസ്ഥ... പിന്നീട് കാത്തിരിപ്പ്...

അവൾ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ... ഇനി അഥവാ തന്നിലേക്ക് തിരികെ എത്തിയില്ല എങ്കിലും സന്തോഷത്തോടെ ജീവിക്കണേ എന്നെ പ്രാർത്ഥിച്ചോളു..... ഇന്ന് പക്ഷെ വീണ്ടും അവൾക്കരുകിലേക്ക്... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... കണ്ണുകൾ അമർത്തി തുടച്ചു കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു... അൽപ്പ സമയത്തിന് ശേഷം വണ്ടി നിർത്തിയപ്പോഴാണ് കണ്ണ് തുറന്നത്..... ആകർഷും അനന്തനും ഇറങ്ങി... ആകർഷ് അവനായി കാറിന്റെ ഡോർ തുറന്നു കൊടുത്തു... പുറത്തേക്കിറങ്ങുമ്പോൾ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു... കണ്ണുകൾ ചുറ്റും ഓടി നടന്നു... കാണാൻ ആഗ്രഹിക്കുന്ന മുഖത്തെ എല്ലായിടവും തിരഞ്ഞു.... അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അറിയില്ല... എന്തിനാണ് കാണണം എന്ന് പറഞ്ഞതെന്ന് പോലും അറിയില്ല.. അവരോട് ഒന്നും ചോദിച്ചില്ല... അവർ പറഞ്ഞതുമില്ല... വരുമോ എന്ന് ചോദിച്ചപ്പോൾ വരും എന്ന് മറുപടി നൽകിയത് അവളെ കാണാൻ ഉള്ള കൊതി കൊണ്ടാണ്..... അവരോടൊപ്പം മുന്നോട്ട് ചലിക്കുമ്പോൾ കാലുകൾക്ക് വേഗത പോരെന്നു തോന്നുകയായിരുന്നു ബദ്രിയ്ക്ക്... നാളുകളായി കാണാൻ കാത്തിരുന്ന മുഖത്തിനടുത്തേക്ക് ഇനി ഏതാനും ചുവടുകൾ മാത്രം.............. (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...