ദയാ ദുർഗ: ഭാഗം 21

 

എഴുത്തുകാരി: നിമ സുരേഷ്‌

""രവീന്ദ്രൻ വിഷമിക്കണ്ട..... നാളത്തെ ചടങ്ങ് നടക്കട്ടെ.... ഗോപു ഇവിടേക്ക് വരാതെ ഞാൻ നോക്കിക്കോളാം.... തന്റെ മക്കൾടെ ജീവിതത്തിന് ന്റെ മോളൊരിക്കലും ഒരു തടസ്സമാവില്ല..... അത് ഞാൻ ഉറപ്പ് തരാം....."" രവീന്ദ്രനെ തുടരാൻ സമ്മതിക്കാതെ ശേഖരൻ ഉറപ്പോടെ പറഞ്ഞു നിർത്തി.... ""നാളെ ഗോപു മോളെ ഇവിടെ നിന്നൊന്ന് മാറ്റി നിർത്തിയാൽ......മോളെ മാത്രല്ല... കൂടെയുള്ള ആ രണ്ട് കുട്ടികളെയും...""" ""മ്മ്മ്... ഞാൻ നോക്കിക്കോളാം....."" രവീന്ദ്രന്റെ മനം സന്തോഷം കൊണ്ട് മതിമറന്നു.... കാര്യങ്ങളെല്ലാം താൻ വിചാരിച്ചിടത്ത് തന്നെ എത്തി നിൽക്കുന്നു... തടസ്സങ്ങൾ ഓരോന്നായി നീങ്ങുന്നു.... അയാൾ ശേഖരനെ നോക്കി ഒന്ന് പുഞ്ചിരിച്ച് തിരികെ നടന്നു.... തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി വിജയിച്ചതിന്റെ പരമാനന്ദത്തിൽ..... 🌼🌼🌼🌼 ""അച്ഛനിതെന്താ പറ്റിയത്....?? മുന്നീന്ന് മാറിക്കെ...... വാതിൽ തുറക്കട്ടെ ഞാൻ... എനിക്ക് ദച്ചൂനെ കാണണം....."" ഗോപിക ശഠിച്ചു കൊണ്ട് തന്റെ അച്ഛനെ നോക്കി.അവൾക്ക് പുറകിലായി ശ്രീറാമും , കൈലാസ്സും , ശരണുമടക്കമെല്ലാവരും കാര്യമറിയാതെ നിന്നു.... ""നീ ഇപ്പൊ അവളെ കാണണ്ട......""

കടുപ്പിച്ച് പറഞ്ഞയാൾ താൻ കൊട്ടിയടച്ച വാതിലിന് മീതേക്ക് ചാരി... എല്ലാവരും അയാളുടെ പ്രവർത്തി കണ്ട് അമ്പരപ്പോടെ തമ്മിൽ നോക്കി.... ഗോപുവിന് വല്ലാത്ത ദേഷ്യം വരികയുണ്ടായി.... ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അരിശത്തെ നിയന്ത്രിച്ചു കൊണ്ടവൾ അല്പം കൂടി അച്ഛന് മുമ്പിലേക്ക് നീങ്ങി നിന്നു ... ""അവിടെയെന്താ നടക്കുന്നത്???"" ശബ്ദം താഴ്ത്തി കടുപ്പത്തിൽ തന്നെ ചോദിച്ചു ഗോപിക.... ""അത് എന്ത് തന്നെയായാലും നമ്മളിടപ്പെടേണ്ട കാര്യമില്ല......."" ""അത് അച്ഛനാണോ തീരുമാനിക്കുന്നത്??"" ഗോപികയുടെ മുറുകിയ ശബ്ദം ഉച്ചത്തിലായി..... സ്വന്തം മകൾ നേർക്ക് നേർ നിന്ന് തന്നെ ചോദ്യം ചെയ്യുന്നത് പോലെ തോന്നി ശേഖരന്..... ""നീ എന്നെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ??? ഹേ.....??"" വാക്ക്പോരുകൾ തുടർന്നു കൊണ്ടിരുന്നു .... ശ്രീറാം ഗോപികയെ തന്നെ ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു.... ഒടുവിലവൾ ആസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ അവനവളെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു ....... അവളുടെ കൈവിരലുകൾ തണുത്ത് വിറച്ച് തുടങ്ങിയിരുന്നു....

. ശ്വാസമെടുക്കാനാകാതെ അവൾ പ്രയാസപ്പെടുന്നത് കണ്ട് ശ്രീറാം ഗോപുവിന്റെ മുതുകിൽ പതിയെ തലോടി കൊടുത്തു..... മഹാലക്ഷ്മി ധൃതിയിൽ വന്നവളെ ചേർത്തു പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി..... ശ്രീറാം ശേഖരനെ നോക്കി ,..അവന്റെ മുഖം തീർത്തും ശാന്തമായിരുന്നെങ്കിലും ശേഖരന് നേരെ നീണ്ട മിഴികൾ കോപത്താൽ ജ്വലിക്കുന്നുണ്ടായിരുന്നു... ""എന്താ ശേഖരങ്കിൾ പ്രശ്നം ......??"" സൗമ്യമായിരുന്നു അവന്റെ ശബ്ദം.... പക്ഷേ കണ്ണുകൾ വല്ലാത്ത രൂക്ഷതയോടെ ശേഖരന് നേരെ കൂർത്തു ... അത് താൻ ഗോപികയോട് തർക്കിച്ചതിനാണെന്ന് ശേഖരന് മനസ്സിലാവുകയും ചെയ്തു ... ""എന്താ ശേഖരാ ഇതൊക്കെ ?? മോൾക്ക് വയ്യാത്തതാണെന്ന് തനിക്കറിയില്ലേ......,?? അവളെ കൂടുതൽ സ്‌ട്രെയിൻ ചെയ്യിപ്പിക്കരുതെന്ന് ഡോക്ടർ പറഞ്ഞത് താൻ മറന്ന് പോയോ???"" ""ഒന്നും ഓർമ്മയില്ലാഞ്ഞിട്ടല്ല ഉദയാ..... അവിടെ ദച്ചു മോൾക്കൊരു വിവാഹാലോചന നടന്നോണ്ടിരിക്ക്യാ.... ഗോപു ഇപ്പൊ അങ്ങട് ചെന്നാൽ ഒന്നും രണ്ടും പറഞ്ഞ് അവിടെയൊരു വഴക്ക് തുടങ്ങി വയ്ക്കും..... രവിയാ എന്നോട് ഇന്നലെ ........""" പറഞ്ഞു തീരും മുമ്പേ കൊടുങ്കാറ്റ് കണക്കെ ഗോപിക പാഞ്ഞെത്തി ശേഖരനെ തള്ളി മാറ്റി വാതിൽ തുറന്ന് പുറത്തേക്ക് ഓടിയിരുന്നു .... 🌼🌼🌼🌼

""ഇതുവരെ കഴിഞ്ഞില്ലെടി നിന്റെ ഒരുക്കം??"" മുറിയിലേക്ക് കയറിയ സാവിത്രി ദയക്ക് നേരെയായി ആക്രോശിച്ചു.... കവിളിണകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളെ വലത് കൈവെള്ളയാൽ അമർത്തി തുടച്ചവൾ സാവിത്രിയെ നോക്കി തലയാട്ടി...... ""ഇങ്ങോട്ടിറങ്ങി വാ... അവര് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരായി ....."" ദയ അനുസരണയോടെ സാവിത്രിക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു... മൂന്ന് ചായ കപ്പുകളടങ്ങിയ ട്രേ അവളുടെ കയ്യിലേക്ക് നൽകി സാവിത്രി ദയയെ മുന്നോട്ട് തള്ളി.... ""പോയി കൊടുത്തിട്ട് വാടി ജന്തു... "" അവർ ശബ്ദം താഴ്ത്തി മുറുമുറുത്തു... വിറയ്ക്കുന്ന ചുവടുകളോടെയവൾ ഇടനാഴിയും കടന്ന് ഉമ്മറ കോലായിലിരിക്കുന്നവർക്ക് മുന്നിലായി ചെന്ന് നിന്നു.. 'കാലിന്റെ വിറയൽ ദേഹത്തേക്കും പടർന്നു തുടങ്ങിയിരുന്നു..... അതിനാൽ ആരെയും തലയുയർത്തി നോക്കാൻ മുതിർന്നില്ല..... എല്ലാം വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഇറങ്ങിയോടിയാലോ എന്നൊരു വേള ചിന്തിച്ചു... ഓടിയാലും എത്ര ദൂരം....!!! ചിന്തയോടെ നിൽക്കുമ്പോഴേക്കും കയ്യിലെ കപ്പുകളടങ്ങിയ ട്രെ വായുവിൽ ഉയർന്നു താഴ്ന്നു..അവ ചിന്നി ചിതറുന്ന ശബ്ദത്തിനേക്കാളേറെ കാതിൽ മുഴങ്ങി കേട്ടത് ആരുടെയോ അതി വേഗത്തിലുള്ള ശ്വാസ നിശ്വാസങ്ങളാണ്....

ദയ ഉടനെ മിഴികളുയർത്തി നോക്കി..... മുന്നിൽ അണച്ച് കൊണ്ട് ഗോപിക നിൽക്കുന്നു... ""എന്തതിക്രമാ കുട്ടി നീയീ കാണിച്ചത്??"" പ്രഭാകരവർമ്മയുടെ ഗൗരവമേറിയ ചോദ്യത്തെയവൾ മനപ്പൂർവ്വം ഗൗനിച്ചില്ല... ഓടി ചെന്ന് രവീന്ദ്രന്റെ ജുബ്ബയുടെ കോളറിൽ കുത്തിപ്പിടിച്ചുലച്ച് അലറി... ""ഈ പാവത്തിനെ ഉപദ്രവിച്ച് തനിക്കിനിയും മതിയായില്ല അല്ലെടോ.... ഞാൻ ഒന്നും അറിയില്ലാന്ന് കരുതിയോ......"" രവീന്ദ്രനാകെ വിരണ്ട് പോയി...ഗോപികയുടെ പെരുമാറ്റം കണ്ട് കൂടെയുള്ളവരും ഭയപ്പെട്ടു..... ""ഇപ്പൊ ഇറങ്ങിക്കോളണം ഇവിടെ നിന്നെല്ലാവരും.... എന്റെ ഏട്ടന്റെ പെണ്ണാ അവള്....."" ദയക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു നിർത്തിയപ്പോഴേക്കും അവൾ തളർന്നു തുടങ്ങിയിരുന്നു.... വന്ന മൂന്ന് പേരും രവീന്ദ്രനെ തറപ്പിച്ചൊന്ന് നോക്കി അവിടെ നിന്നും ഇറങ്ങി പോയി....... ""മാറെടി അങ്ങോട്ട്....എന്റെ അച്ഛന്റെ ദേഹത്ത് കൈ വയ്ക്കാൻ മാത്രം ആയിട്ടില്ല നീ....."" ഗോപികയെ പിടിച്ചു മാറ്റി സിദ്ധാർഥ് രവീന്ദ്രന് മുന്നിൽ കയറി നിന്ന് ഉറക്കെ അട്ടഹസിച്ചു .... അച്ഛനോടുള്ള അമിതമായ സ്നേഹവും , ബഹുമാനവും അവനിൽ കോപാഗ്നിയായി ആളി പടരുന്നുണ്ടായിരുന്നു...... ""ഇയാൾടെ ദേഹത്ത് കൈ വയ്ക്കുന്നവരുടെ കൈ നാറും.....""

തളർച്ചയിലും ഗോപികയ്ക്ക് വിട്ട് കൊടുക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല... സിദ്ധാർഥിന് തന്റെ മനോബലം നഷ്ടപ്പെട്ടു..... ഗോപികയ്ക്ക് നേരെ അവന്റെ വലത് കൈ ഉയർന്നു... അപ്പോഴേക്കും ഗോപികയ്ക്കൊരു രക്ഷാകവചമായി ദയ മുന്നിൽ കയറി നിന്നവളെ പൊതിഞ്ഞു പിടിച്ചു ..... തനിക്ക് നൊന്താലും അവൾ ഒരു തരിമ്പ് പോലും വേദനിക്കരുതെന്നവൾ അത്രമേൽ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.... സിദ്ധാർഥിന്റെ കൈ തലം ലക്ഷ്യം തെറ്റി ദയയുടെ കവിളിനെ ചുട്ട് പൊള്ളിച്ചു....... തനിക്ക് മുന്നിൽ ദയ‌യെ കണ്ടതും സിദ്ധാർഥിന്റെ ശൗര്യമൊന്ന് കൂടെ വർധിച്ചു.... തൽഫലമായി ഒരിക്കൽ കൂടി അവന്റെ കൈ തലം ശക്തിയിൽ ദയയുടെ ഇടത്ത് കവിളിൽ പതിച്ചു .... അടിയേറ്റ ആഘാതത്തിലവൾ നിലത്തേക്ക് മറിഞ്ഞു വീണു..... ആ കാഴ്ച്ച കണ്ടു കൊണ്ടാണ് ശ്രീറാമും ബാക്കിയുള്ളവരും തറവാട്ടിലേക്കെത്തിയത്...... ""താനെന്താടോ ഈ കാണിച്ചത്??"" ശ്രീറാം ദയയെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടയിൽ ശരൺ കൈലാസിനോട്‌ കയർത്തു...... ""ഇയാള് ഇതിലിടപ്പെടണ്ട... ഇത് ഞങ്ങളുടെ കുടുംബകാര്യമാണ്...."" സിദ്ധാർഥ് തുറന്നടിച്ചു.... മറുപടിയായി ശരണെന്തോ പറയാനൊരുങ്ങിയപ്പോഴേക്കും ശ്രീറാമിന്റെ കണ്ണുകളവനെ വിലക്കി ...

""ഈ നാശം പിടിച്ചവള് കാരണം കുടുംബങ്ങള് തമ്മിൽ തെറ്റേണ്ട ഗതികേടായല്ലോ ഭഗവാനെ.... നീ പുഴുത്ത് ചാവുമെടി അസത്തെ....."" മുറപോലെ സാവിത്രി ദയയുടെ മേൽ ശാപവാക്കുകൾ വർഷിച്ചു തുടങ്ങി.... ദയയൊന്ന് ഏങ്ങി പോയി..... അവളുടെ സങ്കടമറിഞ്ഞപ്പോൽ ശ്രീറാമവളെ തന്റെ നെഞ്ചോടമർത്തി പിടിച്ചു....... അല്പനേരത്തേക്ക് ചുറ്റും നിശബ്ദത പടർന്നു..... അവയെ മറികടന്ന് ഗോപിക സംസാരിച്ചു തുടങ്ങി..... ""ഇനി ദച്ചുവിന് വേണ്ടി ഇവിടെ ആരും വിവാഹമാലോചിക്കണ്ട.... ഏട്ടാ പറയ്.... എല്ലാവരും കേൾക്കെ പറയ് നിനക്കവളെ ഇഷ്ടമാണെന്ന്......"" ആദ്യത്തെ വാചകം എല്ലാവരെ നോക്കിയും , അടുത്തത് കൈലാസിനെ മാത്രം നോക്കിയും ഗോപിക പറഞ്ഞു നിർത്തി....... അപ്രതീക്ഷിതമായതിനാൽ കൈലാസ് പതറി. അവന്റെ കണ്ണുകൾ ദയയെ വലയം ചെയ്തു... അവളാകെ പരിഭ്രമത്തിലാണെന്ന് തോന്നി അവന്...അതിനുമപ്പുറം അവൾ ശ്രീറാമിനോട്‌ ചേർന്നാണ് നിൽക്കുന്നതെന്ന വസ്തുത അവനെ വീണ്ടും ചൊടിപ്പിച്ചു..... ""നിനക്ക് ദച്ചൂനെ ഇഷ്ടമാണോ?? ആണെങ്കിൽ തുറന്ന് പറഞ്ഞോ... അച്ഛന് സന്തോഷമേ ഉള്ളൂ...."" ശേഖരൻ നിറഞ്ഞ മനസ്സോടെ , പ്രതീക്ഷയോടെ ഉത്തരത്തിനായി കൈലാസിന് നേരെ മിഴികളെയ്തു.... മറുപടിയായി അവന്റെ തല നിഷേധാർത്ഥത്തിൽ ചലിച്ചു..... ഗോപിക നടുങ്ങി പോയി... ശരണും..!! ""ഏട്ടാ.. പറ.... നിനക്കവളെ ഇഷ്ടമല്ലേ...എന്നോട് പറഞ്ഞിട്ടില്ലേ നീ... അവളെ ഇഷ്ടമാണെന്ന്.... അവൾക്ക് ആശ കൊടുത്തിട്ട്....""

""ആര് ആശ കൊടുത്തു......?? ഞാനോ?? ഞാനവളോടൊന്ന് ഓപ്പൺ ആയി സംസാരിക്കുന്നതെങ്കിലും നീ കണ്ടിട്ടുണ്ടോ??അവളെ കണ്ടപ്പോ എനിക്കൊരിഷ്ടം തോന്നി എന്നുള്ളത് സത്യമാണ്..അത് ഞാൻ പറഞ്ഞു...അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നുമില്ല.....ഒന്നും..... കൈലാസ് അറുത്ത് മുറിച്ചു പറഞ്ഞു.... ദയക്കതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല... ഒരിക്കലും അവൾ കൈലാസിനെ മോഹിച്ചിട്ടില്ല... സ്നേഹിച്ചിട്ടില്ല..... സ്വന്തം ജീവിതത്തോട് പോലും കൊതിയില്ലാത്തവൾക്കാണോ പ്രണയം!!! എന്നാൽ ഗോപികയുടെ അവസ്ഥ മറ്റൊന്നായിരുന്നു..... കൈലാസിനോടവൾക്ക് അടങ്ങാത്ത കലി തോന്നി.... ശരണിനും..... ""അല്ലെങ്കിലും ഞാൻ പറഞ്ഞതല്ലായിരുന്നോ കണ്ണേട്ടന് ഇവളോട് അങ്ങനെയൊരിഷ്ടമൊന്നും ഇല്ലെന്ന്..... കണ്ണിൽ കണ്ട ആണുങ്ങളുടെ കൂടെ നിരങ്ങുന്ന ഇവളെപോലൊരുത്തിയെ ആർക്കാ ഇഷ്ടപ്പെടാൻ കഴിയാ.....'" അവസരം മുതലെടുത്ത് സ്വാതി രംഗത്തിറങ്ങി..... ""എന്ത് പറഞ്ഞെടി നീ??... നിന്റെ സ്വഭാവം അവളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലുണ്ടല്ലോ... എന്നേക്കാൾ മുതിർന്നതാണ് നീയെന്നൊന്നും നോക്കില്ല... പലപ്പോഴായി ഓങ്ങി വച്ച കണക്ക് ഞാൻ ഒറ്റയടിക്കങ്ങ് തീർക്കും..."" ഗോപിക സ്വാതിക്ക് നേരെ വിരൽ ചൂണ്ടി നിന്ന് വിറച്ചു...

അവളുടെ ഭാവം കണ്ടെല്ലാവരും ഒരു വേള ഭയന്നു... ക്രോധത്താൽ അവളുടെ മുഖം സൂര്യനെ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.. ""ഗോപു.....നീ അതിര് കടക്കുന്നു.... സ്വാതിയുടെ നേരെ ഒച്ചയിടാൻ മാത്രം അവള് തെറ്റൊന്നും പറഞ്ഞില്ല..... ഞാൻ കണ്ടതാ ഒരിക്കൽ ഇവള് ശ്രീയേട്ടന്റെ ബെഡിൽ......"" ബാക്കി പറയുന്നതിന് മുമ്പേ ശരണിന്റെ വലത് കൈ കൈലാസിന്റെ കവിളിൽ പതിഞ്ഞിരുന്നു..... ""നിനക്ക് വിവരമില്ലെന്ന് പണ്ടേ എനിക്കറിയാം...എന്നാൽ ഇത്രത്തോളം വിഷം ഉള്ളിലുണ്ടെന്ന് അറിഞ്ഞില്ല...പക്ഷേ അതെന്റെ ഏട്ടന്റെ നേരെ ചീറ്റിയാൽ നിന്റെ നാവ് ഞാൻ പിഴിതെറിയും.....ഓർത്തോ..."" അത്ര മാത്രം പറഞ്ഞവൻ ആ വീട് വീട്ടിറങ്ങി പോയി..... എല്ലാവരും ശരണിന്റെ പ്രവർത്തിയിൽ അന്തിച്ചു നിൽക്കുമ്പോൾ ദയയും , ശ്രീറാമും കൈലാസിന്റെ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു... ഉള്ളിലുറഞ്ഞ് കൂടുന്ന നോവ് ഉടലാകെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിക്കുമ്പോൾ ഒന്ന് തേങ്ങാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല ദയക്ക് ..

ശ്രീറാമിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... ശരണിനെയും , കൈലാസിനെയും ഒരിക്കലുമവൻ വേറെയായി കണ്ടിട്ടില്ല .... ഇരുവർക്കും പക്വതയാകുന്നത് വരെ തന്റെ ഇടം വലം നിർത്തി ചേർത്ത് പിടിച്ച് കൊണ്ട് നടന്നതാണ്.... ഹൃദയം കൊണ്ട് അളവറ്റ് സ്നേഹിച്ചവനാണ് ഇന്ന് തനിക്ക് നേരെ അസ്ത്രങ്ങൾ തൊടുത്ത് വിട്ട് നിൽക്കുന്നത്.... ""മോനെ......"" മഹാലക്ഷ്മിയുടെ ശബ്ദമാണ് ശ്രീറാമിനെ ആലോചനകളിൽ നിന്നുമുണർത്തിയത്..... നോക്കുമ്പോൾ അവർ കണ്ണീരോടെ കൈലാസിന്റെ കവിളിൽ തഴുകുകയാണ്..... """നിങ്ങളെന്നെ തൊടണ്ട......"" മഹാലക്ഷ്മിയുടെ കൈ തലം തട്ടിയെറിഞ്ഞ് കൈലാസ് അവരെ വാശിയോടെ നോക്കി...... ""സഹധാപം കാണിക്കാൻ എന്റമ്മയൊന്നും അല്ലല്ലോ ......"" ആ മാതൃഹൃദയത്തെ വാക്കുകളാൽ ചവിട്ടിയരച്ചവൻ ആർക്കും മുഖം നൽകാതെ അകതളത്തിലേക്ക് കയറി പോയി...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...