❣️ ദേവപല്ലവി ❣️ ഭാഗം 41

 

രചന: മുകിലിൻ തൂലിക

ഇരുവരും തല്ല് കൂടിയും ആരവ് ലച്ചുന്റേന്ന് കണക്കിന് വാങ്ങി കൂട്ടിയും ആ ഊഞ്ഞാലിൽ ഇരുന്ന് തന്നെ ഉറങ്ങി... രാവിലെ ഉറക്കമുണർന്ന് വന്ന ദേവും പല്ലവിയും കാണുന്നത് ആരവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്ന് ഉറങ്ങുന്ന ലച്ചുനെയാണ്.. അവരുടെ ആ ഉറക്കം കണ്ട് ദേവും പല്ലവീയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.. ഡാ.. ആരവേ എണീറ്റേടാ.. എന്തൊരു ഉറക്കമാണ്.. ദേവ് അവനെ തട്ടി വിളിച്ചു.. ദേവ്ന്റെ വിളികേട്ടു ആരവ് ഒന്ന് തിരിഞ്ഞ് കിടന്നതും ലച്ചുവും അവനും കൂടി ദാ കിടക്കുന്നു താഴെ.. രണ്ട് പേരും അപ്പോ തന്നെ ഉറക്കം തെളിഞ്ഞ് ചാടി എണീറ്റു.. "എന്തോന്നാ ഇവിടെ.. ഒരു രാത്രി ഒന്ന് വെളുത്തപ്പോഴേക്കും ടോമും ജെറിയും സെറ്റായാ.." ദേവ് മൂക്കത്ത് വിരൽ വെച്ച് ആരവ്നെ നോക്കി ചോദിച്ചു.. ലച്ചു നിന്ന് ഉറക്കം തൂങ്ങി ആരവിന്റേ തോളിൽ ചായുന്നുണ്ട്.. ആരവ് അവളെ തന്റെ തോള് കൊണ്ട് തട്ടി എണീപ്പീക്കാൻ ശ്രമിക്കുന്നുണ്ട്.. ലച്ചു അവനോട് കൂടുതൽ ചേരല്ലാതെ എണീക്കുന്നില്ല ആരവേട്ടാ വെറുതെ വിളിക്കേണ്ട.. ലച്ചുന്റെ സമയം ആയിട്ടില്ല..

പത്ത് മണി കഴിയണം എന്റെ ലച്ചു ഉറക്കം തെളിയാൻ... ആ.. കൊള്ളാം ചക്കിക്കൊത്ത ചങ്കരൻ തന്നെ.. ആരവേ നീ ലച്ചൂനെ ഇങ്ങ് എടുത്തേര് മുറിയിൽ കിടത്താം.. ദേവ് ആരവിനെ കളിയാക്കും മട്ടിൽ പറഞ്ഞു.. ആരവ് അവർ ഇരുവരേയും നോക്കി ചിരിച്ച് ലച്ചുനെ തന്റെ ഇരു കൈകളിൽ കോരിയെടുത്തു.. " ഇവള് കാണുമ്പോൾ നീർക്കോലി ആണേലും മുടിഞ്ഞ വെയിറ്റാണ് അളിയാ.. " ലച്ചുനെ എടുത്ത് കൊണ്ട് നടക്കുന്നതിനിടെ ആരവ് കമ്മന്റ് പാസ്സാക്കി.. ഒരു ചിരിയോടെ പല്ലവിയെ ചേർത്ത് പിടിച്ച് ദേവും വീടിനകത്തേക്ക് കയറി.. **************** ലച്ചു ഉറക്കം തെളിഞ്ഞു വരുമ്പോൾ നേരം ഉച്ചയോട് അടുത്തിരുന്നു.. അവൾ ഫ്രഷായി വന്നതും പല്ലവിയും ദേവും കൂടി ആരവിനെയും ലച്ചൂനെയും കണക്കിന് വാരുന്നുണ്ട്.. രണ്ട് പേരും തങ്ങളുടെ ചമ്മലടക്കാൻ നന്നേ പാട് പെടുന്നുണ്ട്.. അപ്പു ക്ലാസ്സിൽ പോയത് കൊണ്ട് ആരവിന് പിന്നീടുള്ള സമയം ലച്ചുന്റെ പിന്നാലെ ചുറ്റിയടിക്കാൻ സാധിച്ചു.. വീട്ടിൽ ഇരുന്നു മടുത്ത് തുടങ്ങിയപ്പോൾ വൈകിട്ടോടെ നാലവർ സംഘം ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തു..

ഒരു മൂന്നുമണിയോടെ പരിവാരങ്ങൾ നാലും ഒരുങ്ങി ഇറങ്ങി.. ആദ്യം ഷോപ്പിംഗ് തന്നെ ആയിരുന്നു ലക്ഷ്യം..ലച്ചു പറഞ്ഞ അറിവനുസരിച്ച് ആ പരിസരത്തെ അത്യാവശ്യം നല്ല ഷോപ്പിംഗ് മാളിലേക്ക് തന്നെ അവർ വണ്ടി വിട്ടു.. അവർ വീട്ടിൽ നിന്നും ഇറങ്ങിയതും ഒരു കാർ അവരെ പിന്തുടർന്ന് തെല്ലൊന്ന് അകലെയായി ഉണ്ടായിരുന്നു.. ആദ്യം അത് ഡ്രൈവ് ചെയ്യ്തിരുന്ന ദേവ്ന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.. പിന്നീട് ആദ്യത്തെ ട്രാഫിക്ക് സിഗ്നൽ കഴിഞ്ഞ് തിരക്കൊഴിഞ്ഞ റോഡിലേക്ക് കയറിയതുമാണ് ദേവ് തങ്ങളെ പിന്തുടർന്ന് വരുന്ന വണ്ടിയെ ശ്രദ്ധിച്ചത്..അവൻ വണ്ടിയോടിക്കുന്നതിനിടയിലും സൈഡ് മിററിലൂടെ പിന്നാലെ വന്നിരുന്ന കാറിനെ ശ്രദ്ധിക്കുന്നുണ്ട്.. ആരവ് ലച്ചുവുമായി നല്ല സംസാരത്തിൽ ആയതിനാൽ അവനിതൊന്നും അറിഞ്ഞിരുന്നില്ല.. പല്ലവിയ്ക്ക് എന്തോ ക്ഷീണം തോന്നിയിരുന്നത് കൊണ്ട് അവൾ ദേവ്ന്റെ ഇടത് തോളിൽ തല ചായ്ച്ച് കണ്ണടച്ചു കിടക്കുകയാണ്..

കുറച്ചു സമയത്തിനുശേഷം വണ്ടി മാളിന് മുമ്പിലെത്തി.. പല്ലവിയെയും ലച്ചുനെയും മാളിന് മുൻപിലിറക്കി ദേവും ആരവും പാർക്കിംഗ് ഏരിയയിലേക്ക് പോയി.. വണ്ടി ലോക്ക് ചെയ്ത് ഇറങ്ങിയ ദേവ് ആരവേ.. നീ പെട്ടെന്ന് തിരിഞ്ഞ് നോക്കല്ലേ.. നമ്മുക്ക് കുറച്ച് പുറകിലായി ഒരു ബ്ലാക്ക് പജേരോ കിടപ്പുണ്ട്..നമ്മൾ വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ ആ വണ്ടി നമ്മളെ പിന്തുടരുന്നുണ്ട്.. ആരവ് ദേവ് പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി.. ആ ഞെട്ടൽ പുറത്ത് കാണിക്കാതെ തലയ്ക് പുറകിലായി ചൊറിയുന്നത് പോലെ തിരിഞ്ഞ് ആ വണ്ടി നോക്കി.. ഉം.. നീ പറഞ്ഞത് ശരിയാണ്.. അതിൻറെ വണ്ടി നമ്പർ 5643 കർണ്ണാടക റെജിസ്ട്രേഡ് വണ്ടിയാണ്.. ഈ നീക്കം ഞാൻ പ്രതീക്ഷിച്ചതാണ്.. പക്ഷേ നമ്മൾ വന്നിറങ്ങിയതും അവൻ ഇത്രപ്പെട്ടെന്ന് ഒരു നീക്കം നടത്തുമെന്ന് കരുതിയില്ല.. ആരവേ ഞാനനി പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ച് കേൾക്കണം..

ആരവ് തന്റെ താടിയുഴിഞ്ഞ് ദേവ്ന്റെ വാക്കുകൾക്കിയി ചെവി കൂർപ്പിച്ചു.. ഇന്ന് രണ്ടും കൽപ്പിച്ച് ഞാൻ എന്റെ പവിനെ അവന് മുന്പിൽ ഇട്ട് കൊടുക്കാൻ പോകാണ്.. അവളെ ഒറ്റയ്ക്ക് കിട്ടിയാലാണ് ഒളിഞ്ഞിരിക്കുന്ന ആ നാറി പുറത്ത് ചാടൊളൂ.. അവന്റെ ആ നീക്കം മുന്നിൽ കണ്ടത് കൊണ്ട് തന്നെ ഞാൻ പവിടേയും എന്റേയും വസ്ത്രങ്ങളിൽ gps detector ഘടിപ്പിച്ചുണ്ട്.. ആരവ് അവൻ പറയുന്നതെല്ലാം അതീവ ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു പവിയെ അവൻ നമ്മുടെ കണ്ണ് വെട്ടിച്ച് കടത്തുന്ന സമയം അവളുടെ സാരിയിൽ ഘടിപ്പിച്ചിട്ടുള്ള detector track ചെയ്ത് ഞാൻ അവരെ ഫോളോ ചെയ്തോളാം.. ഞാൻ അവരുടെ പുറകിൽ പോകുമ്പോൾ എനിക്കോ പവിയ്ക്കോ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല.. നീ വേണം പുറത്ത് നിന്ന് എന്നെ സഹായിക്കാൻ.. അതിന് എന്റെ മേലുള്ള detector നിന്നെ സഹായിക്കും.. നിനക്ക് ഞാൻ പറഞ്ഞതെല്ലാം മനസ്സിലായോ ആരവ് ഉം.. എനിക്ക് എല്ലാം മനസ്സിലായി ദേവ്.. എല്ലാം നമ്മൾ പ്ലാൻ ചെയ്ത പോലെ.. അവനെ അവന്റെ മടയിൽ പോയി തന്നെ വലിച്ച് പുറത്തിട്ട് ചവിട്ടി കൂട്ടണം ദേവേ..

ആരവ് പല്ല് ഞെരിച്ചു ഉം.. നീ വായോ ആരവ് അവരവിടെ തനിച്ചല്ലേ.. ഇരുവരും തങ്ങളെ കാത്ത് നിൽക്കുന്ന പല്ലവിയുടെയും ലച്ചുന്റേയും അരികിലേക്ക് നടന്നു.. മാളിലെ ഒട്ടുമിക്ക ഷോപ്പുകളും ഫുഡ് കോർട്ടുകളും വിടാതെ അവർ കയറിയിറങ്ങി.. ശരീരം കൊണ്ട് തങ്ങളുടെ പെണ്ണുങ്ങളുടെ കൂടെ ആണെങ്കിലും ദേവ്ന്റേയും ആരവിന്റേയും കണ്ണും കാതും തങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി കൊണ്ടിരുന്നു.. ആവിശ്യത്തിലധികം ഷോപ്പിംഗ് നടത്തി അവർ വീട്ടിലേക്ക് തിരികെ പോകാൻ തയ്യാറായി.. ദേവ് ആരവിനെ കൂട്ടി കരാറെടുക്കാൻ പോയി.. അത് മനപൂർവ്വം മായിരുന്നു.. എങ്കിലാണ് പല്ലവിയെ തട്ടി കൊണ്ട് പോകാനുള്ള സാഹചര്യം മറഞ്ഞ് ഇരിക്കുന്നവർക്ക് കിട്ടൊള്ളൂ.. അവർ കാറിന് അരികിലേക്ക് പോയതും ലച്ചു.. വല്ലാത്ത ക്ഷീണം നീ ഇത്തിരി വെള്ളം വാങ്ങി തരോ.. പവി അടുത്ത് കണ്ട ചെയറിൽ ഇരുന്നു.. ലച്ചു അവളെ നോക്കി ചിരിച്ച് തൊട്ടടുത്ത ഷോപ്പിലേക്ക് വെള്ളം വാങ്ങാൻ നടന്നതും ആ നിമിഷം ആ കറുത്ത കാർ പല്ലവിയുടെ മുന്പിൽ വന്ന് നിന്ന് അവളെയും കൊണ്ട് ഞൊടിയിടയിൽ പാഞ്ഞു..

പല്ലവിയുടെ ദേവേട്ടാന്നുള്ള നിലവിളി കേട്ട് ലച്ചു ഞെട്ടി തരിച്ചു ആ വണ്ടിയുടെ പുറകേ ഓടി.. വണ്ടിയുമെടുത്ത് തിരികെ വന്ന ദേവും ആരവും ആ കാഴ്ച കണ്ടിരുന്നു.. ആ നിമിഷം ദേവ്ന് അത്രയും നേരം താൻ സംഭരിച്ച് വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയത് പോലെ തോന്നി.. അവന്റെ പ്രാണനെ കൺമുന്നിൽ നിന്ന് പറിച്ചെടുത്ത് കൊണ്ട് പോയ കാഴ്ച അവനെ തളർത്തിയിരുന്നു.. അവന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി.. അത് മനസ്സിലാക്കിയ ആരവ് അവന്റെ കൈകളിൽ മുറുകെ പിടിച്ച്.. "ധൈര്യമായി ഇരിക്ക് ദേവ്.. നമ്മൾ അവസാന അങ്കത്തിനുള്ള പുറപ്പാടിലാണ്.. നീ ധൈര്യം കൈ വെടിയരുത്..

ചെല്ല് ആ നായിന്റെ മോന്റെ നെഞ്ചും കൂട് ചവിട്ടി പൊട്ടിച്ച് എന്റെ പെങ്ങളേം കൊണ്ട് വാടാ.. എന്തിനും ഏതിനും ഞാനുണ്ട് കൂടെ.. ഇവിടെ നീ പഴയ സഖാവ് ആകണം.. സഖാവ് ദേവ് മോഹൻ.. നീ ഇത്രനാളും നെഞ്ചിലേറ്റിയ ആ ചെങ്കൊടിടെ വീര്യം കാണിക്കേണ്ട നേരമാണിത്.. ചെല്ലെടാ ചെന്ന് നിന്റെ പെണ്ണിനെ ഒരു പോറല് ഏൽക്കാതെ കൊണ്ട് വായോ.. *ധർമ്മവും സത്യവും ഭീഷണി നേരിടുന്ന ഈ സമയം അവ സംരക്ഷണത്തിനായി നിന്നെയാണ് ഉറ്റു നോക്കുന്നത് .. *(കടപ്പാട് ഗീതോപദേശം)" ആ ക്ഷണം ആരവ് യുദ്ധ ഭൂമിയിൽ തന്റെ ബന്ധുമിത്രാതികളെ കണ്ട് പകച്ച് നിന്ന അർജ്ജുനന് ഗീതോപദേശം നൽകിയ പാർത്ഥസാരഥിയായി മാറി.. ആരവിന്റെ വാക്കുകളിലെ ഊർജ്ജം ആവാഹിച്ചെടുത്ത് ദേവ് ആ കറുത്ത കാറിന്റെ പിന്നാലെ തന്റെ കാറുമെടുത്ത് പാഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...