ഏഴാം ബഹർ: ഭാഗം 18

 

രചന: SHAMSEENA FIROZ

"എന്തൊക്കെയാ നീയീ പറയുന്നേ.. സനു അവളെ ചതിക്കുമെന്നോ..? " "ചതിക്കും..ചതിക്കുമോ എന്നൊരു പേടി..ഇപ്പോ അവനു അവളോട് എത്രയൊക്കെ സ്നേഹവും അടുപ്പവും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.. പിന്നീട് അത് ഉണ്ടായിക്കൊള്ളണമെന്നില്ല.. എന്തൊക്കെ പറഞ്ഞാലും അവൻ ആ സ്ത്രീയുടെ മകനാ.. അവന്റെ സ്വഭാവത്തിൽ എവിടെയെങ്കിലും അവരുടെ ഒരംശം ഇല്ലാതെ ഇരിക്കില്ല.. ഒരിക്കൽ എങ്കിലും അവർ അവനെ സ്വാധീനിക്കാതെ ഇരിക്കില്ല.. എന്നായാലും അവർ അവനെ അവരുടെ ചൊല്പടിക്ക് കൊണ്ട് വരിക തന്നെ ചെയ്യും.. അതിനി ഭീഷണി പെടുത്തിയിട്ട് ആയാലും.. എങ്ങനെ ആയാലും അവർ അവനെ അവൾക്ക് എതിരെ ആക്കിയിരിക്കും.. പണം എന്നാൽ ഭ്രാന്ത് ആണ് അവർക്ക്.. എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാൻ വേണ്ടി അവർ എന്തും ചെയ്യും.. ഏതറ്റം വരെയും പോകും... സനുവിനെ വെച്ചവർ കളിക്കും.. സനു എന്നാൽ ജീവനാണ് അവൾക്ക്.. അവന് വേണ്ടി ഒരുപക്ഷെ അവൾ അവർക്ക് മുന്നിൽ തോറ്റു കൊടുത്തെന്നും ഇരിക്കാം.. "

"ഇല്ലടാ.. അങ്ങനെയൊന്നും സംഭവിക്കില്ല.. അവൾ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നവളല്ലേ.. ചതി പറ്റില്ല അവൾക്ക്.. എല്ലാം മുൻകൂട്ടി കാണാനും നേരിടാനും അവൾക്ക് കഴിയും.. നീ പേടിക്കാതെ.. വെറുതെ ഓരോന്നു ഓർത്ത് ഇരുന്നു ടെൻഷൻ ആവണ്ട.. ചെന്നു കുളിച്ചു വാ.. ഞാൻ കോഫി എടുത്തു വെക്കാം.. ചെല്ല്.. " അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കയറ്റി.. റൂമിൽ തന്നെ ഇരുന്നാൽ ഓരോന്നു ഓർത്ത് അവൻ ആകെ വല്ലാതെ ആവുമെന്ന് അവൾക്ക് അറിയാമായിരുന്നു.. അവൾ അടുക്കളയിലേക്ക് ചെന്നു.. * " നിന്നെ ദേഹോപദ്രവം ചെയ്യുന്നത് അല്ലാതെ ഒരിക്കലെങ്കിലും ഞാൻ നിന്റെ അഭിമാനത്തിൽ തൊട്ടു കളിച്ചിട്ട് ഉണ്ടോ " ഉറങ്ങാൻ കിടന്ന അവളുടെ കാതുകളിൽ അവന്റെ ശബ്ദം മുഴങ്ങി കേട്ടു കൊണ്ടിരുന്നു.. അല്ലാതെ തന്നെ ശെരിക്കും ഉറക്കമില്ല.. ഇതിപ്പോ ഓരോ ചിന്തകളും.. അവൾ പുതപ്പ് വലിച്ചു കയറ്റി തിരിഞ്ഞു കിടന്നു.. അപ്പോഴും അവൾ കാണുന്നതു അവന്റെ മുഖവും കേൾക്കുന്നത് അവന്റെ ശബ്ദവും.. ശെരിയാ അവൻ പറഞ്ഞതൊക്കെ.. ദേഹോപദ്രവം ചെയ്യുന്നത് അല്ലാതെ ഒരിക്കൽ പോലും അവനെന്റെ അഭിമാനത്തിൽ തൊട്ടു കളിച്ചിട്ടില്ല..

അത് കൊണ്ട് ഒരിക്കൽ പോലും അവൻ കാരണം എന്റെ മനസ്സ് വേദനിച്ചിട്ടില്ല..എന്നോട് ഓരോന്നു ചെയ്യുമ്പോൾ അന്നേരത്തെ ദേഷ്യത്തിൽ നീയെന്റെ മനസ്സിനെ കീറി മുറിക്കുന്നു എന്ന് അവന്റെ മുഖത്ത് നോക്കി വിളിച്ചു പറയുന്നത് അല്ലാതെ ഒരിക്കൽ പോലും എന്റെ മനസ്സ് വേദനിക്കാനുള്ള ഒന്നും തന്നെ അവൻ ചെയ്തിട്ടില്ല.. ദേഷ്യമാണ്.. ഇഷ്ട കുറവാണ് അവനോട്.. പക്ഷെ ഒന്നും മനസ്സിൽ സൂക്ഷിക്കാറില്ല.. എന്നെ ചൊറിഞ്ഞു വരുമ്പോൾ വായിൽ തോന്നിയത് ഒക്കെ ഞാനും വിളിച്ചു പറയുന്നു.. അത്ര തന്നെ.. ഇന്ന് ആദ്യമായിട്ടാണ് അവന്റെ മുന്നിൽ ശാന്തമായി നിന്നത്.. അത് ദേഷ്യം കൊണ്ട് അവനെ നേരിടാൻ കഴിയില്ലന്ന് തോന്നിയത് കൊണ്ടാണ്.. സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതിയിട്ടാ.. പക്ഷെ എവിടുന്ന്..? അവൻ ആരെയും കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന സ്വഭാവക്കാരൻ അല്ല.. ഇനി എങ്ങനെയാ അവനെ ഒന്നു നേരിടുക.. ചില നേരത്തു തോന്നുന്നു അവന്റെ അത്രേം ദുഷ്ടനും തെമ്മാടിയും അഹന്തക്കാരനും വൃത്തികെട്ടവനൊന്നും വേറെയില്ലന്ന്.. മറ്റു ചില നേരത്ത് തോന്നുന്നു

അവന്റെ അത്രേം നല്ലവൻ ഈ ഭൂമി ലോകത്ത് വേറെയില്ലന്ന്.. ഒരു ദിവസം ഉപദ്രവിക്കുന്നു.. പിറ്റേ ദിവസം വന്നു സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.. പിടിച്ചു നിൽക്കാനുള്ള ധൈര്യം തരുന്നു.. എന്താ അവൻ ഇങ്ങനെ.. മനസ്സിലാക്കാൻ പറ്റുന്നതേയില്ലല്ലോ അവനെ.. പക്ഷെ ഒരു കാര്യം മനസ്സിലായി.. പുറമെ മാത്രമാണ് അവൻ താജ്.. അവന്റെ അകത്തുള്ളതു അമൻ തന്നെ.. ആരും അറിയാത്തതും അറിയാൻ ശ്രമിക്കാത്തതുമായ ഒരു മനസ്സ് ഉണ്ട് അവന്റെ ഉള്ളിൽ.. വാശിയും ദേഷ്യവും ഒഴിച്ച് മറ്റു ചിലതുമുണ്ട് അതിന്റെ അകത്ത്.. അതിന്റെ തെളിവ് ആണ് അവൻ ഇന്ന് ചെയ്തതൊക്കെ.. അല്ലെങ്കിൽ എന്തിന് എന്റെ തളർച്ചയിൽ അവൻ അസ്വസ്ഥതനാകണം.. തോൽക്കാൻ ശ്രമിക്കുന്ന എന്നെ പിടിച്ചു ഉയർത്താൻ ശ്രമിക്കണം..? അവൾ അവനെ ഓർത്ത് തന്നെ കിടന്നു.. അവനെ ഓർക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് അവന്റെ നുണക്കുഴികളാ.. പണ്ട് തൊട്ടേ നുണക്കുഴിയുള്ളവരോട് ഒരു പ്രത്യേക ഇഷ്ടമാണ്..

നുണക്കുഴിയുള്ളവരൊക്കെ നോൺ സ്റ്റോപ്പഡ് സംസാരക്കാരായിരിക്കും എന്ന ഉമ്മ പറഞ്ഞിട്ടുള്ളത്.. എല്ലാവരും പറയും പെൺകുട്ടികൾക്കാണ് നുണക്കുഴി ഭംഗിയെന്ന്.. പക്ഷെ എനിക്കിഷ്ടം ആൺകുട്ടികളുടെ കവിളിൽ വിരിയുന്നത് കാണാനാണ്.. സ്കൂളിൽ പഠിക്കുമ്പോഴോക്കെ ഓരോ ബോയ്സിനെയും പരിചയ പെടുമ്പോൾ ആദ്യം നോക്കുക അവർക്ക് നുണക്കുഴി ഉണ്ടോന്നാണ്.. കവിളിൽ ഉള്ളതിനേക്കാൾ ഭംഗി ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും താടയിൽ വിരിയുന്ന കുഞ്ഞു ചുഴി കാണാനാണ്.. റമിക്ക് ഉണ്ടായിരുന്നു.. ഒറ്റ നോട്ടത്തിൽ തന്നെ എന്നെ അവനിലേക്ക് അടുപ്പിച്ചതും ആ ചുഴി തന്നെയാണ്.. പിന്നെ നമ്മളെ ഫേവ്റൈറ്റ് ആയ ബ്രൗൺ ഐസ്, ബ്രൗൺ ഹെയർ.. അങ്ങനെ എല്ലാം ഉണ്ടായിരുന്നു എന്റെ റമിക്ക്.. കണ്ണുകൾ നിറയാൻ തുടങ്ങിയതും അവൾ വേഗം കണ്ണുകൾ ഇറുക്കി അടച്ചു പുതപ്പ് തല വഴി വലിച്ചു കയറ്റി കിടന്നു.. * "ഇവിടേക്ക് വരുമ്പോൾ നീ വിചാരിച്ചിരുന്നോ ഇങ്ങനെ ഒരാളെ കണ്ടു മുട്ടുമെന്നും ഇങ്ങനെ ഒരാൾ നിന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്നും..? "

"ഇല്ലാ.. ഒരിക്കലും വിചാരിച്ചിരുന്നില്ല.. നീയോ ടാ.. നീ വിചാരിച്ചിരുന്നോ ഞാൻ എന്നൊരുവളെ കണ്ടു മുട്ടുമെന്നും നിന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്നും..? " "ഇല്ല ലൈല.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. കണ്ടു മുട്ടിയതും ഫ്രണ്ട്‌സ് ആയതും പിന്നീട് ഇഷ്ടം തോന്നി പരസ്പരം പ്രണയിക്കാൻ തുടങ്ങിയതുമൊക്കെ.. എത്ര നാളെന്ന് വെച്ചാ ഇങ്ങനെ.. വീട്ടിൽ പറയണ്ടേ.. നിന്റെ വീട്ടിൽ അറിഞ്ഞാൽ സമ്മതിക്കുമോ.. " അവൻ ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. എന്തോ ആലോചനയിൽ മുഴുകി.. അവളുടെ മുഖത്തെ സന്തോഷമെല്ലാം മാഞ്ഞു പോകുന്നത് അവൻ അറിഞ്ഞു.. " എന്താടാ.. വീട്ടിലെ ആലോചിച്ചിട്ട് ആണോ..? സമ്മതിക്കില്ലന്ന് ഉറപ്പാണല്ലേ നിനക്ക്.. " "മ്മ്.. സമ്മതിക്കില്ല.. കാര്യങ്ങളൊക്കെ നിനക്ക് അറിയാവുന്നതല്ലേ റമീ.. സമ്മതിക്കില്ലന്ന് മാത്രമല്ല.. എനിക്ക് ഇങ്ങനൊരു അഫയർ ഉണ്ടെന്ന് അറിഞ്ഞാൽ അടുത്ത നിമിഷം അവർ ഇവിടേക്ക് എത്തും.. എന്നെ നിന്റെ മുന്നിൽ ഇട്ട് തന്നെ വലിച്ചു ഇഴച്ചു കൊണ്ട് പോകും..." അവളുടെ ശബ്ദം ഇടറി വരാൻ തുടങ്ങി.. " അപ്പൊ ഒരുമിക്കാൻ ഒരു സാധ്യതയും ഇല്ലെന്ന് ആണോ.. നീ എന്നിൽ നിന്നും അകന്നു പോകുമെന്നാണോ..? എനിക്ക്...... "

അവനെ മുഴുവനാക്കാൻ അനുവദിച്ചില്ല.. അതിന് മുന്നേ അവൾ അവന്റെ വായ പൊത്തി പിടിച്ചു.. കണ്ണീരോടെ മുഖത്തേക്ക് നോക്കി വേണ്ടാന്ന് തലയാട്ടി.. അവൻ അവളുടെ കൈ എടുത്തു തന്റെ ഇരു കൈക്കുള്ളിലാക്കി.. " വിഷമിക്കാൻ പറഞ്ഞതല്ല ലൈല.." " നിന്റെ മനസ്സ് എനിക്ക് മനസ്സിലാകും റമി.. ജീവനുള്ള കാലത്തോളം ഞാൻ നിന്നിൽ നിന്നും അകന്നു പോകില്ല.. അത് ഞാൻ നിനക്ക് നൽകുന്ന വാക്ക്.. " " നിന്റെ പഠനം കഴിഞ്ഞാൽ നീ ബംഗ്ലൂർ ഉപേക്ഷിക്കും.. പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകുമോ ടാ.. " "വേണ്ടാ.. നീ നാട്ടിലേക്കു വന്നാൽ മതി.. എന്തായാലും എനിക്ക് നിന്നെ വേണം.. നീ ഇല്ലാതെ ഞാൻ ഇല്ലാ.. അത്രതന്നെ.." "ഞാൻ മരിച്ചു പോയാലോ.. അപ്പൊ നീ എന്ത് ചെയ്യും.. പിന്നെ എങ്ങനെ ജീവിക്കും.. " " അതിന് നീ മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഇല്ലല്ലോ റമി.. നീയില്ലാത്ത മണ്ണിൽ ഞാനോ എനിക്കൊരു ജീവിതമോ ഒന്നും ഉണ്ടാകില്ല.. " "അയ്യടാ.. അങ്ങനെ വേണ്ടാ.. ഞാൻ ഇല്ലെങ്കിലും നീയിവിടെ വേണം.. നിനക്കൊരു ജീവിതം വേണം.. എനിക്കൊരു ആഗ്രഹമുണ്ട്..കുഞ്ഞു നാളിലെ തൊട്ടുള്ള ഒന്ന്.. അത് നീ നിറവേറ്റി തരണം.. അതോടൊപ്പം തന്നെ നീയും മറ്റൊരാളുടെ കൈകളിൽ സുരക്ഷിതയാവണം.. കാരണം നിന്റെ ജീവിതം ആപത്തു നിറഞ്ഞത് ആണെന്ന് എനിക്കറിയാം.. നിനക്ക് അഭയം നൽകാൻ ഞാൻ അല്ലാതെ മറ്റാരുമില്ല..

എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാലോ.. എന്ത് കൊണ്ടോ മനസ്സ് സ്വസ്ഥതമല്ല പെണ്ണെ.. എന്തൊക്കെയോ അരുതാത്തതു സംഭവിക്കാൻ പോകുന്നത് പോലെ.. നിന്നെ സുരക്ഷിതമായ മറ്റൊരു കയ്യിൽ ഏല്പിക്കേണ്ടി വരുമെന്നതു പോലൊക്കെ... " "റമീ.. സത്യം പറാ.. ഇന്നും വയ്യാതെ ആയോ.. അസുഖം കൂടിയോ നിനക്ക്.. ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞിട്ട് പോയില്ലേ.. എന്താടാ നീയിങ്ങനെയൊക്കെ പറയുന്നേ.. എന്താ നിനക്ക്.. എന്താ നിന്റെ മനസ്സിൽ.. കൈ വിട്ടു കളയാനാണോ നീയെന്നെ സ്നേഹിച്ചത്.. " അവൾ പരിഭ്രമത്തോടെ അവന്റെ കവിളിലും നെറ്റിയിലുമൊക്കെ മാറി മാറി തൊട്ടു കൊണ്ട് ചോദിച്ചു.. "ഏയ്...നീ ടെൻഷൻ ആവാൻ വേണ്ടി പറഞ്ഞതല്ല.. കൊറേ ദിവസമായി മനസ്സ് അസ്വസ്ഥതമാണ്.. എന്തോ ലൈല.. അറിയുന്നില്ല എന്താണെന്ന്.. ജീവിതം മാറി മറിയാൻ പോകുന്നത് പോലെ.. സമാധാനമായി ഇരിക്കാനെ പറ്റുന്നില്ല.. നിന്നെക്കുറിച്ചു ഓർത്തിട്ടാ കൂടുതലും.. ഞാൻ അകന്നു പോയെന്നാൽ പോലും നീ സന്തോഷത്തോടെ ഇരിക്കണം.. നീ കരയുന്നത് പോയിട്ട് നിന്റെ മുഖമൊന്നു വാടുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ല ലൈല.." "എന്താ നിന്റെ മനസ്സിൽ..എന്തൊക്കെയാ നീ ഈ പറയുന്നത്.. ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.. അങ്ങനെ അകന്നു പോകാൻ ആണെങ്കിൽ സ്നേഹിച്ചത് എന്തിനാ.. എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതു എന്തിനാ..

ജീവിതം നൽകാമെന്ന് പറഞ്ഞു കൊതിപ്പിച്ചതു എന്തിനാ.. ആരോരുമില്ലാത്ത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു എനിക്ക് സ്വാന്തനമായി മാറിയത് എന്തിനാ.. പറാ..പറയെടാ.. അറിയില്ലല്ലേ.. നിനക്ക് ഒന്നും അറിയില്ലല്ലേ.. എനിക്കറിയാം.. ഞാൻ പറയാം.. നിനക്ക് എന്തെങ്കിലുമൊന്നു സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.. നീ ഇല്ലാതെ എനിക്ക് പറ്റില്ല റമീ.. സത്യം പറയുവാ.. നീ ഇല്ലെങ്കിൽ പിന്നെ ഞാനില്ല.. അഥവാ ഉണ്ടെങ്കിൽ തന്നെ വെറും ശവം ആയിട്ട് ആയിരിക്കും.. " " എന്നാൽ അതൊന്നു കാണാണമല്ലോ.. ഞാൻ മരിക്കാൻ പോകുവാ.. ദേ ഇപ്പൊ തന്നെ.. ദൂരെക്ക് പോകുവാ.. നിന്നിൽ നിന്നും ഒരുപാട് അകലങ്ങളിലേക്ക് പോകുവാ.. പോകുവാണേ.. ഇപ്പൊത്തന്നെ.. ദേ.. പോയി ട്ടോ.. " പറഞ്ഞു തീർന്നില്ല.. അവൻ പിന്നിലേക്ക് നടക്കാൻ തുടങ്ങി.. പെട്ടെന്നൊരു മൂടൽ മഞ്ഞു പ്രത്യക്ഷപ്പെട്ടു.. അവൾ നോക്കി നിൽക്കേ ആ മഞ്ഞു അവനെ വഹിച്ചു ദൂരെക്ക് പോകുന്നത് അവൾ അറിഞ്ഞു.. " റമീ..... " ഒരു അലർച്ചയോടെ അവൾ ഞെട്ടി പിടഞ്ഞു എണീറ്റിരുന്നു.. "ലൈലൂ.. എന്താ.. എന്തുപറ്റി.. " സനു എഴുന്നേറ്റു ഇരുന്നു ലൈറ്റ് ഓൺ ചെയ്തു.. അവൾ ചുറ്റും നോക്കി.. ഇല്ലാ.. റമിയില്ല.. മഞ്ഞ് ഇല്ലാ.. ഒന്നും കാണാൻ ഇല്ലാ..

അവൾ ആകെ വിയർത്തിരുന്നു.. കിതച്ചു കൊണ്ട് മുഖവും കഴുത്തുമൊക്കെ അമർത്തി തുടച്ചു.. "നിന്നോടാ ചോദിക്കുന്നെ.. എന്താ പറ്റിയെ.. വല്ല സ്വപ്നവും കണ്ടോ..? " സനു അവളെ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.. അവളൊരു തരിപ്പോടെ അവനെ നോക്കി തലയാട്ടി.. " പഴയത് ഒന്നും ഓർത്ത് മനസ്സ് വിഷമിപ്പിച്ചു കിടക്കരുത് എന്ന് പറഞ്ഞിട്ടില്ലേ നിന്നോട്.. എത്ര പറഞ്ഞാലും കേൾക്കില്ല.. മറക്കാൻ പറ്റുന്നില്ലങ്കിൽ വേണ്ട ലൈലൂ.. നീയിങ്ങനെ ഓർത്ത് ഓർത്ത് വേദനിക്കല്ലേ.. എനിക്ക് പറ്റുന്നില്ല നിന്നെ ഇങ്ങനെ കാണാൻ.. " അവൻ വേദനയോടെ പറഞ്ഞു.. " ഒന്നുല്ലടാ.. ഒരു സ്വപ്നം.. അത്രേയുള്ളൂ.. നീ കിടന്നോ.. " അവൾ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.. അവനു മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ ഉള്ളം.. അവൻ പിന്നെയൊന്നും മിണ്ടിയില്ല.. കിടന്നു.. ലൈറ്റ് ഓഫ് ചെയ്തു അവളും കിടന്നു.. അവളുടെ മനസ്സ് ആകെ അസ്വസ്ഥതമായിരുന്നു.. എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടാണ് നേരത്തെ ഒന്ന് ഉറക്കം കിട്ടിയത്..

ഇനി ഏതായാലും അത് ഉണ്ടാവില്ല.. രാവിലെ വരെ കണ്ണും തുറന്നു കിടക്കാം..അവൾ സനുവിനെ ചേർന്നു കിടന്നു.. * രാവിലെ റെഡിയായി താഴേക്ക് ഇറങ്ങുമ്പോൾ ഇന്നും ആസിഫ് ഉണ്ടായിരുന്നു ഡെയ്നിങ് ടേബിളിനു മുന്നിൽ.. ശ്രദ്ധ മുഴുവനും കയ്യിലെ ഫോണിലേക്ക് ആണ്.. ആർത്തി മൂത്തുള്ള അവന്റെ നോട്ടം കാണുമ്പോൾ തന്നെ മനസ്സിലായി വേണ്ടാത്തത് എന്തോ ആണ് അതിൽ എന്ന്.. കഴിക്കാതെ ഇറങ്ങാൻ തോന്നിയെങ്കിലും ഇന്നലെത്തതു ഓർമ വന്നപ്പോൾ അറിയാതെ ഡെയ്നിങ്ങ് ടേബിളിന്റെ ഭാഗത്തേക്ക്‌ നടന്നു പോയി.. അല്ലെങ്കിലും കഴിക്കാതെ പോകുന്നത് എന്തിനാ..? എന്തിനാ ഞാൻ ഇവനെ പേടിച്ച് നിക്കുന്നത്.. എൻറെ ദാക്ഷണ്യത്തിൽ കഴിയുന്ന വെറും എച്ചിൽ പട്ടികളാണ് ഇവനൊക്കെ.. എന്റെ വീട്.. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം.. എന്തിനാ വെറുതെ ഇവനെക്കൊണ്ട് ഒക്കെ തീറ്റിക്കുന്നത്.. അവൾ കസേര നീക്കി ഇരുന്നു.. പ്ലേറ്റ് വലിക്കുന്ന ശബ്ദം കേട്ടു അവൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കി.. മുന്നിൽ അവളെ കണ്ടതും അവന്റെ കണ്ണുകൾ കൂർത്തു തിളങ്ങി.. അവൻ ഫോൺ ഉയർത്തി പിടിച്ചു..

ഫോണിലേക്ക് നോക്കുന്നത് ആണെന്ന ഭാവത്തിൽ അവളുടെ മുഖത്തേക്കും ശരീരത്തിലേക്കും കണ്ണ് പായിക്കാൻ തുടങ്ങി.. അവൾ അവനെ കാര്യമാക്കിയില്ല.. കണ്ടില്ലന്ന് തന്നെ നടിച്ചു.. അവൾക്ക് കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നി.. അവൻ ആണെന്ന് മനസ്സിലായി.. സഹിച്ചു പിടിച്ചു കാൽ നീക്കി വെച്ചു ഭക്ഷണത്തിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു.. അവന്റെ കാലുകൾ വീണ്ടും നീണ്ടു.. അവളുടെ കാൽ പാദത്തിനെ ഉരസാനും ഇക്കിളി പെടുത്താനും തുടങ്ങി.. സഹിക്കാൻ കഴിഞ്ഞില്ല അവൾക്ക്.. കസേര വലിച്ചു നീക്കി ഒരൊറ്റ എഴുന്നേൽക്കലും ജഗ്ഗിലെ ചൂട് വെള്ളം മുഴുവനും അവന്റെ മുഖത്തേക്ക് വീശലും ഒരുമിച്ചായിരുന്നു... " ഡീീീ... " "ശബ്ദിച്ചു പോകരുത്... " അവൾ അവന്റെ നേർക്ക് വിരൽ ചൂണ്ടി പറഞ്ഞു.. അടുത്ത സെക്കന്റ്‌ൽ അവളുടെ കവിളിലേക്ക് ഒരു കൈ ആഞ്ഞു പതിഞ്ഞു.. വേദന തലച്ചോറിലേക്ക് കയറുന്നത് പോലെ തോന്നി അവൾക്ക്.. തന്റെ നേർക്ക് ഉയർന്ന കൈ ആരുടെതെന്നു അവൾക്ക് മനസ്സിലായി.. എന്നിട്ടും കവിളിൽ കൈ വെച്ചു കൊണ്ട് അവൾ സൈഡിലേക്ക് നോക്കി..തന്നെ കടിച്ചു കീറാൻ രാക്ഷസനെ പോലെ നിൽക്കുന്നുണ്ട് സജാദ്.. "

ഒന്നല്ല.. ഒരു നൂറ് വട്ടം പറഞ്ഞതാ.. അടങ്ങി ഒതുങ്ങി കഴിഞ്ഞോളണമെന്ന്.. അല്ലെങ്കിൽ കൊന്നു കളയുമെന്ന്... " സജാദ് അവളുടെ നേർക്ക് ഭീഷണി മുഴക്കി.. "കൊല്ലെടാ.. എന്നാൽ കൊല്ലെടാ.. അത്രക്ക് ധൈര്യം നിനക്ക് ഉണ്ടെങ്കിൽ നീയെന്നെ ഒന്നു കൊന്നു കളയെടാ.. " കിട്ടിയ തല്ലിന്റെ വേദന മറന്നു അവൾ അവന്റെ നേർക്ക് അലറി.. " നിന്നെ ഞാൻ ജീവനോടെ വെക്കില്ലടീ.. കൊന്നു കളയുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും... പറഞ്ഞത് പറഞ്ഞതു പോലെ ചെയ്യാൻ എനിക്കൊരു മടിയുമില്ല.. ഒരുത്തനെയും പേടിയില്ല.. കാണണോ നിനക്കത്.. " അവൻ അവളുടെ കഴുത്തു പിടിച്ചു ഞെരിക്കാൻ തുടങ്ങി.. അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾക്ക് അതിന് സാധിച്ചില്ല.. അത്രക്കും ശക്തിയേറിയതു ആയിരുന്നു അവന്റെ പിടിത്തം.. കണ്ടു നിൽക്കുന്ന ആസിഫ് തടയാൻ ശ്രമിച്ചില്ല.. ചൂട് അധികം ഇല്ലാത്തതിനാൽ അവന് പൊള്ളലൊന്നും സംഭവിച്ചില്ലായിരുന്നു.. പക്ഷെ അത്രക്കും ഉശിരുള്ള അവളെ കടിച്ചു തിന്നാൻ തോന്നി.. സജാദ് അവളോട് ചെയ്യുന്ന ദ്രോഹം അവൻ കണ്ടു നിന്നു..അതിൽ തളർന്നു വീണാൽ തനിക്ക് അവളെ എളുപ്പം കീഴ് പെടുത്താമെന്ന് ആയിരുന്നു അവന്റെ മനസ്സിൽ..

അവൻ കൊതിയോടെ ആ രംഗം ആസ്വദിച്ചു നിന്നു.. " എന്താ... എന്താ ഈ കാണിക്കുന്നേ.. വിട്.. ലൈലൂനെ വിട്.. വിടാനാ പറഞ്ഞത്.. " താഴെ നിന്നും ലൈലയുടെ ശബ്ദം കേട്ടിട്ടാണ് സനു ഓടി വന്നത്.. അവൾ സജാദ്ന്റെ കയ്യിൽ കിടന്നു പിടയുക ആണെന്ന് കണ്ടതും അവൻ സജാദ്ന്റെ കൈ പിടിച്ചു വലിച്ചു.. " മാറി നിക്കടാ അങ്ങോട്ട്‌... വിടണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും... ചവിട്ടി കൂട്ടണ്ടങ്കിൽ മിണ്ടാതെ ഏതേലും മൂലയ്ക്ക് ചെന്നിരിക്ക്..പോ.. " സജാദ് ഒരു കൈ കൊണ്ട് സനുവിനെ പിടിച്ചു തള്ളി.. കഴുത്തിലെ പിടുത്തത്തിനേക്കാൾ അവൾക്ക് വേദനിച്ചതു അവൻ സനുവിനെ തള്ളിയിട്ടതാണ്.. "എന്നെ തള്ളിയിടാൻ നീ ആരെടാ.. ഇക്കയെന്നു വിളിക്കുന്ന നാവു കൊണ്ട് മറ്റു പലതും വിളിപ്പിക്കരുത്..ഒരു മൂലയ്ക്ക് അടങ്ങി ഒതുങ്ങി ഇരിക്കണോ അതോ ലൈലൂന്റെ കാര്യത്തിൽ ഇടപെടണോ എന്ന് ഞാൻ തീരുമാനിക്കും.. അല്ലാതെ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് നീയല്ല.. അതു പോലെത്തന്നെ ഇവളുടെതും... വിടെടാ.. എന്റെ പെങ്ങളെ തൊടാൻ നീ ആരെടാ.. നിനക്ക് തല്ലാനും കൊല്ലാനുമൊക്കെ തോന്നുന്നുണ്ടെങ്കിൽ വല്ലവളെയും കെട്ടിക്കൊണ്ട് വാ..

എന്നിട്ട് അവളോട്‌ കാണിക്ക് നിന്റെ പരാക്രമങ്ങൾ.. അല്ലാതെ എന്റെ പെങ്ങളോട് അല്ല കാണിക്കേണ്ടത്.. മാറെടാ... " സനു എഴുന്നേറ്റു വന്നു സർവ്വ ശക്തിയും എടുത്തു സജാദ്ന്റെ കൈ പിടിച്ചു വലിച്ചു കാല് ഉയർത്തി അവന്റെ തുടയിൽ ആഞ്ഞു ഒരു ചവിട്ട് കൊടുത്തു.. ചവിട്ടിന്റെ വേദനയിൽ അവളുടെ കഴുത്തിലുള്ള അവന്റെ പിടി ഇളകി.. അവൻ തുടയിൽ അമർത്തി പിടിച്ചു കൊണ്ട് സനുവിനു നേരെ കൈ ഉയർത്തിയതും ആസിഫ് വന്നു അവന്റെ കൈ തടഞ്ഞു.. വേറൊന്നും കൊണ്ടല്ല.. ആ സ്ത്രീ എഴുന്നേറ്റു വരുന്ന സമയമായി.. വരുമ്പോൾ തന്നെ കാണുന്നത് സജാദ് സനുവിനെ അടിക്കുന്നത് ആയിരിക്കും.. അത് അവർക്ക് ഇഷ്ടപെടണമെന്നില്ല.. എന്തൊക്കെ പറഞ്ഞാലും സനുവും സ്വന്തം മകൻ അല്ലേ.. അത് കൊണ്ട് സജാദ്നോട് ദേഷ്യം തോന്നി എന്ന് വരാം.. അത് കണക്കു കൂട്ടിക്കൊണ്ട് ആസിഫ് അവനെ തടഞ്ഞു വെക്കുകയും അവന്റെ ചെവിയിൽ പതുക്കെ അക്കാര്യം ഓർമ പെടുത്തുകയും ചെയ്തു.. അത് കേട്ടപ്പോൾ സജാദ് ഒന്നടങ്ങി.. ചുവന്നു വിറക്കുന്ന കണ്ണുകളോടെ സനുവിനെയും അവളെയും ദഹിപ്പിച്ചു കൊണ്ട് അവൻ മുകളിലേക്ക് കയറിപ്പോയി..

പിന്നാലെ അവളെ ഒരു വട്ടം ഉഴിഞ്ഞു ഓരോ കുതന്ത്രങ്ങളും കണക്കു കൂട്ടിക്കൊണ്ട് ആസിഫും.. സനു വേദനയോടെ അവളുടെ അടുത്തേക്ക് ചെന്നു.. നിലത്തേക്ക് ഊർന്നു പോയിട്ടുണ്ട് അവൾ.. നെഞ്ച് വേദനിക്കുന്നതാണോ തല കറങ്ങുന്നതാണോ അതോ ഇന്നലത്തെ പോലെ ഛർദിക്കാൻ വരുന്നത് ആണോന്നൊന്നും മനസ്സിലായില്ല അവൾക്ക്.. സനു അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.. അവളൊരു വേദനയോടെ അവനെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.. "ലൈലൂ... " അവൻ കരഞ്ഞു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.. അവളും തിരിച്ചു അവനെ മാറോടണച്ചു ചേർത്തു.. എനിക്കറിയാം സനു.. നീ ഉള്ളിടത്തോളം എനിക്കൊരു ആപത്തും സംഭവിക്കില്ലന്ന്.. അതിന് നീ അനുവദിക്കില്ലന്ന്.. എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടെടാ.. ജീവിതം പോലും നഷ്ടപ്പെട്ടു പോയിട്ടും ഇന്നും ജീവിക്കുന്നത് നിനക്ക് വേണ്ടിയാടാ.. നിനക്ക് വേണ്ടി മാത്രം.. ഇന്ന് സജാദ് അടക്കി ഭരിക്കുന്ന എൻറെ സാമ്രാജ്യം മുഴുവനും ഒട്ടും വൈകാതെ തന്നെ ഞാൻ നേടി എടുക്കും. എന്നിട്ട് അത് ഞാൻ നിനക്ക് സമ്മാനിക്കും.. സകലതിന്റെയും അധിപ സ്ഥാനത്തു ഞാൻ നിന്നെ ഇരുത്തും സനു.. അതിന് വേണ്ടിയാ..

അതിന് വേണ്ടി മാത്രമാ ഈ സഹനം.. അവൾ മനസ്സിൽ പറഞ്ഞുറപ്പിച്ചു.. * ഇതിപ്പോ കാന്റീൻ ഫുഡ്‌ സ്ഥിരം ആയല്ലോ റബ്ബേ.. നേരത്തിനും കാലത്തിനും ഭക്ഷണം കഴിക്കാഞ്ഞിട്ട് ആണൊ അതോ ഇപ്പൊ എപ്പോഴും ഇവിടുത്തെ ഫുഡ്‌ കഴിക്കുന്നത് കൊണ്ടാണോ എന്നൊന്നും അറിയില്ല.. കുറച്ചു ദിവസമായി വയറ്റിനകത്ത് ആകെയൊരു അസ്വസ്ഥതയും ഭയങ്കര ക്ഷീണവും.. കഴിച്ചു കഴിഞ്ഞു ഓരോന്നു വിചാരിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി.. നുസ്രയും ഉണ്ട്.. കഴിച്ചു കഴിഞ്ഞിട്ടില്ല.. നുസ്രയെ കാത്തു അവൾ പുറത്തു നിന്നു..അപ്പോഴാണ് താജ് വരുന്നത് കണ്ടത്..ഒപ്പം എബിയും ഉണ്ട്.. അവൾ രണ്ടിനെയും കാണാത്തത് പോലെ താഴേക്ക് നോക്കി നിന്നു.. ദൂരെ നിന്നു തന്നെ അവന്റെ നോട്ടം തന്റെ നേർക്ക് ആണെന്ന് അവക്ക് മനസ്സിലായിരുന്നു.. മുന്നിൽ പെട്ടാൽ തീർന്ന്.. ഒന്നും രണ്ടും പറഞ്ഞു ഉടക്കുന്നത് മാത്രമല്ല.. അവസാനം അവന്റെ ഒടുക്കത്തെ ശക്തി എൻറെ മേലേക്ക് കാണിക്കുകയും ചെയ്യും.. ഒന്നും താങ്ങാനുള്ള കെൽപ്പ് ഇപ്പൊ നമ്മക്ക് ഇല്ലായേ.. "എന്താടി.. നിന്റെ വല്ലതും കളഞ്ഞു പോയോ.. " അവളുടെ അടുത്ത് എത്തിയ അവൻ അവളുടെ നിൽപ് കണ്ടു ചോദിച്ചു..

ഹൂ.. മാരണം.. പോയില്ലേ.. ഇതിനെയൊന്നും പൊട്ട കിണറ്റിൽ കൊണ്ട് പോയി ഇടാനും ഇവിടെ ആരുമില്ലേ.. അവൾ വേണോ വേണ്ടയോന്നുള്ള ഭാവത്തിൽ തല ഉയർത്തി നോക്കി.. എബി നിന്നില്ല.. രണ്ടാളെയും നോക്കി ഒന്നു തല കുലുക്കി ചിരിച്ചോണ്ട് കാന്റീനിലേക്ക് കയറി.. " ഇന്നും എനർജി കുറവാണല്ലോ.. എന്തുപറ്റി ജാൻസി റാണിക്ക്.. ഫിഷ്ന്റെ സ്മെല് അടിച്ചോ..? " " എന്തിനാ വന്നത്.. കഴിക്കാൻ അല്ലേ.. കഴിച്ചിട്ട് പോ.. അല്ലാതെ രാവിലെതന്നെ എന്നെ തിന്നാൻ വരല്ലേ.. " " എന്താ നിന്റെ മുഖത്ത്..? " സ്കാഫ് ചെയ്തു കവിൾ തടം പാതി മറഞ്ഞിട്ട് ഉണ്ടെങ്കിലും അവളുടെ വെളുത്ത കവിളിലെ ചുവന്ന തിണർപ്പ് അവൻ കണ്ടു.. " കാണുന്നില്ലേ.. കണ്ണ്.. മൂക്ക്.. ചുണ്ട്.. " അവൾ പറഞ്ഞു.. അവൻ അവളെയൊന്നു കടുപ്പിച്ചു നോക്കി.. "അതല്ലാ.. എന്താ നിന്റെ കവിളത്തെന്നാ.. " അവൻ അവളുടെ കവിളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. അപ്പോഴാണ് അവൾക്ക് രാവിലത്തെ സംഭവം ഓർമ വന്നത്.. അവൾ വേഗം കവിളത്തു കൈ വെച്ചു.. "ചോദിച്ചതു കേട്ടില്ലേ..? " "അത്.. അത്.. പിന്നെ.. " അവൾ നിന്നു പരുങ്ങാൻ തുടങ്ങി.. "ഏത്.. കാര്യം പറയെടി.. " അവന്റെ സ്വരം കടുത്തു.. "അത്.. അത് നുസ്ര അടിച്ചതാ.. "

പറയാതെ വിടില്ലന്ന് ഉറപ്പായതും അവൾ പെട്ടന്ന് വായിൽ വന്നത് പറഞ്ഞു.. "നുസ്രയോ.. എന്തിന്..? " അവൻ പുരികം ചുളിച്ചു.. " ആ.. നുസ്ര തന്നെ.. ഒരു ഈച്ച വന്നു കവിളത്തിരുന്നു.. അവൾ അടിച്ചു.. അപ്പൊ പറ്റിയതാ.. " പറഞ്ഞു തീർന്നില്ല.. അവളുടെ മറ്റേ കവിളത്തേക്ക് ആഞ്ഞൊരു അടിയായിരുന്നു അവൻ.. ഭൂമി മാത്രമല്ല.. പാതാളം വരെ അവളുടെ മുന്നിൽ തെളിഞ്ഞു.. അവൾ കവിളത്തും കൈ വെച്ചു തരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ശൂ.. എന്തു വല്യ ഈച്ച ആയിരുന്നെന്നറിയോ.. ഒരു അടി.. ഒരൊറ്റ അടി.. ചത്തു പോയി.. ഇനി അതിന്റെ ശല്യം ഉണ്ടാവില്ല കേട്ടോ.. " അവൻ അവളുടെ മുഖത്തേക്ക് നോക്കി വല്യ സംഭവം പോലെ പറഞ്ഞു.. പരിഹസിച്ചതാണെന്ന് അവൾക്ക് മനസ്സിലായി.. "നീ.. നീയെന്നെ.. " അവൾ അവന്റെ നേർക്ക് വിരൽ ചൂണ്ടി.. "അതേടി.. ഞാൻ നിന്നെ അടിച്ചു.. ഇനി മേലിൽ ഇത് ആവർത്തിക്കരുത്.. സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോഴാ അവളുടെ അമ്മൂമ്മയെ കെട്ടിക്കാനുള്ള കോമഡി.. "

അവൻ പല്ല് ഞെരിച്ചു പറഞ്ഞു.. അടിച്ചതിനു പകരം തിരിച്ചു ചവിട്ടണമെന്ന് ഉണ്ടായിരുന്നു അവൾക്ക്.. പക്ഷെ എന്തു കൊണ്ടോ കയ്യും കാലും അനങ്ങിയില്ല.. പേടിച്ചിട്ടായിരിക്കും.. സാരല്യ.. പോട്ടെ.. അവൾ സ്വയം സമാധാനിച്ചു.. അപ്പോഴേക്കും അവൻ കാന്റീനിലേക്ക് കയറി പോയിരുന്നു.. അവൾ വേഗം ചുറ്റും നോക്കി.. ഭാഗ്യത്തിന് ആരും കണ്ടില്ല.. കണ്ടിട്ട് ഉണ്ടെങ്കിൽ തന്നെ നുസ്രയും എബിയും മാത്രം ആയിരിക്കും.. വേറെ ആരുടെയും ശ്രദ്ധ ഇങ്ങോട്ടേക്കു ഇല്ല.. അവൾക്ക് ആശ്വാസമായി.. തല്ലു കിട്ടിയതിൽ അവൾക്ക് വല്യ വേദനയോ അത്ഭുതമോ ഒന്നും തോന്നിയില്ല.. ഇതിനേക്കാൾ വലുതായി എത്ര കിട്ടിയിട്ടുണ്ട് അവന്റെ കയ്യിൽ നിന്നും.. കഴുത്തിനു പിടിച്ചതിന്റെയും മുടി കുത്തിനു പിടിച്ചതിന്റ്റെയൊന്നും പകുതി പോലും വേദനിച്ചിട്ടില്ല ഇത്.. അതൊക്കെ വെച്ചു നോക്കുമ്പോൾ ഈ അടി എന്ത്...? " എടീ... എന്തിനാ താജ് നിന്നെ അടിച്ചേ.. " എല്ലാം കണ്ട നുസ്ര വേഗം എണീറ്റു കൈ കഴുകി അവളുടെ അടുത്തേക്ക് വന്നു.. "നീ കാരണം.. "

അവളൊട്ടും കൂസാതെ പറഞ്ഞു.. "ഞാ.. ഞാൻ കാരണോ..? " നുസ്ര തൊള്ള തുറന്നു പോയി.. " അതേ.. നീ കാരണം തന്നെ.. " എന്ന് പറഞ്ഞു അവൾ നുസ്രയോട് എന്തിനാ അടി കിട്ടിയതെന്ന കാര്യം വ്യക്തമാക്കി.. "എന്റെ റബ്ബനാ.. എനിക്ക് വയ്യാ.. ഞാൻ വിചാരിച്ചു വെറുതെ കിട്ടിയത് ആയിരിക്കുമെന്ന്.. ഇതിപ്പോ അങ്ങനെ അല്ലാല്ലേ.. ചോദിച്ചു വാങ്ങിച്ചത് ആണല്ലേ.. " നുസ്ര തലങ്ങും വിലങ്ങും ചിരിക്കാൻ തുടങ്ങി.. " പോടീ പോടീ.. ഒന്നു കിട്ടിയാൽ പത്തെണ്ണം തിരിച്ചു കൊടുക്കും.. നീ കണ്ടോ.. " "എന്നിട്ട് എന്തിനാ ഇരുപത് എണ്ണം വാങ്ങിക്കാനോ.. " നുസ്രയുടെ ചിരി നിന്നില്ല.. അവൾ നുസ്രയെ ഒന്നു കടുപ്പിച്ചു നോക്കി.. " വേണ്ട ലൈല.. ഇനി ഇതിന്റെ പേരിൽ ഒരു കത്തി കുത്ത് വേണ്ടാ.. അവൻ നേരെ ചോദിച്ചതല്ലേ.. നടന്നത് എന്താണെന്ന് അങ്ങ് പറഞ്ഞാൽ മതി ആയിരുന്നല്ലോ നിനക്ക്.. നീയെന്തിനാ നുണ പറയാൻ പോയത്.. " "അതിന് നടന്നത് എന്താണെന്ന് നിനക്ക് അറിയോ.. " "ഇല്ലാ.. " "ഇല്ലല്ലോ.. അപ്പൊ പൊന്നു മോള് വാ അടക്കി വെച്ചു വരാൻ നോക്ക്.. " അവൾ നുസ്രയെ കൂട്ടാതെ മുന്നിൽ നടന്നു.. ടീ നിക്കടീന്നും പറഞ്ഞു നുസ്ര അവളുടെ പിന്നാലെയും.. *

" നന്നാവില്ല ടാ.. ഈ ജന്മത്തിൽ നീ നന്നാവില്ല.. തൊടരുത് തൊടരുത് എന്ന് ഒരായിരം വട്ടം പറഞ്ഞതല്ലേ നിന്നോട്.. " "അതിന് ഞാൻ തൊട്ടില്ലല്ലോ.. അടിച്ചതല്ലേ ഒള്ളൂ.. " " തൊടാതെ പിന്നെ എങ്ങനെയാ ടാ നീ അടിച്ചത്.. ദേഹത്ത് മുട്ടാതെ അടിക്കാനുള്ള വല്ല മാജിക്കും ഉണ്ടോ നിനക്ക്.. ഹൂ.. നിന്നോട് ഒക്കെ പറയുക അല്ല.. ഓല മടൽ എടുത്തു തലയ്ക്കടിക്കുകയാ വേണ്ടത്.. " " ദേഹത്ത് തൊടരുത് എന്നല്ലേ നീ പറഞ്ഞത്.. അല്ലാതെ മുഖത്ത് തൊടരുത് എന്നല്ലല്ലോ.. " "മുത്തേ.. സത്യം പറാ.. ഞാൻ ഊളം പാറയ്ക്ക് വിളിക്കണോ.. ഇനിയും വൈകിച്ചാൽ ശെരിയാവില്ല..ഇപ്പൊത്തന്നെ നിന്റെ തല വല്ലാതെ തിരിഞ്ഞു പോയി.. " "ആ വിളിക്ക്... തിരിഞ്ഞതു മാത്രമല്ല.. മൊത്തത്തിൽ ഇളകി വരും.. എപ്പോഴാന്ന് അറിയോ.. അവൾ മുന്നിൽ വരുമ്പോൾ.. അവളുടെ കോപ്പിലെ വർത്താനം കേൾക്കുമ്പോൾ.. " "നീ പറഞ്ഞത് ശെരിയാ.. നിന്നെ ഉപദേശിക്കുന്ന സമയത്ത് അവളെ ഉപദേശിച്ചാൽ മതിയായിരുന്നു.. അവളൊരു പക്ഷെ നന്നാകുമായിരുന്നു.. നീ ഒരിക്കലും നന്നാവില്ലന്ന് ഞാൻ ആദ്യമേ ചിന്തിക്കണമായിരുന്നു.. വെറുതെ എൻറെ ടൈം വേസ്റ്റ്.. " എബി ഒന്നു ദീർഘമായി ശ്വസിച്ചു.. അത് കണ്ട അവൻ എബിയെ ഒന്നു തറപ്പിച്ചു നോക്കി..

"അല്ല.. എന്തിനാ അടിച്ചത്.. " എബി ചോദിച്ചു.. അവൻ നടന്നത് പറഞ്ഞു.. "ഓ.. മാതാവേ.. അതിന് അടിക്കുകയാണോ വേണ്ടത്.. ആൾറെഡി അവൾക്ക് ആരുടെയോ കയ്യിൽ നിന്നും ഒന്നു കിട്ടിയത് ആയിരുന്നു.. അതിന്റെ കൂടെ നീയും ഒന്നു കൊടുത്തു.. വേണ്ടിയിരുന്നില്ല.. മറ്റേ അടിയുടെ കാര്യം എനിക്കറിയില്ല.. നിന്റെ അടി കിട്ടിയ ഭാഗം ഇപ്പൊ കല്ലിച്ചിട്ട് ഉണ്ടാകും.. ഒന്നു പോയി നോക്കിക്കോ.. " "പിന്നെ ഞാനെന്താ വേണ്ടത്.. ആനയുടെ കോണകം പാറിയ കഥ ചോദിക്കുമ്പോഴാ അവളുടെ അപ്പൂപ്പൻ താടി പാറിയ കഥ.. എന്ത് ചോദിച്ചാലും പറഞ്ഞാലും കളിയാക്കലും തർക്കുത്തരവും മാത്രം... ഇരിക്കട്ടെ ഒന്ന്.. ഇതോടെ പഠിക്കട്ടെ.. " " എടാ.. പക്ഷെ നിന്നോടുള്ള ദേഷ്യം വർധിക്കുകയെ ഒള്ളൂ.. അതെന്താ നീ ചിന്തിക്കാതെ.. നീ നിന്റെ ഭാഗം മാത്രമേ നോക്കുന്നുള്ളൂ.. " " അതിന് ചാൻസ് ഇല്ലാ.. ദേഷ്യം വർധിക്കുക എന്നതിന്റെ അർത്ഥം എന്താ..ആൾറെഡി ഒരു ദേഷ്യം ഉണ്ടായിരിക്കണം എന്നല്ലേ.. നോ.. അവൾക്ക് അതില്ലാ.. വര്ധിക്കുന്നതു പോയിട്ട് അവൾക്ക് എന്നോട് അങ്ങനെയൊരു ദേഷ്യമേയില്ല.. ഞാൻ മനസ്സിലാക്കിയെടുത്തോളം അവളുടെ ഉള്ളിൽ ഞാൻ ഇല്ലാ.. എന്നെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാ..

ദിവസവും എത്രയോ പേരെ കാണുന്നു സംസാരിക്കുന്നു.. അതിലൊരുത്തൻ മാത്രമാണ് ഞാൻ.. എന്നുവെച്ചാൽ അവൾക്ക് വേണ്ടപ്പെട്ട ഒരാളല്ല എന്നർത്ഥം.. അങ്ങനെയുള്ള എന്നിൽ നിന്നും ഉണ്ടായ കാര്യങ്ങളൊക്കെ അവൾ ഓർത്ത് വെക്കുമോ.. ഇല്ലാ.. നിനക്ക് അറിയാഞ്ഞിട്ടാ അവളെ.. അവൾ ഒന്നും മനസ്സിൽ സൂക്ഷിക്കാറില്ല.. അന്നേരത്തെ ദേഷ്യം മാത്രം.. ഞാൻ അവളെ ശല്യ പെടുത്തുന്നു.. അവൾക്ക് ദേഷ്യം വരുന്നു.. അവൾ വായിൽ തോന്നിയത് എന്തൊക്കെയോ വിളിച്ചു പറയുന്നു.. അത്രേയുള്ളൂ.." "അത്രേയുള്ളൂന്നോ.. എത്ര നിസ്സാരമായാ പറയുന്നേ.. അത്രേം മതിയോ നിനക്ക്.. അതിന് വേണ്ടിയാണോ ഈ കണ്ട ദിവസങ്ങളൊക്കെ അവളുടെ ആട്ടും തുപ്പുമെല്ലാം സഹിച്ചത്.. എടാ.. അവൾക്ക് വേണ്ടപ്പെട്ട ഒരുത്തനായി മാറണം നീ.. അവൾ അറിയാതെ അവളിലേക്ക് അടുക്കാൻ നോക്കണം എന്നല്ലേ ഞാൻ നിന്നോട് പറഞ്ഞത്.. അതെങ്ങനെയാ.. കണ്ണിനു മുന്നിൽ കിട്ടിയാൽ എങ്ങനെ അവളെ ചൊറിയാമെന്നു മാത്രമല്ലെ ചിന്ത.." "ഒരുദിവസം കയ്യിൽ കെട്ട്.. പിന്നൊരു ദിവസം മുഖത്ത് പാട്.. എന്താ അതിന്റെയൊക്കെ അർത്ഥം.. നീ കണ്ടു പിടിച്ച വീട് അവളുടെതു തന്നെയാണോ..

അവളാ വീട്ടിലെ വേലക്കാരിയാണെന്ന് പറയുന്നു.. എന്നെ ആക്കാൻ വേണ്ടി പറയുന്നത് ആണെന്ന് കരുതി തള്ളാമായിരുന്നു അത്.. പക്ഷെ അവളുടെ വീട്ടിൽ ചെന്നപ്പോൾ എനിക്കും തോന്നിയിരുന്നു.. വേലക്കാരി ആണെന്നല്ല.. മറ്റെന്തൊക്കെയോ.. അവളിനി ആ വീട്ടിലെ ആയിരിക്കില്ലേ.. പറഞ്ഞത് പോലെത്തന്നെ അവിടെത്തെ വേലക്കാരി ആയിരിക്കുമോ..? " "വേലക്കാരിയോ..? എന്ന് അവൾ പറഞ്ഞോ നിന്നോട്..? " അവൻ ഒന്ന് തലയാട്ടി.. അവന്റെ മുഖത്തെ തെളിച്ചം കുറയുന്നത് എബി അറിഞ്ഞു.. "വേലക്കാരി ആയാൽ എന്താ.. നിനക്ക് അവളെ വേണ്ടേ..? വേണ്ടാന്ന് തോന്നുന്നുണ്ടോ ഇപ്പോൾ..? " അവനൊന്നും മിണ്ടിയില്ല.. എന്തോ ചിന്തിച്ചിരിക്കുക മാത്രം ചെയ്തു.. എബിയുടെ മനസ് അസ്വസ്ഥതമായി..ഇനി ഇവന് അവളോടുള്ള സ്നേഹം ഇല്ലാതെ ആവുമോന്ന് തോന്നാൻ തുടങ്ങി.. രണ്ടുപേരും ഒരുമിക്കണമെന്ന് വല്ലാതെ കൊതിച്ചു പോയി.. " താജ്.. " എബി അവന്റെ തോളിൽ കൈ വെച്ചു.. "എന്താ നീയെന്നെക്കുറിച്ച് വിചാരിച്ചത്.. അവളുടെ പണം കണ്ടാണ് ഞാൻ അവളെ സ്നേഹിച്ചതെന്നോ.. അതോ അവളുടെ സൗന്ദര്യം കണ്ടാണെന്നോ..? എനിക്കെന്തിനാ പണം..

ഉള്ളത് തന്നെ അധികമാണ്..കണക്ക് പോലും അറിയില്ല.. അത്രക്കുമുണ്ട്.. ധൂർത്തടിച്ചിട്ട് വരെ തീരുന്നില്ല.. പിന്നെ സൗന്ദര്യം.. അതും ഞാൻ നോക്കിയിട്ടില്ല.. ഇന്നുവരെ ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചിട്ടില്ല.. നിന്നോട് മാത്രമല്ല.. അവളോടും ഞാൻ പറഞ്ഞിട്ടുണ്ട് അവളുടെ കോലമേ എനിക്കിഷ്ടമല്ലന്ന്.. എന്ത് കൊണ്ടോ..അവൾക്ക് വേണ്ടി ആദ്യമായി മനസ്സ് അസ്വസ്ഥതമാകുന്നു.. എന്തോ.. തുടക്കം മുതലേ അവളെ അറിയാൻ ശ്രമിക്കാത്തതു വിഡ്ഢിത്തരമായോ എന്നൊരു തോന്നൽ.. അവൾക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നത് പോലെ.. അവളെ വേദനിപ്പിക്കാൻ ഞാൻ അല്ലാതെ മറ്റാരാ.. അവളുടെ ദേഹത്ത് തൊടാൻ ഞാൻ അല്ലാതെ വേറെ ഏതൊരുത്തനാ ഒള്ളെ..? സത്യം പറഞ്ഞാൽ നേരത്തെ അവൾക്ക് പൊട്ടിച്ച അടി പോലും അവളുടെ കവിളിൽ ആ ചുവന്ന തിണർപ്പ് കണ്ടതിന്റെയാ...ആരാ അവളെ വേദനിപ്പിച്ചിട്ട് ഉണ്ടാകുക.. ചോദിച്ചിട്ട് സത്യം പറയാത്തതിന്റെതായിരുന്നു ആ ദേഷ്യം.. തൂക്കി എടുത്തു എന്റെ വീട്ടിലേക്കു കൊണ്ട് പോയാലോ.. അവളുടെ നാവും നന്നാവും ആരോഗ്യവും നന്നാവും.. ഇതിപ്പോ ഓരോ ദിവസം കഴിയും തോറും എല്ലും തോലും ആയിക്കോണ്ട് പോകുന്നുണ്ട്..

അതിനും മാത്രമൊക്കെ എന്തായിരിക്കും അവൾക്ക് ഉള്ളത്... " അവന്റെ മനസ്സ് അസ്വസ്ഥതമായിരുന്നു എങ്കിൽ എബിക്ക് സന്തോഷമായിരുന്നു അന്നേരം തോന്നിയത്.. അവൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.. ദേഷ്യവും വാശിയും അല്ലാതെ അവന്റെ ഉള്ളിൽ അവളെ കുറിച്ചുള്ള ചിന്തകളും വേവലാതികളും ഉണ്ടെന്നതു എബിയെ ഒരുപാട് സന്തോഷിപ്പിച്ചു.. ആദ്യമായിട്ടാണ് അവനെ ഇങ്ങനെ അസ്വസ്ഥതമായി കാണുന്നത്.. അതും അവളുടെ കാര്യത്തിൽ.. " നമുക്ക് കണ്ടു പിടിക്കാമെടാ.. " എന്നു പറഞ്ഞു എബി അവന്റെ തോളിൽ തട്ടി.. അവനൊന്നും മിണ്ടിയില്ല.. ഒന്നൂടെ കസേരയിലേക്ക് അമർന്നു ഇരുന്നു.. ചിന്തിച്ചു ചിന്തിച്ചു ഒരു വഴിക്ക് ആവട്ടെ,, എന്നാൽ മാത്രമേ അവൻ നന്നാവുള്ളൂന്ന് കരുതി എബി ഒന്നും മിണ്ടാതെ ഫോൺ എടുത്തു അതിലേക്കു നോക്കിയിരുന്നു.. * ക്ലാസ്സിൽ കയറിയതു തൊട്ടേ അവൾ മുന്നയ്ക്ക് മുഖം കൊടുത്തില്ല.. കവിളിലെ പാട് വ്യക്തമായി കാണുന്നുണ്ടെന്നു നേരത്തെ താജ് ചോദിച്ചപ്പോൾ അവൾക്ക് മനസ്സിലായി.. അവൻ അത് കണ്ടിട്ട് ഉണ്ടെങ്കിൽ ഉറപ്പായും മുന്നയും കാണും.. എന്താണെന്ന് ചോദിക്കും.. താജ്നോട് പറഞ്ഞത് പോലെ നുണ പറയാൻ പറ്റില്ല..

നുണ പറഞ്ഞാലും സത്യം എന്താണെന്ന് മുന്നയ്ക്ക് അറിയും.. അതൊക്കെ വിചാരിച്ചു കൊണ്ട് അവൾ മുന്നയുടെ മുന്നിൽ ചെന്നു പെടാതെ നിന്നു.. അവളുടെ അതേ ചിന്ത തന്നെയായിരുന്നു അവന്റെ മനസ്സിലും.. നെറ്റിയിലെ മുറിവിനെ കുറിച്ച് അവൾ ചോദിക്കും.. ചോദിച്ചാൽ നുണ പറയാൻ പറ്റില്ല.. പറഞ്ഞാൽ തന്നെ സത്യം എന്തെന്ന് അവൾ പറയിപ്പിക്കും.. ഇന്നലെ എല്ലാവരും പോയി കഴിഞ്ഞതിനു ശേഷം പ്രശ്നം ഉണ്ടായതാണെന്ന് അറിഞ്ഞാൽ അവൾക്ക് ദേഷ്യം വരും.. മാത്രമല്ല.. മനാഫ് താജ്ന്റെ ഫ്രണ്ടും കൂടിയാണ്.. താജ് പറഞ്ഞിട്ടായിരിക്കും അതൊക്കെ, എന്തിനാ അവനോടു ഒക്കെ മുട്ടാൻ നിക്കുന്നേന്ന് ചോദിച്ചു ദേഷ്യ പെടാൻ തുടങ്ങും അവൾ.. അതോണ്ട് അവനും കഴിവതും അവൾക്ക് മുഖം കൊടുക്കാതെ തന്നെ നിന്നു.. പക്ഷെ നുസ്ര അവനോടു ചോദിച്ചിരുന്നു.. അത് നെറ്റിയിലെ പാട് കണ്ടിട്ടല്ല.. രാവിലെ വരുമ്പോൾ ആരോ പറയുന്നത് കേട്ടിരുന്നു ഇന്നലെ വൈകുന്നേരം മുന്ന സീനിയറുമായി ഉടക്കിയിരുന്നെന്ന്.. നുസ്ര ചോദിച്ചപ്പോ അങ്ങനൊന്നും ഉണ്ടായില്ലന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറാൻ നോക്കി..പക്ഷെ അവൾ വിട്ടില്ല.. പിന്നെ നെറ്റിയിൽ എങ്ങനെ മുറിവ് വന്നുന്നൊക്കെ ചോദിച്ചു അവനു സ്വൈര്യം കൊടുക്കാതെ നിന്നു..

ഒടുക്കം ഗതികെട്ടു അവൻ കാര്യങ്ങൾ പറഞ്ഞു..ഒപ്പം ലൈലയോട് പറയരുത് എന്നൊരു കെഞ്ചലും.. ഇല്ലാ പറയില്ലന്ന് പറഞ്ഞു പിന്നെ അവളാ കാര്യം വിട്ടു.. * ലഞ്ച് ബ്രേക്ക്‌ന്റെ സമയം ആയതും എബി നുസ്രയെ കാണാൻ വന്നു.. വിഷയം ലൈല തന്നെയായിരുന്നു.. ലൈലയെക്കുറിച്ചുള്ള കാര്യങ്ങൾ അവൻ നുസ്രയോട് ചോദിച്ചു.. ഒന്നും അറിയില്ല അവളൊന്നും പറയാറില്ല എന്ന പതിവ് മറുപടി തന്നെയായിരുന്നു നുസ്രയുടെത്. " അറിയില്ലങ്കിൽ വേണ്ടാ.. അത് വിട്.. നിനക്കൊന്നു അവളോട്‌ താജ്ന്റെ കാര്യം സംസാരിച്ചൂടെ.. അവളെയൊന്നു പ്രണയത്തിലേക്ക് തള്ളി ഇട്ടൂടെ.. എന്ത് വേണമെങ്കിലും വാങ്ങിച്ചു തരാം.. നിനക്ക് അവളെയൊന്നു സോഫ്റ്റ്‌ ആക്കി എടുത്തൂടെ.. " "എനിക്കൊന്നും വേണ്ടാ..എനിക്ക് എന്റെ ജീവൻ മതി.. അവളോട്‌ താജ്നെക്കുറിച്ചു സംസാരിച്ചാൽ അവൾ എൻറെ ജീവൻ എടുക്കും എന്നതിൽ ഒരു സംശയവുമില്ല.. എന്റെ വായിന്നു താജ് എന്ന് തികച്ചു വീഴണമെന്നില്ല.. അതിന് മുന്നേ അവളെന്റെ കൊര വള്ളിക്ക് പിടിക്കും.. "

"അതൊന്നും സാരമില്ല.. പോയാൽ നിന്റെയൊരു ജീവൻ.. കിട്ടിയാൽ എന്റെ താജ്നൊരു ജീവിതം.. " എബി പറഞ്ഞു.. "പോടാ മരപ്പട്ടി.. എന്നെ കൊന്നിട്ട് വേണോ അവന് ജീവിതം കിട്ടാൻ.. അയ്യടാ.. അങ്ങനെയിപ്പോ അവനൊരു ജീവിതം കിട്ടണ്ട.. നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ അവൻ സുഖവും സന്തോഷവും ജീവിതവുമൊക്കെ നഷ്ടപെട്ടു മാനസ മൈന പാടി നടക്കുക ആണെന്ന്.. ഒരു കൈ ഉപകാരമൊക്കെ ചെയ്തു തരാന്ന് കരുതി നിന്റെ സംസാരം കേൾക്കാൻ നിന്നിട്ട് എൻറെ ജീവൻ ചോദിക്കുന്നു.. പൊക്കോണം എന്റെ മുന്നിന്ന്.. വെറുതെ ഒന്നുമല്ലല്ലോ.. അവൾ ഇങ്ങനെ കടും പിടുത്തം നടത്തുന്നുണ്ടെങ്കിൽ അതിന് കാരണം തന്നെ നിന്റെ താജാ.. എന്തൊക്കെ പറഞ്ഞാലും അവൻ ചെയ്യുന്നത് ഇത്തിരി കൂടുതലാ.. ചില നേരത്ത് അവളൊരു പെണ്ണാണെന്നുള്ള പരിഗണന പോലും അവൻ കൊടുക്കാറില്ല.. പോട്ടെ.. ജീവനുള്ള ഒരു വസ്തു ആണെന്ന് പോലും അവൻ ചിന്തിക്കാറില്ല.. അവൾ ആയത് കൊണ്ട് സഹിക്കുന്നു.. ഒന്നിനും പ്രതികാരം ചെയ്യാൻ വരുന്നില്ല.. വേറെ വല്ലവരും ആയിരുന്നു എങ്കിൽ കൊട്ടേഷൻ കൊടുത്തിട്ട് ആയാലും അവനെ കൊന്നേനെ.. "

" അവളുടെ ഫ്രണ്ട്‌ ആണെന്ന് പറയുമ്പോൾ ഇത്രേം വിചാരിച്ചില്ല.. നിനക്കു അവളുടെ ബാധ കയറിയോ.. അവനെ കുറ്റം പറയാനല്ല നിന്നോട് പറഞ്ഞത്.. നിന്നെക്കാൾ നന്നായി അവനെ എനിക്കറിയാം.. അവന്റെ വശം പിടിച്ചു സംസാരിക്കാൻ വന്നതല്ല.. അവന്റെ സ്നേഹം സത്യമാണ്.. ഞാൻ വാക്ക് തരുന്നു.. അവനെ പോലെ അവളെ സ്നേഹിക്കുന്ന മറ്റൊരുത്തനും ഈ ഭൂമിയിൽ ഉണ്ടാകില്ല.. അത് അവൾ മനസ്സിലാക്കണം.. അതിന് എന്ത് ചെയ്യാൻ പറ്റും.. അത് പറാ.. " എബി പറയുന്നത് സത്യം ആണെന്ന് അവൾക്കു തോന്നി.. അവൻ കൊടുക്കുന്ന വേദന മാത്രമേ എല്ലാവരും കാണുന്നുള്ളൂ.. അവന്റെ ഉള്ളിലെ സ്നേഹം ആരും കാണുന്നില്ല.. എന്ത് വില കൊടുത്തും അവന്റെ പ്രണയം അവനു നേടി കൊടുക്കണം.. എന്ത് ചെയ്യാൻ പറ്റുമെന്നു കരുതി അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു.. അപ്പോഴാണ് ലൈല ക്ലാസ്സിൽ നിന്നും ഇറങ്ങി വരുന്നത് അവൾ കണ്ടത്.. അവൾ വേഗം എബിയെ നോക്കി..അവൻ എന്തെങ്കിലും കിട്ടിയോന്നുള്ള മട്ടിൽ അവളെ നോക്കി..

"ദേ വരുന്നു നിന്റെ താജ്ന്റെ പെണ്ണ്.. ഞാൻ സംസാരിക്കുന്നതിലും നല്ലത് നീ സംസാരിക്കുന്നതാ.. നീയൊന്നു സംസാരിച്ചു നോക്ക് അവളോട്‌.. നിന്നോട് ദേഷ്യ പെടാനുള്ള ചാൻസ് കുറവാണ്.. " "കർത്താവെ.. ഞാ..ഞാനോ.. എനിക്കൊന്നും വയ്യാ.. അവന് വേണ്ടി എന്തെങ്കിലും പറയാനോ ചെയ്യാനോ നിന്നാൽ എൻറെ കയ്യും കാലും ഒടിച്ചു കളയുമെന്ന് പറഞ്ഞിട്ടുണ്ട്.. " അവൻ ദയനീയമായി പറഞ്ഞു.. അത് കേട്ടു നുസ്ര ചിരിക്കാൻ തുടങ്ങി.. " അത് താജ്നോടുള്ള ദേഷ്യത്തിൽ പറഞ്ഞത് ആയിരിക്കും.. അല്ലാതെ നിന്നോട് അവൾക്ക് ഒരു ദേഷ്യവും ഉണ്ടാകില്ല.. പാവം ആണെടാ അവൾ.. വെറും പാവം.. നീയൊന്നു സംസാരിച്ചു നോക്ക്.. അപ്പോൾ അറിയാം.. ഞാൻ മാറി നിക്കാം.. ഞാനും കൂടി അറിഞ്ഞിട്ടാണെന്നുള്ള പ്രശ്നം വേണ്ടാ അവൾക്ക്.. " നുസ്ര സൈഡിലേക്ക് മാറി നിന്നു.. അവൻ ലൈലയെ നോക്കി.. ഇപ്പോ മുന്നിലൂടെ പാസ്സ് ആകും.. കർത്താവെ.. കാത്തോളണേ.. "ലൈലാ.. " അവൻ രണ്ടും കല്പിച്ചു വിളിച്ചു.. അവൾ തല ചെരിച്ചു നോക്കി.. എബി ആണെന്ന് കണ്ടതും സംശയത്തോടെ അവളുടെ മുഖം ചുളിഞ്ഞു.. " അത് ലൈലാ ഞാൻ.. എനിക്കൊരു കാര്യം പറയാൻ.. " അവൻ നിന്നു വിക്കാൻ തുടങ്ങി..

" എന്താ എബി.. പറഞ്ഞോളൂ.. " അവൾ അവന്റെ അടുത്തേക്ക് ചെന്നു.. "അത് താജ്.. അടിച്ചത്.. അവന് വേണ്ടി ഞാൻ സോറി പറയാം.. " "സാരമില്ല..അടി ആദ്യമായിട്ടാണ് എങ്കിലും അവൻ എന്നോട് ഇങ്ങനെ പെരുമാറുന്നത് ആദ്യമായിട്ടൊന്നും അല്ലല്ലോ.. " "എന്നാലും.. പെട്ടെന്ന് ദേഷ്യം വരുന്നത് കൊണ്ടാ അവൻ അങ്ങനൊക്കെ.. ഒന്നും മനസ്സിൽ വെക്കരുത്.. " "സോറി എബി.. എനിക്ക് താല്പര്യമില്ല ഈ വിഷയം സംസാരിക്കാൻ.. ദേഷ്യം ഉണ്ടായിട്ടല്ല.. ഞാനൊന്നും മനസ്സിൽ വെക്കാറുമില്ല.. താല്പര്യമില്ലാഞ്ഞിട്ടാ.. " അവൾ പറഞ്ഞു.. അവനൊന്നു മൂളുക മാത്രം ചെയ്തു.. അവൾ പോകാൻ നോക്കി.. അവൻ അവളെ വീണ്ടും വിളിച്ചു.. എന്താന്നുള്ള ഭാവത്തിൽ അവൾ അവനെ നോക്കി.. "ഫ്രണ്ട്‌സ്.. " അവൻ അവളുടെ നേരെ കൈ നീട്ടി.. അവൾ ഒരുനിമിഷം അവന്റെ മുഖത്തേക്കും കയ്യിലേക്കും നോക്കി നിന്നു.. "ഇഷ്ടമില്ലങ്കിൽ വേണ്ടാ.. " അവൻ കൈ പിൻവലിച്ചു.. "ഇഷ്ട കുറവ് ഒന്നുമില്ല.. ബട്ട്‌ one കണ്ടിഷൻ.. " "കണ്ടിഷനോ.. " അവൻ പുരികം ചുളിച്ചു അവളെ നോക്കി..

"യെസ്.. ഒരിക്കലും അവന് വേണ്ടി ആവരുത് ഈ ഫ്രണ്ട്ഷിപ്‌.. അവന്റെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ആവരുത്.. " "ഓക്കേ...ഒരിക്കലും അവനു വേണ്ടി ആവില്ല.. " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "എന്നാൽ ഫ്രണ്ട്‌സ്.. " അവൾ അവന്റെ നേരെ കൈ നീട്ടി.. അവൻ സന്തോഷത്തോടെ അവളുടെ കയ്യിൽ അടിച്ചു.. അവളൊന്നു പുഞ്ചിരിച്ചു.. പിന്നെ കാണാമെന്ന് പറഞ്ഞു പോയി.. അവൾ പോയതും നുസ്ര അവന്റെ അടുത്തേക്ക് വന്നു.. " ഇപ്പോ എങ്ങനെ ഉണ്ട്.. ഞാൻ പറഞ്ഞത് ശെരിയല്ലേ.. " "മ്മ്.. നൂറ് ശതമാനം.. എല്ലാവരും അവളുടെ ദേഷ്യം മാത്രമേ കാണുന്നുള്ളൂ.. അവളുടെ ഉള്ളിൽ ഒരു വല്യ മനസ്സ് ഉണ്ടെന്ന് ആരും അറിയുന്നില്ല.. അല്ലേ നുസ്ര.. " എബി ചോദിച്ചു.. നുസ്രയ്ക്ക് മനസ്സിലായില്ല.. അതെന്തെ അങ്ങനെ ചോദിക്കാൻ എന്ന മട്ടിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.. " ഇപ്പൊ പോകുന്നതിനു മുന്നേ അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചിരുന്നു.. ഏതൊരു വ്യക്തിയുടെയും മനസിന്റെ വലിപ്പം അറിയുക അയാളുടെ ചിരിയിൽ നിന്നായിരിക്കും.. മനസ്സിൽ നന്മയും സ്നേഹവും ഉള്ളവർക്ക് മാത്രമേ മനസ്സറിഞ്ഞു ചിരിക്കാനും ആ ഒരു ചിരിയിലൂടെ മറ്റുള്ളവരുടെ മനസ് നിറയ്ക്കാനും കഴിയുകയുള്ളൂ..

അത് അവൾക്ക് കഴിയുന്നുണ്ട്.. നന്മ നിറഞ്ഞൊരു മനസ്സിന് ഉടമയാണ്‌ അവളെന്ന് മനസ്സിലാക്കാൻ അവളുടെ ആ ഒരു ചിരി മാത്രം മതി.. താജ്ന്റെ സെലെക്ഷൻ ഒട്ടും തെറ്റിയില്ല.. ഇവൾ മതി.. ഇവൾ തന്നെ മതി അവന്.. അവനെ നന്നാക്കാനും നിലക്ക് നിർത്താനും ഇവൾക്ക് മാത്രമേ കഴിയുള്ളു.. ഈ വർഷം കൂടിയേ ഞങ്ങൾ ഇവിടെയുള്ളൂ.. പടി ഇറങ്ങി പോകാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം.. അതിന് മുന്നേ എങ്ങനെയെങ്കിലും രണ്ടിനെയുമൊന്നു സെറ്റ് ആക്കണം..അതിന് നീ എന്റെ ഒന്നിച്ച് നിക്കണം. " അവൻ പറഞ്ഞു.. നുസ്ര ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി.. എബിക്ക് വളരെ സന്തോഷം തോന്നുന്നുണ്ടായിരുന്നു അവളോട് കൂട്ട് കൂടാൻ കഴിഞ്ഞതിൽ.. വേറൊന്നിനും വേണ്ടിയല്ല.. അവളെ അടുത്ത് അറിയാനും അവളെ താജിലേക്ക് അടുപ്പിക്കാനും വേണ്ടിയാണ്.. തത്കാലം ഇക്കാര്യം അവൻ അറിയണ്ട.. അറിഞ്ഞാൽ പിന്നെ ഞാൻ അവന്റെ ഫ്രണ്ട് ആണെന്ന് പോലും നോക്കില്ല അവൻ..

അവളെ നോക്കിയെന്നും സംസാരിച്ചെന്നുമൊക്കെ പറഞ്ഞു എന്റെ കഴുത്തിനു കുത്തി പിടിക്കും.. അവളെന്നോട് ചിരിക്കാറുണ്ടെന്നു അന്നറിയാതെ പറഞ്ഞു പോയിരുന്നു.. അതിന് അവന്റെ കയ്യിൽ നിന്നും കിട്ടിയത് ഒന്നും ഇപ്പോഴും മറന്നിട്ടില്ല.. ഓരോന്ന് കണക്കു കൂട്ടിക്കൊണ്ട് അവൻ അവിടെന്നു പോയി.. * " മിസ്സ്‌... ലൈലയെ അഞ്ജലി മിസ്സ്‌ വിളിക്കുന്നു.. ലൈബ്രറിയിലേക്ക് ചെല്ലാൻ പറഞ്ഞു.. " ഉച്ച കഴിഞ്ഞുള്ള ക്ലാസ്സിൽ ഇരിക്കുന്ന അവളുടെ ക്ലാസ്സിലേക്ക് ഫസ്റ്റ് എംകോമിലെ ഒരു പെൺകുട്ടി വന്നു പറഞ്ഞു.. അത് കേട്ട അവൾ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി.. അഞ്ജലി മിസ്സോ..? "ലൈലാ.. " ക്ലാസ്സിലെ ടീച്ചർ അവളെ വിളിച്ചു.. അവൾ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.. ക്ലാസ്സിന്ന് ഇറങ്ങുമ്പോഴേക്കും ആ പെൺകുട്ടി പോയിരുന്നു..

അഞ്ജലി മിസ്സ്‌ എന്തിനാ ഇപ്പൊ വിളിക്കുന്നെ.. ഉച്ചക്ക് കണ്ടത് ആണല്ലോ.. വല്ല കാര്യവും ഉണ്ടെങ്കിൽ അപ്പൊ പറയുമായിരുന്നല്ലോ.. ഇതിപ്പോ എന്തായിരിക്കും.. അതും ലൈബ്രറിയിലേക്ക്.. എന്തെങ്കിലും ഉണ്ടെങ്കിൽ സ്റ്റാഫ്‌ റൂമിലേക്ക്‌ ചെല്ലാൻ ആണല്ലോ സാധാരണ പറയുക.. ഒരു നൂറു ചോദ്യങ്ങളോടെ അവൾ ലൈബ്രറി വാതിൽ കടന്നു അകത്തേക്ക് കയറി.. ചുറ്റും നോക്കി.. ആരെയും കണ്ടില്ല.. അഞ്ജലി മിസ്സ്‌ വിളിക്കുന്നു എന്ന് പറഞ്ഞിട്ട് എവിടെ..? അവൾ ഒന്നൂടെ ചുറ്റും കണ്ണോടിച്ചു.. ആരെയും കണ്ടില്ല..തിരിച്ചു പോകാൻ നോക്കി.. " അഞ്ജലി മിസ്സ്‌ അല്ല.. ഞാനാ.. ഞാനാ വിളിച്ചത്.. " അകത്തെ ഷെൽഫിന്റെ മറവിൽ നിന്നും ശബ്ദം ഉയർന്നു.. അതോടൊപ്പം അവളുടെ മുന്നിലേക്ക് കടന്നു വരികയും ചെയ്തു.. "നീ... നീയോ...? " അവൾ പകപ്പോടെ ചോദിച്ചു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...