ധ്രുവികം: ഭാഗം 14

 

A story by സുധീ മുട്ടം

"സർ..ഞങ്ങൾ.." എന്റെ തൊണ്ട വിറച്ചു പോയി,ഞാൻ വാക്കുകൾക്കായി പരതി. അയാളുടെ മിഴികൾ എന്നിലാണെന്ന് മനസ്സിലായതോടെ തല താഴ്ത്തി പിടിച്ചു. "സർ. ഞാൻ വൈഭമി.ഇതെന്റെ ചേച്ചി ധ്രുവിക" എനിക്ക് വാക്കുകൾ നഷ്ടമായതോടെ വൈഭമി ഇൻസ്പെക്ടർക്ക് മറുപടി കൊടുത്തു. "എന്താ നിങ്ങൾക്ക് വേണ്ടത്" അയാളുടെ ശബ്ദം ക്യാബിനിലാകെ അലയടിക്കുന്നത് പോലെ അനുഭവപ്പെട്ടു.മുഖത്തൊരു പുഞ്ചിരിയില്ലെന്ന് മാത്രമല്ല മസിൽ പിടിച്ചതു പോലെയുളള ഇരിപ്പും..സ്വരത്തിൽ നല്ല ഗാംഭീര്യം. എനിക്ക് പെട്ടെന്ന് ദേവർഷിനെ ഓർമ്മ വന്നു..ചുണ്ടിൽ എപ്പോഴും നിറയുന്ന പുഞ്ചിരിയും മുഖത്ത് സൗമ്യതയും..ഇതേതോ തനി കാട്ടാളനാണ്.

ദേവർഷിനെ ഓർത്തതും എന്റെ കണ്ണുകൾ നിറഞ്ഞു. അറിയാതെയൊരു നോവ് ഉള്ളിൽ ഉയർന്നു.നീറ്റലിനൊപ്പം സുഖമുള്ളൊരു പ്രണയവും. "നിങ്ങൾക്ക് എന്താ വേണ്ടത്?" വീണ്ടും പൗരുഷം നിറഞ്ഞ സ്വരം കാതിൽ തുളച്ചു കയറി. "ഞങ്ങൾ സർക്കിൾ ഇൻസ്പെക്ടർ ദേവർഷ് സാറാണെന്ന് കരുതി കാണാൻ വന്നതാ.സോറി സർ" "ദേവർഷ് സ്ഥലം മാറി പോയല്ലോ നിങ്ങളറിഞ്ഞില്ലേ" വൈഭമിക്ക് മറുപടിയായി ഇൻസ്പെക്ടർ പറയുന്നത് കേട്ടു ഞാൻ തലയുയർത്തി. എന്റെ നെഞ്ചിലൂടെയൊരു കൊള്ളിമീൻ പാഞ്ഞു കയറി. "ദേവർഷ് സ്ഥലം മാറിപ്പോയെന്ന്.." വീണ്ടും വീണ്ടും ആ വാക്കുകൾ എന്റെ കാതിൽ തുളച്ചു കയറി. "ഒരുവാക്ക് പറഞ്ഞില്ലല്ലോ"

മനമൊന്ന് തേങ്ങിയതോടെ ആരും കാണാതിരിക്കാനായി തിരിഞ്ഞ് നിന്നു. "സർ എവിടേക്കെന്ന് അറിയോ?" വൈഭി പിന്നെയും കുത്തി ചോദിച്ചതും അയാളുടെ ഭാവം മാറി. "അതെനിക്ക് അറിയില്ല..നിങ്ങൾ പോകാൻ നോക്ക്.എനിക്കിവിടെ വേറെ പണിയുണ്ട്" വൈദേവ് ദേഷ്യപ്പെട്ടതോടെ വൈഭി എന്നെയും കൂട്ടി പുറത്തേക്കിറങ്ങി. "വാ ചേച്ചി നമുക്ക് പോകാം..ഇയാൾ കാട്ടാളനാ..തനി അസുരൻ" കാതിലടക്കം പറഞ്ഞു വൈഭമി.. "ഹലോ ഒന്നു നിന്നേ" പിന്നിൽ നിന്നും വൈദേവിന്റെ ശബ്ദം.. ഞങ്ങൾ കാര്യമറിയാതെ തുറിച്ചു നോക്കി.അയാൾ നടന്ന് വൈഭിക്ക് അരികിലെത്തി. "നിനക്കൊരു എല്ലു കൂടുതൽ ആണല്ലോടീ" അനിയത്തിയെ അയാൾ തറപ്പിച്ചു നോക്കുന്നത് കണ്ടു എനിക്ക് വിറയൽ തുടങ്ങി.

"സാറ് കരുതും പോലെ അങ്ങനെയൊന്ന് എനിക്ക് കൂടുതൽ ഇല്ല.എല്ലാവർക്കും ദൈവം കൊടുത്ത എല്ലൊക്കെ എന്നിലും ഉള്ളൂ" "ഈശ്വരാ..ഇവളിത് എന്തിനുളള പുറപ്പാടാ.. എന്നിൽ ആധി കയറി തുടങ്ങി. ഇൻസ്പെക്ടർ ഒരു നിമിഷം ഒന്ന് ചമ്മി എങ്കിലും പഴയ ഗൗരവഭാവം മുഖത്തണിഞ്ഞു. "നീ കൂടുതൽ ഷോ കാണിക്കണ്ടാ..ഇത് പോലീസ് സ്റ്റേഷനാ" "സാറേ പോലീസ് എന്നാൽ കാവൽ എന്നാണ് അർത്ഥം.. അതായത് ജനങ്ങളുടെ സേവകൻ..അല്ലാതെ അവരുടെ കാലൻ എന്നല്ല" വൈഭവിക്കുണ്ടോ വല്ല കൂസലും..അവള് നിന്നു കത്തുകയാണ്.ഞാനവളെ തോണ്ടിയങ്കെങ്കിലും മൈൻഡ് ചെയ്യുന്നില്ല. വൈദേവിന്റെ മുഖം വിളറിപ്പോയി..അയാൾ പല്ല് ഞെരിക്കുന്ന ഒച്ച കേട്ടു.

"വാടീ ചേച്ചി നമുക്ക് പോകാം" എന്നെയും പിടിച്ചു വലിച്ചു വൈഭി ക്യാബിൻ വിട്ടിറങ്ങി... പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു..വൈഭമി ഇടക്കിടെ പിറുപിറുക്കുന്നത് കേട്ടു.അവളുടെ ദേഷ്യം അടങ്ങിയിരുന്നില്ല. "ഒരു അഴകിയ രാവണൻ വന്നിരിക്കുന്നു" ബസിൽ കയറി ഞങ്ങൾ വീട്ടിലേക്ക് നടന്നു.. വീട്ടിൽ ചെന്നു കയറിയതും വൈഭമി എനിക്ക് നേരെ പൊട്ടിത്തെറിച്ചു. "എടീ ചേച്ചി ദിവസവും നൂറ്റുക്കൊന്ന് പ്രാവശ്യം ഞാൻ ഉപദേശിച്ചു വിടുന്നതല്ലേ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വായ് തുറന്നു മറുപടി കൊടുത്താലെന്താ" "മോളെ പോലീസ് സ്റ്റേഷനല്ലേ" "എന്നാലെന്താ ചേച്ചി..മറുപടി കൊടുക്കാൻ പഠിക്കണം..ധൈര്യത്തോടെ"

എന്റെ കണ്ണുകൾ പിന്നെയും തൂവിപ്പോയി..ഒരുവശത്ത് വൈമിയും ദേവർഷും എവിടെന്ന് അറിയാതെ..മറുവശത്ത് രാവണാവതാരത്തിൽ വൈഭമിയും.. മുറിയിലേക്ക് കയറി ഞാൻ കിടക്കയിൽ ഇരുന്നു..കണ്ണുകൾ അങ്ങനെ കര കവിഞ്ഞൊഴുകി. കുറച്ചു കഴിഞ്ഞു വൈഭി മുറിയിലേക്ക് കയറി വന്നു.. എനിക്ക് അരികിൽ ഇരുന്നു തോളിൽ കരതലം അമർത്തി. "സങ്കടപ്പെടാൻ പറഞ്ഞതല്ല ചേച്ചി..നമുക്ക് നമ്മളേയുള്ളൂ" അവൾ പറയുന്നത് ശരിയാണെന്ന് അറിയാം..എന്നാലും ഓരോന്നും ഓർക്കുമ്പോൾ ഭയമാണ്.അനിയത്തിയുടെ തന്റേടം ... വിരസമായി അന്നത്തെ ഞായറാഴ്ച കടന്നു പോയി... പിറ്റേന്ന് പതിവു പോലെ കോളേജിലേക്ക് പോയി..വൈമിക കൂടെയില്ലാത്തതിനാൽ നല്ല വിഷമം..

ഒരു ക്ലാസ് കഴിഞ്ഞതോടെ ക്ലാസ് കട്ടു ചെയ്തു പുറത്തേക്കിറങ്ങി.. നേരെ കോളേജ് ലൈബ്രറിയിലേക്ക് പോയി.മനസ്സ് സ്വസ്ഥമാകും വരെ ഏതെങ്കിലും പുസ്തകം എടുത്ത് വായിക്കാമെന്ന് കരുതി. പെരുമ്പടവം ശ്രീധരൻ എഴുതിയ എന്റെ ഹൃദയത്തിന്റെ ഉടമ നോവൽ എടുത്ത് വായന തുടങ്ങി.. വായിച്ചു കുറച്ചു കഴിഞ്ഞപ്പോൾ മൊബൈൽ ബെല്ലടിച്ചു.പരിചയമില്ലാത്ത നമ്പർ ആണെങ്കിലും കോൾ എടുക്കാൻ മനസ്സ് പറഞ്ഞു. "ഹലോ" പരിചിതമായൊരു സ്വരം കാതിൽ വന്നലച്ചു.. ",ദേവർഷ... സർക്കിൾ ഇൻസ്പെക്ടർ ദേവർഷ്" ഞാനൊന്ന് തേങ്ങിപ്പോയി..എത്ര നാളായി ഒന്നു കണ്ടിട്ട്..ഒരറിവും ഇല്ലാതെ കാണാമറയത്ത് ഒളിച്ചപ്പോൾ ഹൃദയം ശൂന്യമായതു പോലെ.. "ഹലോ ധ്രുവികയല്ലേ" മറുവശത്ത് ആകാംഷയുടെ സ്വരം.. "അതേ." "താനെന്താ ഒന്നും മിണ്ടാത്തത്" എനിക്ക് സങ്കടത്താൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. "അത്... അത്..."

"പറയാതെ പോയതിന്റെ പരിഭവമാകും" ദേവർഷിന്റെ ചിരി കാതിലൊരു മഞ്ഞുതുള്ളിയായി വീണു.. "നാട്ടിലേക്ക് പോകേണ്ടാ ആവശ്യം വന്നെടോ..അതങ്ങനെ നീണ്ടു..അതിനിടയിൽ ട്രാൻസ്ഫറും.നാട്ടിലേക്ക് തന്നെ..പിന്നെ ദേവദത്തിനെ അറസ്റ്റ് ചെയ്തതിനു ദേവമംഗലം രാജേശ്വരിയമ്മയുടെ വകയൊരു സമ്മാനം" അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്..വീട്ടിൽ വന്ന് അവർ അഭിനയിച്ചതാണെന്ന് എനിക്ക് മനസ്സിലായി. "താൻ വിഷമിക്കേണ്ടാ രണ്ടു ദിവസം കഴിഞ്ഞു വൈമിക അങ്ങെത്തും..." അതു കേട്ടതും എനിക്ക് സന്തോഷമായി.. അവളില്ലാതെ വിരസമായ എത്ര നാളുകൾ.. "ഞാൻ പിന്നെ വിളിക്കാം..എനിക്കൊരു കോൾ വരുന്നു" പെട്ടെന്ന് ലൈൻ മുറിഞ്ഞു കോൾ കട്ടായി...

ഞാൻ സന്തോഷത്തോടെ എഴുന്നേറ്റു ബുക്ക് തിരികെ കൊടുത്തു വീട്ടിലേക്ക് പോയി.. എന്റെ നമ്പർ ആൾ വൈമികയിൽ നിന്നും വാങ്ങിയത് ആയിരിക്കും... എന്തായാലും നന്നായി. മനസ്സിനു ഒരു ഉണർവ് വന്നതു പോലെ.. വൈഭിയെ എത്രയും പെട്ടെന്ന് ഇതൊന്ന് അറിയിക്കണം.. അതിനായി ബസിറങ്ങി വേഗം വീട്ടിലേക്ക് നടന്നു.. അവൾക്ക് ഇതറിയുമ്പോൾ സന്തോഷമാകും.. വീടിനു മുൻ വശത്തുള്ള റോഡിൽ പോലീസ് ജീപ്പും അടുത്ത് രാജേശ്വരിയമ്മയുടെ കാറും കിടക്കുന്നത് കണ്ടു.. വയറ്റിലൊരു ഉരുണ്ടു കയറ്റം..മുറ്റത്ത് പോലീസുകാർ നിൽക്കുന്നു. അയൽപ്പക്കത്തുളളവരുടെ ശ്രദ്ധ വീട്ടിലേക്കാണു.. "ആഹാ വന്നല്ലോ ആൾ" കെയിൻ കയ്യിലിട്ടു കറക്കി വൈദേവ് പറഞ്ഞതും നെഞ്ചിലൊരു ഇടിമുഴക്കം ഉണ്ടായി... അപ്പുവേച്ചിയും വൈഭിയും തല കുനിച്ചു നിൽക്കുന്നു.. രാജേശ്വരിയമ്മ പുച്ഛിച്ചു ചിരിക്കുന്നു..

"ഇവരുടെ ഒരു പരാതിയുണ്ട്..അവരുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന്" ഞാനൊന്ന് വിറച്ചു പോയി..ഉള്ളിലൊരു നടുക്കമുണ്ടായി.. "നിങ്ങളിൽ ആരാണ് സ്വർണ്ണാഭരണം മോഷ്ടിച്ചതെന്ന് തുറന്നു പറഞ്ഞാൽ ജോലി എളുപ്പമാകും" സർക്കിൾ ഇൻസ്പെക്ടർ ക്രൂരമായി ചിരിച്ചു.. "സർ ഞങ്ങൾ ആരുടെയും സ്വർണ്ണം മോഷ്ടിച്ചിട്ടില്ല" ഞാൻ ഉറക്കെ അലറിക്കരഞ്ഞു.. "അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതി" നിലവിളിച്ചിട്ടും പ്രയോജനം ഉണ്ടാകില്ല... എല്ലാം കരുതി കൂട്ടിയാണ്..രാജേശ്വരിയമ്മയുടെ ആൾക്കാരാണിവർ..ദേവർഷ് പറഞ്ഞത് ഓർത്തു. "സാറിനു പ്രതിയെ അല്ലേ വേണ്ടത്..മോഷ്ടിച്ചത് ഞാനാണ്.. ചേച്ചിയല്ല" വൈഭമി കൈകൾ നീട്ടി ഉറച്ച ശബ്ദത്തോടെ പറഞ്ഞു..

വൈദേവിന്റെ കണ്ണുകൾ ചുരുങ്ങി ചെറുതായി.... ഇരയെ നഷ്ടപ്പെട്ട ദേവദത്തിന്റെ അമ്മയുടെ മുഖം ചുളിഞ്ഞു..ഞാനായിരുന്നു അവരുടെ ലക്ഷ്യം.. "സാറെ എന്റെ അനിയത്തി അല്ല ഞാനാ മോഷ്ടിച്ചത് അവളെ വെറുതെ വിടണം" "ചേച്ചി..." താക്കീതിന്റെ സ്വരത്തിൽ വൈഭി വിളിച്ചത് കേൾക്കാതെ ഇൻസ്പെക്ടറുടെ മുമ്പിൽ കൈകൾ കൂപ്പി ഉറക്കെ കരഞ്ഞു.. "ഞാനാണ് സാറേ...എന്നെ അറസ്റ്റ് ചെയ്യണം " അപ്പോൾ വൈദേവിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.... അത് പക നിറഞ്ഞൊരു ചിരിയാണെന്ന് മനസ്സിലായതോടെ ഞാനുരുകി തുടങ്ങി............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...