ദുർഗ്ഗാഗ്നി: ഭാഗം 16

 

രചന: PATHU

""കയ്യെടുക്ക്....!!! ദച്ചു തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കി.... "" ഇല്ലെങ്കിലോ...??? ഞാൻ തൊട്ടാൽ നിനക്ക് പൊള്ളുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാ ദേ ഇതുപോലെ ചേർത്തു പിടിച്ചിരിക്കുന്നത്..... ഇത്രയും ആളുകൾ നമുക്ക് ചുറ്റും നിൽക്കുമ്പോൾ നീ എങ്ങനെ എതിർക്കുമെന്ന് ഞാൻ ഒന്ന് കാണട്ടെ.... "" താൻ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് എനിക്കറിയാം.... അത്രക്ക് തരംതാഴ്ന്നവനാ താൻ.... "" അതേടീ.... നീ വിചാരിക്കുന്നതിനുമപ്പുറം മോശപ്പെട്ടവനാ ഞാൻ..... ഞാൻ എന്താണെന്ന് നീ അറിയാൻ പോകുന്നതല്ലേയുള്ളൂ.... കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഒന്നിച്ച് ഒരേ ബെഡ്‌റൂമിൽ നമ്മൾ..... ദേവൻ ഒരുതരം വഷളൻ ചിരിയോടെ താടിയുഴിഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി..... അവൻ പറഞ്ഞത് കേട്ടതും ദച്ചുവിന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു..... അവൾ അതിയായ ദേഷ്യത്തോടെ അവന്റെ കൈ കുടഞ്ഞെറിഞ്ഞു..... അവനോട് എന്തോ പറയാൻ തുടങ്ങിയതും ദിവ്യ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു.... "" ദേവേട്ടാ.... സംസാരിച്ചു തീർന്നെങ്കിൽ രണ്ടുപേരുടേയും കുറച്ചു ഫോട്ടോസ് എടുക്കമായിരുന്നു.... ദിവ്യ ചിരിയോടെ പറഞ്ഞു....

"" അതിനെന്താ മോളേ.... എത്രവേണമെങ്കിലും എടുക്കാലോ.... സംസാരിക്കാൻ ഞങ്ങൾക്ക് ഇനിയും ഒരു ജന്മം മുഴുവൻ ഉണ്ടല്ലോ.... അല്ലേ ദച്ചു....??? അവൻ ദച്ചുവിനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.... കണ്ണുകളിൽ ഇരയെ കെണിവെച്ചു പിടിച്ച വേട്ടക്കാരന്റെ കൗശലത്തോടെ..... "" ചേച്ചിയുടെ മുഖമെന്താ വല്ലാതിരിക്കുന്നത്....??? ദിവ്യയുടെ ചോദ്യം കേട്ട് എന്താണ് പറയേണ്ടത് എന്നറിയാതെ ദച്ചു ഒരു നിമിഷം പകച്ചു നിന്നു..... "" ഒരാഴ്ച കൂടിയല്ലേയുള്ളൂ വിവാഹത്തിന്.... നിങ്ങളെയൊക്കെ വിട്ട് എന്റെ വീട്ടിലേക്ക് വരുന്നതിന്റെ സങ്കടമാ........ ദേവൻ ദച്ചുവിന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു നിർത്തി..... ദിവ്യ അത് കണ്ട് ചുണ്ടിൽ അടക്കി പിടിച്ച ചിരിയോടെ ദച്ചുവിനെ നോക്കി..... അപ്പോൾ തന്നെ ഫോട്ടോസ് എടുക്കാനായി കുറച്ചുപേർ വന്നു..... ദിവ്യയും അവരോടൊപ്പം കൂടി..... മനസ്സിലെ ദേഷ്യം പുറത്തു കാണിക്കാതെ ദച്ചു പ്രയാസപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി.....

കുറച്ചു സമയം കഴിഞ്ഞതും ഫോട്ടോസ് എല്ലാം എടുത്ത് അവർ അവിടെ നിന്ന് പോയി.... ദേവൻ അപ്പോഴും അവളെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു..... അവൾക്ക് ആയിരം മുള്ളുകൾ ശരീരത്തിലേക്ക് കുത്തിയിറക്കുന്നത് പോലെ തോന്നി.... അവന്റെ സ്പർശനം.... അത് തന്നെ ചുട്ടുപൊള്ളിക്കുന്നുണ്ട്.... പക്ഷേ പതറി പോകാൻ പാടില്ല.... കാര്യങ്ങൾ ഇവിടെവരെ കൊണ്ടെത്തിച്ചത് അവനു മുന്നിൽ തോൽക്കാനല്ല..... എന്തു വന്നാലും തനിക്ക് ജയിച്ചേ പറ്റൂ.... അവളുടെ കണ്ണുകളിൽ അവനോടുള്ള പക തീക്ഷ്ണമായി ജ്വലിച്ചു..... "" എനിക്കറിയാടീ എന്റെ presence നിനക്ക് അങ്ങേയറ്റം വെറുപ്പാണെന്ന്...... നിന്നെ തളർത്താൻ ഇതേ ഉള്ളു മാർഗ്ഗം.... അതുകൊണ്ടു തന്നെ ഞാൻ അടവ് ഒന്ന് മാറ്റി പയറ്റാൻ പോകുവാ.... ദേവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ ഒന്ന്കൂടി ചേർത്തു പിടിച്ചു..... ദച്ചു പക്ഷേ അവനിൽ നിന്ന് കുതറി മാറിയില്ല.... അവൾക്കറിയാമായിരുന്നു തന്നെ മാനസികമായി തളർത്തലാണ് അവന്റെ ഉദ്ദേശമെന്ന്.....

അവൾ അവന് വിധേയയായി തന്നെ നിന്നു..... ഈ പ്രാവശ്യം ദേവനാണ് പതറിയത്..... "" എന്താ ദേവേട്ടാ ആകെ ഒരു പതർച്ച....??? ഇതുവരെ കൗശലം നിറഞ്ഞു നിന്ന കണ്ണുകളിൽ ഇപ്പൊ മറ്റെന്തൊക്കെയോ ഭാവമാണല്ലോ......??? ദച്ചു അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചു..... "" നീ എന്താ വിളിച്ചത്....??? "" താൻ കേട്ടില്ലേ...??? ദേവേട്ടാന്ന് തന്നെയാ വിളിച്ചത്.... ഭാവി ഭർത്താവിനെ പേരെടുത്തു വിളിക്കുന്നതൊക്കെ മോശമല്ലേ....???? ടോ.... താൻ ഈ കാട്ടിക്കൂട്ടുന്നതൊക്കെ എന്നെ എന്നെ മാനസികമായി തളർത്താൻ വേണ്ടിയാണെന്ന് എനിക്ക് നന്നായിട്ടറിയാം...... നേരത്തെ എന്താ പറഞ്ഞല്ലോ താൻ....!!!! കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ നമ്മൾ ഒരുമിച്ച് ഒരേ മുറിയിൽ....!!!!! അല്ലേ.....??? എന്റെ കൈ തനിക്ക് നേരെ ഇപ്പൊ ഉയരാത്തത് ഇത്രയുപേര് ചുറ്റുമുള്ളത് കൊണ്ട് മാത്രമാ.... എന്നുവെച്ച് അന്നും ഇതുപോലെ താൻ എന്റെ നേർക്ക് വന്നാൽ...??? """ നീ എന്തു ചെയ്യും...??? നമുക്ക് നോക്കാം എന്താ നടക്കാൻ പോകുന്നതെന്ന്.... രണ്ടു പേരും പരസ്പരം പകയോടെ നോക്കി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മു ഫോൺ എടുത്തുകൊണ്ട് തിരഞ്ഞു നടന്നപ്പോഴാണ് ആരുമായോ കൂട്ടിയിടിച്ചത്.....

അവൾ സോറി പറയാനായി മുഖമുയർത്തി നോക്കിയതും തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ജയനെയാണ് കണ്ടത്.... അവൾ ഒരു നിമിഷം എന്തു പറയണം എന്നറിയാതെ പകച്ചു നിന്നു..... "" നിനക്കെന്താടീ മുഖത്ത് കണ്ണില്ലേ....???? പെൺപിള്ളേരായാൽ കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണം..... "" ഞാൻ സത്യമായിട്ടും കണ്ടില്ല.... അറിയാതെ പറ്റി പോയതാ.... "" കാണണമെങ്കിൽ നിലത്ത് നോക്കി നടക്കണം.... അല്ലാതെ ഫോണിലും നോക്കിനടന്ന് വഴിയെ പോകുന്നവരെ വന്നിടിക്കുകയല്ല വേണ്ടത്...... വളർത്തു ദോഷം.... നിന്നെയൊക്കെ ഇങ്ങനെ വളർത്തി വഷളാക്കിയ അച്ഛനെയും അമ്മയെയും പറഞ്ഞാൽ മതിയല്ലോ..... അത് കേട്ടതും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഇത്രയും നിസ്സാര കാര്യത്തിന് ജയൻ എന്തിനാണ് ഇതുപോലെ ദേഷ്യപ്പെടുന്നതെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല..... "" നിന്ന് മോങ്ങാതെ ഇറങ്ങി പോടീ ഇവിടുന്ന്.... ജയൻ അവൾക്ക് നേരെ അലറി.....

ജയൻ പറഞ്ഞത് കേട്ട് അമ്മു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് താഴേക്ക് ഓടി.... എല്ലാം കെട്ടു കൊണ്ട് ദിവ്യ അവിടെ നിൽപ്പുണ്ടായിരുന്നു.... അമ്മു ഓടി വന്ന് ദിവ്യയെ കെട്ടിപ്പിടിച്ചു..... "" അമ്മൂ.... കരയല്ലേ മോളേ.... ദിവ്യ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..... "" എന്തിനാടാ എന്നോട് ഇത്രയും ദേഷ്യം....??? അതിനും മാത്രം ഞാൻ എന്താ ചെയ്തത്....??? അറിയാതെ പറ്റി പോയതല്ലേ....??? അമ്മു കരച്ചിലിനിടയിൽ എങ്ങനെയൊക്കെ പറഞ്ഞു.... "" നീ വന്നേ.... ഇത്‌ അങ്ങനെ വെറുതേ വിട്ടാൽ പറ്റില്ല.... ഞാൻ ചോദിക്കാം.... "" വേണ്ട.... അതിന്റെ പേരിൽ എന്നോടുള്ള ദേഷ്യം ഇനിയും കൂടും.... "" ഇതാ ഞാൻ പറഞ്ഞത്..... അറിയാതെ ഒന്ന് തട്ടിയതിന് തന്നെ ഇത്രയും ദേഷ്യം.... അപ്പൊ പിന്നെ ഇഷ്ടം പറഞ്ഞു ചെന്നാൽ എന്തൊക്കെ നടക്കുമെന്ന് ഊഹിക്കാല്ലോ.... മറന്നു കളയാടാ.... നിന്റെ സ്നേഹം ജയേട്ടൻ ഒരിക്കലും അംഗീകരിക്കില്ല..... നിന്റെ വിഷമം കാണാൻ വയ്യാത്തോണ്ടാ ഞാൻ ഈ പറയുന്നത്..... "" മറന്നു കളയാൻ പറ്റില്ലടീ.... അത്രക്ക് സ്നേഹിച്ചു പോയി ഞാൻ.... എന്നോട് എത്രയൊക്കെ ദേഷ്യം കാണിച്ചാലും എന്റെ സ്നേഹം എന്നെങ്കിലും ജയേട്ടൻ തിരിച്ചറിയും....

അങ്ങനെ ഒരു ദിവസത്തിനു വേണ്ടി കാത്തിരുന്നോളാം ഞാൻ..... "" അമ്മൂ നീ.... "" വേണ്ട ദിവ്യേ.... ഒന്നും പറയണ്ട.... എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല..... അമ്മുവിന്റെ കണ്ണുകളിലെ നിശ്ചയദാർഢ്യം ദിവ്യയെ ശരിക്കും അതിശയിപ്പിച്ചു..... നിശ്ചയത്തിന്റെ ചടങ്ങുകൾ പൂർത്തിയായ ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ദേവനും വീട്ടുകാരും സൂര്യമഠത്തിൽ നിന്ന് ഇറങ്ങി..... ഇറങ്ങുന്ന സമയത്ത് ജയനെ കണ്ടെങ്കിലും അമ്മുവിന് എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ പ്രയാസം തോന്നി..... രാത്രി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ദച്ചു..... തോളിൽ ഒരു കരസ്പർശം ഏറ്റപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത്..... അച്ഛനും അമ്മയും പുഞ്ചിരിയോടെ നിൽക്കുന്നു..... അച്ഛൻ അവളെ നെഞ്ചോടു ചേർത്ത് തലയിൽ മൃദുവായി തോലോടി..... "" അച്ഛന്റെ മോൾക്ക് എന്താ പറ്റിയത്....??? പഴയ കളിയും ചിരിയും ഒന്നുമില്ല.... അച്ഛനോടും അമ്മയോടും മര്യാദക്ക് ഒന്ന് സംസാരിക്കുന്നത് കൂടിയില്ല......

എന്താടാ.... എന്താ എന്റെ കുഞ്ഞിന്....??? ദച്ചു പെട്ടന്ന് അച്ഛനെ ഇറുകി പുണർന്നു കൊണ്ട് പൊട്ടി കരഞ്ഞു..... "" മോളേ...... എന്തു പറ്റി.... എന്തിനാ കരയുന്നത്....??? അച്ഛനും അമ്മയും ആകുലതയോടെ ചോദിച്ചു..... ദച്ചു പെട്ടന്ന് തന്നെ അച്ഛന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി മുഖം തുടച്ചു....... "" കുറച്ചു ദിവസം കഴിഞ്ഞാൽ നിങ്ങളെയൊക്കെ വിട്ട് മറ്റൊരു വീട്ടിലേക്ക് പോകണ്ടേ...??? അതോർത്തിട്ടാ ഞാൻ.... അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.... "" അതാണോ കാര്യം.... അതിനാണോ എന്റെ മോളൂട്ടി ഇങ്ങനെ കരയുന്നത്....??? ദേവൻ നല്ലവനാ മോളേ.... അവൻ നിന്നെ പൊന്നുപോലെ നോക്കും.... പിന്നെ മാധവനും ലക്ഷ്മിക്കും ജീവനാ നീ.... എന്റെ മോളുടെ സന്തോഷത്തോടെയുള്ള കുടുംബജീവിതമാ അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ സന്തോഷം..... ദച്ചു നിറമിഴികളോടെ രണ്ടുപേരെയും കേട്ടിപിടിച്ചു.... അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം..... നിങ്ങളാഗ്രഹിക്കുന്നുന്നത് പോലെ ഒരിക്കലും എനിക്ക് സന്തോഷപൂർണമായ കുടുംബജീവിതം ഉണ്ടാകില്ല.....

എന്റെ ജീവിതം നശിപ്പിച്ച അവനോട് എനിക്ക് പക മാത്രമേ ഉള്ളൂ..... അവന്റെ നാശത്തിന് വേണ്ടി മാത്രമാ എന്റെ കഴുത്തിൽ അവനണിയിക്കുന്ന കൊലക്കയറിനു വേണ്ടി നിന്നു കൊടുക്കുന്നത്...... അവൾ മനസ്സിൽ പറഞ്ഞു..... ദിവസങ്ങൾ ശരവേഗത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..... ഇന്നാണ് ദേവന്റെയും ദച്ചുവിന്റെയും വിവാഹം..... ആർഭാടമായി അലങ്കരിച്ച മണ്ഡപത്തിൽ അവനൊപ്പം ഇരിക്കുമ്പോൾ അവളുടെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു..... മനസാക്ഷിയുടെ ഒരു കണിക പോലുമില്ലാതെ തന്നെ ക്രൂരമായി പിച്ചി ചീന്തിയവന്റെ താലിക്ക് മുന്നിലാണ് കഴുത്ത് നീട്ടി കൊടുക്കാൻ പോകുന്നത്..... ഓർക്കുംതോറും തീ ചൂളയിൽ വെന്തുരുകുന്നപോലെ തോന്നി അവൾക്ക്..... തന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, താൻ അനുഭവിച്ചു തീർത്ത വേദനക്കും, ഒഴുക്കിയ കണ്ണീരിനും പകരം ചോദിക്കാൻ ഈ വിവാഹം നടന്നേ തീരൂ..... "" മുഹൂർത്തമായി.... താലി കെട്ടിക്കോളൂ..... തിരുമേനി പറഞ്ഞത് കേട്ട് ദേവൻ താലി കയ്യിലെടുത്ത് ദച്ചുവിന്റെ കഴുത്തിനു നേരേ നീട്ടി.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക