ദേവനന്ദ: ഭാഗം 3

എഴുത്തുകാരി: ടീന കൊട്ടാരക്കര കോളേജിന് മുൻപിൽ നവാഗതർക്ക് സ്വാഗതം എന്ന വലിയ ബാനർ വലിച്ചു കെട്ടിയിരുന്നു. ഒരുപാട് കുട്ടികൾ കോളേജിന് അകത്തും പരിസരത്തുമായി കറങ്ങി നടക്കുന്നു. ചിലർ
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

കോളേജിന് മുൻപിൽ നവാഗതർക്ക് സ്വാഗതം എന്ന വലിയ ബാനർ വലിച്ചു കെട്ടിയിരുന്നു. ഒരുപാട് കുട്ടികൾ കോളേജിന് അകത്തും പരിസരത്തുമായി കറങ്ങി നടക്കുന്നു. ചിലർ കൂട്ടം കൂടി നിൽക്കുന്നു. എല്ലാവരുടെയും മുഖത്തു സന്തോഷം എന്നാൽ നന്ദയുടെ മുഖത്തു മ്ലാനത തളംകെട്ടി നിന്നു. തങ്ങളുടെ ക്ലാസ്സ്‌ റൂം നോക്കി അവർ നടന്നു.

“അതെ.. ഒന്ന് നിക്കണേ ”
വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് നടന്നു വന്നു.

“ഞാൻ മീര. ഫസ്റ്റ് B. Sc അഗ്രിക്കൾച്ചർ. എനിക്കിവിടെ പരിചയമില്ല. ക്ലാസ്സ്‌ എവിടെയാണെന്ന് ഒന്ന് പറയാമോ ”

“ഞങ്ങളും ഫസ്റ്റ് ഇയർ ആണ്. ”
“അതെയോ.. എന്താ പേര്? ”
” ഞാൻ കല്യാണി, ഇത് നന്ദ ”
” എവിടെയാ വീട് ”
“ഞങ്ങൾ ഇവിടെ അടുത്ത് തന്നെയാ. മീരയുടെ വീട് എവിടാ ”
” എന്റെ വീട് എറണാകുളത്ത് ആണ്, ഇപ്പോൾ അമ്മ വീട്ടിൽ നിന്നു പഠിക്കുവാ. നമുക്ക് ക്ലാസിൽ പോകാം. അവിടെ ചെന്നിട്ട് വിശദമായി പരിചയപ്പെടാം. ” മീര ചിരിച്ചുകൊണ്ട് പറഞ്ഞു.
കോളേജിന്റെ കിഴക്കു വശത്തായി ആയിരുന്നു അവരുടെ ക്ലാസ്സ്‌. പൊതുവെ ശാന്തമായ അന്തരീക്ഷം. അവർ 3 പേരും ക്ലാസിലെത്തി. എല്ലാവരും പുതിയ കുട്ടികൾ. ആർക്കും ആരെയും പരിചയം ഇല്ലായിരുന്നു. നന്ദയും കല്യാണിയും അടുത്തിരുന്ന കുട്ടികളോടൊക്കെ പേര് ചോദിച്ചറിഞ്ഞു.
വീണ മിസ്സ്‌ ആയിരുന്നു ഫസ്റ്റ് അവർ ക്ലാസ്സ്‌ എടുത്തത്. ആദ്യ ദിവസം ആയതു കൊണ്ട് തന്നെ എല്ലാ കുട്ടികളും അവരവരെ സ്വയം ക്ലാസിനു പരിചയപ്പെടുത്തി. അതിനു ശേഷം ക്ലാസ്സ്‌ ആരംഭിച്ചു. നന്ദയ്ക് ഒന്നും പൂർണമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവളുടെ മനസ് നിറയെ ദേവൻ ആയിരുന്നു.

കുട്ടിക്കാലം മുതലേ അവൾ പറഞ്ഞു കേട്ടത് നന്ദ ദേവന്റെ പെണ്ണാണ് എന്നായിരുന്നു. അച്ഛൻ പെങ്ങൾ സാവിത്രിയുടെ മകൻ ആണ് ദേവൻ. ദേവനാരായണൻ.
മാധവനും ശാരദയ്ക്കും നീണ്ട 10 വർഷങ്ങൾക്ക് ശേഷം ജനിച്ച മകൾ ആണ് നന്ദ. അവർ കുഞ്ഞുണ്ടാകാൻ നേർച്ച കാഴ്ചകളുമായി നടക്കുന്ന സമയത്തു സാവിത്രി പറഞ്ഞിട്ടുണ്ടത്രെ മാധവേട്ടന് ഒരു പെൺകുഞ്ഞു ജനിക്കുകയാണെങ്കിൽ അവൾ തന്റെ മകൻ ദേവനു ഉള്ളത് ആണെന്ന്. തറവാട്ടിലെ എല്ലാവർക്കും അത് സമ്മതവും ആയിരുന്നു. അതിനിടയിൽ മാധവനു കടബാധ്യതകൾ തീർക്കാനായി ഭാഗം കിട്ടിയ വസ്തുവകകൾ വിൽക്കേണ്ടി വന്നു. വയലും പറമ്പും എല്ലാം കൈവിട്ടുപോയി. കുടുംബസ്വത്ത് അന്യം പോകാതെ ഇരിക്കാനായി ശേഖരൻ അത് വാങ്ങി. പിന്നീട് മാധവൻ വയലിനു അക്കരെ ഒരു ചെറിയ വീട്ടിലേക്കു താമസം മാറി. അതും കഴിഞ്ഞു വർഷങ്ങൾക്ക് ശേഷമാണ് നന്ദ ജനിക്കുന്നത്. അപ്പോഴേക്കും തറവാട്ടിൽ എല്ലാവരും സാവിത്രി പറഞ്ഞ വാക്ക് മറന്നിരുന്നു. എന്നാൽ മുത്തശ്ശി മാത്രം കുഞ്ഞു നന്ദയോട് പറയും മോൾ ദേവന്റെ ആണെന്ന്. ദേവൻ അവളുടെ ആണെന്നും നന്ദയുടെ മനസ്സിൽ ആഴമായി പതിഞ്ഞു.

പക്ഷെ കാലം കഴിയുംതോറും അച്ഛന്റെ കൂടെപ്പിറപ്പുകൾ ഒരുപാട് മാറി. ബിസിനസ്‌ വളർന്നു. സാമ്പത്തികമായി ഉയർന്നു. നല്ല നിലയിൽ ആയിത്തീർന്നു. തന്റെ വീട്ടിലേക്കു ഇവരൊക്കെ വന്നിട്ട് എത്ര നാളായെന്ന് അവൾ വേദനയോടെ ഓർത്തു.

തറവാട്ടിൽ ചെന്നാലും ചെറിയച്ഛന്മാർക്ക് വലിയ താല്പര്യം ഇല്ലാത്ത പോലെയാണ് സംസാരം. മുത്തശ്ശിക്ക് തന്നെ വലിയ ഇഷ്ടമാണ്. അച്ഛനെ കാണാൻ തറവാട്ടിൽ നിന്നും തന്റെ വീട്ടിലേക്കു വരുന്ന ഒരാൾ മുത്തശ്ശി മാത്രമാണ്. അസുഖം ആയതില്പിന്നെ അതും കുറഞ്ഞു. എങ്കിലും താൻ ഇടക്ക് മുത്തശ്ശിയെ കാണാൻ അങ്ങോട്ടേക്ക് ചെല്ലും. ചെറിയച്ഛന്മാർ താൽപര്യക്കുറവ് കാണിച്ചപ്പോഴും സാവിത്രി അപ്പച്ചി ഇടക്കൊക്കെ വീട്ടിൽ വരുമായിരുന്നു. പതിയെ അതും കുറഞ്ഞു. പക്ഷെ ദേവേട്ടനും ദേവേട്ടന്റെ അച്ഛനും ഒരിക്കൽ പോലും തന്നോട് താൽപര്യക്കുറവ് കാണിച്ചിട്ടില്ല എന്നവൾ ഓർത്തു.

ദേവേട്ടന് താൻ നന്ദൂട്ടി ആണ്. സ്നേഹത്തേക്കാൾ ഉപരി വാത്സല്യവും കരുതലും ആയിരുന്നു ദേവേട്ടന് തന്നോട്. താനൊന്ന് പിണങ്ങിയാൽ തന്നെ ദേവേട്ടന് വിഷമം ആകും. ദേവേട്ടന്റെ പെണ്ണാണ് ഞാൻ എന്നു സ്വയം വിശ്വസിച്ചു. ദേവേട്ടൻ ചെന്നൈക്ക് പഠിക്കാൻ പോകുന്ന ദിവസം അവൾക് ഓർമ വന്നു.

“അത്രക്ക് ദൂരേക്ക് ഒന്നും പോവേണ്ട ദേവേട്ടാ..ഇടയ്ക്കൊന്നു കാണാൻ പോലും പറ്റില്ലല്ലോ. ”

“പോകാതിരിക്കാൻ പറ്റില്ല നന്ദൂട്ടി.. എനിക്ക് ഇഷ്ടപെട്ട കോളേജിൽ അഡ്മിഷൻ കിട്ടിയിരിക്കുവാ. ”

“എന്നാലും.. ”

“ഒരു എന്നാലും ഇല്ല. നോക്ക് നന്ദേ, വീട്ടിൽ എല്ലാവർക്കും സമ്മതമാണ് എല്ലാവരും സന്തോഷത്തോടെ എന്നെ യാത്ര അയക്കണം എന്നാണ് എന്റെ ആഗ്രഹം. നീയും അങ്ങനെ ആകണം ”
അവൾ തലകുനിച്ചു നിന്നു

“നന്ദൂട്ടി.. നീ എന്തിനാ വിഷമിക്കുന്നത് ”

“ദേവേട്ടൻ പോയാൽ പിന്നെ എനിക്കാരാ.. ഒന്ന് മിണ്ടാൻ പോലും ആരുമില്ല. എന്റെ കാര്യങ്ങളൊക്കെ ആരോടാ ഒന്നു പറയുക. ”

“ചെറിയച്ഛന്മാരുടെ മക്കളൊക്കെ ഇല്ലേ. ”

“അവരൊന്നും എനിക്ക് ദേവേട്ടനെ പോലെ ആകില്ലല്ലോ. ഒന്ന് മിണ്ടാൻ തോന്നിയാൽ എന്താ ചെയ്ക? “നന്ദ സങ്കടത്തോടെ ചോദിച്ചു.

“ഞാനൊരു നമ്പർ കുറിച്ച് തരാം. നിനക്ക് മിണ്ടാൻ തോന്നിയാൽ അതിൽ വിളിച്ചാൽ മതി. ”

“ഉം ”

“പൊയ്ക്കോട്ടേ ഞാൻ.. നന്നായി പഠിക്കണം കേട്ടോ ”

“പോയിട്ട് വാ ദേവേട്ടാ “. കണ്ണുനീർ ഒളിപ്പിച്ചു താൻ പറഞ്ഞു. അന്നാണ് ദേവേട്ടനെ അവസാനമായി കണ്ടത് . അന്ന് വൈകിട്ടു സാവിത്രി അപ്പച്ചി പതിവില്ലാതെ വീട്ടിലേക്കു വന്നു. അച്ഛനും അമ്മയും അവളും വീട്ടുമുറ്റത്തു നില്കുവായിരുന്നു.

“മാധവേട്ടാ, ഞാനൊരു കാര്യം സംസാരിക്കാൻ വന്നതാ ”

“അകത്തേക്കു ഇരിക്ക് സാവിത്രി. ശാരദേ, ചായ എടുക്കു ” അച്ഛൻ പറഞ്ഞു

“വേണ്ട മാധവേട്ടാ, മുഖവുര ഇല്ലാതെ പറയാം. വർഷങ്ങൾക്ക് മുൻപ് നമ്മൾ തമ്മിൽ ഒരു ധാരണ ഉണ്ടായിരുന്നു ഇവിടുത്തെ കുട്ടിയെ ദേവൻ വിവാഹം ചെയ്യുമെന്ന്. അത് എല്ലാവർക്കും അറിയാവുന്ന കാര്യം ആണല്ലോ. എന്നാലിന്ന് കാലം മാറി, ആളുകൾ മാറി, സ്ഥിതിഗതികൾ മാറി. എല്ലാവർക്കും മാറ്റം വന്നു. ഇനിയും നമ്മൾ ആ പഴയ വാക്കിന്മേൽ ഉറച്ചു നിക്കണോ ” അപ്പച്ചി ചോദിച്ചു.

“നീയെന്താ സാവിത്രി പറഞ്ഞുവരുന്നത് “അച്ഛൻ അക്ഷമനായി ചോദിച്ചു.

“ഈ വിവാഹം നടത്താൻ ഞങ്ങൾക്ക് താല്പര്യമില്ല. അത് ശെരിയാവില്ല ”

“അതെന്താ സാവിത്രി ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം ” അമ്മ ചോദിച്ചു

“ശാരദേടത്തി, ഇവർ 2 പേരും കുട്ടികളാണ്. നന്ദ സ്കൂളിൽ പഠിക്കുന്ന പ്രായമാ. ഇപ്പോൾ തന്നെ ഇതെല്ലാം പറഞ്ഞു തീര്കുന്നതല്ലേ നല്ലത്. ”
“നോക്ക് മാധവേട്ടാ, ദേവന്റെ മനസ്സിൽ ഇതൊന്നും ഇല്ല, നന്ദയെ മാധവേട്ടന്റെ മകൾ എന്നതിന് അപ്പുറം അവൻ കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല. അവനു നല്ല ഒരു ജീവിതം മുന്നിൽ ഉണ്ട്. നന്ദയുടെ മനസ്സിൽ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ മാധവേട്ടനും ശാരദേടത്തിയും ചേർന്ന് അത് തിരുത്തണം ”
ഇത്രയും പറഞ്ഞു അപ്പച്ചി മടങ്ങി.

എല്ലാം കേട്ടു നിശ്ചലമായി അവൾ നിന്നു പോയി. കേട്ടതൊന്നും വിശ്വസിക്കാൻ അവൾക് ആയില്ല. അന്ന് രാത്രി മുഴുവൻ അവൾ കരഞ്ഞു തീർത്തു. അപ്പച്ചി പറഞ്ഞ ഓരോ വാക്കും അവളുടെ ഹൃദയത്തിൽ മുള്ളു പോലെ തറഞ്ഞു കയറി.

ശെരിയാണ്, ദേവേട്ടന് തന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലായിരുന്നു. താനാണ് ഓരോന്നൊക്ക ആലോചിച്ചു കൂട്ടിയത്. തന്റെ തെറ്റാണ്. കരഞ്ഞു തളർന്നു അവൾ ഉറങ്ങിപ്പോയി. പിന്നീട് ദേവനെ മനഃപൂർവം ഓർക്കാതെ ഇരിക്കാൻ ശ്രെമിച്ചു. നാട്ടിൽ വന്നിട്ടുണ്ടെന്ന് അറിയുമ്പോ മുന്നില്പെടാതെ ഇരിക്കാൻ ശ്രെമിച്ചു മനപ്പൂർവം ഒരു തരം ഒഴിഞ്ഞു മാറൽ. പിന്നെ പിന്നെ ദേവേട്ടനെക്കുറിച്ചുള്ള കാര്യങ്ങൾ ആരും തന്നോട് പറയാതെ ആയി.
എന്നിട്ട്…. ഇന്ന്… അപ്രതീക്ഷിതമായി തന്റെ മുന്നിൽ ദേവേട്ടൻ.. ഒരു പരിചയഭാവം പോലും ആ മുഖത്തില്ല. തന്നെ മറന്നോ ദേവേട്ടൻ. ചോദ്യങ്ങൾ അവൾ സ്വയം ചോദിച്ചു. വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു തിരികെ പോരാൻ നേരം നന്ദയും കല്യാണിയും ബസ്സാകെ നോക്കി, ദേവേട്ടൻ ഇല്ലെന്ന് ഉറപ്പാക്കിയിട്ടേ അവൾ ബസ് കയറിയുള്ളു.

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.