ദക്ഷ ❣️: ഭാഗം 2

 

എഴുത്തുകാരി: മിഴി

പോകാൻ മടിച്ചു നിന്നവളെ ചിരിയോടെ അവൻ കൈകളിൽ കോരി എടുത്തുകൊണ്ടു പടികൾ കയറി മുകളിലെ മുറിയിലേക്ക് നടന്നു...അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി പ്രണയാർദ്രമായി അവൾ അവനെതന്നെ നോക്കി അവന്റെ നെഞ്ചിലെ ചൂടേറ്റു കിടന്നു.... മുറിയിലെത്തിയതും അവളവനെ കൂടുതൽ മുറുകെ പിടിച്ചു. "ഈ മുറി മുഴുവനും എന്നെ ഇങ്ങനെ എടുത്ത് തന്നെ നടക്കോ... പ്ലീസ്... " നിഷ്കളങ്കമായി പറയുന്നവളെ നോക്കിയവൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി... "പോ ദുഷ്ട്ടാ... കണ്ണീചോര ഇല്ലാത്ത മനുഷ്യൻ... " പിണക്കം നടിച്ചവൾ ചുണ്ടു കോട്ടി മുഖം തിരിച്ചു.. "കൊള്ളാം കൊള്ളാം,ഇത്രേം നേരം നിന്നേം പൊക്കികൊണ്ട് വന്ന ഞാനാരായി... " "എന്റെ നല്ല കെട്ട്യോനായി " കുസൃതി ചിരിയോടെയവൾ പറഞ്ഞതും ദർശിന്റെ ചൊടികളിലും ചിരി വിരിഞ്ഞു. അവളെയും കൊണ്ട് മുറിയിലാകെ നടക്കാൻ തുടങ്ങി.. "റാണി,ഒന്നവിടുന്ന് അങ്ങയുടെ സിംഹാനത്തിലിരിക്കാമോ... " തളർന്നവൻ ചാരുകസേരക്കരികിലെത്തിയതും അവളോടായി പറഞ്ഞു.. "ഇല്ലെങ്കിൽ... " "ഇല്ലെങ്കിലേ...... പൊന്നുമോളിപ്പോ നിലത്ത് കിടക്കും... " അവളെ നോക്കിയവൻ കണ്ണുരുട്ടികൊണ്ട് കസേരയിൽ ഇരുത്തി. "എനിക്ക് കുറച്ച് ഓഫീസ് വർക്ക് ചെയ്യാനുണ്ട്. നീ ഇവിടിരുന്ന് എഴുതിക്കോ... ഓക്കേ... "

നെറുകയിൽ അരുമയായി മുത്തിയവൻ പുറത്തേക്ക് നടന്നു.ജനാലയ്ക്കരികിലായി തന്റെ ഇരിപ്പിടത്തിലേക്ക് അവളും വന്നിരുന്നു.പേന കൈയ്യിലെടുത്തവൾ എഴുതി തുടങ്ങി. "ദക്ഷ.... താനൊന്ന് നിന്നേ... " ബാഗും എടുത്തുകൊണ്ടു പോകാൻ ഇറങ്ങിയവൾ പിറകിൽ നിന്നും പരിചിതമായ സ്വരം കേട്ട് തിരിഞ്ഞു നോക്കി. "എന്താ സർ.. " റാമിനെ നോക്കിയവൾ ചോദിച്ചു. "ഇതൊന്ന് പോകും വഴി നാഷണൽ ട്യൂഷൻ സെന്ററിൽ കൊടുത്തേക്കാമോ... രാവിലെ അവിടുത്തെ സർ എന്നോട് ചോദിച്ചായിരുന്നു. ഇനി അവിടെ ഇറങ്ങി കൊടുക്കാനുള്ള ടൈം ഇല്ല അതാ. അർജന്റ് ആയിട്ട് വീട്ടിൽ പോയെ പറ്റു. അമ്മക്ക് തീരെ വയ്യാന്ന് കാൾ വന്നു. ഒന്ന് ഹെല്പ് ചെയ്യാവോ..'' "അതിനെന്താ സർ ഞാൻ കൊടുത്തേക്കാം.." "ഓക്കേ... താങ്ക്സ്... " ധൃതിയിൽ അതും പറഞ്ഞവൻ ക്ലാസിനു പുറത്തേക്കിറങ്ങി. പിറകെ ബാഗും എടുത്ത് അവളും. "അല്ല എന്തായിരുന്നു സാറും കുട്ടിയും അകത്തു സംസാരം. " ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ ആയിഷയുടെ ചോദ്യം കെട്ടവൾ ഒന്ന് നിന്നു. "ഓ.. അതോ.. സർ ഒരു ഫിസിക്സിന്റെ ഗെയ്ഡ് തന്നതാ. ട്യൂഷൻ സെന്ററിൽ കൊടുക്കാൻ. അത് കൊടുത്തിട്ട് വന്നപ്പോഴാ ലേറ്റ് ആയത് ഞാൻ. " "എന്നാലും.... എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ മോളെ...

വേറെ ആരെയും ഏൽപ്പിക്കാതെ നിന്നെ തന്നെ ഏൽപ്പിച്ചു... ഹാ... എന്തായാലും വഴിയേ അറിയാം... ഈ വർഷം തീരാറായി. ഇനി എക്സാമിന് ദിവസങ്ങൾ മാത്രം. ആദ്യം മുതലേ ഞാൻ ശ്രദ്ധിക്കുവാ സാറിന് നിന്നോടുള്ള അടുപ്പം.. അടുത്തവർഷം സാറാണ് നമ്മുടെ ക്ലാസ് ടീച്ചർ എന്ന് പറയുന്നത് കേട്ടു. അപ്പൊ അറിയാല്ലോ എന്തായാലും സത്യാവസ്ഥ. " "ആ... അത് സർ എന്നോട് പറഞ്ഞായിരുന്നു. അടുത്തവർഷം സർ ആണ് ക്ലാസ് ടീച്ചർ എന്ന്. നിന്നോട് പറയാൻ വിട്ട്പോയി. എങ്കിൽ ശരി ഡി.... നാളെ കാണാമേ.." ബസ് വന്നതും ആയിഷയോട് യാത്രപറഞ്ഞവൾ തിടക്കപ്പെട്ടവൾ പോയി... "എന്തെക്കൊയോ കുഴപ്പങ്ങളുണ്ടല്ലോ... നമ്മളോട് ആരോടും പറയാത്തത് സർ എന്തിനാ അവളോട് പറഞ്ഞത്... കണ്ടുപിടിച്ചോളാം മോളേ...." ചെറുശബ്ദത്തിൽ പറഞ്ഞവൾ തിരിഞ്ഞതും മുന്നിലായി നിൽക്കുന്നവനെ കണ്ട് ഒരുനിമിഷം ഹൃദയം സ്തംഭിച്ചുപോയതുപോലെ. "എന്താടാ... മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ.." അവനെ പെട്ടെന്ന് കണ്ട ഞെട്ടൽ മറക്കാനായവൾ പറഞ്ഞു.കൊതിച്ചിട്ടുണ്ട് പലവേളയിലും അവനോടൊന്ന് സംസാരിക്കാൻ, അവനൊന്ന് തന്നോട് സംസാരിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിട്ടുണ്ടവൾ. പല തവണ മിണ്ടുവാൻ ചെന്നതുമാണ്.പക്ഷെ അവനെന്തോ ഒഴിഞ്ഞുമാറുന്നത് പോലെ.

"പേടിപ്പിക്കാൻ വന്നതല്ലായെ... ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ." അജ്മലിന്റെ വാക്കുകൾ കേട്ടതും പലതും മെനഞ്ഞുകൂട്ടിയിരുന്നു അവൾ. എന്നിട്ടും ഒന്നും അറിയാത്തതു പോലെ തന്നെ നിന്നു. "എന്താടാ... പറയ്.." "അത്.... പിന്നേ.... ഇപ്പൊ അത് എങ്ങനെയാ.. പറയാ..." വാക്കുകൾക്കായി അവൻ പരതുന്നത് കാൺകെ ആയിഷയ്ക്ക് ചിരിയാണ് വന്നത്... "ശെടാ.... ഇത് എന്ത് കഷ്ട്ടാ... നീ ധൈര്യായിട്ട് പറഞ്ഞോ.. " തട്ടമൊന്നവൾ നേരെ ഇട്ടുകൊണ്ട് കുസൃതിയോടെ പറഞ്ഞു... "അത് .. ഞാൻ പിന്നെ പറയാം.. ബൈ " അവളുടെ മുഖത്തുനോക്കാനാവാതെ അവൻ തിരിഞ്ഞു നടന്നു. "നിന്നെക്കൊണ്ട് ഞാൻ പറയിപ്പിച്ചോളാം... " പ്രതീക്ഷിച്ച വാക്കുകൾ കേൾക്കാത്തത്തിൽ നിരാശയുണ്ടെങ്കിലും അവൾ മനസ്സിൽ പറഞ്ഞു. "ദച്ചുവേ... ചെന്ന് ചായ ഇട്ടേ... " സ്കൂൾ വിട്ടുവന്ന് കുളിച്ചു കയറിയതും അമ്മയുടെ വിളി വന്നു... "കുറച്ചു കഴിഞ്ഞിട്ട് ഇടാമ്മാ...നല്ല തലവേദന. എന്തൊരു വെയിലാണെന്ന് അറിയോ " കട്ടിലിലായി ചെന്നുകിടന്നവൾ പറഞ്ഞു. "പെൺപിള്ളേര് ഇച്ചിരി വെയിലൊക്കെ കൊണ്ട് പഠിക്കണം, അങ്ങ് ഉരുവിപോവതൊന്നൂല്ലല്ലോ... ഇതൊക്കെ സഹിച്ച് തന്നെയാ ഞങ്ങളും വന്നത്. ഇന്നത്തെ മക്കള് എന്തറിയുന്നു. സുഖജീവിതം അല്ലെ...

എവിടേലും പോയിട്ടുവന്നാൽ അപ്പൊ തുടങ്ങിക്കോളും ഒരു തലവേദന, അതും പറഞ്ഞങ്ങു പോയി കിടന്നാ മതിയല്ലോ. ഓരോരോ അടവുകള്... " കേട്ടുകേട്ട് മടുത്ത വാക്കുകൾ അമ്മ പിന്നെയും പറയാൻ തുടങ്ങി. ഇനി കിടന്നാൽ ഇതുതന്നെ എഴുനേൽക്കും വരെ പറഞ്ഞുകൊണ്ടിരിക്കുമെന്നറിയാവുന്നത് കൊണ്ട് താല്പര്യമില്ലെങ്കിൽ കൂടി അവളെഴുനേറ്റ് അടുക്കളയിൽ പോയി.ചായ പത്രമെടുത്ത് വെള്ളം അളന്നു വച്ചു. തലവെട്ടിപുളക്കുന്നത് പോലെ, ആരോട് പറയാൻ. വേദന സഹിച്ചുപിടിച്ചവൾ ചായ ഇട്ടു. ഗ്ലാസ്സിലേക്ക് പകർന്ന് അമ്മയ്ക്ക് കൊണ്ടു കൊടുത്തു. "ദാ.... അമ്മാ.. ഇവിടെ വെച്ചിട്ടുണ്ടേ.. ചൂടാറും മുന്നേ എടുത്തു കുടിക്ക്. ഞാൻ കിടക്കാൻ പോകുവാ..." മേശമേൽ ചായ വെച്ചവൾ തിരികെ മുറിയിലേക്ക് നടന്നു. കിടക്കാൻ ഒരുങ്ങും മുന്നേ അടുത്ത വിളി വന്നിരുന്നു. "ഡീ ചേച്ചി... എനിക്കും ചായ താ... ബിസ്കറ്റും എടുത്തേക്ക്. " പഠിച്ചുകൊണ്ടിരുന്ന പുസ്തം മടക്കിവെക്കുന്നതിനിടയിൽ അവളെക്കാൾ ആറുവയസ്സിനു ഇളപ്പമുള്ള അനുജൻ വിളിച്ചുപറഞ്ഞു. "നിനക്കങ്ങോട്ട് എടുത്തു കുടിച്ചൂടെ അച്ചു. അതിനും എന്നെ വിളിച്ചോളും. വേണേൽ പോയി എടുത്ത് കുടിക്ക് എനിക്കെങ്ങും വയ്യ.. " വേദനയുടെ കാടിന്യം കൊണ്ടാവാം വാക്കുകൾ കുറച്ചുച്ചത്തിലായി.

അടുത്ത ഉപദേശം ഇനി കേൾക്കാം. അവൾ മനസ്സിൽ ഓർത്തു. അപ്പോഴേക്കും അമ്മ തുടങ്ങിയിരുന്നു. "എത്രപറഞ്ഞാലും പെണ്ണ് കേൾക്കില്ല. വാ വലിച്ചുകീറി സംസാരിച്ചോളും. അവനൊരു ആണാണ്. ചായ കൊടുക്കാൻ പറഞ്ഞാൽ കൊടുക്കണം. കൊള്ളാല്ലോ നീ... കേറി ചെല്ലുന്ന വീട്ടിലും ഇങ്ങനെ പറയോ.. നീ കൊറേ ജീവിക്കും...ഞങ്ങളൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല അന്നും ഇന്നും..ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കോ എന്തോ..." മറുപടി പറയാൻ നിന്നില്ല.അടുക്കളയിൽ പോയി ചായ എടുത്ത് അവനും കൊടുത്തു . പിന്നെയും കുറ്റം വന്നു. ചൂട് കൂടിയത്രേ..പ്രതികരിക്കാൻ നിന്നില്ല. ചൂടാറ്റി കൊടുത്തു.. ഒന്നും മിണ്ടാതെയവൾ കട്ടിലിലായി വന്നു കിടന്നു. ക്ഷീണം കാരണമാകും കണ്ണുകൾ കൂമ്പി അടഞ്ഞുപോയി. എന്തൊക്കെയോ ബഹളം കേട്ടവൾ ഞെട്ടി എഴുനേറ്റു.ഇരുട്ട് മൂടിതുടങ്ങിരുന്നു.മുറിയിൽ നിന്നും നടന്ന് പുറത്തേക്കിറങ്ങി. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കാണ്.കാര്യമാക്കാൻ പോയില്ലവൾ എന്നും ഉള്ളതാണല്ലോ... മുഖമൊന്ന് കഴുകി പുസ്തകവുമെടുത്ത് മുറിയിലേക്ക് കയറി.കെമിസ്ട്രി ടെക്സ്റ്റ് ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി. "നിനക്ക് പണ്ടേ ഉള്ളതല്ലേടി... വന്നുകേറുമ്പോ തുടങ്ങും പൈസ കാര്യം.. എങ്ങനെ ചിലവ് നടത്തണമെന്ന് എനിക്കറിയാം..

നീ കൂടുതൽ പാപ്പിക്കാനൊന്നും വരണ്ട...എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാടി.... " "അല്ലെങ്കിൽ തന്നെ ഞാൻ നിങ്ങൾക്ക് ആരുമല്ലല്ലോ... മക്കളെ മാത്രം നോക്കിയാൽ പോരാ... ഇവിടെ ഇങ്ങനൊരുത്തി ജീവനോടെ ഉണ്ടെന്നെങ്കിലും നിങ്ങൾക്ക് ബോധ്യമുണ്ടോ... എന്ത് വാങ്ങിയാലും മക്കൾക്ക്. എനിക്കൊരു ഉടുതുണി നിങ്ങൾ വാങ്ങിത്തന്നിട്ടുണ്ടോ... " "നീ എന്തിനാ പിന്നെ തൊഴിലുറപ്പിനെന്നും പറഞ്ഞു രാവിലെ പോകുന്നത്... എല്ലാം കൂടി എനിക്ക് നോക്കാൻ പറ്റത്തില്ല.. നിന്റെ ആവിശ്യത്തിന് വേണ്ടിയല്ലേ നീ ജോലിക്ക് പോകുന്നത്.. ആ പൈസയൊക്കെ എവിടെ എന്നിട്ട്... " ഉച്ചത്തിൽ അച്ഛന്റെയും അമ്മയുടെയും വഴക്ക് കേൾക്കാം... ചെവി പൊത്തി പിടിച്ചു അവൾ. ഇല്ല കഴിയുന്നില്ല. ഒരക്ഷരം പോലും പഠിക്കാനാവുന്നില്ല.. കണ്ണുനീർ കാഴ്ചയെ മറച്ചു.കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെയവൾ കൈകൊണ്ട് തുടച്ചുനീക്കി. മേശമേൽ തലചായ്ച്ചു കിടന്നു. നേരമേറെ കഴിഞ്ഞിട്ടും വഴക്ക് തീർന്നിരുന്നില്ല. മറ്റൊരു മാർഗമില്ലാതെയവൾ പുസ്തകവും നെഞ്ചോട് ചേർത്തു വെച്ച് വഴക്കിനിടയിലേക്ക് ചെന്നു നിന്നു.. "അച്ഛാ... അമ്മാ.. എനിക്ക് പഠിക്കണം. ഒന്ന് നിർത്തോ രണ്ടാളും.. " അല്പം ശബ്ദമുയർത്തി തന്നെയവൾ പറഞ്ഞു... "ദാ വന്നു അടുത്ത ഒരെണ്ണം. കൊച്ചിനെ പഠിപ്പിച്ചു പാഴാക്കി വെച്ചിരിക്കുവല്ലേ. കേറി പോടീ അകത്ത്. അവളുടെ ഒരു പഠിത്തം വന്നേക്കുന്നു..." ദക്ഷയെ നോക്കിയയാൾ അലറി.

"ഇനി അതും എന്റെ മണ്ടക്ക് കൊണ്ട് വെച്ചോ... നീ എന്തിനാടി വലിയവര് വഴക്ക് കൂടുമ്പോ കേറി വരുന്നേ... ഒരു ബുക്കും പിടിച്ചോണ്ട് വന്നേക്കുന്നു.. " ദക്ഷയുടെ കൈയ്യിലുണ്ടായിരുന്ന പുസ്തകം അമ്മ വലിച്ചെറിഞ്ഞു..കരയാനെ അവൾക്കായുള്ളു.പതിയെ നടന്ന് ചെന്ന് പുസ്തം കൈയ്യിലെടുത്തു. "നിനക്കെന്താടി വട്ടാണോ.. പഠിക്കുന്ന ബുക്കണോ എടുത്തെറിയുന്നത്. നീ എന്നെക്കാൾ മുകളിൽ കേറി ഭരിക്കാൻ നിക്കണ്ട... " പറഞ്ഞും തീരും മുന്നേ തന്നെ അമ്മയുടെ കവിളിൽ അച്ഛന്റെ കൈ പതിഞ്ഞിരുന്നു. "നിനക്ക് മതിയായോ. അച്ഛനും മോളും കൂടി എന്നെയങ്ങ് കൊല്ല്... " അമ്മ കരഞ്ഞുകൊണ്ട് പറയുമ്പോഴും രണ്ട് കുഞ്ഞു മനസ്സുകളെ അവർ കണ്ടില്ല. അനുജനെ ഒന്നുനോക്കിയവൾ മുറിയിലേക്ക് ചെന്നു. പഠിക്കാൻ തോന്നിയില്ല. പുസ്തം അതേപടി അടച്ചു വച്ചു. അന്നവിടെ ആരും ഒന്നും കഴിച്ചില്ല. കരഞ്ഞു കരഞ്ഞു കൺപോള വീർത്തിരുന്നു അവളുടെ. യാത്രിയുടെ ഏതോ യാമങ്ങളിലവളെ നിദ്ര പുൽകി.. രാവിലെ എഴുനേൽക്കുമ്പോൾ തലയ്ക്കുള്ളിൽ എന്തോ ഭാരം പോലെ. കരഞ്ഞതിനാലാവം. അടുക്കളയിൽ അമ്മയും പാത്രങ്ങളും തമ്മിൽ കടുത്ത പോരാട്ടത്തിൽ. ഇന്നലത്തെ ദേഷ്യം പാത്രങ്ങളോട് തീർക്കുന്നതിന്റെ ശബ്ദം. ഇരുട്ട് മാറി തുടങ്ങുന്നതേ ഉള്ളു.

"വേലക്കാരിയുടെ സ്ഥാനമല്ലേ എനിക്കുള്ളു... വേവിച്ചു കൊടുക്കാൻ ഞാൻ വേണം. വേറെന്തെങ്കിലും പറഞ്ഞാൽ കുറ്റം. " പിറുപിറുത്തുകൊണ്ട് അവർ പാത്രങ്ങൾ കഴുകി വെച്ചു. വീട്ടിൽ നിന്നാൽ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായതിനാൽ എന്നും പോകുന്ന സമയത്തെക്കാൾ അരമണിക്കൂർ മുൻപേ അവളിറങ്ങി.. സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും വിശാലമായ മുറ്റം പതിവില്ലാതെ ശൂന്യമായിരുന്നു. "ഇതെന്താ.. ആരും ഇല്ലേ... അയ്യോ... ഇനി ഇന്ന് ക്ലാസ് ഇല്ലേ... " ചുറ്റും നോക്കികൊണ്ടവൾ മൂന്നോട്ട് നടന്നു. ഹൈസ്കൂളും ഹായർസെക്കന്ററിയും ചേർന്ന സ്കൂളാണത്. ഹയർ സെക്കന്ററി ക്ലാസുകൾക്ക് രണ്ട് ദിവസം അവധിയാണ്. മൂന്നോട്ട് നടന്നതും കണ്ടു സ്കൂൾ കെട്ടിടത്തിനടുത്തായി നിൽക്കുന്ന മരത്തിന് ചുറ്റും കെട്ടിയിരിക്കുന്ന തിട്ടയിലായി ഒരാൺകുട്ടി ഇരിക്കുന്നു. "ഹാവൂ... സമാധാനം ആയി. ഒരാളെങ്കിലുമുണ്ടല്ലോ.. ഇവനേതാ.. ഞാൻ കണ്ടിട്ടില്ലല്ലോ ഇതിന് മുന്നേ " അവനെ നോക്കി അവൾ മനസ്സിൽ പറഞ്ഞു.അവന്റെ മുന്നിലൂടെ വേണം അകത്തേക്ക് കയറാൻ.അവനിലേക്കടുക്കും തോറും ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ. ശ്രദ്ധ കൊടുക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കണ്ണുകൾ അനുസരണ ഇല്ലാതെ അവനിലേക്ക് പാഞ്ഞു. കണ്ണിമ വെട്ടാതെ അവളെ നോക്കുന്നവനെ കണ്ടതും പെട്ടെന്നുതന്നെ അവനിൽ കുടുങ്ങി കിടന്ന മിഴികളെയവൾ പിൻവലിച്ചു. "ഇവനെന്തിനാ ദൈവമേ എന്നെ നോക്കുന്നെ..

.ഇപ്പോഴും നോക്കുന്നുണ്ടാവോ. അതോ മാറ്റിക്കാണോ.. നോക്കിയാലോ അങ്ങോട്ട്. നൈസ് ആയിട്ട് നോക്കാം." ഒന്നും അറിയാത്തകുട്ടിയെപ്പോലെ ചുറ്റും നോക്കി. അതിനിടയിൽ ഒളിക്കണ്ണിട്ട് അവനെയും. അവനപ്പോഴും നോട്ടം മാറ്റിയിട്ടില്ല. ഹൃദയമിപ്പോൾ മിടിക്കുന്നത് അവന് വേണ്ടിയെന്നവൾക്ക് തോന്നിപോയി. അനുസരണയില്ലാതെ കണ്ണുകൾ അവനെ തേടി പോയി. ഇതുവരെ ഇല്ലാത്തൊരനുഭവം ആയിരുന്നു അവൾക്കിത്. അവനിലേക്കിടയ്ക്കിടെ പായുന്ന മിഴികളെ പ്രയാസപ്പെട്ട് തടഞ്ഞുവെച്ചുകൊണ്ടവൾ സ്കൂളിനകത്തേക്ക് കയറി.തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു ക്ലാസ്സിലേക്ക്.ക്ലാസ്സിലപ്പോഴും അധികം കുട്ടികൾ വന്നിട്ടില്ല.സ്വന്തം സീറ്റിൽ ഇരിക്കുമ്പോഴും മനസ്സിൽ അവനായിരുന്നു. അവന്റെ നോട്ടം.ഹൃദയമപ്പോഴും മിടിക്കുന്നുണ്ട്. വെറുതെയൊന്ന് ക്ലാസിനു പുറത്തേക്ക് നോക്കി. പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവനെ കണ്ടതും പഴയതിനേക്കാൾ പതിന്മടങ്ങായി ഹൃദതാളം ഉയർന്നു. ചിരിയോടെയവൾ മുഖം കുനിച്ചിരുന്നു. അല്പം കഴിഞ്ഞതും തോളിൽ ആരുടെയോ കരസ്പർശം.ദക്ഷയുടെ കൈകൾ തണുത്തു വിറച്ചു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...