ദയാ ദുർഗ: ഭാഗം 40

 

എഴുത്തുകാരി: നിമ സുരേഷ്‌

ഉമ്മറ വാതിൽക്കൽ , വാടിയ മുഖത്തോടെ നിൽക്കുന്ന ദയയെ നോക്കി പടികൾ ഇറങ്ങവേ ശ്രീറാമിന് വല്ലാത്ത വിഷമം തോന്നി ..... നെഞ്ചിൽ കനമേറിയതെന്തോ എടുത്ത് വച്ച പോലൊരു ഭാരം...... ഓരോ പടികളിറങ്ങുമ്പോഴും പിന്തിരിഞ്ഞ് നോക്കുന്ന തന്റെ ഏട്ടനെ അടക്കി പിടിച്ച ചിരിയോടെ കണ്ടു നിന്നു ശരൺ..... ദയയുടെ നിൽപ്പാണ് അവനെ കൂടുതൽ രസിപ്പിച്ചത്..... ഏറി പോയാൽ അഞ്ച് മണിക്കൂർ..അത് കഴിഞ്ഞാൽ ഏട്ടനിങ്ങ് തിരിച്ചെത്തും , പക്ഷെ അവളുടെ മട്ടും ഭാവവും കണ്ടാൽ ഏട്ടനെന്തോ വനവാസത്തിന് പോകുന്നത് പോലെയാണ്...... ഏട്ടന്റെ മുഖത്താണെങ്കിൽ ആദ്യമായി തന്റെ കുഞ്ഞിനെ സ്കൂൾ മുറ്റത്ത് കൊണ്ട് വിട്ട് തിരികെ പോകുമ്പോഴുണ്ടാകുന്ന സങ്കട ഭാവം....!! ""എന്റെ ഏട്ടാ ഒന്ന് പോകുവോ......"" കാറിനരികിൽ നിന്ന് ദയയെ നോക്കി താളം ചവിട്ടുന്ന ശ്രീറാമിനെ കണ്ട് ക്ഷമ നശിച്ച് ശരൺ പറഞ്ഞു.... അത് കേൾക്കെ മഹാലക്ഷ്മിയും , ശാന്തിയക്കയും അടക്കി ചിരിച്ചു.... ശ്രീറാം ശരണിന് നേരെ കണ്ണുരുട്ടി.... ദയയാകട്ടെ കൂർത്ത ചുണ്ടുകളോടെ ശരണിന് നേരെ തന്റെ പ്രതിഷേധം അറിയിക്കുകയാണ്..... ശരൺ ആശ്ചര്യപ്പെട്ടു പോയി.. ദുഃഖം സ്ഥായി ഭാവമാക്കിയിരുന്ന ഒരു പെൺകുട്ടി....അതായിരുന്നു ദയ..... ഒരു തമാശ പറഞ്ഞാൽ പോലും പ്രസന്നമാകാത്ത മുഖം....

സദാ സമയവും വിഷാദം തളം കെട്ടിയ മിഴികൾ..... വരണ്ടു പോയ അധരങ്ങൾ.... പക്ഷേ ഇന്നോ...!! അവൻ പുഞ്ചിരിയോടെ അവളെ നോക്കി...... പക്ഷേ ദയ മുഖം വെട്ടിച്ചു കളഞ്ഞു.... അത് കണ്ടവൻ പുഞ്ചിരിച്ചു... ശ്രീറാമിന്റെ കാർ മുറ്റത്തെ ഗേറ്റ് കടന്ന് ദൂരേക്കകന്നപ്പോൾ ദയയുടെ മിഴികൾ നനഞ്ഞു....... ശരൺ ചിരിയോടെ അവൾക്കരികിൽ ചെന്ന് നിന്ന് ദയയുടെ ചുമലിലൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു .. ""ഇങ്ങനെ സങ്കടപ്പെടാൻ മാത്രം ഇവിടെ ഒന്നുമുണ്ടായില്ലല്ലോ ദച്ചു.... ഏട്ടൻ അല്പം കഴിഞ്ഞാൽ ഇങ്ങ് തിരിച്ച് വരില്ലേ...."" വളരെ സൗമ്യമായി ശരൺ ദയയെ സമാധാനിപ്പിച്ചപ്പോൾ മറുപടിയായി അവളൊന്ന് തലയനക്കി.... പക്ഷേ കണ്ണുകളപ്പോഴും നിറഞ്ഞ് തന്നെയിരുന്നു..... പതിവിലും വിപരീതമായി അന്ന് സമയം ഇഴഞ്ഞ് നീങ്ങുന്നതായി തോന്നി ദയക്ക്... കുറേ നേരം ശാന്തിയക്കയ്ക്കും , മഹാലക്ഷ്മിക്കുമൊപ്പം അടുക്കളയിൽ ചിലവഴിച്ചും , ക്യാൻവാസിൽ എന്തൊക്കെയോ വരച്ച് തീർത്തും , മുത്തശ്ശനരികിൽ ചെന്നിരുന്നുമൊക്കെയവൾ സമയം തള്ളി നീക്കി.... അന്നുച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഉദയനും , ശേഖരനും തിരികെ വന്നപ്പോൾ അവർക്കൊപ്പം ശിവരാജും ഉണ്ടായിരുന്നു..... വർഷങ്ങളായുള്ള അവരുടെ ശീലമാണത്... എത്ര തിരക്കായാലും , ദൂരെയായാലും വീട്ടിൽ വന്നേ ഉച്ച ഭക്ഷണം കഴിക്കുകയുള്ളൂ....

ചിലപ്പോഴൊക്കെ ശിവരാജും ഉണ്ടാകും.. ഉദയന്റെയും , ശേഖരന്റെയും പാത പിന്തുടരുന്ന ശ്രീറാമിനും അമ്മയുണ്ടാക്കുന്ന വിഭവങ്ങളോടാണ് പ്രിയം...... പക്ഷേ ശരണും , കൈലാസ്സും, ഗോപുവും നേർ വിപരീതമാണ്.. ഹോട്ടൽ ഭക്ഷണമാണ് അവർക്കിഷ്ടം.... ശ്രീറാം സമ്മതിക്കില്ലെങ്കിലും അവസരം കിട്ടിയാൽ അവന്റെ കണ്ണ് വെട്ടിച്ച് മൂവരും പുറത്തേക്ക് ചാടും....!! ശിവരാജ് ഉള്ളതിനാൽ ദയ മനപ്പൂർവ്വം താഴേക്ക് ചെന്നില്ല... ഭക്ഷണം കഴിക്കാൻ ശരൺ വന്ന് വിളിച്ചെങ്കിലും അവൾ പോയില്ല.... കുറേ നേരം അക്ഷമയോടെ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നവൾ നേരെ ബാൽക്കണിയിലേക്കിറങ്ങി. അവിടെ നിന്നാൽ മുന്നിലെ വലിയ ഗേറ്റിനും , മതിൽക്കെട്ടിനുമപ്പുറത്തുള്ള റോഡ് കാണാം.... നല്ല മഴ കോളുണ്ട്.... എന്നാൽ രാവിലെ നല്ല വെയിലുണ്ടായിരുന്നെന്നവൾ ഓർത്തു... സമയം കടന്നു..... മൂന്ന് മണിയായപ്പോഴേക്കും ഗേറ്റിന് മുമ്പിൽ ശ്രീറാമിന്റെ കാറെത്തി... പുറം പണിക്ക് നിൽക്കുന്നയാൾ ഗേറ്റ് തുറക്കാൻ ഓടും മുന്നേ ദയ ബാൽക്കണിയിൽ നിന്നും പാഞ്ഞിരുന്നു.... ഹാളിലെ തീന്മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നവരെല്ലാം ഒരു വേള കഴിപ്പ് നിർത്തി നിശ്ചലരായി ദയയുടെ ഓട്ടം നോക്കിയിരുന്നു പോയി.... കാരണം , അത്രയും പേരവിടെ ഉണ്ടായിട്ടും അതിന്റെ യാതൊരു ശ്രദ്ധയും അവൾക്കുണ്ടായിരുന്നില്ല.....

ആരെയും വക വയ്ക്കാതെ ഓടി ചെന്നവൾ ഉമ്മറ വാതിലിനിടയിലേക്ക് മറഞ്ഞ് നിന്ന് തല ചെരിച്ച് പുറത്തേക്ക് നോട്ടമെറിഞ്ഞു... വേഗത്തിലുയർന്നു താഴുന്ന ദയയുടെ നിശ്വാസങ്ങൾ ഹാളിലിരിക്കുന്നവർക്ക് പോലും കേൾക്കാൻ പാകത്തിനുള്ളതായിരുന്നു.... അത്രയ്ക്ക് കിതച്ചിരുന്നു അവൾ.... "'ഏട്ടൻ വന്നിട്ടുണ്ടാവും....."" അന്താളിപ്പോടെ ഇരിക്കുന്ന എല്ലാവരെയും നോക്കി ശരൺ ചിരിയോടെ പറഞ്ഞു...... അത് കേൾക്കെ ശിവരാജ് ഒഴികെ ബാക്കി എല്ലാവരും വാതിൽക്കൽ ചാരി നിൽക്കുന്ന ദയയെ നോക്കി നിറഞ്ഞ് ചിരിച്ചു..... ""മോൾടെ പെരുമാറ്റത്തിലൊക്കെ നല്ല മാറ്റമുണ്ട്...അല്ലെ...??"" ഉദയൻ വളരെ സന്തോഷത്തോടെ മഹാലക്ഷ്മിയോടായി ചോദിച്ചു.... ""മാറിയിട്ടുണ്ട്... പക്ഷെ ഇപ്പോഴും നമ്മളോടൊക്കെ ഒന്നോ രണ്ടോ വാക്കേ ഉള്ളൂ...... ശ്രീയെ മതി അവൾക്ക്....അവനില്ലെങ്കിൽ ശാന്തിയെ ചുറ്റി പറ്റി നടക്കും...... എന്റടുക്കലേക്ക് വരാറില്ല......"" മഹാലക്ഷ്മി വിഷമത്തോടെ പറഞ്ഞത് കേട്ട് ശരൺ കുലുങ്ങി ചിരിച്ചു.... ""ശാന്തിയക്ക സൂക്ഷിച്ചോ...... മഹിയമ്മയ്ക്ക് ഒരു പൊടിക്ക് കുശുമ്പില്ലാതില്ല..."" എല്ലാവരും മന്ദഹസിച്ചു.... ശിവരാജിന് വല്യ താത്പര്യം തോന്നിയില്ലെങ്കിലും അവരെയൊക്കെ ബോധിപ്പിക്കാനായി അയാളും വെറുതെയൊന്ന് ചിരിച്ചു കൊടുത്തു....

ശരണിന് നേരെ ആദ്യം കണ്ണുരുട്ടിയ മഹാലക്ഷ്മി പിന്നീടവർക്കൊപ്പമാ ചിരിയിൽ പങ്ക് ചേർന്നു.... കാർ , പോർച്ചിലേക്ക് നിർത്തി ധൃതി പിടിച്ച് സീറ്റ്‌ ബെൽറ്റ്‌ വലിച്ചൂരുന്ന ശ്രീറാമിനെ അഞ്ജലി ആകെ തുകയൊന്ന് നോക്കി... റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിയത് മുതൽ അവനീ വെപ്രാളമുണ്ട്... എപ്പോഴും വേഗത കുറച്ച് വളരെ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നവനാണ് ശ്രീറാം.... പക്ഷേ ഇന്നത്തെ ഡ്രൈവിങ്ങിൽ പോലും വല്ലാത്ത വ്യഗ്രതയായിരുന്നു .... ഇടയ്ക്ക് ടൗണിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ വാങ്ങിയിരുന്നു.... അതെന്താ എന്ന് ചോദിച്ചപ്പോൾ ഒന്ന് കണ്ണടച്ച് കാണിച്ച് ചിരിച്ചു.. അതിനപ്പുറം ഒരക്ഷരം തന്നോടവൻ മിണ്ടിയിട്ടില്ലെന്ന് അഞ്ജലി ഓർത്തു... ഡോർ തുറക്കാൻ വലത് വശത്തേക്ക് തല ചെരിച്ചപ്പോൾ ശ്രീറാം കണ്ടു വാതിൽ കട്ടിളയിൽ പിടിച്ച് നിൽക്കുന്ന ദയയെ..... അവനറിയാതെ തന്നെ ചുണ്ടുകളൊന്ന് വിടർന്നു...... ""റാം ഇറങ്ങുന്നില്ലേ??"" കാറിൽ തന്നെയിരിക്കുന്നവനെ നോക്കി അഞ്ജലി ചോദിച്ചു..... വാതിൽക്കൽ നിൽക്കുന്ന ദയയെ അവൾ ശ്രദ്ധിച്ചിരുന്നില്ല.... ദയയിൽ മുഴുകി ലയിച്ച് പോയ അവന്റെ ബുദ്ധിയും , ശരീരവും ഞെട്ടലോടെ ഉണർന്നു... ""ഏഹ്...!!! ആഹ്.... യെസ്... യെസ്..."" വാക്കുകൾ പെറുക്കി കൂട്ടി മറുപടി പറഞ്ഞിറങ്ങുന്നവനെ പിന്നെയും സംശയത്തോടെ നോക്കി അഞ്‌ജലിയും ഇറങ്ങി......

മിഴികളിൽ ശ്രീറാമിന്റെ രൂപം മുഴുവനായും നിറഞ്ഞ നിമിഷം വാതിൽ കടന്ന് ദയ മുന്നോട്ട് ചലിച്ചു...... വല്ലാത്തൊരാവേശത്തോടെ.... തനിക്കരികിലേക്ക് നടന്നടുക്കുന്നവളെ നോക്കി ശ്രീറാം സ്നേഹത്തോടെ പുഞ്ചിരി തൂകി .... തിരികെ അവളും.... ദയ അരികിലെത്തിയ നിമിഷം ശ്രീറാമിന്റെ കൈകൾ അവളിലേക്ക് നീണ്ടു.... ഒരു കുഞ്ഞിനെ പോലെ അവളെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ തന്റെ ഹൃദയത്തിലുറപ്പൊട്ടുന്ന സ്നേഹത്തിൽ കലരുന്നത് പ്രണയമാണോ ,വാത്സല്യമാണോ , അതോ അവളോടുള്ള കരുതലാണോ എന്ന് വേർതിരിച്ചറിയാൻ അവന് സാധിക്കുന്നുണ്ടായില്ല... പക്ഷേ... ഒരു നിമിഷം പോലും അവളില്ലായ്മയെ അതിജീവിക്കാൻ തനിക്ക് കഴിയില്ലെന്ന് ദയയെ പോലെ അവനും ബോധ്യപ്പെട്ടിരുന്നു....... അത് അവളോടുള്ള പ്രണയമാണെന്ന് അവനറിയാം.... വളരെ വ്യക്തമായി തന്നെ അറിയാം.... ദയയുമായി അകത്തേക്ക് കയറാനൊരുങ്ങും മുമ്പേ ശ്രീറാം പിന്തിരിഞ്ഞ് അഞ്ജലിയെ നോക്കി.... അവളപ്പോഴും ഉമ്മറ പടിയിൽ ഇരുവരെയും നോക്കി നിൽക്കുകയാണ്..... ശ്രീറാം ദയയുമായി ഇടപെടുന്ന ഓരോ വേളകളും അഞ്ജലിയെ അത്ഭുതപ്പെടുത്തുന്നുണ്ടായി.... ഗോപികയോടല്ലാതെ ഇതുവരെ ആരോടും ശ്രീറാമിത്രമാത്രം അടുത്തിടപഴകി കണ്ടിട്ടില്ല....

തന്നോട് പോലും വ്യക്തിപരമായൊരകലം അവൻ പാലിക്കാറുണ്ട്...പല കാര്യങ്ങളിലും...... ""താനെന്താ അവിടെ നിൽക്കുന്നത്??വാടോ......"" അവൻ അഞ്ജലിയെ വിളിച്ചു...... അഞ്ജലി ശ്രീറാമിനെ ഒന്ന് നോക്കി.. പിന്നീട് അവനോട്‌ ചേർന്ന് നിൽക്കുന്ന ദയയെയും..... അഞ്ജലിയുടെ മുഖത്ത് ചെറിയൊരു ഇഷ്ടക്കേട് തെളിയുന്നത് ദയ ശ്രദ്ധിച്ചു.... അവൾക്കിപ്പോഴും ശ്രീയേട്ടനെ ഇഷ്ടമായിരിക്കണം....!!! ദയയുടെ മനസ്സ് പറഞ്ഞു..... ശ്രീറാമിൽ നിന്നും അകന്ന് നിൽക്കുന്നതിന് പകരം അവളൊന്ന് കൂടെ അവനോട് ഒട്ടി.... അതവളുടെ സ്വാർത്ഥതയാണ്.... ശ്രീറാമിന്ന് ദയയുടെ ഏറ്റവും വലിയ സ്വാർത്ഥതയാണ് .... അവളുടെ ആദ്യത്തെയും , അവസാനത്തെയും സ്വാർത്ഥത..... ദയയുടെ ആ പ്രവർത്തി ശ്രീറാമിന് മനസ്സിലായില്ലെങ്കിലും അഞ്ജലിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.... ഒരു പെണ്ണിന് മറ്റൊരു പെണ്ണിന്റെ എല്ലാ ചേഷ്ടകളും വളരെ പെട്ടന്ന് തന്നെ പിടിച്ചെടുക്കാൻ സാധിക്കും.... അത് സ്നേഹിക്കുന്ന പുരുഷന്റെ കാര്യത്തിലാകുമ്പോൾ അല്പം കൂടി വേഗത്തിലാവും.... 🌼🌼🌼🌼 ""ഇതൊക്കെ എന്താ??"' തന്റെ മുറിയിലെ മര കസേരയ്ക്ക് മുകളിൽ ശ്രീറാം അടുക്കി വച്ച കവറുകളിലേക്ക് വിരൽ ചൂണ്ടി ദയ ചോദിച്ചു..... ""തുറന്ന് നോക്ക്...."" അല്പം മടിയോടെ അവൾ ആദ്യത്തെ കവർ കയ്യിലെടുത്ത് തുറന്ന് നോക്കി.... അതിലെ ജ്വല്ലറി ബോക്സ്‌ കണ്ടവൾ കണ്ണും മിഴിച്ച് നിന്നു.... ആ ബോക്സ്‌ തുറക്കാതെ ഉടനടിയവൾ തിരികെ യഥാ സ്ഥാനത്ത് വച്ച് ശ്രീറാമിനെ അമ്പരന്ന് നോക്കി .....

""ഇങ്ങനെ കണ്ണുരുട്ടണ്ട....അത് തനിക്കുള്ളത് തന്നെയാ...."" അവൻ ചിരിയോടെ പറഞ്ഞു.... ""എനിക്ക്.... എനിക്കിതൊന്നും...."" ബാക്കി പറയാതെയവൾ പരിഭ്രമത്തോടെ ഇരുവശത്തേക്കും തല ചലിപ്പിച്ചു ..... അത് നേരത്തെ പ്രതീക്ഷിച്ചതിനാലാവണം ശ്രീറാമിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവപകർച്ചയൊന്നും ഉണ്ടായില്ല.... കൈ നീട്ടി ആഭരണപ്പെട്ടിയെടുത്ത് തുറന്നവൻ അവൾക്കായി വാങ്ങിച്ച സ്വർണ്ണ മാല പുറത്തെടുത്തു... നന്നേ നേർത്തൊരു നീളമുള്ള ചെയിനായിരുന്നു അത്..... ദയയുടെ കണ്ണുകൾ മിഴിഞ്ഞു...... അർഹിക്കാത്തതാണതെന്ന് അവളുടെ ഹൃദയം അലമുറയിട്ടു...... ഇനിയും വറ്റിയിട്ടില്ലാത്ത ആത്മാഭിമാനത്തിന്റെയാകാം അത് സ്വീകരിക്കാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല..... ദയ ചുവടുകൾ പിന്നോക്കം നീക്കുമ്പോൾ ശ്രീറാം പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നടുത്തു.... ഒടുക്കം ഇനിയൊരിഞ്ച് പോലും അനങ്ങാൻ സാധിക്കാത്ത തരത്തിൽ അവൾ മുറിയിലെ ഗ്ലാസ്സ് ഡോറിൽ തട്ടി നിന്നു..... അവളിൽ നിന്നൊരു നിശ്ചിത അകലത്തിൽ ശ്രീറാമും......... ""ആ ചരട് മാറ്റി ഇതിട് ദുർഗ്ഗ""........ അവളുടെ കഴുത്തിലെ നിറം മങ്ങിയ ചുവപ്പ് ചരടിലേക്ക് കണ്ണ് കാണിച്ച് ശ്രീറാം പറഞ്ഞു..... ""ഇ... ഇല്ല... ഇത് അമ്മ കെട്ടി തന്നതാ... ഇത് ഞാൻ ഊരില്ല.......'"'

ദയ കഴുത്തിലെ ചരടിൽ മുറുകെ പിടിച്ചു.... അവളുടെ വാക്കുകളിലുണ്ടായിരുന്നു ശാന്തിയക്കയോടുള്ള അതിരറ്റ സ്നേഹവും, ബഹുമാനവും... ""എങ്കിൽ ശരി മാറ്റണ്ട.... അതിന്റെ കൂടെ ഇതിടാലോ......"" ""വേണ്ട....."" അവൾ നിഷേധിച്ചപ്പോൾ ശ്രീറാമിന്റെ മുഖം ചുളിഞ്ഞു..... ""ഞാൻ അത്രമാത്രം ആഗ്രഹത്തോടെ വാങ്ങിയതാ ദുർഗ്ഗാ....'" ശ്രീറാമിന്റെ വിഷമതയോടെ ദയയെ നോക്കി...... ""എനിക്ക് സ്വർണ്ണമൊന്നും വേണ്ട ശ്രീയേട്ടാ....... ഇവിടെ ഇപ്പൊ ഉള്ള സൗകര്യങ്ങൾ പോലും ഞാൻ ആഗ്രഹിക്കുന്നതിലും മുകളിലാണ്......."" ""എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ദുർഗ്ഗ.... ഇങ്ങടുത്ത് വാ ഞാനിതിട്ട് തരാം....."" തന്റെ സ്വരം സൗമ്യമാക്കാൻ പരമാവധി ശ്രദ്ധിച്ചു ശ്രീറാം.... എങ്ങനെയൊക്കെ പറഞ്ഞിട്ടും ദയ അടുക്കുന്നില്ലെന്ന് കണ്ടപ്പോൾ അവനിൽ ദേഷ്യവും , വിഷമവും ഒരുപോലെ പതഞ്ഞ് പൊന്തി.... ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചവൻ അവളിൽ നിന്നും പിന്തിരിഞ്ഞു.... ദയക്കത് വിഷമമായി..... അവൻ വഴക്ക് പറയുന്നത് അവൾ സഹിക്കും.... പക്ഷേ അവഗണന..!! അത് മാത്രം താങ്ങാൻ കഴിയില്ല....

വേഗത്തിൽ നടന്നവൾ ശ്രീറാമിന്റെ തൊട്ട് മുന്നിൽ തടസ്സമായി നിന്നു.... ""പിണങ്ങി പോവാ??"" തന്റെ മുഖത്തേക്ക് നോക്കാതെ അകലേക്കെങ്ങോ നോട്ടമെയ്ത് നിൽക്കുന്ന ശ്രീറാമിനോടായി അവൾ ചോദിച്ചു... അവൻ പരിഭവത്തോടെ ചുണ്ടൊരു വശത്തേക്ക് കോട്ടി...... അപ്പോഴും അവന്റെ ദുർഗ്ഗയെ നോക്കിയില്ല.... വെറുതെ പോലും..... ""എ.. എനിക്കിതൊന്നും ഇട്ട് ശീലമില്ല.... ആരെങ്കിലും ചോദിച്ചാൽ... ഞാൻ.. ഞാൻ എന്താ പറയാ.....??"" അവൾ തന്റെ ആശങ്ക പ്രകടിപ്പിച്ചു... ""ഇവിടെ ആരും നിന്നെ ചോദ്യം ചെയ്യാൻ വരില്ല ദുർഗ്ഗ...... ഇനി ആരെങ്കിലും വന്നാൽ ശ്രീയേട്ടൻ വാങ്ങി തന്നതാണെന്ന് ഉറപ്പിച്ച് പറഞ്ഞോ...... ബാക്കി ഞാൻ നോക്കിക്കോളാം..... "'' ആ വീട്ടിലാരും അവളെ ചോദ്യം ചെയ്യില്ലെന്നവനത്രമേൽ ഉറപ്പുണ്ടായിരുന്നു... മാലയുടെ കൊളുത്തൊന്ന് കൂടെ മുറുക്കി ദയയുടെ തല വഴി അതിട്ടു കൊടുത്തു ശ്രീറാം..... ദയ അപ്പോഴും രണ്ട് മനസ്സുമായി നിൽക്കുകയായിരുന്നു.... ഇത്രയും വിലപിടിപ്പുള്ള ഒന്ന് സ്വീകരിക്കാൻ പ്രയാസവും , ശ്രീറാമിനെ നിന്ദിക്കാനുള്ള വൈമനസ്യവും ഒരുപോലെ അവളെ വലച്ചു.....

""ഇങ്ങനെ ചിന്തിച്ച് ഈ കുഞ്ഞി തല പുകയ്ക്കല്ലേ ദുർഗ്ഗാ....."" ""എന്നാലും ഇത് വേണോ ശ്രീയേട്ടാ??"" മങ്ങിയ മുഖത്തോടെ അവൾ വീണ്ടും ചോദിച്ചു..... ""വേണം ദുർഗ്ഗാ.....ദേ ഇതെന്റെ സ്നേഹമാണ്...... പിന്നെ...... , കുറച്ച് നാൾ കഴിഞ്ഞാൽ ഈ ചുവപ്പ് ചരട് മാറ്റി ഞാൻ സ്വർണ്ണ നിറമുള്ളൊരു ചരട് കെട്ടും.... ഈ സ്നേഹത്തിനും , കരുതലിനുമപ്പുറം എന്റെ പ്രണയവുമൊപ്പം ചേർത്ത് മൂന്ന് കെട്ടിലീ പെണ്ണിനെ ഞാനെന്റെ ഹൃദയത്തിലേക്ക് എന്നന്നേക്കുമായി ചേർക്കും........ പക്ഷേ ഇതുപോലെ നിർബന്ധിക്കില്ല ട്ടൊ..... പൂർണ്ണ മനസ്സോടെ , നിറ ചിരിയുമായി എന്റെ മുന്നിൽ നിൽക്കണം എന്റെ ദുർഗ്ഗ...... ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കും..... തിരികെയൊരു മറുപടിക്ക് കാക്കാതെ ശ്രീറാം അവളിൽ നിന്നും നടന്നകന്നു........ അവളുടെ ഭാവമെന്തെന്നറിയാൻ പിന്തിരിഞ്ഞ് നോക്കാൻ മനസ്സ് ശഠിച്ചെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു..... അവൾക്കിഷ്ടപ്പെട്ടില്ലെങ്കിലോ...!!!.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...