എൻ കാതലെ: ഭാഗം 5

 

എഴുത്തുകാരി: അപർണ അരവിന്ദ്‌

ദത്തൻ കൈയ്യിലുള്ള കവർ സോഫയിൽ വച്ച് റൂമിലേക്ക് നടന്നു. കൈയ്യിലുള്ള ഫോൺ ചാർജിനിട്ട് തിരിഞ്ഞതും പിന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന വർണയെ കണ്ട് അവൻ ഞെട്ടി രണ്ടടി പിന്നിലേക്ക് നീങ്ങി. "നീയെന്താ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാൻ ഇറങ്ങിയതാണോ " ദത്തന്റെ ചീത്ത കേട്ടതും അവൾ ഒന്നും മിണ്ടാതെ റൂമിന് പുറത്തേക്ക് പോയി. അവൾ അടുക്കളയിൽ പോയി രണ്ടു പ്ലേറ്റുകളിലേക്കായി ദത്തൻ കൊണ്ടുവന്ന ചോറ് വിളമ്പി മറ്റൊരു പാത്രത്തിൽ കറിയും എടുത്തു വച്ചു. ചോറിന്റെ സൈഡിൽ ആയി അച്ചാറും, ഉപ്പേരിയും പൊരിച്ച മീനും നല്ല ഭംഗിയിൽ വച്ച് അതുമായി മുറിയിലേക്ക് നടന്നു. മുറിയിൽ അവനെ കാണാഞ്ഞതും വർണ ഉമ്മറത്തേക്ക് നടന്നു. ചെയറിയിൽ ചാരിയിരുന്ന് കാര്യമായ എന്തോ ആലോചനയിലാണ് കക്ഷി. " ദത്താ" അവൾ കൈയ്യിലെ പ്ലേറ്റ് അവന് നേരെ നീട്ടി. ദത്തൻ അത്ഭുതത്തോടെ അവളേയും പ്ലേറ്റിലേക്കും മാറി മാറി നോക്കി. "എന്താ നോക്കുന്നേ വേഗം പ്ലേറ്റ് വാങ്ങിക്ക് എനിക്ക് വിശന്നിട്ട് വയ്യാ."

ദത്തൻ വേഗം അവളുടെ കൈയ്യിൽ നിന്നും അത് വാങ്ങി. വർണ തന്റെ കൈയ്യിലെ ചോറുമായി തിണ്ണയിൽ വന്നിരുന്നു. "ഇന്നലെ ഇവിടെ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ അടുക്കള ഒന്ന് വ്യത്തിയാക്കി. കൂട്ടത്തിൽ പൊടി പിടിച്ച പാത്രങ്ങളും കഴുകിയെടുത്തു. " അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ദത്തന് അത് കേൾക്കാൻ താൽപര്യമില്ലാത്ത പോലെ കഴിച്ച് വേഗം എണീറ്റ് പോയി. ** ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രം കഴുകി എല്ലാം അടുക്കളയിൽ ഒതുക്കി വക്കുകയായിരുന്നു വർണ . അപ്പോഴാണ് റൂമിൽ നിന്നും ദത്തന്റെ വിളി വന്നത്.. " വർണാ ..." അവന്റെ വിളി കേട്ട് ഒരു നിമിഷം വർണ നിശ്ചലമായി പോയി. അവൻ ആദ്യമായാണ് തന്റെ പേര് വിളിക്കുന്നത്. അവൾ ഇട്ടിരിക്കുന്ന ടോപ്പിൽ കൈകൾ തുടച്ചു കൊണ്ട് റൂമിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ദത്തൻ എന്തോ പേപ്പറിൽ എഴുതുകയാണ്. അത് കണ്ട് അവൾ ബെഡിൽ വന്നിരുന്നു. ദത്തൻ എഴുത്ത് നിർത്തി ചെയറിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിൽ വന്നു നിന്നു.

"ദാ ഇത് സൂക്ഷിച്ചു വച്ചോ " കൈയിലെ പേപ്പർ നീട്ടി കൊണ്ട് അവൻ പറഞ്ഞു. " ഇതെന്താ ദത്താ" അവൾ പേപ്പർ വാങ്ങി കൊണ്ട് ചോദിച്ചു. "നീ എത്രയിലാ പഠിക്കുന്നേ " " പിജിക്ക് " " ആണല്ലോ .അല്ലാതെ അക്ഷരാഭ്യസം ഇല്ലാത്തവൾ അല്ലാലോ. അപ്പോ അത് വായിച്ച് നോക്ക്" അത് കേട്ട് അവൾ അത് നോക്കി. ആരുടേയോ അഡ്രസ്സ് ആണ്. മുകുന്ദൻ വർമ്മ . പാലക്കൽ തറവാട്. ആലത്തൂർ, പാലക്കാട്. താഴെ ഒരു ഫോൺ നമ്പറും എഴുതിയിട്ടുണ്ട്. " ഇതെന്തിനാ എനിക്ക് " അവൾ സംശയത്തോടെ ചോദിച്ചു. "ഇനി അഥവാ ദത്തന് എന്തെങ്കിലും പറ്റിയാലും ഇവിടെ ആരും അനാഥരാവണ്ട . ഇനി നീ ഒരു കരപറ്റുന്നതിന് മുൻപ് ഞാൻ എങ്ങാനും ചത്താൽ ഈ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന ആളെ വിളിക്കുകയോ, നേരിൽ കാണുകയോ ചെയ്താൽ മതി " അവൻ ഗൗരവത്തിൽ പറഞ്ഞു. താൻ കുറച്ച് മുൻപ് പറഞ്ഞത് അവന് നല്ല വിഷമമായിട്ടുണ്ട് എന്ന് വർണക്കും മനസിലായി. "അങ്ങനെ ഒറ്റക്കാക്കിയിട്ട് , എന്നെ വിട്ട് നീ പോവുമോ ദത്താ " അത് പറയുമ്പോൾ അവളുടെ സ്വരവും ഇടറിയിരുന്നു.

ദത്തൻ മറുപടിയൊന്നും പറയാതെ ആ റൂമിൽ കാര്യമായി എന്തോ തിരയുകയാണ്. " മനസിൽ തട്ടുന്ന ഇത്രയും സെന്റി ഡയലോഗ് പറഞ്ഞിട്ട് ഈ കാട്ടു മാക്കാന് വല്ല മൈന്റും ഉണ്ടോ എന്ന് നോക്കിക്കെ " വർണ സ്വയം പിറുപിറുത്തു. അപ്പോഴേക്കും ദത്തൻ കട്ടിലിനടിയിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾക്കിടയിൽ നിന്നും എന്തോ ഒന്ന് തെരെഞ്ഞെടുത്തു. ഒരു ചെറിയ ടേബിൾ ഫാൻ ആയിരുന്നു അത്. അവന്റെ പഴയ ഒരു ഷർട്ട് എടുത്ത് അതിലെ പൊടിയെല്ലാം അവൻ തട്ടി കളഞ്ഞു. ശേഷം ഫാൻ ടേബിളിനു മുകളിൽ വച്ച് പ്ലേഗ് കുത്തി സ്വിച്ച് ഓൺ ചെയ്തു. "രാത്രി അകത്ത് ചൂടാണെന്ന് പറഞ്ഞ് ഇനിയാരും നട്ട പാതിരാത്രി പുറത്ത് വന്നിരിക്കണ്ട" അവൻ ഗൗരവത്തിൽ പറഞ്ഞ് പുറത്തേക്ക് പോയി. അവൾ കൈയ്യിലുള്ള കടലാസിലേക്ക് ഒന്ന് കൂടി നോക്കി. നല്ല ഹാൻ റൈറ്റിങ്ങ്. എനിക്കും ഉണ്ട് ഒരു കയ്യക്ഷരം അത് ഈ ലോകത്ത് എനിക്കല്ലാതെ മറ്റാർക്കും വായിച്ച് മനസിലാക്കാൻ കഴിയില്ല. അവൾ ആ പേപ്പർ തന്റെ ബാഗിൽ എടുത്തു വച്ചു. അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്.

ദത്തൻ രണ്ട് മൂന്ന് വട്ടമായി മുറിക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. "എന്താ ദത്താ. എന്തെ കുറേ നേരം ആയല്ലോ നീ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു " അത് കേട്ടതും അവൻ ഒരു മടിയോടെ അകത്തേക്ക് വന്നു. "രണ്ട് മൂന്ന് ദിവസമായി ചെയറിൽ കിടക്കുന്നു. അതുകൊണ്ട് ഉറക്കം ശരിയാവുന്നില്ല. ഞാൻ കുറച്ച് നേരം ബെഡിൽ കിടന്നോട്ടെ. " അവൻ മടിയോടെ ചോദിച്ചു. സ്വന്തം വീട്ടിൽ സ്വന്തം ബെഡിൽ കിടക്കാൻ അനുവാദം ചോദിക്കുന്ന ദത്തനെ കണ്ട് വർണക്ക് ശരിക്കും ചിരിയാണ് വന്നത്. " അതിനെന്താ ദത്താ. ഇവിടെ കിടന്നോ" അവൾ വേഗം ബെഡിലെ തന്റെ ഡ്രസ്സും ബാഗും ബുക്കുമെല്ലാം എടുത്തു മാറ്റി. ദത്തൻ വേഗം ബെഡിലേക്ക് കമിഴ്ന്നു. വർണ അവനെ ഒന്ന് നോക്കിയ ശേഷം വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി. ഉച്ച സമയമാണെങ്കിലും പുഴ കടവിൽ വെയിലില്ല. അവൾ വേഗം ബക്കറ്റിലുള്ള തന്റെ ഡ്രസ്സുകളും എടുത്ത് കടവിലേക്ക് നടന്നു. ഡ്രസ്സെല്ലാം അലക്കി അഴയിൽ വിരിച്ച് അവൾ അടുക്കളയിലേക്ക് ചെന്നു.

കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന പാത്രങ്ങൾക്കിടയിൽ നിന്ന് രണ്ട് കുടവും എടുത്ത് അവൾ കിണറിനരികിലേക്ക് നടന്നു. വേലിയോട് ചേർന്നാണ് കിണർ. അതുകൊണ്ട് കേശവേട്ടന്റെ വീട്ടുക്കാരും ആ കിണറ്റിൽ നിന്നാണ് വെള്ളം കോരുന്നത്. വർണ ചെല്ലുമ്പോൾ കിണറിനടുത്തുള്ള ആൾ മറയിൽ ചാരി സനൂപ് നിൽക്കുന്നുണ്ട്. അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ വെള്ളം കോരാൻ തുടങ്ങി. "ദത്തന്റെ ഭാര്യയാണല്ലേ. ഞാൻ ഇന്ന് കവലയിൽ വച്ച് കണ്ടിരുന്നു. എന്താ തന്റെ പേര് " " വർണ " "എന്റെ പേര് സനൂപ് . " അത് കേട്ട് വർണ തലയാട്ടി. " താൻ അത്യവശ്യം പഠിപ്പും വിവരവും ഒക്കെയുള്ള കുട്ടിയല്ലേ. പിന്നെ എന്തിനാ ദത്തനെ പോലെ ഒരാളെ കെട്ടിയത് " അത് കേട്ടതും വർണക്ക് ദേഷ്യം ഇരച്ചു കയറി. പക്ഷേ അതവൾ മുഖത്ത് പ്രകടിപ്പിച്ചില്ല. "അയ്യോ .. ചേട്ടൻ എന്നെ തെറ്റിദ്ധരിച്ചു തോന്നുന്നു. എനിക്ക് പഠിപ്പും വിവരവും കുറച്ച് കുറവാ. കോളേജിലാണ് പഠിക്കുന്നതെങ്കിലും എനിക്ക് രണ്ട് മൂന്ന് സപ്ലികൾ ഉണ്ട്. പിന്നെ വിവരത്തിന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. ഇപ്പോഴത്തെ വിദ്യഭ്യാസ മന്ത്രി ആരാണെന്ന് പോലും എനിക്ക് അറിയില്ല. " " കുട്ടി എന്നെ കളിയാക്കിയതാണന്ന് മനസിലായി. പക്ഷേ ഞാൻ കുട്ടിയുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത്.

ദത്തനിൽ നിന്നും കുറച്ച് അകലം പാലിക്കുന്നതാണ് നല്ലത്. അവൻ ഈ നാട്ടിൽ വന്നിട്ട് നാലഞ്ച് വർഷം ആകുന്നതെ ഉള്ളു. പക്ഷേ അവന് കുറേ ശത്രുക്കളുണ്ട് ഇവിടെ. അവനെ വകവരുത്താൻ ഒരു തക്കം പാർത്തു നടക്കുകയാണ് എല്ലാവരും. അവന്റെ ഒപ്പം കൂടി വെറുതെ ജീവിതം ഇല്ലാതാക്കണ്ട. " " സാരില്യ ചേട്ടാ എനിക്കും ജീവിക്കാൻ വലിയ കൊതിയൊന്നും ഇല്ല. " അവൾ പുഛത്തിൽ പറഞ്ഞു. " ഞാൻ പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ കുട്ടീടെ ഇഷ്ടം. ദത്തൻ ഇന്ന് കവലയിലിട്ട് തല്ലിയില്ലേ ഡേവിഡ് . അവനെ സൂക്ഷിക്കണം. പാമ്പിന്റെ പകയാണ് അവന് അവനെ വേദനിപ്പിച്ച് വിട്ടവരെയൊന്നും അവൻ വെറുതെ വിട്ടിട്ടില്ല. കൊന്നു തള്ളും. കുറച്ചു കാലം കൂടി ഈ താലി കഴുത്തിലിട്ട് ജീവിക്കണമെങ്കിൽ ഭർത്താവിനോട് പറഞ്ഞേക്ക് മാര്യദക്ക് നടക്കാൻ അല്ലെങ്കിൽ ഈ ചെറു പ്രായത്തിൽ തന്നെ വിധവയാവേണ്ടി വരും" സനൂപിന്റെ വാക്കുകൾ വർണയുടെ മനസിനെ തന്നെ പിടിച്ചുലച്ചിരുന്നു. എന്തു മറുപടി പോലും സനൂപിന് കൊടുക്കണം എന്ന് അവൾക്ക് അറിഞ്ഞിരുന്നില്ല.

നിറച്ചു വച്ച രണ്ട് കുടങ്ങളും എടുത്ത് അടുക്കളയിൽ എത്തുമ്പോഴേക്കും ദത്തന്റെ വണ്ടി പടി കടന്ന് പോയിരുന്നു. കുടങ്ങൾ അടുക്കളയിൽ വച്ച് അവൻ മുൻ വശത്തേക്ക് ഓടിയെങ്കിലും ദത്തൻ കൺമുന്നിൽ നിന്നും മറഞ്ഞിരുന്നു. " അയാൾ ദത്തനെ എന്തെങ്കിലും ചെയ്യുമോ. അവന് എന്തെങ്കിലും പറ്റിയാൽ പിന്നെ ... " അവളുടെ മനസിൽ വല്ലാത്ത ഒരു ഭയം വന്ന് നിറഞ്ഞു. അവൾ കഴുത്തിലെ താലി മുറുകെ പിടിച്ച് ഉമ്മറ പടിയിൽ തന്നെ ഇരുന്നു. നേരം സന്ധ്യയായിട്ടും അവൾ അതേ ഇരുപ്പ് തുടർന്നു. ഇത്ര നേരം ആയിട്ടും ദത്തൻ തിരികെ വന്നില്ല. അവൾ എണീറ്റ് കൈയ്യും മുഖവും കഴുകി വിളക്ക് വച്ച് പ്രാർത്ഥിച്ചു. രാത്രിയിലേക്കുള്ള ഭക്ഷണം ദത്തൻ കൂട്ടുക്കാരന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നു. രാത്രി ഒരുപാട് നേരമായിട്ടും ദത്തൻ തിരികെ വന്നില്ല. ഭക്ഷണം വിളമ്പിയെങ്കിലും അവൾക്ക് കഴിക്കാൻ തോന്നിയില്ല. അത് അടുക്കളയിൽ കൊണ്ടു വച്ച് റൂമിൽ വന്നിരുന്നു. ബാഗിൽ നിന്നും തന്റെ വാച്ച് എടുത്ത് നോക്കിയപ്പോൾ സമയം പതിനൊന്ന് മണി കഴിഞ്ഞു. അവൾ ചുമരിൽ ചാരി ഇരുന്ന് എപ്പോഴോ ഉറങ്ങി. **

വിചനമായ വഴിയിലൂടെ വണ്ടിയോടിച്ച് വരുകയായിരുന്നു ദത്തൻ . നന്നായി കുടിച്ചത് കൊണ്ട് വണ്ടി ശരിക്ക് ഓടിക്കാൻ പോലും പറ്റുന്നില്ല. പെട്ടെന്ന് വണ്ടിക്ക് മുന്നിലേക്ക് എന്തോ ചാടിയതും അവൻ വണ്ടി വെട്ടിച്ചു. ബാലൻസ് കിട്ടാതെ അവനും വണ്ടിയും നടുറോഡിലായി വീണു. ദത്തൻ ആയാസപെട്ട് താഴേ നിന്നും എണീറ്റ് ബുള്ളറ്റ് ഉയർത്താൻ നോക്കി. പിന്നിൽ നിന്നും നിഴലനക്കം കണ്ട് അവൻ തല തിരിച്ച് നോക്കിയതും കൈയ്യിൽ വടി വാളുമായി ഡേവിസ്. " ഒരു പകയും പിന്നീട് മാറ്റി വക്കുന്ന സ്വഭാവം ഈ ഡേവിഡിനില്ല " അത് പറഞ്ഞ് അയാൾ കൈയ്യിലെ വടി വാൾ ഉപയോഗിച്ച് ദത്തനെ ആഞ്ഞ് വെട്ടി. അയാൾ പക മുഴുവൻ ദത്തനു മേൽ തീർത്തു. ചേരയിൽ കുളിച്ച് ദത്തൻ ആ വിചനമായ റോഡിൽ കിടന്നു. " ദത്താ..." വർണ കരഞ്ഞു കൊണ്ട് ഉറക്കത്തിൽ നിന്നും ഉണർന്നു. കണ്ടത് സ്വപ്നമാണെന്ന് അവൾക്ക് വിശ്വാസിക്കാനായില്ല. ചേരയിൽ കുളിച്ചു കിടക്കുന്ന ദത്തന്റെ മുഖം അത്രത്തോളം അവളുടെ മനസിൽ ആഴ്ന്നിറങ്ങിയിരുന്നു.

സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. അവൾ എണീറ്റ് ജനൽ വഴി ഒന്ന് മുറ്റത്തേക്ക് നോക്കി. ദത്തന്റെ വണ്ടി അവിടെ എവിടേയും കാണാൻ ഇല്ല "ഈശ്വരാ .. ദത്തനെ കാത്തോണേ അവന് ഒന്നും പറ്റി കാണല്ലേ " കുറച്ചു നേരം ബെഡിൽ വന്നിരുന്നെങ്കിലും അവൾക്ക് ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല. ധൈര്യം സംഭരിച്ച് അവൾ ഉമ്മറത്തെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അപ്പോഴാണ് വരാന്തയിലെ ചെയറിൽ ഇരുന്ന് ഉറങ്ങുന്ന ദത്തനെ അവൾ കണ്ടത്. ഓരേ സമയം മനസിൽ സന്തോഷവും സങ്കടവും നിറഞ്ഞു വന്നു. " ദത്താ... അവൾ ഓടി വന്ന് അവൻ ഇരിക്കുന്ന കസേരക്കുമുന്നിൽ മുട്ടു കുത്തിയിരുന്നു. അപ്പോഴാണ് അവന്റെ ഷർട്ടിലും മുണ്ടിലും പറ്റിയ മണ്ണ് അവൾ കണ്ടത്. ബുള്ളറ്റാണെങ്കിൽ കാണാനും ഇല്ലാ "ദത്താ... ദത്താ.. നിനക്ക് എന്താ പറ്റിയേ. ഇതെന്താ ഷർട്ടിൽ മുഴുവൻ മണ്ണ് " വർണ അവനെ കുലുക്കി വിളിച്ചതും ദത്തൻ ആയാസപ്പെട്ട് കണ്ണ് തുറന്നു. "എന്തിനാടി പാതിരാത്രിക്ക് കിടന്ന് മോങ്ങുന്നേ " അവൻ കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു. "നീ ഇത്ര നേരം എവിടെയായിരുന്നു ദത്താ നിന്റെ ഷർട്ടിൽ എന്താ മണ്ണ് " " ഓഹ് അത് ഞാൻ വരുന്ന വഴിക്ക് വണ്ടിടെ മുന്നിൽ ഒരു പൂച്ച വട്ടം ചാടി.

വണ്ടി ഒന്ന് വെട്ടിച്ചപ്പോൾ ബാലൻസ് കിട്ടാതെ റോഡിൽ വീണു. ഈ കണ്ടിഷനിൽ വണ്ടി എടുക്കാൻ പറ്റില്ല. അതോണ്ട് വണ്ടി റോഡിൽ വച്ച് ഞാൻ ഇങ്ങ് നടന്ന് പോന്നു. " "എന്തിനാ ദത്താ നീ ഇങ്ങനെ കുടിച്ചു നശിക്കുന്നേ. നിനക്ക് നേരത്തും കാലത്തും ഒന്ന് വീട്ടിൽ വന്നൂടെ .നിന്നെ കാണാതെ ഞാൻ ഒരുപാട് പേടിച്ചു. "വർണ കരഞ്ഞു കൊണ്ട് ദത്തന്റെ മടിയിലേക്ക് തല വച്ചു. "പട്ടി മോങ്ങുന്ന പോലെ മോങ്ങാൻ ഇവിടെ നിന്റെ മറ്റവൻ ചത്തോ " അവൻ ദേഷ്യത്തിൽ അലറി " ചത്തു എന്ന് ഞാൻ സ്വപ്നം കണ്ടു. നീ ഇനി രാത്രി നേരത്ത് പുറത്ത് പോവണ്ട. ആ ഡേവിഡ് നിന്നെ എന്തെങ്കിലും ചെയ്യും" അവൾ അവന്റെ മടിയിൽ കിടന്ന് കരഞ്ഞ് പറയാൻ തുടങ്ങി. ദത്തൻ ഒന്നും മിണ്ടാതെ ചെയിറിൽ തല വച്ച് കിടന്നു. സ്വബോധം ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി. ** പുഴയിൽ ആരോ അലക്കുന്ന ശബ്ദം കേട്ടാണ് ദത്തൻ കണ്ണു തുറന്നത്. അവൻ ഒന്ന് മൂരി നിവർന്ന് എണീക്കാൻ നോക്കിയതും മടിയിൽ എന്തോ ഭാരം തോന്നിയത്. നോക്കുമ്പോൾ മടിയിൽ തല വച്ച് കിടക്കുന്ന വർണ "ഡീ ... "

അവൻ ദേഷ്യത്തിൽ അലറിയതും വർണ ഞെട്ടി പിടഞ്ഞെഴുന്നേറ്റു . " അകത്ത് കിടക്കാൻ ബെഡില്ലാഞ്ഞിട്ടാണോ നീ എന്റെ മടിയിൽ തല വച്ചു കിടക്കുന്നേ എന്നാ എന്റെ മടിയിൽ കയറി കിടന്നോടി " അവൻ ദേഷ്യത്തിൽ പറഞ്ഞു. " അത് എന്നാ ഇന്നലെ രാത്രി തന്നെ പറയാമായിരുന്നില്ലേ .വെറുതെ താഴേയിരുന്ന് കാല് തരിച്ചു. സേട്ടൻ ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ ഇനി ഞാൻ അനുസരിച്ചില്ലാ എന്ന് വേണ്ടാ " അത് പറഞ്ഞ് വർണ താഴേ നിന്ന് എണീറ്റ് അവന്റെ മടിയിലിരിക്കുന്ന പോലെ കാണിച്ചതും ദത്തൻ ചെയറിൽ നിന്നും ചാടി എണീറ്റു. "നീ എന്താ ദത്താ കാണിച്ചേ ഞാൻ മടിയിലിരിക്കാൻ വന്നപ്പോ നീ എന്തിനാ എണീറ്റേ." അവൾ ചിരിയോടെ ചോദിച്ചു. ദത്തൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കിയ ശേഷം അകത്തേക്ക് കയറി പോയി. പെട്ടെന്ന് തന്നെ ഇട്ടിരിക്കുന്ന ഡ്രസ്സ് മാറ്റി വേറെ ഒരെണ്ണം ഇട്ട് അവൻ പുറത്തേക്ക് വന്നു. "ഇനി എങ്ങാനും പാതിരാത്രിക്ക് നിന്നെ പുറത്ത് കണ്ടാൽ നിന്റെ കാല് ഓടിച്ച് ഞാൻ അകത്തിടും . പിന്നെ നീ പുറത്തിറങ്ങുന്നത് എനിക്കൊന്ന് കാണണമല്ലോ "

അത് പറഞ്ഞ് അവൻ റോഡിലേക്ക് ഇറങ്ങി പോയി. "നീ പോടാ തെമ്മാടി. ഞാൻ എനിക്ക് തോന്നുമ്പോ ഞാൻ പുറത്തിറങ്ങും. ഇന്ത്യൻ ഭരണ ഘടനയിലെ article.... അയ്യോ ആർട്ടിക്കിൾ എതായിരുന്നു എന്ന് മറന്ന് പോയല്ലോ. അത് എന്തെങ്കിലും ആകട്ടെ ഭരണ ഘടനയിലെ human rights ൽ ഏതൊരു ഇന്ത്യൻ പൗരനും സഞ്ചാര സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഈ വർണയോടാണ് അവന്റെ ഭീഷണി " അത് പറഞ്ഞ് അവൾ ഡ്രസ്സും എടുത്ത് കുളിക്കാൻ ഇറങ്ങി. കുളിക്കുന്നതിനിടയിൽ ദത്തന്റെ വണ്ടി മുറ്റത്ത് വന്ന് നിന്നും തിരികെ പോയതും അവൾ അറിഞ്ഞു. കുളി കഴിഞ്ഞ് വന്ന് നോക്കുമ്പോൾ രാവിലെക്കും ഉച്ചക്കും ഉള്ള ഫുഡ് കൊണ്ടുവന്നു വച്ചിട്ടുണ്ട്. ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് അവൾ മുറ്റത്തുകൂടെ വെറുതെ നടന്നു. ഇരുന്ന് ബോറടിച്ചപ്പോൾ അവൾ ദത്തന്റെ മുറി വ്യത്തിയാക്കാൻ തിരുമാനിച്ചു. അലമാറയിലെ അവന്റെ ഷർട്ടും മുണ്ടും ഒതുക്കി വച്ചു. മറ്റൊരു സൈഡിലായി തന്റെ ഡ്രസ്സുകളും അടുക്കി വച്ചു. മേശ പുറത്ത് ദത്തന്റെ ബുക്കുകളുടെ കൂടെ തന്റെയും ഒതുക്കി വച്ചു.

എല്ലാം കഴിഞ്ഞപ്പോഴേക്കും ദത്തന്റെ ഒരു കുന്നോളം അലക്കാത്ത ഡ്രസ്സുകൾ മുറിയിലാകെ നിറഞ്ഞു. "ഇയാൾക്ക് ഷർട്ടും മുണ്ടും അലക്കുന്ന സ്വഭാവം ഒന്നുമില്ലാന്ന് തോന്നുന്നു " അവൾ ഡ്രസെല്ലാം വാരി പുഴകടവിലേക്ക് നടന്നു. കുളിക്കുന്ന സോപ്പു കൊണ്ടാണ് അലക്കിയത്. അതോടെ സോപ്പിന്റെ കാര്യത്തിൽ ഒരു തിരുമാനമായി. "Cute the beauty സോപ്പേ നീ എന്നോട് ക്ഷമിക്ക് . അലക്കാൻ വേറെ സോപ്പില്ലാത്തതു കൊണ്ടാ നിന്നെ ഞാൻ എടുത്തത്. ഇനി ഞാൻ നാളെ എതു സോപ്പ് കൊണ്ട് കുളിക്കുമോ എന്തോ " അലക്കിയ തുണികൾ എല്ലാം അവൾ മുറ്റത്ത് അഴകൾ കെട്ടി അതിൽ വിരിച്ചിട്ടു. അതോടെ അവൾ നന്നായി ക്ഷീണിച്ചിരുന്നു. ഉച്ചക്കുള്ള ഭക്ഷണം കഴിച്ച് അവൾ ഉറങ്ങാൻ കിടന്നു. *** " ഇതെന്താടാ നിന്റെ ഷർട്ടിന്റെയും മുണ്ടിന്റെയും എണ്ണം നാട്ടുക്കാരെ കാണിക്കാനാണോ എല്ലാം ഇങ്ങനെ അലക്കി ഇട്ടിരിക്കുന്നേ " ദത്തന്റെ വണ്ടിക്കു പിന്നിൽ ഇരിക്കുന്ന കൂട്ടുക്കാരൻ കളിയാക്കി കൊണ്ട് ചോദിച്ചു. അപ്പോഴാണ് ദത്തനും മുറ്റത്ത് അഴയിൽ വിരിച്ചിട്ടിരിക്കുന്ന തന്റെ ഡ്രസ്സുകൾ കണ്ടത്. " ഒരു പെണ്ണ് കെട്ടി എന്ന് കരുതി നീ ആ കൊച്ചിനെ കൊണ്ട് ഉള്ള ഡ്രസ്സ് മുഴുവൻ അലക്കിപ്പിച്ചു അല്ലേടാ ദുഷ്ടാ " " മര്യാദക്ക് വാ അടച്ചില്ലെങ്കിൽ ഞാൻ നിന്നെ എടുത്തിട്ട് അലക്കും "

അത് പറഞ്ഞ് ദത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി. "ഇവൾ ഇതൊക്കെ എന്തിനാ അലക്കിയിട്ടിരിക്കുന്നേ. മനുഷ്യനെ വെറുതെ നാണം കെടുത്താനായിട്ട്. " ദത്തൻ പിറു പിറുത്തു കൊണ്ട് അകത്തേക്ക് കയറി. മുറിയിൽ വന്ന് നോക്കുമ്പോൾ വർണ നല്ല ഉറക്കത്തിലാണ്. ജനൽ തുറന്നിട്ടതു കൊണ്ട് വൈകുന്നേരത്തെ വെയിൽ അവളുടെ മുഖത്തേക്കടിക്കുന്നുണ്ട്. ദത്തൻ പതിയെ കൈ എത്തിച്ച് ജനൽ അടച്ചിട്ടു. അപ്പോഴാണ് അവൻ ആ മുറി ശ്രദ്ധിച്ചത്. എല്ലാം അടുക്കി ഒതുക്കി വച്ചിരിക്കുന്നു. "ഈ പെണ്ണിനെന്താ വട്ടുണ്ടോ ഇതൊക്കെ വ്യത്തിയാക്കിയിടാൻ " അവൻ അവളെ ഒന്ന് കൂടി നോക്കിയ ശേഷം പുറത്തേക്ക് വന്നു. പുറത്ത് അവന്റെ കൂട്ടുക്കാരൻ അഴയിൽ ഇട്ടിരിക്കുന്ന അവന്റെ ഷർട്ടിന്റെ എണ്ണം എടുക്കുന്ന തിരക്കില്ലാണ്. " ടാ പുല്ലേ അവിടെ വായി നോക്കി നിൽക്കാതെ വന്ന പണി ചെയ്യാൻ നോക്ക്" ദത്തൻ അലറി. " 28, 29 ,30..... ഈ പന്നി കണക്ക് മുഴുവൻ തെറ്റിച്ചു. ഇനി ഞാൻ ആദ്യം മുതൽ എണ്ണണം" "ടാ ..." ദത്തൻ നീട്ടി വിളിച്ചതും അയാൾ അവന്റെ അരികിലേക്ക് വന്നു.

" കൈകോട്ടും, പുല്ല് വേട്ടിയും എവിടെ " " അതൊക്കെ അകത്തുണ്ട് നീ വാ " അത് പറഞ്ഞ് ദത്തൻ അകത്തേക്ക് നടന്നു. കൂടെ കൂട്ടുക്കാരനും. " ഒരു മിനിറ്റ് നീ ഇവിടെ നിൽക്ക് " അവർ ഉമ്മറത്തേക്ക് കയറിയതും ദത്തൻ പറഞ്ഞു. ശേഷം അകത്ത് പോയി വർണയെ ഒന്ന് നോക്കി. ഒളിബിക്സിന് ഓടാൻ നിൽക്കുന്ന പോലെയാണ് അവളുടെ കിടത്തം. അത് കണ്ട് ദത്തനും ചിരി വന്നിരുന്നു. അവൻ ആ മുറിയുടെ വാതിൽ ചാരി ഇട്ടു. "ആഹ്.. ഇനി വന്നോ" അത് കേട്ടതും അയാൾ അകത്തേക്ക് വന്നു. അപ്പുറത്തെ റൂമിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾക്കിടയിൽ നിന്നും കൈകോട്ടും, മറ്റും എടുത്ത് അവർ നേരെ മുറ്റത്തേക്ക് ഇറങ്ങി. ** വർണ കണ്ണു തുറന്നു നോക്കുമ്പോൾ സമയം നാലര കഴിഞ്ഞിരുന്നു. അഴിഞ്ഞുലഞ്ഞ മുടി കെട്ടി വച്ച് പുറത്തേക്ക് ഇറങ്ങിയതും അവൾ ഒന്ന് പകച്ച് പോയി. വീടും പരിസരവും ആകെ മാറിയിരിക്കുന്നു. മുറ്റത്തെ പുല്ലും മൊന്തയും എല്ലാം വെട്ടി വൃത്തിയാക്കി. പൊളിഞ്ഞു വീഴാറായ വേലിലെല്ലാം ശരിക്ക് കെട്ടി. ഇപ്പോഴാണ് അത് ശരിക്കും ഒരു വീടായി മാറിയത് " ഇങ്ങനെ ഒരു മാവ് ഇവിടെ ഉണ്ടായിരുന്നോ ഞാൻ ഇതുവരെ കണ്ടേയില്ലാ. " അവൾ മുറ്റത്തായി നിൽക്കുന്ന മാവിനെ നോക്കി പറഞ്ഞു. അതിൽ മുല്ലവള്ളിയും പടർന്നു കയറിയിട്ടുണ്ട്.

കൂട്ടുക്കാരനെ യാത്രയാക്കി തിരിച്ച് വരുന്ന ദത്തൻ കാണുന്നത് മുറ്റത്ത് അന്തം വിട്ട് നിൽക്കുന്ന വർണയെ ആണ്. " ഇവിടെയെല്ലാം വ്യത്തിയാക്കിയത് നീയാണോ ദത്താ " " ആണെങ്കിൽ " " ആണെങ്കിൽ നന്നായിട്ടുണ്ട്. ഈ വീടിന് ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് മനസിലായത് .അല്ലെങ്കിലും ഭംഗി ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഇവിലെ വലതു കാൽ വച്ച് കയറിയത് ഈ ഞാൻ അല്ലേ. വർണ്ണ എന്നാ സുമ്മാവാ..." "അപ്പോ ഇവിടെയൊക്കെ ഇങ്ങനെയാവാൻ കാരണം നീയാണ് എന്നാണോ " ദത്തൻ ഇരു കൈകളും കെട്ടി നിന്നു കൊണ്ട് ചോദിച്ചു. "അഫ്കോഴ്സ് മിസ്റ്റർ ദേവ ദത്തൻ . പിന്നെ ദേ ഇവിടെ ഉണ്ടല്ലോ നമ്മുക്ക് കുറേ ചെടികൾ വച്ചു പിടിപ്പിക്കണം. പിന്നെ കുറച്ച് മരങ്ങളും വെക്കണം. പിന്നെ ബാത്ത്റൂം ഒന്ന് പുതുക്കി പണിയണം " ദത്തന്റെ ചുറ്റും നടന്നു കൊണ്ട് വർണ കയ്യിൽ എണ്ണി എണ്ണി പറഞ്ഞു. " ചെടിയും മരവും വെച്ച് ജീവിതക്കാലം മുഴുവൻ ഇവിടെ തന്നെ നിൽക്കാനാണോ മാഡത്തിന്റെ പ്ലാൻ " "പിന്നല്ലാതെ ഞാൻ എവിടെ പോവാനാ . "

" നാലക്ഷരം പഠിച്ച് നല്ല ഒരു നിലയിലെത്താൻ നോക്ക് പെണ്ണേ . എന്നിട്ട് ഈ നശിച്ച നാട്ടിൽ നിന്നും ദൂരേക്ക് എവിടെയെങ്കിലും പോയി നല്ല ഒരാളെ കെട്ടി നന്നായി ജീവിക്കാൻ നോക്ക്" അത് പറഞ്ഞ് ദത്തൻ അകത്തേക്ക് നടന്നു. " ഒന്നവിടെ നിന്നേ മിസ്റ്റർ ദേവ ദത്തൻ തമ്പുരാനെ " അവൾ പിന്നിൽ നിന്നും വിളിച്ചതും അവൻ എന്താ എന്ന രീതിയിൽ തിരിഞ്ഞ് നോക്കി. "താങ്കൾ പറഞ്ഞ കാര്യങ്ങൾ എറേ കുറെ ശരിയാണ്. നാലക്ഷരം പഠിച്ച് നല്ല നിലയിൽ എത്തണം. വേണമെങ്കിൽ ഈ നാട്ടിൽ നിന്നും പോകാം. പക്ഷേ അവസാനം പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട്. ഓൾ റെഡി എന്റെ ഒരു കല്യാണം കഴിഞ്ഞതാണ്. എന്റെ കെട്ട്യോൻ വടി പോലെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ എങ്ങനെ വെറെ ഒരു കോന്തനെ കെട്ടും. നിങ്ങൾക്ക് ഒരു കാര്യം അറിയില്ലെങ്കിൽ ഞാനൊന്ന് പറഞ്ഞ് തരാം. ഈ ദത്തൻ എവിടേയുണ്ടോ അവിടെ ഈ വർണയുണ്ട്. അതുപോലെ വർണ എവിടേയുണ്ടോ അവിടെ ദത്തനും ഉണ്ടായിരിക്കും. ഉണ്ടായിരിക്കണം " അത് പറഞ്ഞ് അവൾ അകത്തേക്ക് പോയി.

ദത്തൻ കുറച്ച് നേരം അവിടെ തന്നെ നിന്നു ശേഷം വരാന്തയിലെ ചെയറിൽ വന്നിരുന്നു. " ഇതെന്താ ദത്താ" അവൻ അടുക്കളയിൽ കൊണ്ടുവന്നു വച്ച പൊതിയും എടുത്ത് ഉമ്മറത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു. "നിനക്കെന്താ കയ്യിലെ തുറക്കാൻ . കണ്ണിലെ നോക്കാൻ . " അവൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. "പരിപ്പുവടയാണോ " അവൾ ഒന്ന് മണത്ത് നോക്കി കൊണ്ട് പറഞ്ഞു. ശേഷം പൊതി തുറന്ന് പരിപ്പുവട കഴിക്കാൻ തുടങ്ങി. "ദാ.. ദത്താ" അവൾ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് വേണ്ടാ " "അതെന്താ വേണ്ടാത്തെ " " വേണ്ടാ .അത്ര തന്നെ " അവൻ സ്വരം കടുപ്പിച്ച് പറഞ്ഞതും പിന്നെ അവൾ ഒന്നും മിണ്ടിയില്ല. " ദത്താ... നിനക്ക് ന്റെ പേര് പോലും അറിയില്ലാ എന്നല്ലേ പറഞ്ഞത്. പിന്നെ എന്തിനാ നീ എന്നെ കല്യാണം കഴിച്ചത് " അവൾ ഒന്ന് ആലോചിച്ച് കൊണ്ട് ചോദിച്ചു. "പണത്തിന് " " പണത്തിനോ " "അതെ. അന്ന് സമൂഹ വിവാഹത്തിൽ നിന്റെ കല്യാണം മുടങ്ങിയപ്പോൾ അതിന്റെ സംഘാടകരിൽ ഒരാളായ രാമചന്ദ്രൻ സാർ പറഞ്ഞു നിന്നെ കെട്ടിയാൽ 30,000 രൂപ തരാം എന്ന് അത് കൊണ്ട് കെട്ടി " " 30000 രൂപയോ " അവൾ നിറ മിഴികളോടെ ചോദിച്ചു. "അതെ"

ദത്തൻ അത് പറഞ്ഞപ്പോൾ വർണ്ണ ഒന്നും മിണ്ടാതെ അകത്തേക്ക് എണീറ്റ് പോയി. അവളുടെ മനസിൽ ആവശ്യമില്ലാത്ത എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അത് ഇതോടെ ഇല്ലാതിയിക്കോട്ടെ എന്ന് കരുതിയാണ് അവൻ അവളോട് അത് പറഞ്ഞത്.. അവന്റെ ഓർമകൾ കല്യാണ ദിവസത്തിലേക്ക് സഞ്ചരിച്ചു. ഞായറാഴ്ച്ച സ്ഥിരം കള്ളുകുടിയും പരിപാടിയുമായി ഇരിക്കുമ്പോഴാണ് ചന്തു കരഞ്ഞു കൊണ്ട് തന്റെ അരികിലേക്ക് ഓടി വന്നത്. അവന്റെ അമ്മക്ക് സുഖമില്ലാ ഹോസ്പിറ്റലിൽ കൊണ്ടു പോകണം എന്ന് പറഞ്ഞു. വേഗം തന്നെ ഒരു ആബുലൻസ് വിളിച്ച് ഹോസ്പിറ്റലിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ഡോക്ടർ പ്രെവെറ്റ് ഹോസ്പിറ്റലിലേക്ക് അയച്ചു. ഉടൻ ഓപ്പറേഷൻ വേണം 50000 രൂപ വേണo. കൈയ്യിൽ 10000 രൂപയുണ്ട്. ബാക്കി അക്കൗണ്ടിൽ നിന്നും എടുക്കാം എന്ന് കരുതിയെങ്കിലും ബാങ്ക് അവധിയാണ്. ATM ൽ നിന്നും 10000 രൂപ വിഡ്രോ ചെയ്യ്തു . ഇനിയും പൈസ വേണം. ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞെങ്കിലും അധികം പുരോഗതിയില്ലാത്തതിനാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് അതിന് സമ്മതിച്ചില്ല. ലിക്വിഡ് കാഷ് തന്നെ വേണം . എങ്കിൽ ഓപ്പറേഷൻ നടത്താം എന്ന് പറഞ്ഞു.

അടിയും പിടിയുമായി നടക്കുന്ന എനിക്ക് ആര് പൈസ കടം തരാനാ. അവസാനം വർക്ക്ഷോപ്പിന്റെ ഓണർ രാമചന്ദ്രർ സാറിന്റെ മുന്നിൽ പോയി. പൈസ തരാം പക്ഷേ അതിന് പകരം അയാൾ ആവശ്യപെട്ടത് ഈ കല്യാണമാണ്. അവരുടെ നേത്യത്വത്തിൽ നടത്തുന്ന സമൂഹ വിവാഹത്തിൽ ഒരു പെൺകുട്ടിയുടെ വിവാഹം മുടങ്ങിയാൽ അത് അവരുടെ അഭിമാനത്തിന് ക്ഷതം സംഭവിക്കും. അതില്ലാതാക്കാനാണ് വർണയെ ഞാൻ കല്യാണം കഴിച്ചത്. പകരമായി എനിക്കാവശ്യമുള്ള പണം തരുകയും ചെയ്തു. കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസിലാക്കി അവളെ തിരികെ പറഞ്ഞയക്കണം എന്ന് കരുതിയതാണ്. പക്ഷേ അവളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അതിന് തോന്നിയില്ല. അവൾ പഠിച്ച് ഒരു ജോലി കിട്ടുന്നവരെ ഇവിടെ നിൽക്കട്ടെ എന്ന് കരുതി .പക്ഷേ ഇപ്പോൾ കാര്യങ്ങൾ കൈവിട്ട പോലെ അവളുടെ കണ്ണിലെവിടേയോ തന്നോടുള്ള ഒരു സ്നേഹത്തിന്റെ തിളക്കം അവനും കണ്ടിരുന്നു. എന്തായാലും പൈസക്ക് വേണ്ടിയാണ് കല്യാണം നടത്തിയത് എന്നറിഞ്ഞാൽ അവൾ തന്നെ വെറുക്കും.അവൻ ഓരോന്ന് ഓർത്ത് അകത്തു നിന്നും ഒരു തോർത്ത് എടുത്ത് പുഴ കടവിലേക്ക് നടന്നു. അവിടെ കൽ പടവിൽ താടിക്ക് കൈയ്യും കൊടുത്ത് വർണ ഇരിക്കുന്നുണ്ട്....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...